സൈബര്‍ ബുള്ളിയിങ്ങിനെതിരെ തുറന്നടിച്ച് അഹാന കൃഷ്ണ

സൈബര്‍ ബുള്ളിയിങ്ങിനെതിരെ തുറന്നടിച്ച് അഹാന കൃഷ്ണ

ഇതിനോടകം മലയാളിക്ക് ഏറെ പരിചിതമായിത്തീര്‍ന്ന വാക്കാണ് സൈബര്‍ ബുള്ളിയിംഗ്. അതിന് ഇരയായവരും, തേങ്ങിക്കരഞ്ഞവരും, ആത്മഹത്യയുടെ വരെ വക്കോളമെത്തിയവരെയും നാം കണ്ടുമുട്ടുന്നത് ഇപ്പോള്‍ സോഷ്യല്‍ മീഡിയിലെ നിത്യസംഭവമായി വരികയാണ്. സിനിമാതാരങ്ങള്‍, ടിക്ടോക്ക് സെലിബ്രിറ്റികള്‍ തുടങ്ങി വെറുതെ ഒരു ഫെയ്സ് ബുക്കില്‍ ഒരു പ്രൊഫൈല്‍ ഫോട്ടോ അപ്ലോഡ് ചെയ്യുന്ന സാധാരണ പെണ്‍കുട്ടി വരെ സൈബര്‍ ബുള്ളിയിംഗിന് ഇരയാവുന്നുണ്ട.് സൈബര്‍ ബുള്ളിയിംഗ് എന്നത് സൈബര്‍ ഇടങ്ങളില്‍ വ്യക്തികളുടെയും അവരുടെ സ്വകാര്യതകളുടെയും സ്വാതന്ത്ര്യത്തിന്‍റെയും മേല്‍ അനാവശ്യകടന്നുകടന്നാക്രമണങ്ങള്‍ നടത്തുന്ന പലതരം പ്രവൃത്തികള്‍ ഉള്‍പ്പെട്ടതാണെങ്കില്‍ അതില്‍ തന്നെ എന്ന ഫ്ളെയിമിംഗ് (flaming) എന്ന പ്രവൃത്തിയെക്കുറിച്ചാണ് അഹാനയുടെ വീഡിയോ പ്രധാനമായും പറയുക. സോഷ്യല്‍ മീഡിയ വെബ്സൈറ്റില്‍ ഒരാള്‍ വന്നിട്ട് നമ്മുടെ ഏതെങ്കിലും പോസ്റ്റിനു കീഴെയോ ഫോട്ടോയ്ക്ക് കീഴെയോ നമ്മെക്കുറിച്ച് വളരെ മോശപ്പെട്ടതോ തീരെ ആദരവില്ലാത്തതോ ആയ രീതിയില്‍ കമന്‍റ് ചെയ്ത് വ്യക്തിഹത്യ നടത്തുന്നതിനെയാണ് ഫ്ളെയിമിംഗ് എന്നു പറയുന്നത്. അഹാന കൃഷ്ണയടക്കം ഒരുപാടു നടിമാരും അടുത്തകാലങ്ങളില്‍ ഇത്തരം പ്രവണതകള്‍ക്കിരയായവരാണ്. അങ്ങനെ ഇരയാക്കപ്പെടുമ്പോള്‍ അതിനെ എങ്ങനെ നോക്കിക്കാണണമെന്ന് അഹാനയുടെ തന്നെ വാക്കുകള്‍ ഇതിനോടകം ശ്രദ്ധേയമായിരിക്കുകയാണ്

