റോമാനഗരം കുടിയേറ്റക്കാര്‍ക്കു കരുതലേകണമെന്നു മാര്‍പാപ്പ

റോമാനഗരം കുടിയേറ്റക്കാര്‍ക്കു കരുതലേകണമെന്നു മാര്‍പാപ്പ

റോമിന് ഒരു സാര്‍വത്രികദൗത്യമുണ്ടെന്നും കുടിയേറ്റക്കാര്‍ക്ക് സ്വാഗതമേകാനും ചേര്‍ത്തുപിടിക്കാനും റോമാനഗരത്തിനു സാധിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. റോം നഗരഭരണകാര്യാലയത്തില്‍ എത്തിയ മാര്‍പാപ്പ മേയര്‍ വെര്‍ജീനിയ റഗ്ഗിയുമായും മറ്റ് ഉദ്യോഗസ്ഥരുമായും സംസാരിക്കുകയായിരുന്നു. ഇറ്റലി പൊതുവില്‍ കുടിയേറ്റക്കാര്‍ക്കു വിരുദ്ധമായ ജനപ്രിയനയം സ്വീകരിച്ചുകൊണ്ടിരിക്കെയാണ് മാര്‍പാപ്പയുടെ ഈ പ്രസ്താവന. ഇറ്റലിയുടെ ആഭ്യന്തരമന്ത്രി മത്തെയോ സാല്‍വിനിയും അദ്ദേഹത്തിന്‍റെ വലതുപക്ഷപാര്‍ട്ടിയായ നോര്‍ത്തേണ്‍ ലീഗും അതിര്‍ത്തിയിലെ സുരക്ഷയും കുടിയേറ്റനിയന്ത്രണവുമാണ് പ്രധാനവിഷയമായി കാണുന്നത്. കുടിയേറ്റക്കാരുമായി വരുന്ന കപ്പലുകള്‍ ഇറ്റാലിയന്‍ തുറമുഖങ്ങളില്‍ അടുപ്പിക്കരുതെന്നാണ് സാല്‍വിനി നല്‍കിയിരിക്കുന്ന ഉത്തരവ്. രേഖകളില്ലാതെ മൂന്നാം ലോകരാജ്യങ്ങളില്‍ നിന്നെത്തുന്ന കുടിയേറ്റക്കാര്‍ക്ക് കര്‍ക്കശമായ ശിക്ഷകള്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഈ നയങ്ങള്‍ ജനങ്ങളുടെ കൈയടി നേടുന്നതായതിനാല്‍ ഇറ്റലിയുടെ അടുത്ത പ്രധാനമന്ത്രി സാല്‍വിനി ആയിരിക്കുമെന്നും കരുതപ്പെടുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ജനപ്രിയത നോക്കാതെ മാര്‍പാപ്പ കുടിയേറ്റക്കാര്‍ക്കുവേണ്ടിയുള്ള മൂല്യാധിഷ്ഠിത നിലപാട് ആവര്‍ത്തിച്ചു പ്രഖ്യാപിച്ചത്. ലോകത്തിന്‍റെ എല്ലാ ഭാഗത്തും നിന്നുള്ള വ്യത്യസ്തരായ ജനവിഭാഗങ്ങളെ സ്വീകരിക്കുകയും അവരുടെ വൈയക്തിക സവിശേഷതകളെയും തനിമകളേയും സംരക്ഷിക്കുകയും ചെയ്ത ഒരു പാരമ്പര്യം റോമിനുണ്ടെന്നു മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org