
1959-ലെ വിപ്ലവത്തിനു ശേഷം ക്യൂബയില്‍ ആദ്യമായി ഒരു പുതിയ കത്തോലിക്കാദേവാലയത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും കൂദാശ ചെയ്യുകയും ചെയ്തു. ക്യൂബയും വത്തിക്കാനും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് ക്യൂബയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം 3 പുതിയ ദേവാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനു അനുമതി നല്‍കിയിരുന്നു. അതനുസരിച്ചുള്ള ഒരു പള്ളിയുടെ പണിയാണു പൂര്‍ത്തിയായത്. അമേരിക്കയിലെ ഫ്ളോറിഡ, ടാമ്പസെ. ലോറന്‍സ് ഇടവകയുടെ ധനസഹായത്തോടെയാണ് ഈ പള്ളി നിര്‍മ്മിച്ചത്. അമേരിക്കയും ക്യൂബയും തമ്മിലുള്ള നയതന്ത്രബന്ധം ഒരിടവേളയ്ക്കു ശേഷം വീണ്ടും വഷളാകുന്നതിന്‍റെ സൂചനകള്‍ക്കിടയിലാണ് രണ്ട് ഇടവകകള്‍ തമ്മിലും സഭകള്‍ തമ്മിലും ഇങ്ങനെയൊരു സ്നേഹബന്ധം സംജാതമാകുന്നത്. 1959-ല്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടം അധികാരത്തിലെത്തിയതിനു ശേഷം സഭയും ഭരണകൂടവും തമ്മിലുള്ള ബന്ധം സംഘര്‍ഷാത്മകമായിരുന്നെങ്കിലും 1990-കള്‍ മുതല്‍ ഫിദെല്‍ കാസ്ട്രോ സഭയ്ക്കെതിരായ നിലപാടു മയപ്പെടുത്താന്‍ തുടങ്ങി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയും ക്യൂബ സന്ദര്‍ശിച്ചു. ക്യൂബയും അമേരിക്കയും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാദ്ധ്യസ്ഥശ്രമങ്ങള്‍ വിജയം കാണുകയും ചെയ്തു.