മയക്കുമരുന്നും മതമര്‍ദ്ദനവും: സിനഡ് രേഖ വിസ്മരിച്ചുവെന്നു പിതാക്കന്മാര്‍

യുവജനങ്ങളെക്കുറിച്ചു നടക്കുന്ന സാര്‍വത്രിക മെത്രാന്‍സിനഡിലെ ചര്‍ച്ചകള്‍ക്കായി തയ്യാറാക്കിയ കര്‍മരേഖയില്‍ ഉള്‍പ്പെടുത്താന്‍ മറന്നു പോയ രണ്ടു വിഷയങ്ങള്‍ രണ്ടു പിതാക്കന്മാര്‍ ചര്‍ച്ചകളില്‍ ചൂണ്ടിക്കാണിച്ചു. മതവിശ്വാസത്തിന്‍റെ പേരില്‍ മര്‍ദ്ദനമനുഭവിക്കുന്ന യുവജനങ്ങളെ കുറിച്ചു രേഖയില്‍ പരാമര്‍ശമില്ലെന്നു പരാതിപ്പെട്ടത് കല്‍ദായ കത്തോലിക്കാ സഭയുടെ തലവന്‍ കാര്‍ഡിനല്‍ ലൂയി റാഫേല്‍ സാകോയാണ്. മര്‍ദ്ദനങ്ങള്‍ നേരിടുന്ന സഭകളെ സഹായിക്കേണ്ടതിനെക്കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടക്കാറുണ്ടെങ്കിലും അതൊന്നും പ്രായോഗികതലത്തിലെത്തുക പതിവില്ലെന്നു ഇറാഖില്‍ സഭയെ നയിക്കുന്ന കാര്‍ഡിനല്‍ ചൂണ്ടിക്കാട്ടി. ഇസ്ലാമിക തീവ്രവാദികളുടെ പീഢനം നേരിട്ടു നിലനില്‍ക്കുന്ന സഭയാണ് കല്‍ദായ കത്തോലിക്കാസഭ. മതമര്‍ദ്ദനമരങ്ങേറുന്ന വിവിധ പ്രദേശങ്ങളിലെ ക്രൈസ്തവര്‍ക്ക് അവരവരുടെ ജന്മനാടുകളില്‍ തുടര്‍ന്നു ജീവിക്കാനുള്ള പ്രേരണ നല്‍കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പ്രത്യാശ പകരാനും അന്താരാഷ്ട്ര ക്രൈസ്തവ സമൂഹത്തിനു സാധിക്കണമെന്ന് കാര്‍ഡിനല്‍ നിര്‍ദ്ദേശിച്ചു. സദ്ദാം ഹുസൈന്‍റെ പതനത്തെ തുടര്‍ന്ന് അരക്ഷിതത്വത്തിലും മതമൗലികവാദികളുടെ പിടിയിലുമായ ഇറാഖില്‍ നിന്നു ലക്ഷകണക്കിനു ക്രൈസ്തവര്‍ അന്യരാജ്യങ്ങളിലേയ്ക്കു പലായനം ചെയ്തിരുന്നു. ആദിമ നൂറ്റാണ്ടുകള്‍ മുതല്‍ ക്രൈസ്തവര്‍ സജീവമായി കഴിഞ്ഞിരുന്ന ഇറാഖില്‍ ഇതേതുടര്‍ന്ന് ക്രൈസ്തവരുടെ എണ്ണം തീര്‍ത്തും കുറയുകയുണ്ടായി. അവശേഷിക്കുന്ന ക്രൈസ്തവരെ അവിടെ തന്നെ തുടര്‍ന്നും നിലനിറുത്തുന്നതിനുള്ള പ്രോത്സാഹനം പകരുകയാണ് ഇറാഖിലെ സഭ.

ക്രൈസ്തവരില്ലാത്ത ഇറാഖ് സൃഷ്ടിക്കപ്പെടാന്‍ അനുവദിക്കുന്നത് ഒരു മാരകപാപമായിരിക്കുമെന്ന് കാര്‍ഡിനല്‍ പറഞ്ഞു. പലായനം ചെയ്യുന്ന ഇറാഖി ക്രൈസ്തവര്‍ക്ക് അവരുടെ പാരമ്പര്യവും സ്വത്വവും നഷ്ടമാകും. ഇറാഖിലെയും സിറിയയിലെയും ക്രൈസ്തവര്‍ക്ക് ഇപ്പോള്‍ ഏറ്റവുമധികം സഹായങ്ങള്‍ നല്‍കുന്നത് ഹംഗറിയിലെ ക്രൈസ്തവരാണ് – കാര്‍ഡിനല്‍ പറഞ്ഞു.

മയക്കുമരുന്ന്, സിനഡില്‍ ചര്‍ച്ച ചെയ്യേണ്ടതും യുവജനങ്ങള്‍ നേരിടുന്നതുമായ പ്രധാനപ്രശ്നമാണെന്ന് അഭിപ്രായപ്പെട്ടത് ബ്രസീലിലെ ആര്‍ച്ചുബിഷപ് ജെയിംസ് പെംഗ്ളര്‍ ആണ്. ബ്രസീലില്‍ യുവജനങ്ങളേയും കുടുംബങ്ങളേയും ബാധിക്കുന്ന പ്രശ്നമാണിത്. സിറിയയില്‍ യുദ്ധത്തില്‍ കൊല്ലപ്പെടുന്നതിനേക്കാള്‍ അധികം ആളുകള്‍ ബ്രസീലില്‍ മയക്കുമരുന്നുപയോഗം കൊണ്ടു കൊല്ലപ്പെടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org