അഞ്ചാം വാര്‍ഷികത്തിലേയ്ക്കു പാപ്പ: പുതിയ ചാക്രികലേഖനത്തിനു സാദ്ധ്യത

അഞ്ചാം വാര്‍ഷികത്തിലേയ്ക്കു പാപ്പ: പുതിയ ചാക്രികലേഖനത്തിനു സാദ്ധ്യത

ഫ്രാന്‍സിസ് മാര്‍പാപ്പ അധികാരത്തിലെത്തിയിട്ട് അഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. വരുംനാളുകളില്‍ മാര്‍പാപ്പ പുതിയ ഏതാനും കാര്‍ഡിനല്‍മാരെ നിയമിക്കുകയും ഒരു പുതിയ പ്രബോധനം പുറപ്പെടുവിക്കുകയും ചെയ്യുമെന്ന് പൊതുവില്‍ കരുതപ്പെടുന്നു. ആധുനിക ലോകത്തിലെ കത്തോലിക്കാ ആത്മീയതയെ കുറിച്ചുള്ള ഒരു ചാക്രികലേഖനമാകാം ഇനി പ്രസിദ്ധീകരിക്കാന്‍ പോകുന്ന പ്രബോധനമെന്നു റിപ്പോര്‍ട്ടുകളുണ്ട്.

സഭയ്ക്കകത്തെ ലൗകികത മാര്‍പാപ്പയെ തുടക്കം മുതല്‍ ആകുലനാക്കുന്ന ഒരു പ്രശ്നമാണ്. ലൗകിക സ്ഥാപനങ്ങളെയും സംഘടനകളേയും പോലെ അധികാരത്തിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടിയുള്ള ആസൂത്രണങ്ങളും ഉപജാപങ്ങളുമാണ് സഭ നേരിടുന്ന ഒരു പ്രധാനപ്രശ്നമെന്ന വിലയിരുത്തല്‍ റോമന്‍ കൂരിയായിടെ പരിഷ്കരണമാരംഭിക്കുന്ന ഘട്ടത്തില്‍ തന്നെ അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചിരുന്നു. സുവിശേഷീകരണമെന്ന ദൗത്യത്തില്‍ നിന്ന് മാറി മാമൂലുകള്‍ നിലനിറുത്താന്‍ വേണ്ടിയുള്ള വെമ്പലിലേയ്ക്ക് സഭ മാറുന്നതിനെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ അദ്ദേഹം സുവിശേഷത്തിന്‍റെ ആനന്ദമെന്ന അപ്പസ്തോലിക പ്രഖ്യാപനത്തില്‍ പങ്കു വച്ചിട്ടുള്ളതാണ്. പ്രബോധനത്തിന്‍റെയും അച്ചടക്കത്തിന്‍റെയും ആധികാരികതയ്ക്കു നല്‍കുന്ന ഊന്നല്‍ അത്മാരാധനയിലേയ്ക്കും സ്വേച്ഛാധിപത്യപരമായ വരേണ്യവാദത്തിലേയ്ക്കും നയിക്കുമെന്നും ആളുകളിലേയ്ക്ക് കൃപയുടെ വാതില്‍ തുറന്നിടുന്നതിനു പകരം അവരെ അപഗ്രഥിക്കുകയും കള്ളി തിരിയ്ക്കുകയും ചെയ്യുന്ന പ്രവണതയിലേയ്ക്കു നയിക്കുമെന്നും പാപ്പ പറഞ്ഞിട്ടുണ്ട്. സുവിശേഷവത്കരണത്തിനു പകരം ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതു സഭയുടെ ദൗത്യത്തില്‍ നിന്നുള്ള തെന്നിമാറലാണെന്ന അഭിപ്രായമാണ് പാപ്പയ്ക്കുള്ളത്. ഈ ആശയങ്ങള്‍ വിശദീകരിക്കുന്നതും പെലാജിയനിസം പോലെയുള്ള പാഷണ്ഡതകളെ എതിര്‍ക്കുന്നതുമായ ഒന്നായിരിക്കും പുതിയ ചാക്രികലേഖനം എന്നു കരുതപ്പെടുന്നു.

കര്‍ദിനാള്‍ സംഘത്തിന്‍റെ സ്വഭാവം സമൂലം പരിവര്‍ത്തിപ്പിക്കുന്ന തരത്തിലുള്ള പുതിയ കര്‍ദിനാള്‍ നിയമനങ്ങള്‍ പാപ്പ ഈ വാര്‍ഷികവേളയില്‍ തുടര്‍ന്നേക്കുമെന്നും സൂചനയുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പ അധികാരത്തിലെത്തിയതിനു ശേഷം ഇതുവരെ പ്രാതിനിധ്യമില്ലാതിരുന്ന രാജ്യങ്ങള്‍ക്കും പ്രദേശങ്ങള്‍ക്കും കര്‍ദിനാള്‍ സംഘത്തില്‍ ഇടം കൊടുക്കുകയുണ്ടായി. അജപാലനരംഗത്തുനിന്നുള്ളവരെ കൂടുതലായി കര്‍ദിനാള്‍ സംഘത്തില്‍ ഉള്‍പ്പെടുത്തുവാനും പാപ്പ ശ്രമിക്കുന്നു. അടുത്ത ജൂണ്‍ മാസത്തോടു കൂടി ഏതാനും കര്‍ദിനാള്‍മാര്‍ക്ക് 80 തികയുകയും പാപ്പാ തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളവരുടെ എണ്ണം 114 ആയി കുറയുകയും ചെയ്യും. ഈ സാഹചര്യത്തില്‍ പുതിയ കര്‍ദിനാള്‍മാര്‍ നിയമിക്കപ്പെടുമെന്നു പ്രതീക്ഷിക്കുന്നു. ഇപ്പോള്‍ പാപ്പാതിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ള കര്‍ദിനാള്‍മാരില്‍ 49 പേര്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചവരാണ്. 52 പേര്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പ നിയമിച്ചവരും 19 പേര്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ നിയമിച്ചവരുമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org