സര്‍ക്കാരിന്റെ ‘ഓണ്‍ലൈന്‍ മദ്യവാണിഭം’; ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

ഘട്ടം ഘട്ടമായ മദ്യനിരോധനത്തിന്റെ ഗുണഫലങ്ങളിലൂടെ സംസ്ഥാനം കടന്നുപോകുമ്പോള്‍ 59 മദ്യയിനങ്ങള്‍ ഓണ്‍ലൈന്‍ വഴി വിപണനം നടത്തുമെന്ന കണ്‍സ്യൂമര്‍ഫെഡ് എംഡിയുടെ പ്രഖ്യാപനം ജനദ്രോഹപരമാണെന്നും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി.
അവശ്യവസ്തുക്കളുടെ വിപണനം നടത്തുന്ന 755 നന്മ ത്രിവേണി സ്റ്റോറുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനമെടുത്ത സര്‍ക്കാര്‍ അപകടകാരിയായ മദ്യത്തിന് ഇത്രമാത്രം പ്രാധാന്യം നല്‍കുന്നത് എന്തടിസ്ഥാനത്തിലാണ്? വിമര്‍ശനങ്ങളിലൂടെയും ആരോപണങ്ങളിലൂടെയും തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുന്ന കണ്‍സ്യൂമര്‍ഫെഡിനെ സംരക്ഷിക്കാന്‍ ഓണ്‍ലൈന്‍ മുഖേനകൂടി മദ്യവാണിഭം നടത്തി പൊതുജനത്തിന്റെ ജീവനെ പന്താടണോ?
ആളോഹരി മദ്യോപയോഗത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന കേരളത്തില്‍ പരിഷ്‌കൃത രാജ്യങ്ങളുടെ മാതൃക സ്വീകരിച്ച് ക്യൂ ഒഴിവാക്കാന്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ മുഖേന മദ്യവാണിഭം നടത്തുമെന്ന എക്‌സൈസ് മന്ത്രിയുടെ പ്രഖ്യാപനവും ജനത്തോടല്ല ഈ സര്‍ക്കാരിന് കൂറെന്ന് വ്യക്തമാക്കുന്നതാണ്.
ബിഷപ് മാര്‍ റെമജിയൂസ് ഇഞ്ചനാനിയില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, അഡ്വ. ചാര്‍ളി പോള്‍, പ്രസാദ് കുരുവിള, ആന്റണി ജേക്കബ് ചാവറ, യോഹന്നാന്‍ ആന്റണി, സണ്ണി പായിക്കാട്ട്, എഫ്.എം. ലാസര്‍, കെ.ജെ. പൗലോസ്, ഫാ. പോള്‍ കാരാച്ചിറ, ജെയിംസ് മുട്ടിക്കല്‍, എം.ഡി. റാഫേല്‍, ജോയിക്കുട്ടി ലൂക്കോസ്, സേവ്യര്‍ പള്ളിപ്പാടന്‍, വി.ഡി. രാജു, മത്തായി മരുതൂര്‍, തോമസുകുട്ടി മണക്കുന്നേല്‍, സിസ്റ്റര്‍ ആനീസ് തോട്ടപ്പള്ളി, സ്റ്റെല്ല ജോസി എന്നിവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org