വനിതാ ഡീക്കന്‍മാരെ കുറിച്ചു പഠിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കമ്മീഷനെ നിയമിച്ചു.

വനിതാ ഡീക്കന്‍മാരെ കുറിച്ചു പഠിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ കമ്മീഷനെ നിയമിച്ചു. ഏതാനും മാസങ്ങള്‍ക്കു മുമ്പ് വനിതാസന്യസ്തസഭകളുടെ സുപ്പീരിയര്‍മാരുമായി നടത്തിയ ഒരു കൂടിക്കാഴ്ചയ്ക്കിടെ ഇങ്ങനെയൊരു കമ്മീഷനെ വയ്ക്കാന്‍ താന്‍ സന്നദ്ധനാണെന്നു മാര്‍പാപ്പ പറഞ്ഞിരുന്നു. ആദിമസഭയില്‍ വനിതാഡീക്കന്മാര്‍ ഉണ്ടായിരുന്നുവെന്നു സന്യാസമേധാവികള്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു അത്. കുറെ നാളത്തെ ഗാഢമായ പ്രാര്‍ത്ഥനയ്ക്കും വിചിന്തനത്തിനും ശേഷമാണ് മാര്‍പാപ്പ ഈ തീരുമാനമെടുത്തതെന്നും വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിക്കുന്നു.
വത്തിക്കാന്‍ വിശ്വാസകാര്യാലയത്തിന്റെ സെക്രട്ടറി ആര്‍ച്ചുബിഷപ് ലൂയി ഫ്രാന്‍ സിസ്‌കോ ഫെറര്‍ ആയിരിക്കും കമ്മീഷന്റെ മേധാവി. 12 അംഗങ്ങളാണ് കമ്മീഷനിലുള്ളത്. ഇതില്‍ പകുതി പേര്‍ വനിതകളാണ്. അല്മായരും സന്യസ്തരുമായ വനിതകള്‍ കൂട്ടത്തിലുണ്ട്. റോമിലെ പ്രസിദ്ധമായ അന്റോണിയാനും യൂണിവേഴ്‌സിറ്റിയുടെ റെക്ടര്‍ സിസ്റ്റര്‍ മേരി മെലണ്‍, അമേരിക്കയിലെ ഹോഫ്‌സ്ട്ര യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ഫിലിസ് സഗാനോ, വിയെന്ന യൂണിവേഴ്‌സിറ്റിയിലെ ആദ്ധ്യാത്മിക ദൈവശാസ്ത്ര വിഭാഗം പ്രൊഫസര്‍ മരിയാന്‍ സ്‌ക്ലോസര്‍ തുടങ്ങിയ വനിതകള്‍ കമ്മീഷനില്‍ അംഗങ്ങളാണ്.
വനിതാഡീക്കന്മാരുടെ വിഷയം സഭ നേരത്തെയും പഠനവിധേയമാക്കിയിട്ടുള്ളതാണ്. വിശ്വാസകാര്യാലയത്തിന്റെ ഉപദേശകസമിതിയായ അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷന്‍ 2002-ല്‍ ഇതു സംബന്ധിച്ച് ഒരു രേഖ തയ്യാറാക്കിയിരുന്നു. ആളുകള്‍ പൂര്‍ണമായി ജലത്തില്‍ മുങ്ങി ജ്ഞാനസ്‌നാനം സ്വീകരിക്കുന്നതു പതിവായിരുന്ന ആദിമസഭയില്‍ സ്ത്രീകള്‍ക്കു ജ്ഞാനസ്‌നാനം നല്‍കാന്‍ ഔചിത്യത്തിന്റെ പേരിലായിരിക്കാം വനിതാഡീക്കന്മാരെ നിയമിച്ചിരുന്നതെന്നു സിസ്റ്റര്‍ സുപ്പീരിയര്‍മാരുടെ യോഗത്തില്‍ മാര്‍പാപ്പ ചൂണ്ടിക്കാട്ടിയിരുന്നു. വനിതാഡീക്കന്മാരുടെ ആവശ്യം ഇപ്പോഴില്ലെന്ന കാഴ്ചപ്പാടിന്റെ സൂചനയായിട്ടാണ് ഈ വാക്കുകളെ അന്നു മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org