അഭയാര്‍ത്ഥികളോടു ഐക്യദാര്‍ഢ്യം പുലര്‍ത്തണമെന്നു യൂറോപ്പിനോടു മാര്‍പാപ്പ

അഭയാര്‍ത്ഥികളോടു ഐക്യദാര്‍ഢ്യം  പുലര്‍ത്തണമെന്നു യൂറോപ്പിനോടു മാര്‍പാപ്പ

സമുദ്രസഞ്ചാരം നടത്തി അഭയം തേടിയെത്തുന്ന മനുഷ്യരോടു മൂര്‍ത്തമായ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ യൂറോപ്യന്‍ രാജ്യത്തലവന്മാരോട് ആവശ്യപ്പെട്ടു. യൂറോപ്പ് ലക്ഷ്യമാക്കിയെത്തിയ രണ്ടു കപ്പലുകളിലെ അഭയാര്‍ത്ഥികളെ കരയ്ക്കിറക്കാന്‍ സമ്മതിക്കാത്ത സാഹചര്യത്തിലാണു മാര്‍പാപ്പയുടെ അഭ്യര്‍ത്ഥന. കപ്പലുകളിലുള്ളവര്‍ക്കു പ്രവേശനം നല്‍കുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂണിയനും ഇറ്റലി, മാള്‍ട്ട തുടങ്ങിയ രാജ്യങ്ങളുടെ ഭരണാധികാരികളും ജനങ്ങളും നയതന്ത്രജ്ഞരും സഭാമേധാവികളും രാഷ്ട്രീയക്കാരും കടുത്ത അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുകയും തര്‍ക്കങ്ങള്‍ നടക്കുകയുമാണ്. കപ്പലുകളടുപ്പിക്കാനും യാത്രികരെ സ്വീകരിക്കാനും യൂറോപ്യന്‍ രാജ്യങ്ങള്‍ തയ്യാറാകണമെന്നാണ് സഭ ആവശ്യപ്പെടുന്നത്.

ഏഴു കുട്ടികള്‍ ഉള്‍പ്പെടെ 49 ആളുകളുള്ള ഒരു കപ്പലാണ് കരയ്ക്കടുക്കാന്‍ അനുമതി കാത്ത് കടലില്‍ ദിവസങ്ങളായി കിടക്കുന്നത്. 50 കോടി ജനങ്ങളുള്ള 27 രാജ്യങ്ങളെ നയിക്കുന്ന യൂറോപ്പിലെ രാഷ്ട്രീയനേതാക്കള്‍ക്ക് 49 പേരുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയാത്തതിനെയാണു മാര്‍പാപ്പ ചോദ്യം ചെയ്യുന്നതെന്ന് ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാദമി അദ്ധ്യക്ഷനായ ആര്‍ച്ചുബിഷപ് വിന്‍സെന്‍സോ പാഗ്ലിയ ചൂണ്ടിക്കാട്ടി. വോട്ടു നഷ്ടപ്പെടുമോ എന്ന ഭയം സ്നേഹത്തേക്കാള്‍ അധികമാകുമ്പോള്‍ സമൂഹം അപരിഷ്കൃതമാകുന്നുവെന്നും ഉണ്ണീശോയെ ഭയപ്പെട്ട ഹേറോദേസിന്‍റെയും ജറുസലേം ജനതയുടേയും മാനസീകാവസ്ഥയിലാണ് യൂറോപ്പിലെ നേതാക്കളെന്നും ആര്‍ച്ചുബിഷപ് പറഞ്ഞു.

ഇറ്റലിയിലെ മിക്ക രാഷ്ട്രീയകക്ഷികളുടെയും നേതാക്കള്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതിന് ഇപ്പോള്‍ എതിരാണ്. കപ്പലിലെ സ്ത്രീകളെയും കുട്ടികളേയും മാത്രം സ്വീകരിക്കാമെന്ന് ഒരു ഇടതുനേതാവ് പ്രഖ്യാപിച്ചതാണ് ഏറ്റവും അയവുള്ള ഒരു നിലപാട്. എന്നാല്‍ ഇതുപോലും ശരിയല്ലെന്നും കുട്ടികളെ മാതാപിതാക്കളില്‍നിന്നു വേര്‍പെടുത്തുന്നതു ശരിയല്ലെന്നും വത്തിക്കാന്‍ ചൂണ്ടിക്കാട്ടുന്നു. 49 അഭയാര്‍ത്ഥികള്‍ക്കും ആതിഥ്യമേകാന്‍ തയ്യാറാണെന്നു ഇറ്റലിയിലെ ടൂറിന്‍ ആര്‍ച്ചുബിഷപ് പ്രഖ്യാപിച്ചിട്ടുണ്ട്. സഭാനേതാക്കളും രാഷ്ട്രീയനേതാക്കളും ഇക്കാര്യത്തില്‍ വിരുദ്ധധ്രുവങ്ങളില്‍നിന്നു വാക്പോരു തുടരുകയാണ്. യൂറോപ്പിനു വേണ്ടി അഭയാര്‍ത്ഥികളുടെയാകെ ഭാരം സ്വീകരിക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നു ദ്വീപുരാഷ്ട്രമായ മാള്‍ട്ടയുടെ പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org