പ്ലീസ്, ആടിനെ പട്ടിയാക്കിക്കോളൂ പക്ഷേ, ആനയാക്കരുതേ

സങ്കടമുണ്ട്. ഇന്ത്യയിലെ തൊഴില്‍രഹിതരെക്കുറിച്ച് ചിന്തിക്കാനോ പറയാനോ ഇന്ന് ആരുമില്ല. നിയമപരമായി ശരിയാണെങ്കിലും കെഎസ്ആര്‍ടിസി പത്തിലേറെ വര്‍ഷക്കാലം 'ജോലി നല്കിയ' താത്കാലിക ജീവനക്കാരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനോ സങ്കടങ്ങള്‍ അറിയാനോ നമ്മുടെ നാട്ടിലെ രാഷ്ട്രീയ, സാംസ്കാരികപ്രസ്ഥാനങ്ങളും നേതാക്കളും തയ്യാറായതേയില്ല. 'എല്ലാം കോടതിമൂലം' എന്ന മറുപടിയാണു ചിലരില്‍ നിന്നു കേട്ടത്. കോടതിയാകട്ടെ, റാങ്ക് ലിസ്റ്റില്‍ നിയമനം പ്രതീക്ഷിച്ചു കഴിയുന്ന പതിനായിരങ്ങളെക്കുറിച്ചാണു ചിന്തിച്ചതും വിധിച്ചെഴുതിയതും. നീതിന്യായകോടതിക്ക് അതേ ചെയ്യാനാവൂ. എന്നാല്‍ 'താത്കാലിക ജോലിക്കാരെ' ഇത്രനാളും ജോലി ചെയ്യിപ്പിച്ച കെഎസ്ആര്‍ടിസി ഇക്കാര്യത്തില്‍ തെറ്റുകാരല്ലേ? അതാരും ചിന്തിച്ചതേയില്ല.

നമ്മുടെ നാട്ടിലെ പുതുതലമുറ ബാങ്കുകളിലും സ്വര്‍ണപ്പണയ വായ്പ നല്‍കുന്ന സ്ഥാപനങ്ങളിലും മറ്റ് ഐടി സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ ഇന്നു യുവാക്കളായിരിക്കാം. പക്ഷേ, ദിവസത്തിലെ 10-12 മണിക്കൂറെങ്കിലും എയര്‍ കണ്ടീഷന്‍ഡ് റൂമുകളില്‍ ജോലി ചെയ്യുന്ന ഇവരില്‍ പലരും താത്ക്കാലിക ജീവനക്കാരാണ്. തൊഴില്‍ദാതാവിനു വേണ്ടെന്നു തോന്നുമ്പോള്‍ പറഞ്ഞുവിടാവുന്ന രീതിയിലാണ് ഇവരുടെ നിയമനങ്ങള്‍.

ഇതൊന്നും നിയന്ത്രിക്കാത്ത കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ എന്‍ഡിഎ സര്‍ക്കാരിന്‍റെ പുതിയ തൊഴില്‍ നിയമം ബില്ലാകാന്‍ കാത്തിരിക്കുകയാണ്. ഭാരതത്തില്‍ തൊഴിലില്ലായ്മ കഴിഞ്ഞ 45 വര്‍ഷക്കാലയളവില്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലാണിന്ന്. ജനസംഖ്യയുടെ 6.1 ശതമാനം തൊഴിലില്ലാത്തവര്‍. പ്രതിവര്‍ഷം 75 ലക്ഷം യുവതീയുവാക്കള്‍ തൊഴില്‍ തേടിയിറങ്ങുന്നു. വര്‍ഷം തോറും രണ്ടു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നു പഴയ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പ്രകടനപത്രിക പൈങ്കിളിസാഹിത്യമായതോടെ അതു മറക്കേണ്ടി വന്നു. നഗരങ്ങളില്‍ 7.8%, ഗ്രാമങ്ങളില്‍ 5.3% എന്നിങ്ങനെയാണു തൊഴിലില്ലാത്തവരുടെ കണക്ക്. ചെറിയ ജോലിക്കാരില്‍ 52% പേര്‍ക്കും തൊഴില്‍ സുരക്ഷിതത്വമില്ലെന്നു കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് കണ്ടെത്തിക്കഴിഞ്ഞു. തൊഴിലിടങ്ങളില്‍ 71 ശതമാനവും മതിയായ തൊഴില്‍കരാറില്ലാതെയാണു ജോലി ചെയ്യുന്നത്. 54% പേര്‍ക്കും ശമ്പളത്തോടുകൂടിയുള്ള അവധിയും നല്കുന്നില്ല. 80 ശതമാനവും കൂടുതല്‍ ജോലി ചെയ്യണമെന്ന തൊഴിലുടമകളുടെ ഭീഷണിയില്‍ കഴിയുന്നു.

