വെനിസ്വേലന്‍ പ്രസിഡന്‍റിനു സഭയുടെ രൂക്ഷവിമര്‍ശം

കടുത്ത ദാരിദ്ര്യത്തിലേയ്ക്കു നീങ്ങുന്ന വേനിസ്വേലന്‍ ജനതയെ രക്ഷിക്കാന്‍ കഴിയാതിരിക്കുകയും അതേസമയം ജീവകാരുണ്യപ്രവൃത്തികള്‍ ക്കൊരുങ്ങുന്ന സഭയെ അതില്‍ നിന്നു തടയുകയും ചെയ്യുന്ന വെനിസ്വേലന്‍ പ്രസിഡന്‍റ് നിക്കോളാസ് മാദുരോയെ കത്തോലിക്കാ മെത്രാന്‍ സംഘം രൂക്ഷമായി വിമര്‍ശിച്ചു. രാജ്യത്തിന്‍റെ താത്പര്യമല്ല സര്‍ക്കാരിന്‍റെ താത്പര്യമെന്നു മെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ് ദിയേഗോ പാഡ്രോണ്‍ കുറ്റപ്പെടുത്തി.
മാദുരോയുടെ സോഷ്യലിസ്റ്റ് സര്‍ക്കാര്‍ 160 ഓളം അവശ്യവസ്തുക്കള്‍ക്കു വെനിസ്വേലായില്‍ വിലനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ അതോടെ ഈ ഉത്പന്നങ്ങള്‍ എല്ലാം തന്നെ കടകളില്‍ നിന്ന് അപ്രത്യക്ഷമായി. ഇപ്പോള്‍ അവ കരിഞ്ചന്തയില്‍ അന്യായ വിലയ്ക്കു മാത്രമേ ലഭിക്കുകയുള്ളൂ എന്ന സ്ഥിതിയാണ്. ഇതിനു പരിഹാരമുണ്ടാക്കാന്‍ ഭരണകൂടത്തിനു സാധിക്കുന്നില്ലെന്നു സഭ ചൂണ്ടിക്കാണിക്കുന്നു. പ്രതിസന്ധി രൂക്ഷമാകുകയും ഇതിനൊരിക്കലും അന്ത്യമുണ്ടാകുകയില്ലെന്ന തോന്നലുണ്ടാക്കുകയും ചെയ്യുന്നു. ഭരണമില്ലായ്മയും അടിച്ചമര്‍ത്തലുമാണ് ഇവിടെ നടന്നു വരുന്നത്. ജനങ്ങളില്‍ ഇത് അനിശ്ചിതത്വവും നിരാശയും രോഷവും അക്രമോത്സുകതയും സൃഷ്ടിക്കുന്നുവെന്ന് ആര്‍ച്ചുബിഷപ് പാഡ്രോണ്‍ ചൂണ്ടിക്കാട്ടി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org