5 പുതിയ കാര്‍ഡിനല്‍മാര്‍, 4 പേരുടെയും നിയമനം പാരമ്പര്യങ്ങള്‍ മറികടന്ന്

5 പുതിയ കാര്‍ഡിനല്‍മാര്‍, 4 പേരുടെയും നിയമനം പാരമ്പര്യങ്ങള്‍ മറികടന്ന്

ആഗോള കത്തോലിക്കാസഭയില്‍ അഞ്ച് കാര്‍ഡിനല്‍മാരെ കൂടി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ ഇതുവരെ നടത്തിയ നിയമനങ്ങള്‍ പോലെ പാരമ്പര്യങ്ങള്‍ മറികടന്നും പതിവുകള്‍ തെറ്റിച്ചുമാണ് ഇപ്രാവശ്യത്തെയും നിയമനങ്ങളിലേറെയും. കത്തോലിക്കാസഭയുടെ സാര്‍വ്വത്രികസ്വഭാവത്തിന് ഊന്നലേകുന്നതും വൈവിധ്യത്തെ അംഗീകരിക്കുന്നതുമാണ് ഈ നിയമനങ്ങള്‍. എല്‍സാല്‍വദോര്‍, സ്വീഡന്‍, മാലി, ലാവോസ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് നാലു കാര്‍ഡിനല്‍മാര്‍. ഈ നാലു രാജ്യങ്ങളില്‍ നിന്നും കാര്‍ഡിനല്‍മാരുണ്ടാകുന്നത് ചരിത്രത്തില്‍ ഇതാദ്യമായാണ്.

ഇതില്‍ ലാവോസിലെയും മാലിയിലെയും മെത്രാന്മാര്‍ക്കുള്ള കാര്‍ഡിനല്‍ പദവി ലബ്ധി വളരെയേറെ ശ്രദ്ധേയമാണ്. ലാവോസില്‍ കത്തോലിക്കാ രൂപതകളില്ല. ആകെയുളള മൂന്ന് അപ്പസ്തോലിക് വികാരിയത്തുകളിലൊന്നിന്‍റെ അദ്ധ്യക്ഷനായ ബിഷപ് ലൂയിസ് മേരി ലിംഗ് ആണ് കാര്‍ഡിനലാകുന്നത്. കമ്മ്യൂണിസ്റ്റ് ഏകാധിപത്യം നിലവിലുള്ള ലാവോസ് പൊതുവെ മതവിരുദ്ധമായ ഒരു രാജ്യമായാണ് അറിയപ്പെടുന്നത്. വത്തിക്കാനുമായി പൂര്‍ണ നയതന്ത്രബന്ധം ഇല്ലാത്ത രാജ്യവുമാണ്. 70 ലക്ഷം ജനങ്ങളില്‍ ഒരു ശതമാനത്തില്‍ താഴെയാണു ക്രൈസ്തവര്‍. ആകെ 45,000 കത്തോലിക്കര്‍ മാത്രം. വൈദികര്‍ 33. മൂന്നു വൈദികര്‍ 2016-ല്‍ അഭിഷിക്തരായവരാണ്. ഈ വര്‍ഷം 2 പേര്‍ക്കു കൂടി പൗരോഹിത്യം ലഭിക്കും. ബുദ്ധമതസ്ഥര്‍ക്കാണ് ഇവിടെ ഭൂരിപക്ഷം. ലാവോസില്‍ മിഷണറിയായിരുന്ന ഇറ്റാലിയന്‍ വൈദികന്‍ മാരിയോ ബോര്‍സാഗയെയും 1960-ല്‍ രക്തസാക്ഷിത്വം വരിച്ച ലാവോഷ്യന്‍ വൈദികന്‍ ഫാ. ജോസഫ് താവോ തീനിനെയും 14 സഹരക്തസാക്ഷികളെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത് ലാവോഷ്യന്‍ സഭയ്ക്ക് പുതിയ ഊര്‍ജം പകര്‍ന്നിരുന്നു. കഴിഞ്ഞ ഡിസംബറില്‍ ലാവോസില്‍ നടന്ന ഈ പ്രഖ്യാപന ചടങ്ങില്‍ ഏഴായിരത്തോളം വിശ്വാസികള്‍ നേരിട്ടു പങ്കെടുത്തു. ഇങ്ങനെയൊരു ചടങ്ങ് പരസ്യമായി സംഘടിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അനുമതി നല്‍കിയത് മതവിശ്വാസത്തോടുള്ള സര്‍ക്കാരിന്‍റെ സമീപനം മാറിവരുന്നതിന്‍റെ സൂചനയായി വിലയിരുത്തപ്പെട്ടിരുന്നു. ലാവോസുമായി പൂര്‍ണമായ നയതന്ത്രബന്ധം സ്ഥാപിക്കുന്നതിനുള്ള പരിശ്രമങ്ങളിലാണു വത്തിക്കാന്‍.

