മാര്‍ ജെയിംസ് പഴയാറ്റിലിന അന്ത്യാഞ്ജലി

മാര്‍ ജെയിംസ് പഴയാറ്റിലിന അന്ത്യാഞ്ജലി

കാലം ചെയ്ത ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ ബിഷപ് മാര്‍ ജെയിംസ് പഴയാറ്റിലിന് ആയിരങ്ങളുടെ ആശ്രുപൂജ. ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രലില്‍ നടന്ന കബറടക്ക ശുശ്രൂഷയില്‍ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികനായിരുന്നു. സിബിസിഐ അധ്യക്ഷന്‍കൂടിയായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വചനസന്ദേശം നല്‍കി. മാര്‍പാപ്പയുടെയും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെയും പൗരസ്ത്യ തിരുസംഘത്തിന്‍റെ മേധാവി കര്‍ദിനാള്‍ ലയണാര്‍ദോ സാന്ദ്രിയുടെയും സന്ദേശം വായിച്ചു. കത്തോലിക്കാ സഭയിലെ ഒട്ടുമിക്ക മെത്രാന്മാരും സന്നിഹിതരായിരുന്ന സംസ്കാര ശുശ്രൂഷയില്‍ നൂറുകണക്കിനു വൈദികരും സന്ന്യാസിനികളും വിശ്വാസികളും പങ്കെടുത്തു.
ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ ബിഷപ്പായി 1978-ലാണ് മാര്‍ ജെയിംസ് പഴയാറ്റില്‍ സ്ഥാനമേറ്റത്. ആത്മീയ ചൈതന്യത്തിന്‍റെയും സാമൂഹ്യ സേവനങ്ങളുടെയും ഔന്നത്യങ്ങളിലേക്ക് 32 വര്‍ഷം രൂപതയെ അദ്ദേഹം നയിച്ചു. 2010 ഏപ്രില്‍ 18നു പിന്‍ഗാമിയായി അഭിഷിക്തനായ മാര്‍ പോളി കണ്ണൂക്കാടന് അജപാലന ചുമതലകള്‍ കൈമാറിയശേഷം ഇരിങ്ങാലക്കുട സെന്‍റ് പോള്‍സ് മൈനര്‍ സെമിനാരിയില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം തൃശൂര്‍ തോപ്പ് സെമിനാരിയില്‍ വൈദിക പരിശീലനം ആരംഭിച്ചു. സിലോണിലെ കാന്‍ഡി പേപ്പല്‍ സെമിനാരിയിലും പൂനയിലുമായി വൈദികപരിശീലനവും ഉപരിപഠനവും പൂര്‍ത്തിയാക്കി. 1961 ഒക്ടോബര്‍ മൂന്നിനു പൂനയില്‍ ബോംബെ മെത്രാപ്പോലീത്ത കര്‍ദിനാള്‍ ഡോ. വലേരിയന്‍ ഗ്രേഷ്യസില്‍നിന്നു പൗരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് അവിഭക്ത തൃശൂര്‍ രൂപതയില്‍ സേവനം ചെയ്തു. തൃശൂര്‍ സെന്‍റ് തോമസ് കോളജില്‍ അധ്യാപകനായിരിക്കേയാണ് മെത്രാനായി നിയമി തനാവുന്നത്. 1978 സെപ്റ്റംബര്‍ പത്തിന് കര്‍ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടിലാണ് മാര്‍ പഴയാറ്റിലിനെ മെത്രാനായി അഭിഷേകം ചെയ്തത്. ചെന്നൈ മേഖലയിലെ വിശ്വാസികളുടെ അജപാലന സേവനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ 1983-ല്‍ ചെന്നൈ മിഷന്‍റെ ഉത്തരവാദിത്വം കൂടി ഏറ്റെടുത്തു. 1995-ല്‍ സീറോ മലബാര്‍ സഭയു ടെ പ്രഥമ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ആന്‍റണി പടിയറയുടെ അസിസ്റ്റന്‍റായി നിയമിതനായി. കേരള കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സിന്‍റെ സെക്രട്ടറി, വിദ്യാഭ്യാസ കമ്മീഷന്‍ അംഗം, സെമിനാരി കമ്മീഷന്‍ അംഗം, കുര്‍ബാന കമ്മീഷന്‍ ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തി ച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org