Latest News
|^| Home -> National -> സമൂഹത്തെ പടുത്തുയര്‍ത്താന്‍ സഭാംഗങ്ങള്‍ സ്വയം സമര്‍പ്പിക്കണം: കര്‍ദി. മാര്‍ ആലഞ്ചേരി

സമൂഹത്തെ പടുത്തുയര്‍ത്താന്‍ സഭാംഗങ്ങള്‍ സ്വയം സമര്‍പ്പിക്കണം: കര്‍ദി. മാര്‍ ആലഞ്ചേരി

Sathyadeepam

സീറോ-മലബാര്‍ സഭയുടെ ഗവേഷണ പഠനവിഭാഗമായ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്‍ററിന്‍റെ 55-ാ മത് സെമിനാര്‍ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടന്നു. സീറോ-മലബാര്‍ സഭ മേജര്‍ ആര്‍ക്കിഎപ്പിസ്ക്കോപ്പല്‍ സഭയായി ഉയര്‍ത്തപ്പെട്ടതിന്‍റെ രജതജൂബിലി ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് എല്‍ആര്‍സി സെമിനാര്‍ സംഘടിപ്പിച്ചത്.

“സീറോ-മലബാര്‍ സഭയുടെ വളര്‍ച്ചയും നവീകരണവും ഭാവിയിലേക്കുള്ള ദിശാബോധവും” എന്നതായിരുന്നു സെമിനാറിന്‍റെ വിഷയം. സീറോ-മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. സമൂഹത്തെ പടുത്തുയര്‍ത്താന്‍ സഭാംഗങ്ങള്‍ സ്വയം സമര്‍പ്പിക്കണമെന്ന് കര്‍ദിനാള്‍ ആഹ്വാനം ചെയ്തു. പരസ്പരം അംഗീകരിക്കുകയും പങ്കുവയ്ക്കുകയും സംവാദങ്ങളിലൂടെ സമന്വയത്തിലെത്തിച്ചേരുകയും ചെയ്യുക എന്നത് സഭാത്മകജീവിതത്തിന്‍റെ അനിവാര്യമായ ജീവിത ശൈലിയാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അദ്ധ്യക്ഷനായിരുന്നു. എല്‍ആര്‍സി ചെയര്‍മാന്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ വിഷയാവതരണം നടത്തി. എം.പി. ജോസഫ് ഐഎഎസ് (റിട്ട.), എല്‍ആര്‍സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ റവ. ഡോ. പീറ്റര്‍ കണ്ണമ്പുഴ എന്നിവര്‍ പ്രസംഗിച്ചു. മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ റെമീജിയൂസ് ഇഞ്ചനാനിയില്‍, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ ജോസ് പൊരുന്നേടം, റവ. ഡോ. സൂരജ് പിട്ടാപ്പിള്ളില്‍, റവ. ഡോ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍, റവ. ഡോ. ജെയിംസ് തലച്ചെല്ലൂര്‍, ഡോ. മാര്‍ട്ടിന്‍ കല്ലുങ്കല്‍, റവ. ഡോ. ജോസ് കുറിയേടത്ത്, റവ. ഡോ. ജെയിംസ് പുലിയുറുമ്പില്‍, മോണ്‍. ഡോ. ആന്‍റണി നരികുളം, റവ. ഡോ. പോളി മണിയാട്ട്, റവ. ഡോ. ജിഫി മേക്കാട്ടുകുളം, ഡോ. റീത്താമ്മ കെ.വി., അഡ്വ. ജോസ് വിതയത്തില്‍, റവ. ഡോ. സി. മരിയ ആന്‍റോ സിഎംസി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. റവ. ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍, മാര്‍ ടോണി നീലങ്കാവില്‍, കൊച്ചുറാണി ജോസഫ്, സിസ്റ്റര്‍ ലിന്‍റ എസ്എച്ച് എന്നിവര്‍ മോഡറേറ്റര്‍മാരായിരുന്നു.

ആഗോള സഭയിലെ സഭാംഗങ്ങളുടെ സാന്നിധ്യം മത്സരങ്ങള്‍ സൃഷ്ടിക്കുകയല്ല വേണ്ടതെന്നും അതാത് സഭാസമൂഹത്തില്‍ നമ്മുടെ സമ്പന്നമായ പൈതൃകത്തിന്‍റെ വിനിമയം നടത്തുകയാണ് ചെയ്യേണ്ടതെന്നും സെമിനാര്‍ വിലയിരുത്തി. സഭയുടെ ആഗോളമായ കാഴ്ചപ്പാട് ഭാവാത്മകമായ ഈ സാന്നിധ്യത്തിനും വിനിമയത്തിനും ഊന്നല്‍ നല്‍കുകയായിരിക്കണമെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു. സമാപന സമ്മേളനത്തില്‍ മാര്‍ ആലഞ്ചേരി സന്ദേശം നല്‍കി. ഡോ. താങ്ക്സി ഫ്രാന്‍സീസ് തെക്കേക്കര ഐഎഎസ് (റിട്ട.), കൂരിയ ചാന്‍സലര്‍ റവ. ഡോ. ആന്‍റണി കൊള്ളന്നൂര്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ രൂപതകളില്‍നിന്നും സമര്‍പ്പിതസമൂഹങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളും അല്മായരുമായി നൂറ്റമ്പതോളം പേര്‍ പങ്കെടുത്തു.

Leave a Comment

*
*