യുദ്ധമില്ലായ്മയല്ല സമാധാനം: ഫ്രാന്‍സിസ് മാര്‍പാപ്പ

ഫ്രാന്‍സിസ് മാര്‍പാപ്പ ലോകരാജ്യങ്ങളുടെ വത്തിക്കാന്‍ സ്ഥാനപതിമാരുടെ യോഗത്തില്‍
ഫ്രാന്‍സിസ് മാര്‍പാപ്പ ലോകരാജ്യങ്ങളുടെ വത്തിക്കാന്‍ സ്ഥാനപതിമാരുടെ യോഗത്തില്‍

സമാധാനം ഒരു ആശയമോ സിദ്ധാന്തമോ അല്ലെന്നും മൂര്‍ത്തമായ നയങ്ങളിലൂടെ നേടിയെടുക്കേണ്ട ഒരു യാഥാര്‍ത്ഥ്യമാണെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. സമാധാനം യുദ്ധത്തിന്‍റെ അഭാവമല്ല. എതിര്‍ശക്തികളുടെ ശാക്തിക സന്തുലനവുമല്ല. അതൊരു ഭാവാത്മകമായ വസ്തുതയാണ്. നീതിയുടെ വാഴ്ച ആഗ്രഹിക്കുന്നവരുടെ പ്രതിബദ്ധതയാണ് സമാധാനത്തിന് ആവശ്യം.- മാര്‍പാപ്പ വിശദീകരിച്ചു.

ലോകരാജ്യങ്ങളുടെ വത്തിക്കാന്‍ സ്ഥാനപതിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. എല്ലാ പുതുവര്‍ഷപ്പിറവിയോടനുബന്ധിച്ചും മാര്‍പാപ്പമാര്‍ നയതന്ത്രപ്രതിനിധികളുടെ യോഗം വിളിക്കാറുണ്ട്. 182 രാജ്യങ്ങള്‍ക്കാണ് വത്തിക്കാനുമായി നയതന്ത്രബന്ധമുള്ളത്. ഇതില്‍ 88 രാജ്യങ്ങളുടെ സ്ഥാനപതിമാര്‍ റോമില്‍ തന്നെ താമസിക്കുന്നവരാണ്. ഇന്ത്യയുടെ വത്തിക്കാന്‍ സ്ഥാനപതി സ്വിറ്റ്സര്‍ലന്‍റിലെയും സ്ഥാനപതിയാണ്. അദ്ദേഹം സ്വിറ്റ്സര്‍ലന്‍റിലാണ് താമസിക്കുകയെങ്കിലും ഇത്തരം അവസരങ്ങളില്‍ വത്തിക്കാനിലെത്തും.

ഒന്നാം ലോകമഹായുദ്ധം അവസാനിച്ചതിനു ശേഷം തങ്ങളുടെ രാജ്യങ്ങളിലുണ്ടായ സമാധാനത്തെ ചിലര്‍ ഒരു സുസ്ഥിരയാഥാര്‍ത്ഥ്യമായി തെറ്റിദ്ധരിക്കുന്നുണ്ടെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. പക്ഷേ ജനകോടികള്‍ക്ക് സമാധാനം ഇന്നും വെറുമൊരു വിദൂരസ്വപ്നം മാത്രമാണ്. ബുദ്ധിശൂന്യമായ സംഘര്‍ഷങ്ങളുടെ നടുവില്‍ കോടിക്കണക്കിനു മനുഷ്യര്‍ ഇന്നും കഴിയുന്നു. നിരപരാധികളായ മനുഷ്യരുടെയും കുഞ്ഞുങ്ങളുടെയും വേദനകളും മരണങ്ങളുടെ ചിത്രങ്ങള്‍ നിരന്തരം നമ്മുടെ മേല്‍ വന്നു പതിക്കുന്നു. – മാര്‍പാപ്പ വിശദീകരിച്ചു.

അക്രമത്തിന്‍റെയും അനീതിയുടെയും കാരണങ്ങളെ നീക്കുകയാണ് സമാധാന നിര്‍മ്മാണ പ്രക്രിയയുടെ പ്രധാനഭാഗമെന്നു മാര്‍പാപ്പ പറഞ്ഞു. അപലപനീയമായ ആയുധവ്യാപാരമാണ് അക്രമത്തിന്‍റെ ഒരു കാരണം. സങ്കീര്‍ണമായ ആയുധശേഖരം ഉണ്ടാക്കാനും വ്യാപകമാക്കാനുമുള്ള അന്തമില്ലാത്ത മത്സരമാണ് നടന്നു വരുന്നത്. നീതിയും യുക്തിയും മനുഷ്യാന്തസ്സും നിരന്തരമായി വിലപിച്ചുകൊണ്ടിരിക്കുന്നത് ആയുധമത്സരം നിറുത്താനാണ്. വിവിധ രാജ്യങ്ങള്‍ കുന്നുകൂട്ടിയിരിക്കുന്ന ആയുധശേഖരം കുറയ്ക്കുകയും ആണവായുധങ്ങള്‍ നിരോധിക്കുകയും വേണം. – മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org