ലോകയുവജന സമ്മേളനത്തില്‍ ജീസസ് യൂത്തിന്‍റെ സംഗീതാവതരണം

ലോകയുവജന സമ്മേളനത്തില്‍ ജീസസ് യൂത്തിന്‍റെ സംഗീതാവതരണം

പോളണ്ടില്‍ ജൂലൈ 27-31 തീയതികളില്‍ നടക്കുന്ന ലോകയുവജന സമ്മേളനത്തില്‍ ജീസസ് യൂത്തിന്‍റെ നാലു സംഗീത ബാന്‍റുകള്‍ പരിപാടികള്‍ അവതരിപ്പിക്കും. ഇന്ത്യയിലെയും യുഎഇയിലെയും മ്യൂസിക് ബാന്‍റുകളാണ് മാര്‍പാപ്പയുടെ സാന്നിധ്യത്തില്‍, യുവജനസമ്മേളനത്തില്‍ സംഗീതം ആലപിക്കാന്‍ ഒരുങ്ങുന്നത്.
ജൂലൈ 30-ാം തീയതി വൈകുന്നേരം ക്രാക്കോയിലെ കാരുണ്യത്തിന്‍റെ വേദിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നേതൃത്വം നല്കുന്ന ജാഗരണപ്രാര്‍ത്ഥനയിലും പരിശുദ്ധ കുര്‍ബാനയുടെ ആശീര്‍വ്വാദ കര്‍മ്മത്തിലും ജീസസ് യൂത്തിന്‍റെ 'റെക്സ് ബാന്‍ഡ്' ഇംഗ്ലിഷ് ഗീതങ്ങള്‍ക്ക് നേതൃത്വം നല്കും. മേളയുടെ ഉച്ചകോടിയായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന സമൂഹബലിയര്‍പ്പണത്തിലെ ഗീതങ്ങള്‍ക്കു 'റെക്സ് ബാന്‍ഡ്' നേതൃത്വം നല്‍കും. യുഎഇ അടിസ്ഥാനമുള്ള ജീസസ് യൂത്തിന്‍റെ 'മാസ്റ്റര്‍ പ്ലാന്‍ ബാന്‍റും' അതേ വേദിയില്‍ ഗീതങ്ങള്‍ ആലപിക്കും. ഇന്ത്യയില്‍ നിന്നുള്ള 'ആക്ട്സ് ഓഫ് അപ്പോസല്‍സ്' യുഎഇയില്‍നിന്നുള്ള 'ഇന്‍സൈഡ് ഔട്ട്' എന്നീ ബാന്‍റ് സംഘങ്ങളും വിവിധ ദിവസങ്ങളില്‍ സംഗീതപരിപാടികള്‍ അവതരിപ്പിക്കും.
പോളണ്ടിലെ ക്രാക്കോയില്‍ സംഗമിക്കുന്ന ലോകയുവജന മേളയില്‍ ജീസസ് യൂത്തിന്‍റെ 700 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ക്രാക്കോയിലെ വിവിധ വേദി കളിലായി നടക്കുന്ന യുവജനങ്ങളുടെ മതബോധന പരിപാടികളില്‍ ജീസസ് യൂത്ത് പ്രവര്‍ത്തകര്‍ 'ആനിമേറ്റേഴ്സാ'യി സഹായിക്കും. ബൊളോനിയ പാര്‍ക്കില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയോടു ചേര്‍ന്നുള്ള യുവജനങ്ങളുടെ ജപമാല സമര്‍പ്പണത്തില്‍ രണ്ടു രഹസ്യങ്ങള്‍ക്ക് ജീസസ് യൂത്ത് അംഗങ്ങള്‍ നേതൃത്വം നല്കുമെന്ന് ജീസസ് യൂത്തിന്‍റെ സ്ഥാപകാംഗവും കോര്‍ ഡിനേറ്ററും യുവജനസമ്മേളനത്തിന്‍റെ സംഘാടകസമിതി അംഗവുമായ മനോജ് സണ്ണി പറഞ്ഞു.
കേരളത്തില്‍ പിറവിയെടുത്ത ജീസസ് യൂത്ത്چമുന്നേറ്റം ലോക യുവജനമേളയുടെ ആരംഭ കാലം മുതല്‍ അതില്‍ പങ്കെടുത്തിരുന്നു. ഇന്ന് 30 വിവിധ രാജ്യങ്ങളില്‍ വേരു പിടിച്ചിരിക്കുന്ന രാജ്യാന്തര പ്രസ്ഥാനമായി ജീസസ് യൂത്ത് വളര്‍ന്നു കഴിഞ്ഞു. കഴിഞ്ഞ മേയ് മാസത്തില്‍ ജീസസ് യൂത്തിനെ പൊന്തിഫിക്കല്‍ അല്മായ സംഘടനയായി ഫ്രാന്‍സിസ് മാര്‍പാപ്പ ഉയര്‍ത്തുകയുണ്ടായി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org