മാനവസാഹോദര്യമാണു സുപ്രധാനമെന്നു ലോകസാമ്പത്തിക ഫോറത്തില്‍ വത്തിക്കാന്‍

മാനവസാഹോദര്യമാണു സുപ്രധാനമെന്നു ലോകസാമ്പത്തിക ഫോറത്തില്‍ വത്തിക്കാന്‍

മറ്റു മനുഷ്യരുടെ സഹോദരനാകാനാണു ഓരോ വ്യക്തിയും വിളിക്കപ്പെട്ടിരിക്കുന്നതെന്ന സാഹോദര്യത്തിന്‍റെ സന്ദേശമാണ് ഏറ്റവും പ്രധാനമെന്നു വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കാര്‍ഡിനല്‍ പിയെട്രോ പരോളിന്‍. സ്വിറ്റ്സര്‍ലന്‍റിലെ ദാവോസില്‍ ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു കാര്‍ഡിനല്‍. നാമെല്ലാം സഹോദരങ്ങളാണെന്നും നമുക്കു മറ്റുള്ളവരോട് ഉത്തരവാദിത്വം ഉണ്ടെന്നും ഉള്ള കാര്യത്തില്‍ വ്യക്തത ഇല്ലെങ്കില്‍ അന്തിമഫലം വിനാശമായിരിക്കുമെന്ന് അദ്ദേ ഹം വ്യക്തമാക്കി.
യൂറോപ്പിന്‍റെ ഐക്യം യൂറോപ്യന്‍ വന്‍കരയ്ക്കു വലിയ നേട്ടങ്ങളുണ്ടാക്കിയെന്നും എന്നാല്‍ പുതിയ തലമുറ ആ നേട്ടങ്ങളെ മനസ്സിലാക്കുന്നില്ലെന്നും കാര്‍ഡിനല്‍ പറഞ്ഞു. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ക്കു ശേഷമുണ്ടായ 60 വര്‍ഷത്തെ സമാധാനമാണ് ഏറ്റവും വലിയ നേട്ടം. ആളുകളും ആശയങ്ങളും സ്വതന്ത്രമായി സഞ്ചരിച്ചു. അതും നേട്ടങ്ങള്‍ സമ്മാനിച്ചു. യൂറോപ്പിന് ഒരു വട്ടം കൂടി ആത്മാവിനെ പകരുക എന്നതാണ് ഇപ്പോള്‍ ആവശ്യമായിട്ടുള്ളത്. മതങ്ങളുടെ പ്രാധാന്യവും ഊന്നിപ്പറയേണ്ടതുണ്ട്. മതം സ്വകാര്യമണ്ഡലത്തില്‍ ഒതുങ്ങേണ്ട കാര്യമല്ല. മതങ്ങള്‍ക്കു പൊതുമണ്ഡലത്തില്‍ ചില കാര്യങ്ങള്‍ പറയാനുണ്ട്. കത്തോലിക്കാസഭയ്ക്ക് എന്തെങ്കിലും സവിശേഷാവകാശം വേണമെന്നല്ല പറയുന്നത്. നാം ഒരു ബഹുസ്വര സമൂഹത്തിലാണു ജീവിക്കുന്നത്. മതവിശ്വാസത്തിന്‍റെ ധാരാളം വ്യത്യസ്ത പ്രകാശനങ്ങള്‍ ഇവിടെയുണ്ട്. മതങ്ങളുടെ പൊതുമണ്ഡലത്തിലെ ദൗത്യങ്ങള്‍ അംഗീകരിക്കുകയും പൊതുജീവിതം നല്‍കുകയുമാണു പ്രധാനം – കാര്‍ഡിനല്‍ വിശദീകരിച്ചു.
ദാരിദ്ര്യത്തിനെതിരെ പോരാടുക, ബന്ധങ്ങള്‍ സ്ഥാപിക്കുക, സമാധാനം കൈവരിക്കുക എന്നിവയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ, വത്തിക്കാന്‍ നയതന്ത്ര വിഭാഗത്തെ ഏല്‍പിച്ചിരിക്കുന്ന ദൗത്യങ്ങളെന്നു കാര്‍ഡിനല്‍ പരോളിന്‍ സൂചിപ്പിച്ചു. വത്തിക്കാന്‍ നയതന്ത്രവിഭാഗത്തിനു നിരവധി പരിമിതികളുണ്ട്. എല്ലാം ചെയ്യുക ഞങ്ങള്‍ക്ക് അസാദ്ധ്യമാണ്. എന്നാല്‍ സഹായിക്കാന്‍ ഞങ്ങള്‍ സദാ സന്നദ്ധരാണ്. തത്ത്വങ്ങള്‍ പ്രഘോഷിക്കുക മാത്രമല്ല പ. സിംഹാസനത്തി ന്‍റെ ദൗത്യം. ദുഷ്കര സാഹചര്യങ്ങളില്‍ കഴിയുന്ന മനുഷ്യര്‍ക്ക് മൂര്‍ത്തമായ സഹായങ്ങളെത്തിക്കാനും സഭ ആഗ്രഹിക്കുന്നു. ലോകമെങ്ങുമുള്ള മിക്ക രാജ്യങ്ങളിലും കത്തോലിക്കാസഭയുടെ സാന്നിദ്ധ്യമുണ്ടെന്നുള്ളത് വലിയ സഹായമാണ്. കര്‍മ്മരംഗത്ത് ഞങ്ങള്‍ക്കു മിഷണറിമാരും സിസ്റ്റര്‍മാരും അല്മായരുമുണ്ട്. അവര്‍ പ. സിംഹാസനത്തിനു വിവരങ്ങള്‍ നല്‍കുക മാത്രമല്ല, പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗങ്ങളും നിര്‍ദേശിക്കുന്നു. – കാര്‍ഡിനല്‍ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org