സാര്‍വ്വത്രികസ്വഭാവം പ്രകടമാക്കി 13 കാര്‍ഡിനല്‍മാര്‍ കൂടി

സാര്‍വ്വത്രികസ്വഭാവം പ്രകടമാക്കി 13 കാര്‍ഡിനല്‍മാര്‍ കൂടി

ഒക്ടോബര്‍ 5-നു പതിമൂന്നു പേരെ കൂടി കാര്‍ഡിനല്‍മാരായി ഉയര്‍ത്തുമെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. ഇവരില്‍ പത്തു പേര്‍ എണ്‍പതിനു താഴെ പ്രായമുള്ളവരും അതിനാല്‍ പാപ്പാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ കഴിയുന്നവരുമായിരിക്കും. മൂന്നു പേര്‍ക്ക് ബഹുമതി സൂചകമായുള്ള കാര്‍ഡിനല്‍ പദവിയാണു നല്‍കുന്നത്. എല്ലാ വന്‍കരകളില്‍ നിന്നുമുള്ളവര്‍ പുതിയ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ചില കീഴ്വഴക്കങ്ങളും മാര്‍പാപ്പ ഇതില്‍ തിരുത്തിയെഴുതുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയെ തിരഞ്ഞെടുത്ത കോണ്‍ക്ലേവില്‍ പങ്കെടുത്ത കാര്‍ഡിനല്‍മാര്‍ 48 രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു. 13 പേരുടെ സ്ഥാനാരോഹണത്തോടെ 68 രാജ്യങ്ങളുടെ പ്രാതിനിധ്യം കാര്‍ഡിനല്‍ സംഘത്തിനു കൈവരും.

വത്തിക്കാന്‍ സമഗ്ര മനുഷ്യവികസന കാര്യാലയത്തില്‍ കുടിയേറ്റ-അഭയാര്‍ത്ഥി വിഭാഗം കൈകാര്യം ചെയ്യുന്ന കാനഡായില്‍ നിന്നുള്ള ജെസ്യൂട്ട് ഫാ. മൈക്കിള്‍ സെര്‍ണിയാണ് കാര്‍ഡിനലായി ഉയര്‍ത്തപ്പെടുന്ന ഒരാള്‍. വത്തിക്കാന്‍ മതാന്തരസംഭാഷണ കാര്യാലയത്തിന്‍റെ മേധാവിയായ സ്പെയിന്‍ സ്വദേശി ആര്‍ച്ചുബിഷപ് മിഗുവേല്‍ ഗ്വിക്സോട്ട്, സഭയുടെ ലൈബ്രേറിയന്‍, പോര്‍ട്ടുഗല്‍ സ്വദേശി ആര്‍ച്ചുബിഷപ് ജോസ് ടൊലെന്‍റീനോ മെന്‍ഡോണ്‍സ എന്നിവരാണ് റോമന്‍ കൂരിയായില്‍ നിന്നു കാര്‍ഡിനല്‍മാരാകുന്ന മറ്റുള്ളവര്‍.

ആഫ്രിക്കയിലെ കോംഗോ, കിന്‍ഷാസാ അതിരൂപതാ ആര്‍ച്ചുബിഷപ് ഫ്രിദോലിന്‍ അംബാംഗോ, മൊറോക്കോയിലെ റബാത് ആര്‍ച്ചുബിഷപ് ക്രിസ്റ്റോബാല്‍ ലോപെസ് റൊമേരോ, ഇന്‍ഡോനേഷ്യയിലെ ജക്കാര്‍ത്ത ആര്‍ച്ചുബിഷപ് ഇഗ്നേഷ്യസ് സുഹാര്യോ, ഗ്വാട്ടിമലയിലെ ബിഷപ് അല്‍വാരോ റമാസ്സിനി, ക്യൂബയിലെ ഹവാനാ ആര്‍ച്ചുബിഷപ് ജുവാന്‍ ഡി ലാകരിഡാഡ്, ലക്സംബര്‍ഗിലെ ആര്‍ച്ചുബിഷപ് ഷാങ് ഹോളെറിച്ച്, ഇറ്റലിയിലെ ബൊളാഞ്ഞോ ആര്‍ച്ചുബിഷപ് മത്തെയോ സുപ്പി എന്നിവരാണ് കാര്‍ഡിനല്‍മാരാകുന്ന രൂപതാദ്ധ്യക്ഷന്മാര്‍.

വിരമിച്ച ആര്‍ച്ചുബിഷപ്പുമാരായ ടുണീഷ്യയിലെ മൈക്കിള്‍ ലുയിസ് ഫിറ്റ്സ്ജെറാള്‍ഡ്, ലിത്വാനിയായിലെ സിജിറ്റാസ് ടാം ഗെവിഷ്യസ്, അംഗോളയിലെ ബിഷപ് യൂജെനിയോ കോര്‍സോ എന്നിവരാണ് 80 വയസ്സു പിന്നിട്ട ശേഷം കാര്‍ഡിനല്‍ പദവി ലഭിക്കുന്നവര്‍. ഒക്ടോ. 5 നു പുതിയ കാര്‍ഡിനല്‍മാരുടെ സ്ഥാനാരോഹണത്തോടെ പാപ്പാ തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ള കാര്‍ഡിനല്‍മാരുടെ എണ്ണം 128 ആയി ഉയരും. 10 ദിവസങ്ങള്‍ക്കുള്ളില്‍ 4 പേര്‍ക്കു കൂടി 80 തികയുകയും എണ്ണം 124 ആകുകയും ചെയ്യും. ഇവരില്‍ പകുതി പേരും ഫ്രാന്‍സിസ് മാര്‍പാപ്പയില്‍ നിന്നു കാര്‍ഡിനല്‍ പദവി സ്വീകരിച്ചവരായിരിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org