5 വര്‍ഷത്തിനിടെ മെക്സിക്കോയില്‍ കൊല്ലപ്പെട്ടത് 19 വൈദികര്‍

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ലാറ്റിനമേരിക്കന്‍ രാജ്യമായ മെക്സിക്കോയില്‍ കൊല്ലപ്പെട്ടത് 19 കത്തോലിക്കാ വൈദികര്‍. രണ്ടു പേരെ കാണാതായി. 2017-ല്‍ മാത്രം മെക്സിക്കോയില്‍ 4 പുരോഹിതരാണു വധിക്കപ്പെട്ടത്. രണ്ടു പേരെ തട്ടിക്കൊണ്ടു പോയി. മെക്സിക്കോ സിറ്റി കത്തീഡ്രലിലും മെത്രാന്‍ സംഘത്തിന്‍റെ ഓഫീസിലും ആക്രമണങ്ങള്‍ നടന്നു. വൈദികര്‍ക്കും മെത്രാന്മാര്‍ക്കും ലഭിച്ച ഭീഷണികള്‍ നൂറു കണക്കിനാണ്. പരിതാപകരമാണ് ഈ സ്ഥിതിയെന്നു ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച കാത്തലിക് മള്‍ട്ടി മീഡിയ സെന്‍റര്‍ പറയുന്നു. ആരോഗ്യം, വിദ്യാഭ്യാസം, മെക്സിക്കോയിലൂടെ യാത്ര ചെയ്യുന്ന കുടിയേറ്റക്കാരുടെ മനുഷ്യാവകാശസംരക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ കത്തോലിക്കാസഭ ചെയ്യുന്ന അജപാലനസേവനങ്ങള്‍ നിറുത്തലാക്കണമെന്നതാണ് അക്രമികളുടെ ഉദ്ദേശ്യമെന്ന് റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു.

പുരോഹിതന്മാര്‍ക്കു പുറമെ സഭാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സന്ന്യസ്തരും അല്മായരുമെല്ലാം ആക്രമിക്കപ്പെടുന്നുണ്ട്. രണ്ട് അല്മായരും ഇപ്രകാരം കൊല്ലപ്പെട്ടിരുന്നു. സുരക്ഷയുടെ അഭാവം, അധികാരികളുടെ ഉദാസീനത, സംഘടിത കുറ്റകൃത്യങ്ങളുടെ വര്‍ദ്ധന തുടങ്ങിയവയാണ് ഈ സ്ഥിതിക്കു കാരണമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആയിരക്കണക്കിനു മെക്സിക്കന്‍ പൗരന്മാരുടെ രക്തം തെരുവുകളില്‍ ചിന്തപ്പെടുമ്പോള്‍ ഇനിയും നമുക്കു നിശബ്ദരായിരിക്കാനാവില്ല. പുരോഹിത ദൗത്യം നിര്‍ഭയം നിര്‍വഹിക്കാന്‍ കഴിയുന്ന സാഹചര്യം ഭരണകൂടം ഈ രാജ്യത്തുണ്ടാക്കണം – റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org