Latest News
|^| Home -> International -> പത്തൊമ്പതുകാരനടക്കം ഏഴു പേര്‍ വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്നു

പത്തൊമ്പതുകാരനടക്കം ഏഴു പേര്‍ വിശുദ്ധരായി പ്രഖ്യാപിക്കപ്പെടുന്നു

Sathyadeepam

പത്തൊമ്പതാം വയസ്സില്‍ അര്‍ബുദബാധിതനായി മരിച്ച വാഴ്ത്തപ്പെട്ട നുണ്‍സ്യോ സുള്‍പ്രീസ്യോയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നു. യുവജനങ്ങള്‍ എന്ന പ്രമേയവുമായി വരുന്ന ഒക്ടോബറില്‍ നടക്കുന്ന മെത്രാന്‍ സിനഡില്‍ വച്ചായിരിക്കും പ്രഖ്യാപനം. കൂടെ ആറു പേര്‍ കൂടി വിശുദ്ധപദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടുന്നുണ്ട്. ആര്‍ച്ചുബിഷപ് ഓസ്കാര്‍ റൊമേരോ, പോള്‍ ആറാമന്‍ മാര്‍പാപ്പ തുടങ്ങിയവരാണ് അവര്‍. പോള്‍ ആറാമന്‍ മാര്‍പാപ്പയാണ് സുള്‍പ്രീസ്യോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത് എന്ന കൗതുകവും ഇതിലുണ്ട്.

1963 ഡിസംബര്‍ ഒന്നിനാണ് സുള്‍പ്രീസ്യോയെ വാഴ്ത്തപ്പെട്ടവനായി പോള്‍ ആറാമന്‍ മാര്‍പാപ്പ പ്രഖ്യാപിച്ചത്. യൗവനത്തെ അനിവാര്യ വീഴ്ചകളുടേയോ സ്വതന്ത്രമായ അഭിനിവേശങ്ങളുടേയോ അജയ്യമായ പ്രതിബന്ധങ്ങളുടേയോ വിനാശകരമായ നിരാശയുടേയോ സ്വാര്‍ത്ഥതയുടേയോ കാലമായിട്ടല്ല കാണേണ്ടതെന്നാണ് സുള്‍പ്രീസ്യോയുടെ ജീവിതം പഠിപ്പിക്കുന്നതെന്നു മാര്‍പാപ്പ അന്നു പറഞ്ഞിരുന്നു. ദൈവകൃപയോടെ യുവാവായിരിക്കുന്നത് എങ്ങനെയെന്നു കാണിച്ചു തരികയാണ് സുള്‍പ്രീസ്യോയുടെ ജീവിതമെന്നും അദ്ദേഹം പ്രസ്താവിച്ചു.

1817-ല്‍ ജനിച്ച സുള്‍പ്രീസ്യോ ആറു വയസ്സില്‍ അനാഥനായി. എടുത്തു വളര്‍ത്തിയ അമ്മാവന്‍റെ ക്രൂരതകള്‍ കൊണ്ടു ബുദ്ധിമുട്ടിയ ആ ബാലന്‍ കുട്ടിക്കാലത്തു തന്നെ ദിവ്യകാരുണ്യാരാധനയിലും ജപമാലയിലുമാണ് ആശ്രയം കണ്ടെത്തിയിരുന്നത്. പിന്നീട് അസ്ഥിയില്‍ അര്‍ബുദം ബാധിച്ചു. തന്‍റെ വേദനയെ ക്രിസ്തുവിന്‍റെ പീഢാനുഭവവുമായി ചേര്‍ത്തു വച്ച് സുള്‍പ്രീസ്യോ ആശുപത്രിയിലെ മറ്റ് രോഗികളെ സഹായിക്കുവാന്‍ സന്നദ്ധനായി. പത്തൊമ്പതാം വയസ്സില്‍ സുള്‍പ്രീസ്യോ മരണത്തെ അഭിമുഖീകരിച്ചത് ചിരിച്ചുകൊണ്ടാണ്. സന്തോഷമായിരിക്കണമെന്നും സ്വര്‍ഗത്തില്‍ നിന്ന് തന്‍റെ സഹായം എന്നുമുണ്ടായിരിക്കുമെന്നും ചുറ്റുമുള്ളവരോടു പറഞ്ഞുകൊണ്ടാണ് വിശുദ്ധന്‍ ജീവന്‍ വെടിഞ്ഞത്.

പോള്‍ ആറാമന്‍, ഓസ്കര്‍ റൊമേരോ എന്നിവര്‍ക്കു പുറമെ ഒക്ടോബറില്‍ വിശുദ്ധരായി പ്രഖ്യാപിക്കപ്പെടാന്‍ പോകുന്നത് ഇറ്റലിക്കാരായ ഫ്രാന്‍സെസ്കോ സ്പിനെല്ലി, വിന്‍ സെന്‍സോ റൊമാനോ എന്നീ വൈദികരും കന്യാസ്ത്രീകളായ മരിയ കാതറീന കാസ്പര്‍, നസറിയാ ഇഗ്നാസ്യ എന്നിവരുമാണ്. ഇവരെല്ലാവരും വിവിധ സന്യാസസമൂഹങ്ങളുടെ സ്ഥാപകരാണ്.

Leave a Comment

*
*