മുസ്ലീം ഭൂരിപക്ഷരാജ്യമായ മാലിയിലെ ആര്‍ച്ചുബിഷപ് ഴാങ് സെര്‍ബോയ്ക്ക് കാര്‍ഡിനല്‍ പദവി നല്‍കുന്നതും സഭാപരമെന്നതിനേക്കാള്‍ നയതന്ത്രപരമായ പ്രാധാന്യമുള്ള നടപടിയാണ്. 2012 മുതല്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളിലൂടെ കടന്നു പോരുന്ന രാഷ്ട്രമാണ് മാലി. ഇവിടത്തെ വംശീയസ്വഭാവമുള്ള ആഭ്യന്തര സംഘര്‍ഷത്തില്‍ ഇടപെട്ട് സ്വാധീനം നേടാന്‍ മുസ്ലീം ഭീകരവാദസംഘടനയായ അല്‍ഖയിദയ്ക്കു കഴിഞ്ഞിരുന്നു. ഈ പ്രശ്നങ്ങള്‍ മൂലം അഭയാര്‍ത്ഥി പ്രശ്നവും മാലി നേരിടുന്നുണ്ട്. ഈ പ്രശ്നങ്ങളില്‍ നിരവധി മദ്ധ്യസ്ഥ സംഭാഷണങ്ങള്‍ക്ക് ആര്‍ച്ചുബിഷപ് സെര്‍ബോ നേതൃത്വം നല്‍കി വരുന്നുണ്ട്. കാര്‍ഡിനല്‍ പദവി അദ്ദേഹത്തിന്‍റെ സമാധാനപരിശ്രമങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുമെന്നു പ്രതീക്ഷിക്കുന്നവരുണ്ട്.

കാര്‍ഡിനലാകുന്ന സ്വീഡനിലെ സ്റ്റോക്ഹോം ബിഷപ് ആന്‍ ഡേഴ്സ് അര്‍ബൊറേലിയൂസ്, സ്വീഡിഷ് സഭയിലെ ലൂഥറന്‍ വിപ്ലവത്തിനു ശേഷം, കത്തോലിക്കാ മെത്രാനാകുന്ന ആദ്യത്തെ സ്വീഡിഷ് വംശജനാണ്. ലൂഥറന്‍ സഭയില്‍ നിന്നു കത്തോലിക്കാവിശ്വാസം സ്വീകരിച്ചു വന്നയാളുമാണ് അദ്ദേഹം. എല്‍സാല്‍വദോറില്‍ നിന്നു കാര്‍ഡിനലായി ഉയര്‍ത്തപ്പെടുന്നത് സാന്‍ സാല്‍വദോര്‍ സഹായമെത്രാനായ ബിഷപ് ജോ സെഗ്രിഗോറിയോ ഷാവെസാണ്. അതിരൂപതയുടെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പായി തുടരുമ്പോള്‍ സഹായമെത്രാന്‍ കാര്‍ഡിനലാകുന്നത് പുതുമയാണ്. 30 ലേറെ വര്‍ഷം സഹായമെത്രാനെന്ന നിലയില്‍ നല്‍കിയ സേവനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഈ കാര്‍ഡിനല്‍ പദവി വിലയിരുത്തപ്പെടുന്നത്. 1980 മുതല്‍ 92 വരെ നടന്ന ആഭ്യന്തര യുദ്ധത്തിന്‍റെ കാലഘട്ടത്തില്‍ നിസ്തുലമായ സംഭാവനകളാണ് അദ്ദേഹം സഭയ്ക്കും സമൂഹത്തിനും നല്‍കിയത്.

സ്പെയിനിലെ ബാഴ്സലോണ ആര്‍ച്ചുബിഷപ് ജുവാന്‍ ജോസ് ഒമെല്ലയാണ് കാര്‍ഡിനലാകുന്ന അഞ്ചാമന്‍. അദ്ദേഹത്തിന്‍റെ പദവി ലബ്ധിയില്‍ അത്ഭുതത്തിന് അവകാശമില്ല. ബാഴ്സലോണ ആര്‍ച്ചുബിഷപ്പുമാര്‍ക്ക് പരമ്പരാഗതമായി കാര്‍ഡിനല്‍ പദവി നല്‍കി വരുന്നതാണ്. ഇദ്ദേഹത്തിന്‍റെ മുന്‍ഗാമി കാര്‍ഡിനല്‍ ലൂയി മാര്‍ട്ടിനെസിന് കഴിഞ്ഞ ഏപ്രിലില്‍ 80 തികയുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org