സംസ്ഥാന സര്‍ക്കാര്‍ നിലപാട് ന്യൂനപക്ഷ സമൂഹങ്ങളോടുള്ള യുദ്ധപ്രഖ്യാപനം കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മീഷന്‍

സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ മുഴുവന്‍ സീറ്റുകളും ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹവും സ്വകാര്യ മാനേജുമെന്റുകളോടുള്ള യുദ്ധപ്രഖ്യാപനവുമാണെന്ന് കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആരോപിച്ചു,
2006-ലെ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരും അന്നത്തെ വിദ്യാഭ്യാസമന്ത്രി എം.എ. ബേബിയും സ്വാശ്രയ മാനേജുമെന്റുകളോട് സ്വീകരിച്ച നയങ്ങളുടെ തനി യാവര്‍ത്തനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അന്നത്തെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ നിലപാട് നീ ണ്ടുനിന്ന ജനകീയസമരങ്ങള്‍ക്കും നിയമയുദ്ധങ്ങള്‍ക്കും കാരണമായതും സര്‍ക്കാര്‍ നിലപാടുകള്‍ പാടേ തകര്‍ന്നടിഞ്ഞതും ആരും വിസ്മരിക്കരുത്. സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട് സ്വകാര്യ മാനേജുമെന്റുകളും സര്‍ക്കാരും തമ്മിലുള്ള ബന്ധത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും.
ന്യൂനപക്ഷ സമൂഹങ്ങളുടെ നിയന്ത്രണത്തിലുള്ള സ്വാശ്രയ മാനേജുമെന്റുകളുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്നതിലൂടെ ഭരണഘടന ഉറപ്പു നല്‍കുന്ന ന്യൂനപക്ഷവിദ്യാഭ്യാസ അവകാശങ്ങള്‍ക്ക് എതിരാണ് ഈ സര്‍ക്കാരെന്ന് ഒരിക്കല്‍കൂടി പ്രഖ്യാപിക്കുകയാണ്. രാജ്യത്തെ ന്യൂനപക്ഷ സമൂഹങ്ങളുടെ സംരക്ഷകരാണ് തങ്ങള്‍ എന്ന് അവര്‍ അവകാശപ്പെടുകയും അതേസമയം ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ പോലും നിഷേധിക്കുന്നത്, ഇരകള്‍ക്കൊപ്പം ഓടുകയും വേട്ടക്കാരോടൊപ്പം കൂടുകയും ചെയ്യുന്നതിന് തുല്യമാണ്.
സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ സീറ്റുകള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും ക്രിസ്ത്യന്‍ മാനേജുമെന്റുകളും തമ്മില്‍ മൂന്നു വര്‍ഷത്തെ കാലാവധിയുള്ള കരാര്‍ നിലവിലുണ്ട്. ഈ കരാറില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ ഏകപക്ഷീയമായി പിന്‍മാറുന്നതിന്റെ കാരണം സര്‍ക്കാര്‍ വ്യക്തമാക്കണം. മുന്നണികള്‍ മാറി മാറി അധികാരത്തില്‍ വരുമ്പോള്‍ സര്‍ക്കാരുകളുമായുള്ള കരാറുകള്‍ റദ്ദാക്കപ്പെടുന്നതിലൂടെ സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ വിശ്വാസ്യതപോലും ഇല്ലാതാക്കി. ഈ സാഹചര്യത്തില്‍ സര്‍ക്കാരുമായി ചര്‍ച്ചകളിലും കരാറുകളിലും ഏര്‍പ്പെടുന്നതുപോലും പുനരാലോചനയ്ക്കു വിധേയമാക്കേണ്ടിയിരിക്കുന്നു. ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് ഇടതുപക്ഷ മുന്നണിയുടെ നയമാണോ എന്നു ഘടകകക്ഷികള്‍ വ്യക്തമാക്കണമെന്ന് കെ.സി.ബി.സി. വിദ്യാഭ്യാസ കമ്മീഷന്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org