900 വര്‍ഷത്തോളം പഴക്കമുള്ള ശിലാലിഖിതം കണ്ടെത്തി

900 വര്‍ഷത്തോളം പഴക്കമുള്ള ശിലാലിഖിതം കണ്ടെത്തി

ഏ.ഡി. പന്ത്രണ്ടാം നൂറ്റാണ്ടിലേത് എന്നനുമാനിക്കുന്ന ശിലാലിഖിതം കല്ലേറ്റുംകര സംഗമഗ്രാമ മാധവന്‍റെ മനയായ ഇരിങ്ങാടപ്പിള്ളി ഇല്ലംവക അമ്പലത്തില്‍ നിന്നു കണ്ടെത്തി. വട്ടശ്രീകോവിലിനു താഴെ 5 വരിവട്ടെഴുത്തിലാണ് ലിഖിതം. ഈ ശ്രീകോവിലിന്‍റെയും അനുബന്ധ തളത്തിന്‍റെയും നിര്‍മ്മാണവുമായി ബന്ധപ്പെട്ടതാണിതിലെ പ്രമേയം. അവസാന ഭാഗം തേയ്മാനം വന്നിരിക്കുന്നു. ശ്രീകോവിലിനോടു ചേര്‍ന്നുള്ള മണ്ഡപത്തിലും ലിഖിതങ്ങളുണ്ട്.

ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളജിലെ മാധവം സാംസ്കാരിക പൈതൃക പഠനകേന്ദ്രമാണ് ഇത് കണ്ടെത്തിയത്. സംഗമഗ്രാമ മാധവനെയും സംഭാവനകളെയും കുറിച്ച് ഗവേഷണം നടത്തുന്നതിനിടെയാണ് ഈ രേഖ കണ്ടെത്തിയത്.

മാധവന്‍റെ ചരിത്രം തെളിയിക്കപ്പെടുന്നതില്‍ ഈ രേഖ സഹായകരമാകും എന്നാണ് ഗവേഷകരുടെ പ്രതീക്ഷ. മാധവന്‍ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്ന വാനനിരീക്ഷണ കേന്ദ്രത്തില്‍ നിന്നാണിതു കണ്ടെടുത്തിരിക്കുന്നത്. ഒമ്പതാം നൂറ്റാണ്ടില്‍ മഹോദയപുരത്ത് നിലവിലിരുന്നതായി ശങ്കരനാരായണന്‍ പറയുന്ന വാനനിരീക്ഷണ കേന്ദ്രത്തെക്കുറിച്ചുള്ള സ്ഥിരീകരണവും ഈ പഠനത്തിന്‍റെ ലക്ഷ്യമാണെന്ന് ഗവേഷകര്‍ പറയുന്നു.

ചരിത്രകാരനായ ഡോ. രാജന്‍ ഗുരുക്കള്‍ ഇവിടം സന്ദര്‍ശിച്ചു. മാധവം സെന്‍ററിലെ ഗവേഷകരായ ഡോ. എന്‍.ആര്‍. മംഗളാംബാന്‍, ലിറ്റി ചാക്കോ, പ്രഫ. അനീഷ് എന്നിവര്‍ അനുഗമിച്ചു. ഇവര്‍ നല്‍കിയ ശിലാലിഖിതവും തര്‍ജ്ജമയും പ്രഫ. രാജന്‍ ഗുരുക്കള്‍ ഇല്ലത്തിനു സമ്മാനിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org