സോഷ്യല്‍ മീഡിയയില്‍:
"നിങ്ങളൊരു സോഷ്യല്‍ മീഡിയ വെബ്സൈറ്റില്‍ എന്നെക്കുറിച്ച് വളരെ മോശമായിട്ടുള്ള, മ്ലേച്ഛമായിട്ടുള്ള ഒരു കമന്‍റ് പോസ്റ്റ് ചെയ്താല്‍ ഞാനാരാണെന്നല്ല നിങ്ങള്‍ ആരാണെന്നാണ് ആണ്. എന്നെയും എന്‍റെ വീട്ടുകാരെയും പച്ചത്തെറി വിളിച്ചാല്‍ അവിടെ "ശേ മോശായിപ്പോയല്ലോ" എന്നു തോന്നേണ്ടത് എനിക്കല്ല, നിങ്ങള്‍ക്കാണ്. നിങ്ങളൊരു സോഷ്യല്‍ മീഡിയ വെബ്സൈറ്റില്‍ പറയാന്‍ കൊള്ളാത്ത കാര്യങ്ങളെന്നോടു പറഞ്ഞാല്‍ അവിടെ നാണക്കേട് തോന്നേണ്ടത് എന്‍റെ വീട്ടുകാര്‍ക്കല്ല നിങ്ങളുടെ വീട്ടുകാര്‍ക്കാണ്. അവിടെ എന്‍റെ വ്യക്തിത്വത്തെ വിവരിക്കുവാന്‍ അസഭ്യമായ വാക്കുകള്‍ ഉപയോഗിച്ചാല്‍ ആ വാക്കുകള്‍ അവിടെ വിവരിക്കുന്നത് എന്‍റെ വ്യക്തിത്വത്തെയല്ല, നിങ്ങളുടെ വ്യക്തിത്വത്തെയാണ്. നിങ്ങളൊരു സോഷ്യല്‍ മീഡിയ വെബ്സൈറ്റില്‍ എന്‍റെ നേര്‍ക്ക് ഏറ്റവും മോശപ്പെട്ട വാക്കുകള്‍ ഉപയോഗിച്ചാല്‍ ഇത് കണ്ടു നില്‍ക്കുന്ന മൂന്നാമതൊരാള്‍ക്ക് വളര്‍ത്തുദോഷമായി തോന്നുക എന്‍റെ പെരുമാറ്റമല്ല, നിങ്ങളുടെ പെരുമാറ്റമാണ്. നിങ്ങളൊരു സോഷ്യല്‍ മീഡിയ വെബ്സൈറ്റില്‍ അന്തസ് എന്നു പറയുന്ന സാധനം അടുത്തുകൂടി പോയിട്ടില്ലാത്ത ഒരു കമന്‍റിടുമ്പോള്‍ അതിന് 250 ലൈക്ക് കിട്ടിയാല്‍ നിങ്ങളൊരു കിടിലമാണെന്നല്ല അതിനര്‍ത്ഥം മറിച്ച് ഈ ലോകത്ത് 250 സൈബര്‍ ബുള്ളിയര്‍മാരുകൂടിയുണ്ടെന്നാണ്". അവതരണ രീതികൊണ്ടും ആശയത്തിന്‍റെ തീവ്രതയും പ്രസക്തിയും കൊണ്ടും വന്‍സ്വീകര്യതയാണ് Love letter cyber bullyers എന്ന് പേരിട്ട് ഫെയ്സ് ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും അപ്ലോഡ് ചെയ്തിരിക്കുന്ന ഈ വീഡിയോക്ക് ഇതിനകം ലഭിച്ചിരിക്കുന്നത്.

"നിങ്ങള്‍ക്ക് ഒരു ദ്രോഹവും ചെയ്തിട്ടില്ലാത്ത ഒരാള്‍ക്കെതിരെ വായില്‍ വരുന്നതെന്തും ലേശം ഉളുപ്പില്ലാതെ കേവലമൊരു മൊബൈല്‍ സ്ക്രീനിനു പിന്നിലിരുന്നു പറയുന്ന നിങ്ങളല്ല അടിപൊളി മറിച്ച് ഇതിനൊന്നും പുല്ലുവില കല്പിക്കാതെ ചിരിച്ചു തള്ളുന്നവരാണ് അടിപൊളി" എന്നു പറയുന്ന അഹാനയുടെ ഈ വിഡിയോ ഇത്തരം ദുരനുഭവങ്ങള്‍ പ്രതിദിനം നേരിടുന്ന ഒരുപാട് പേര്‍ക്ക് ആത്മവിശ്വാസവും, പോസിറ്റീവ് എനര്‍ജിയും ധൈര്യവും പകരുന്നതാണ്. പ്രശസ്ത സിനിമാതാരമായ കൃഷ്ണ കുമാറിന്‍റെ മകളും ഞാന്‍ സ്റ്റീവ് ലോപ്പസ്, ലൂക്ക, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, പതിനെട്ടാം പടി എന്നീ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട യുവനായികനടിയായ അഹാന. സോഷ്യല്‍ നെറ്റവര്‍ക്ക് സൈറ്റുകളില്‍ ശ്രദ്ധേയ സാനിദ്ധ്യവുമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org