വെനിസ്വേലായില്‍ നടക്കുന്നതു രക്തച്ചൊരിച്ചിലെന്ന് ആര്‍ച്ചുബിഷപ്

വെനിസ്വേലായില്‍ നടക്കുന്നതു രക്തച്ചൊരിച്ചിലെന്ന് ആര്‍ച്ചുബിഷപ്

വെനിസ്വേലായില്‍ വന്‍തോതിലുള്ള രക്തച്ചൊരിച്ചില്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് ആര്‍ച്ചുബിഷപ് ഉബാള്‍ദോ സന്താന പ്രസ്താവിച്ചു. ഓരോ വര്‍ഷവും മുപ്പതിനായിരം പേര്‍ വീതമാണ് ഇവിടെ കൊല്ലപ്പെടുന്നത്. പരസ്പരം മനസ്സിലാക്കാന്‍ സമാധാനപരമായ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നില്ലെങ്കില്‍ ഈ സംഖ്യ ഇനിയും ഉയരും. ഹ്യൂഗോ ഷാവെസിനു ശേഷം നിക്കോളാസ് മാഡുര അധികാരത്തിലെത്തിയതോടെ ഈ സോഷ്യലിസ്റ്റ് രാഷ്ട്രം ഗുരുതരമായ പ്രതിസന്ധികളിലേയ്ക്കു നീങ്ങുകയാണെന്നു ലോകമാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ടായിരുന്നു.
കര്‍ക്കശമായ വിലനിയന്ത്രണവും വിലക്കയറ്റവും ചേര്‍ന്നു സൃഷ്ടിച്ചിരിക്കുന്നത് അവശ്യസാധനങ്ങളുടെ ഗുരുതരമായ ക്ഷാമമാണ്. പാലും ധാന്യവും ഡയപ്പറും മരുന്നും പോലുള്ള വസ്തുക്കള്‍ കിട്ടാനില്ലാത്ത സ്ഥി തിയാണ്. വില നിയന്ത്രണമേര്‍പ്പെടുത്തിയതോടെ ഇത്തരം വസ്തുക്കള്‍ വിപണിയില്‍ നിന്ന് അപ്രത്യക്ഷമായി. അത്യാവശ്യക്കാര്‍ ഇവ വന്‍വില കൊടുത്ത് കരിഞ്ചന്തയില്‍ നിന്നു വാങ്ങേണ്ടി വരുന്നു. ഫലത്തില്‍ വിലനിയന്ത്രണം ഉപഭോക്താക്കള്‍ക്കു തന്നെ വിനയായി മാറി. മാഡുരോ അധികാരത്തിലെത്തിയതിനു ശേഷം ആഭ്യന്തര സംഘര്‍ഷങ്ങളും രൂക്ഷമായി.
സര്‍ക്കാര്‍ സൈന്യത്തിന്‍റെ ആയുധങ്ങള്‍ ഭരണപാര്‍ട്ടിയുടെ കൈയിലെത്തിയെന്നും പ്രതിപക്ഷപാര്‍ട്ടികളും ആയുധങ്ങള്‍ സംഘടിപ്പിക്കുന്നുണ്ടെന്നും ആര്‍ച്ചുബിഷപ് ചൂണ്ടിക്കാട്ടി. സായുധസംഘങ്ങള്‍ രാജ്യമെങ്ങും വിഹരിക്കുന്നു. ഇവരെ തടയാന്‍ സംവിധാനങ്ങളില്ല. ജയിലുകളില്‍ ആളുകള്‍ നിറഞ്ഞതിനെ തുടര്‍ന്ന് തിരക്കു കുറയ്ക്കാന്‍ കുറ്റവാളികളെ കൂട്ടമായി വിട്ടയയ്ക്കുന്നു. ഇതെല്ലാം വലിയ അരക്ഷിതാവസ്ഥയാണ് വെനിസ്വേലായില്‍ സൃഷ്ടിക്കുന്നത് – ആര്‍ച്ചുബിഷപ് വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org