മലാവി: ഖനനകമ്പനികള്‍ക്കുമേല്‍ സമ്മര്‍ദ്ദതന്ത്രങ്ങളുമായി സഭ

ധാതുഖനനം വന്‍ വളര്‍ച്ച നേടുന്ന ആഫ്രിക്കന്‍ രാജ്യമായ മലാവിയില്‍ കമ്പനികളില്‍ നിന്നു ജനങ്ങള്‍ക്കു കൂടുതല്‍ പ്രയോജനങ്ങള്‍ നേടിയെടുക്കുന്നതിനായി കത്തോലിക്കാമെത്രാന്മാരുടെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ ഊര്‍ജിതമായി. പാവപ്പെട്ടവരെ ഉദ്ധരിക്കുന്ന ജോലി ഭരണകൂടത്തിനു മാത്രമായി ചെയ്യാനാവില്ലെന്നും വ്യവസായസ്ഥാപനങ്ങളും ഇതില്‍ പങ്കു വഹിക്കണമെന്നും മലാവി കത്തോലിക്കാ മെത്രാന്‍ സംഘം ആവശ്യപ്പെട്ടു. പരിസ്ഥിതിക്ക് ആഘാതമേല്‍പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഖനനകമ്പനികള്‍ക്ക് ഇതില്‍ മറ്റുള്ളവരേക്കാള്‍ ഉത്തരവാദിത്വമുണ്ട്. തങ്ങളുടെ കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്തം സുപ്രധാനമാണെന്നും സമൂഹവുമായുളള ബന്ധം മെച്ചപ്പെടുത്തുന്നതിന് ഇതിനെ ഉപയോഗിക്കണമെന്നും മെത്രാന്‍ സംഘം ആവശ്യപ്പെട്ടു. ഇതിനു വ്യവസായസ്ഥാപനങ്ങളെ പ്രേരിപ്പിക്കുക സാമൂഹ്യസംഘടനകളുടെയും ദൗത്യമാണ്.
യുറേനിയം, തോറിയം എന്നീ വിലപിടിപ്പുള്ള ധാതുക്കളാണ് മലാവിയില്‍ ഖനനം ചെയ്യുന്നതിലേറെയും. മലാവിയുടെ കയറ്റുമതിയില്‍ 2.8 ശതമാനവും ഈ രണ്ടു ധാതുക്കളാണ്.
ഖനനകമ്പനികളുടെ സാമൂഹിക ഉത്തരവാദിത്വത്തെ കുറിച്ച് മലാവിയില്‍ നിയമവ്യവസ്ഥകളൊന്നും നിലവിലില്ലെന്നു മെത്രാന്‍ സംഘം ചൂണ്ടിക്കാട്ടി. അതിനാല്‍ കമ്പനികളുടെ സാമൂഹികസേവനസംരംഭങ്ങള്‍ ജനങ്ങളുമായി ആലോചിച്ചല്ല ചെയ്യുന്നത്. ജനങ്ങളുടെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ നിറവേറ്റുന്നതല്ല കമ്പനികള്‍ നടത്തുന്ന സേവനപ്രവര്‍ത്തനങ്ങള്‍. നിയമവ്യവസ്ഥകളേര്‍പ്പെടുത്തി കമ്പനികളുടെ സാമൂഹ്യസേവനസംരംഭങ്ങള്‍ ജനങ്ങള്‍ക്കു കൂടി അധികാരമുളള വിധത്തില്‍ നടപ്പാക്കണമെന്നതാണ് സഭ ഉന്നയിക്കുന്ന ആവശ്യം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org