മദ്യം: ഉദാരവത്കരണ നീക്കം ആപത്കരം – ജാഗ്രതാസമിതി

സംസ്ഥാനത്ത് ഓണ്‍ലൈന്‍ മദ്യവ്യാപാരം നടപ്പാക്കുന്നത് നിയമവിരുദ്ധവും അങ്ങേയറ്റം ആപത്കരവുമാണെന്ന് പിഒസിയില്‍ ചേര്‍ന്ന കെസിബിസി ജാഗ്രതാസമിതിയുടെ യോഗം അഭിപ്രായപ്പെട്ടു. ഉത്പാദനവും വിതരണവും നിയമംമൂലം നിയന്ത്രിച്ചിട്ടുള്ള മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ നിയന്ത്രണത്തെ അപ്രസക്തമാക്കുന്നതാണ് പ്രസ്തുത നിര്‍ ദേശം. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തന്നെ ഇത്തരം ആശയങ്ങള്‍ മുമ്പോട്ടുവയ്ക്കുന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്.
നിയന്ത്രിത ഉല്പന്നങ്ങളുടെ വ്യാപാരം ഓണ്‍ലൈന്‍വഴി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ അത് സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കും. അതിരുകടന്ന ഇത്തരം ഉദാരവത്കരണ ആശയങ്ങള്‍ തത്ത്വത്തില്‍തന്നെ അപകടകരമാണ്. ഒരുവശത്ത് ബോധവത്കരണവും മറുവശത്ത് കച്ചവടസാധ്യതയിലും ലാഭക്കൊതിയിലും മാത്രം കണ്ണുനട്ടുള്ള നടപടികളും ഒരു സര്‍ക്കാരിനും ഭൂഷണമല്ല.
മദ്യം, മയക്കുമരുന്ന്, കള്ളക്കടത്ത്, സ്ത്രീപീഡനം, തീവ്രവാദം ഇവയെല്ലാം പരസ്പരം കൈ കോര്‍ത്തു നില്ക്കുന്ന സാമൂഹിക തിന്മകളാണ്. ഇവയില്‍ ചിലതിനെ പരസ്യമായും ചിലതിനെ രഹസ്യമായും പ്രോത്സാഹിപ്പിക്കുന്ന നടപടികളുണ്ടാകാതിരിക്കാന്‍ ഭരണാധികാരികളും സമൂഹവും ഒരുപോലെ ജാഗ്രത പുലര്‍ത്തണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org