ആരോഗ്യപരിചരണം മനുഷ്യാവകാശമാണ് – വത്തിക്കാന്‍

ആരോഗ്യപരിചരണം മനുഷ്യാവകാശമാണ് – വത്തിക്കാന്‍

ആരോഗ്യപരിചരണം ലഭ്യമാക്കുക എന്നത് കേവലം മനുഷ്യസ്നേഹത്തിന്‍റെ മാത്രം കാര്യമല്ലെന്നും അതിനെ മനുഷ്യാവകാശമായി കാണണമെന്നും വത്തിക്കാന്‍ വ്യക്തമാക്കി. വരാനിരിക്കുന്ന തലമുറകള്‍ക്കായി ഒരു മികച്ച ലോകം പടുത്തുയര്‍ത്തുക എന്ന ലക്ഷ്യത്തോടെ എല്ലാവര്‍ക്കും മനുഷ്യാന്തസ്സും ആരോഗ്യനിലവാരവും ഉറപ്പു വരുത്തുന്നതിനുള്ളതായിരിക്കണം നമ്മുടെ എല്ലാ പരിശ്രമങ്ങളുമെന്ന് ആര്‍ച്ചുബിഷപ് ഇവാന്‍ ജുര്‍ കോവിക് യുഎന്‍ മനുഷ്യാവകാശ സമിതിയുടെ യോഗത്തില്‍ വ്യക്തമാക്കി. ജനീവ ആസ്ഥാനമായുള്ള യുഎന്‍ സംഘടനകളിലെ വത്തിക്കാന്‍ പ്രതിനിധിയാണ് ആര്‍ച്ചുബിഷപ് ജുര്‍കോവിക്.
മറ്റു നിരവധി മനുഷ്യാവകാശങ്ങള്‍ ലഭ്യമാകുന്നതിന് അവശ്യം ഉണ്ടാകേണ്ടതാണ് ആരോഗ്യമെന്നതുകൊണ്ട് അതൊരു അടിസ്ഥാനപരമായ മനുഷ്യാവകാശമാണെന്ന് വത്തിക്കാന്‍ പ്രതിനിധി വ്യക്തമാക്കി. ഭൂമിയുടെയും മനുഷ്യപ്രയത്നങ്ങളുടെയും സദ്ഫലങ്ങള്‍ നീതിനിഷ്ഠമായി വിതരണം ചെയ്യാനായി പ്രവര്‍ത്തിക്കുകയെന്നത് കേവലം ഭൂതദയ അല്ല. അതൊരു ധാര്‍മ്മിക കടമയാണ്. മരുന്നുകളുമായി ബന്ധപ്പെട്ട് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ പരിശ്രമങ്ങള്‍ ശ്ലാഘനീയമാണ്. വികസ്വരരാജ്യങ്ങളെ പ്രാഥമികമായും ബാധിക്കുന്ന രോഗങ്ങള്‍ക്ക് വാക്സിനുകളും മരുന്നുകളും വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇതിന്‍റെ ഭാഗമാണ്. വില കുറഞ്ഞ മരുന്നുകള്‍ക്ക് നൈയാമികമായ സഞ്ചാരപഥങ്ങളൊരുക്കുന്ന അന്താരാഷ്ട്ര കരാറുകള്‍ സ്ഥാപിക്കാനായത് നേട്ടമാണ്. വില കുറഞ്ഞ മരുന്നുകള്‍ ആവശ്യത്തിനു ലഭ്യമാക്കുക എന്നത് വികസ്വരരാജ്യങ്ങള്‍ മാത്രമല്ല വികസിത രാജ്യങ്ങളും നേരിടുന്ന ഒരു വെല്ലുവിളിയാണ്-ആര്‍ച്ചുബിഷപ് ചൂണ്ടിക്കാട്ടി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org