ഇതിനിടയില്‍ കേന്ദ്രത്തിന്‍റെ വക വേറെയും ലൊടുക്കുവിദ്യകളുണ്ട്. ബാങ്കുകള്‍ ലയിപ്പിച്ചു തൊഴിലുകള്‍ ഇല്ലാതാക്കുന്നതുപോലെ ഇനി ഇന്‍ഷൂറന്‍സ് കമ്പനികളുടെയും ചിറകരിയാന്‍ കേന്ദ്രം തയ്യാറെടുക്കുകയാണ്. ഇപ്പോഴുള്ള നാലു സര്‍ക്കാര്‍ ഇന്‍ഷൂറന്‍സ് കമ്പനികള്‍ ലയിപ്പിച്ച് ഒന്നാക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു. മൊത്തം ജീവനക്കാരില്‍ 20-30% കുറയ്ക്കുകയാണത്രെ ലക്ഷ്യം. ഇവിടെയും ജീവിതത്തിന്‍റെ 'നല്ലകാലം' കമ്പനിക്കു നല്‍കിയവരെയാണു പറഞ്ഞയയ്ക്കുന്നത്.

ഇനി നമ്മുടെ സംസ്ഥാനസര്‍ക്കാരോ? 2011 ജൂലൈ 31-ന് കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും പ്രശ്നം പഠിക്കാന്‍ ഒരു നിയമസഭാസമിതിയെ നിയമിച്ചിരുന്നു. കമ്മിറ്റി 2017 ആഗസ്റ്റ് 9-ന് ആദ്യറിപ്പോര്‍ട്ടും സമര്‍പ്പിച്ചു. പക്ഷേ, ഒന്നും നടന്നില്ല. ചാരായത്തൊഴിലാളികള്‍ക്കുവേണ്ടിയുള്ള 'ഇടതുശൗര്യം' ഇവിടെ കാണുന്നതേയില്ല.

ലോകജനസംഖ്യയിലെ 16 ശതമാനവും ഇന്ത്യയില്‍ വസിക്കുന്നു. 226 ഭാഷകളും ഉപഭാഷാരീതികളും നമുക്കുണ്ട്. കാലാവസ്ഥയും ജീവിതശൈലിയും വിശ്വാസവുമെല്ലാം ഇത്രയേറെ വൈവിദ്ധ്യം പ്രകടിപ്പിക്കുന്ന മറ്റൊരു രാജ്യം ലോകത്തില്ല. എന്നിട്ടും നമ്മുടെ പ്രശ്നങ്ങള്‍ക്കു പൊതുസ്വഭാവമുണ്ടെന്ന കാര്യം നാം മറക്കരുത്. 70% ജനങ്ങളും നഗരങ്ങളില്‍ വസിക്കുന്നു. ഒരു ലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള 225 പട്ടണങ്ങള്‍ നമുക്കുണ്ട്. ജനങ്ങള്‍ 10 ലക്ഷം കടന്ന പത്തു നഗരങ്ങളും.

യു.എന്‍. കണക്കനുസരിച്ചു ജനങ്ങളില്‍ 5.7% ഭാരതീയരും 60 വയസ്സ് കടന്നവരാണ്. 2015-ല്‍ ഇവരുടെ സംഖ്യ 12.6 ശതമാനമാകും. ഇന്നും ഇന്ത്യയിലെ പരവതാനി നിര്‍മാണമേഖലയില്‍ മൂന്നു ലക്ഷം ബാലവേലക്കാരുണ്ട്. 30 ലക്ഷം അഭയാര്‍ത്ഥികള്‍ ഇന്ത്യയിലുണ്ട്. 100 ദശലക്ഷം തെരുവുകുട്ടികളും.

ഈ സ്ഥിതിവിവരക്കണക്കുകളും ദേശീയ യാഥാര്‍ത്ഥ്യങ്ങളും നമ്മുടെ പ്രശ്നങ്ങള്‍ കഴിയും വേഗം പരിഹരിക്കാന്‍ ഭരണകൂടങ്ങളെ പ്രചോദിപ്പിക്കേണ്ടതാണ്. ചന്ദ്രനില്‍ ആളെയിറക്കുന്നതെല്ലാം നല്ല കാര്യം. പക്ഷേ, ഇന്ത്യയില്‍ ഒരു ശരാശരി മനുഷ്യനു സ്വസ്ഥതയോടെ ജീവിക്കാനും തൊഴിലെടുക്കാനുമുള്ള ഓരോ പൗരന്‍റെയും അവകാശങ്ങള്‍ നമുക്കു കണ്ടില്ലെന്നു നടിക്കാനാകുമോ? ഭരിക്കുന്നവര്‍ നാട്യതിലകങ്ങളാകുന്നതു മനസ്സിലാകും. എന്നാല്‍ ജനപക്ഷത്തു നില്ക്കേണ്ട രാഷ്ട്രീയക്കാരും അതേ 'അഭിനയം' തുടര്‍ന്നാല്‍ ജനം വില്ലന്‍ റോളുകളിലേക്കു തിരിയാം. അതേ വില്ലന്മാര്‍ നാളത്തെ ഹീറോകളായി മാറുകയും ചെയ്യാം. 'എത്ര നല്ല നടക്കാത്ത സ്വപ്ന'മെന്നു ചിലര്‍ പറഞ്ഞേക്കാം. ലോകചരിത്രത്തില്‍ ഇങ്ങനെ യാഥാര്‍ത്ഥ്യമായി മാറിയ നിരവധി സ്വപ്നങ്ങളുണ്ട് കൂട്ടരേ എന്നാണു മറുപടി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org