സഭ കൂടുതല്‍ ഉത്തരവാദിത്വത്തോടെ ദളിത് ക്രൈസ്തവരോടുള്ള ഐക്യദാര്‍ഢ്യം നവീകരിക്കണം

സമീപ കാലത്തായി കേരളത്തിലും ഭാരതത്തി ലെമ്പാടും ദളിതര്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അതി ക്രമങ്ങള്‍ ആശങ്കയുണര്‍ത്തുന്നുവെന്നും വിദ്യാഭ്യാസസ്ഥാപനങ്ങളിലും കലാസാംസ്കാരിക രംഗങ്ങളിലും കടന്നുകയറുന്ന ദളിത് വിരുദ്ധശക്തികളെ കര്‍ശനമായി നിയന്ത്രിച്ച് ദളിതരുടെ തനിമ നിലനിര്‍ത്താന്‍ സഹായിക്കേണ്ടതാണെന്നും കെസിബിസി SC/ST/BC കമ്മീഷന്‍. സഭ കൂടുതല്‍ ഉത്തരവാദിത്വത്തോടെ ദളിത് ക്രൈസ്തവരോടുള്ള ഐക്യദാര്‍ഢ്യവും പ്രതിജ്ഞാബദ്ധതയും നവീകരിക്കണം. നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ ദളിത് ക്രൈസ്തവര്‍ ഒറ്റപ്പെട്ടുപോകാതെ വിവിധ സഭാസമൂഹങ്ങള്‍ ഒരുമിച്ചു നിന്നുകൊണ്ട് അവരോടൊപ്പം പോരാടണമെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. ജസ്റ്റിസ് സണ്‍ഡേയോടനുബന്ധിച്ച് (നീതി ഞായര്‍) പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം സൂചിപ്പിട്ടുള്ളത്.
സഭാ സംവിധാനങ്ങളിലെ ഉത്തരവാദിത്വങ്ങളില്‍ പൂര്‍ണമായ പങ്കാളിത്തം ദളിത് സഹോദരങ്ങള്‍ക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കേണ്ടതാണ്. പൊതുസമൂഹത്തിന്‍റെ ഇതരരംഗങ്ങളില്‍ മികവുറ്റ സംഭാവനകള്‍ നല്കാന്‍ അവരെ പ്രാപ്തരാക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യേണ്ടതാണ്. അതിനാവശ്യമായ സമ്പത്ത് ശേഖരിച്ച് നല്കാനും സഭാ സ്ഥാപനങ്ങളില്‍ പരിശീലനപരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ട് പ്രോത്സാഹനവും ശക്തിയും പകര്‍ന്നു നല്കുവാനും സഭ സന്നദ്ധമാകണം. വിശ്വാസത്തിലുറച്ചുനിന്ന് സഭയില്‍ ലഭ്യമാകുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി സ്വത്വബോധത്തോടെ വളരാനും സഭയെയും സമുദായത്തെയും ഒരുപോലെ വളര്‍ത്താനും ദളിത് ക്രൈസ്തവര്‍ മുന്നോട്ടുവരാന്‍ ശ്രദ്ധിക്കുകയും ചെയ്യണം.
ഭാരത കത്തോലിക്കാ മെത്രാന്‍സമിതിയുടെ ആഹ്വാനപ്രകാരം സ്വാതന്ത്ര്യദിനം കഴിഞ്ഞുവരുന്ന ഞായറാഴ്ച ജസ്റ്റിസ് സണ്‍ഡേ ആയി ആചരിക്കുമ്പോള്‍ ആഗസ്റ്റ് 21-ന് കേരളത്തിലെ എല്ലാ രൂപതകളിലെ ഇടവകകളിലും ദളിത് ക്രൈസ്തവരോടുള്ള ആഭിമുഖ്യം പ്രകടമാക്കുന്ന പ്രത്യേകപരിപാടികള്‍ സംഘടിപ്പിക്കേണ്ടതാണെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, വൈസ് ചെയര്‍മാന്‍മാരായ ബിഷപ് ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസ,് ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍ എന്നിവര്‍ പുറപ്പെടുവിച്ച സംയുക്ത സര്‍ക്കുലറില്‍ പറയുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org