2019-ല്‍ വത്തിക്കാനില്‍ നിരവധി അഴിച്ചുപണികള്‍ക്കു സാദ്ധ്യത

2019-ല്‍ വത്തിക്കാനില്‍ നിരവധി അഴിച്ചുപണികള്‍ക്കു സാദ്ധ്യത

കൂരിയാ പരിഷ്കരണത്തിന്‍റെ പരിസമാപ്തി, ചില വത്തിക്കാന്‍ പദവികളില്‍ മാറ്റം, കാര്‍ഡിനല്‍മാരുടെ നിയമനം തുടങ്ങിയവയാണ് 2019-ല്‍ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഉദ്ദേശിക്കുന്ന പ്രധാനകാര്യങ്ങളെന്നു നിരീക്ഷകര്‍ കരുതുന്നു. ചൂഷണവിരുദ്ധനയം രൂപീകരിക്കുന്നതിന് എല്ലാ ദേശീയ മെത്രാന്‍ സംഘങ്ങളുടെയും അദ്ധ്യക്ഷന്മാരുടെ യോഗം ഫെബ്രുവരി 21 മുതല്‍ 24 വരെ റോമില്‍ നടക്കുന്നുണ്ട്. ലോകം ഉറ്റുനോക്കുന്ന സുപ്രധാനമായ ഈ യോഗത്തിനു ശേഷമായിരിക്കും മറ്റു നടപടികളിലേയ്ക്കു പാപ്പ കടക്കുക.

കാര്‍ഡിനല്‍ ജീന്‍ ലുയി ടവ്റാന്‍റെ നിര്യാണത്തിനു ശേഷം ഇപ്പോള്‍ ചേംബര്‍ ലെയിന്‍ അഥവാ കമെര്‍ലെംഗോ എന്ന പദവി ഒഴിഞ്ഞു കിടക്കുകയാണ്. ചേംബര്‍ ലെയിനെ നിയമിക്കേണ്ടതു മാര്‍പാപ്പയാണ്. മരണമോ സ്ഥാനത്യാഗമോ മൂലം പാപ്പാസ്ഥാനം ഒഴിവാകുന്ന സാഹചര്യമുണ്ടായാല്‍ കാര്‍ഡിനല്‍മാരുടെ യോഗം വിളിച്ചു ചേര്‍ത്ത് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ചുമതലപ്പെട്ടയാളാണ് ചേംബര്‍ലെയിന്‍. ചേംബര്‍ലെയിന്‍ ഇല്ലെങ്കില്‍ കാര്‍ഡിനല്‍മാര്‍ യോഗം ചേര്‍ന്ന് ആദ്യം ചേംബര്‍ലെയിനെ തിരഞ്ഞെടുക്കേണ്ടി വരും. കൂരിയാ പരിഷ്കരണം പൂര്‍ത്തിയാകുകയും വത്തിക്കാന്‍ ഭരണം സംബന്ധിച്ച പുതിയ അപ്പസ്തോലിക ഭരണഘടന പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തതിനു ശേഷമേ പുതിയ ചേംബര്‍ലെയിനെ നിയമിക്കാന്‍ സാദ്ധ്യതയുള്ളൂ എന്നും കരുതുന്നുണ്ട്.

പൊന്തിഫിക്കല്‍ ഹൗസ്ഹോള്‍ഡ് എന്ന കാര്യാലയം ഇല്ലാതാക്കാന്‍ പാപ്പ ആലോചിക്കുന്നുവെന്നു വാര്‍ത്തകളുണ്ട്. 2012 മുതല്‍ ഈ കാര്യാലയത്തിന്‍റെ ചുമതല വഹിക്കുന്നത് വിരമിച്ച പാപ്പ ബെനഡിക്ട് പതിനാറാമന്‍റെ സെക്രട്ടറി കൂടിയായ ആര്‍ച്ചുബിഷപ് ജോര്‍ജ് ഗാന്‍സ്വീന്‍ ആണ്. അദ്ദേഹത്തിനു വിശുദ്ധരുടെ നാമകരണകാര്യാലയത്തിന്‍റെ ചുമതല നല്‍കിയേക്കുമെന്നാണ് നിഗമനം. ആ പദവി ഇപ്പോള്‍ വഹിക്കുന്ന ആര്‍ച്ചുബിഷപ് മാര്‍സെലോ ബര്‍ട്ടലൂച്ചി 75 വയസ്സായതിനെ തുടര്‍ന്നു വിരമിക്കാനിരിക്കുകയാണ്. ദൈവികാരാധനാകാര്യാലയത്തിന്‍റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ റോബര്‍ട്ട് സാറായും ഈ വര്‍ഷം വിരമിക്കേണ്ടതാണ്. പാരമ്പര്യവാദികളുമായുള്ള സംഭാഷണത്തിനായി ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ രൂപീകരിച്ച എക്ലേസിയ ദേയി എന്ന കമ്മീഷനും പിരിച്ചുവിടുമെന്നു സൂചനയുണ്ട്. ഇവര്‍ വഹിച്ചുപോന്ന ചുമതലകള്‍ വിശ്വാസ കാര്യാലയത്തിനു കൈമാറിയേക്കും.

പാപ്പാ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ അവകാശമുള്ള 80 നു താഴെ പ്രായമുള്ള കാര്‍ഡിനല്‍മാരുടെ എണ്ണം ഇപ്പോള്‍ 124 ആണ്. ഇവരില്‍ 10 പേര്‍ക്ക് ഈ വര്‍ഷം 80 തികയും. 80-നു താഴെ പ്രായമുള്ള കാര്‍ഡിനല്‍മാരുടെ എണ്ണം 120 ആയിരിക്കണമെന്നതാണ് വ്യവസ്ഥ. അതിനാല്‍ പുതിയ കാര്‍ഡിനല്‍മാരുടെ നിയമനവും ഈ വര്‍ഷം ഉണ്ടായേക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org