Latest News
|^| Home -> Abhimukham -> ആയിരംകണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍…

ആയിരംകണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍…

sathyadeepam

മലയാളിക്കു മറക്കാനാകാത്ത സംഗീത സംഭാവനകള്‍ നല്‍കിയ സംഗീതജ്ഞനാണ് ജെറി അമല്‍ദേവ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ പുതുമയാര്‍ന്ന ഗാനങ്ങളുമായി 1980-ല്‍ സംഗീതലോകത്തേയ്ക്കു കടന്നുവന്ന അദ്ദേഹം എഴുപതോളം ചിത്രങ്ങളിലായി മുന്നൂറോളം ഗാനങ്ങള്‍ക്ക് ഈണമിട്ടു. കൂടാതെ അനേകം ക്രൈസ്തവഭക്തിഗാനങ്ങളുമൊരുക്കി. സംഗീത സംവിധാനത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ അവാര്‍ഡ് മൂന്നു തവണ കരസ്ഥമാക്കി. സംഗീതത്തിന്‍റെ പാശ്ചാത്യവും  പൗരസ്ത്യവുമായ ധാരകളില്‍ ശാസ്ത്രീയമായ പഠനം നടത്തി ഉന്നത ബിരുദങ്ങള്‍ നേടിയിട്ടുള്ള ജെറിമാസ്റ്റര്‍ക്ക് ദേവാലയസംഗീതത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്.

സത്യദീപം പത്രാധിപന്മാരായ ഫാ. ചെറിയാന്‍ നേരെവീട്ടില്‍, ഫാ. ജിമ്മിച്ചന്‍ കര്‍ത്താനം എന്നിവരുമായി സംസാരിക്കുകയാണ് അദ്ദേഹം:

? താങ്കളുടെ കുട്ടിക്കാലത്തെ ക്രിസ്മസ് ആഘോഷം എങ്ങനെയായിരുന്നു? ഇപ്പോഴത്തെ ആഘോഷങ്ങളുമായുള്ള വ്യത്യാസം എന്തായിരുന്നു?
എന്‍റെ കുട്ടിക്കാലത്ത് ക്രിസ്മസ് ആഘോഷം തീര്‍ത്തും പള്ളിയുമായി ബന്ധപ്പെട്ട ഒന്നായിരുന്നു. പ്രധാന കാര്യം പാതിരാകുര്‍ബാന തന്നെ. പാട്ടുകള്‍ അക്കാലത്തും ഞാന്‍ ശ്രദ്ധിക്കുമായിരുന്നു. ലത്തീന്‍ സഭാ ലിറ്റര്‍ജിയില്‍ പാടാനുള്ള രണ്ടായിരം പേജുകളുള്ള ഒരു പുസ്തകമുണ്ടായിരുന്നു. അതില്‍ ആരാധനക്രമവര്‍ഷത്തിനു മുഴുവനും ആവശ്യമായ പാട്ടുകള്‍ ഉണ്ടായിരുന്നു. അതിലെ ക്രിസ്മസ് ഗാനം ഇന്നും മറന്നിട്ടില്ല. അതെല്ലാം പാടിയാണ് ചെറുപ്പം മുതല്‍ വളര്‍ന്നത്. ആ പുസ്തകത്തില്‍ O Come All Ye faithful  എന്ന ഗാനത്തിന്‍റെ ലാറ്റിന്‍ പതിപ്പുണ്ടായിരുന്നു. കണ്ണങ്കുന്നത്ത് പള്ളിയിലെ ഒസിഡി ഫാദേഴ്സിനൊപ്പം അതൊക്കെ പാടിയത് ഓര്‍മ്മയിലുണ്ട്. അന്ന് ഓര്‍ഗണ്‍ അല്ലാതെ ഉപകരണങ്ങളൊന്നുമില്ല. അത്തരത്തിലുള്ള ഗായകസംഘങ്ങളുമില്ല. പക്ഷേ പാട്ടുകാര്‍ അരമനയില്‍ ചെന്ന് ലിറ്റര്‍ജിയുടെ ചുമതലയുള്ള അധികാരികളെ പാട്ടുകള്‍ പാടിയും ഓര്‍ഗണ്‍ വായിച്ചും കേള്‍പ്പിക്കണമായിരുന്നു. പാട്ടറിയാമെന്ന് അവര്‍ അംഗീകരിക്കുന്നവര്‍ക്കു മാത്രമേ പള്ളിയില്‍ പാടാന്‍ അംഗീകാരമുണ്ടായിരുന്നുള്ളൂ.
? ക്രിസ്മസിനു കാരള്‍ സംഘങ്ങളും അവരുടെ പാട്ടുകളും ഉണ്ടായിരുന്നില്ലേ?
ഇല്ല. കൊച്ചിയിലെ ആംഗ്ലോ ഇന്ത്യന്‍ സമൂഹങ്ങളില്‍ ഉണ്ടായിരുന്നു. അതുകേട്ട് ഞങ്ങള്‍ അനുകരിച്ചിരുന്നു. അല്ലാതെ ഞങ്ങളുടെ ഇടയില്‍ കാരള്‍ പാട്ടുകളും മറ്റും അന്ന് ഇല്ലായിരുന്നു. 1950 ലെ കാര്യമാണ് പറയുന്നത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനു മുമ്പുള്ള കാലം. പക്ഷേ അന്ന് എന്‍റെ ഒരു അമ്മാവന്‍ ഈശോസഭാ സെമിനാരി വിദ്യാര്‍ത്ഥിയായിരുന്നു. അദ്ദേഹം വരുമ്പോള്‍ പാട്ടുകളുടെ റെക്കോഡുകള്‍ കൊണ്ടു വരുമായിരുന്നു. അതിലെ ചില പാട്ടുകള്‍ ഓര്‍മ്മയുണ്ട്. For unto us a child is born  തുടങ്ങിയ ക്രിസ്മസ് ഗാനങ്ങള്‍. അതൊക്കെ കേട്ടു പരിചയിച്ചിട്ടുണ്ട്. അതൊക്കെയാണ് ക്രിസ്മസിന്‍റെ സംഗീതവുമായി ബന്ധപ്പെട്ട ബാല്യകാല ഓര്‍മ്മകള്‍. അല്ലാതെ ഇന്നത്തെ പോലുള്ള കോലാഹലങ്ങളൊന്നും അന്നില്ല.
? ഇപ്പോഴത്തേതുപോലുള്ള കാരള്‍ സംഘങ്ങളും പാട്ടുകളുമൊക്കെ എന്നാണ് തുടങ്ങിയത്?
ഞാനിവിടെ ഇല്ലായിരുന്നല്ലോ. ഞാന്‍ 1955-ല്‍ ഇവിടെ നിന്നു പോയിട്ട് 1980-ല്‍ മാത്രമാണ് മടങ്ങിയെത്തിയത്. 1955 മുതല്‍ 64 വരെ ഉത്തരേന്ത്യയില്‍ എസ് വി ഡി സെമിനാരിയിലായിരുന്നു. സെമിനാരി പഠനം ഉപേക്ഷിച്ച് ഞാന്‍ മുംബൈയില്‍ ചെന്നു സിനിമാ സംഗീതരംഗത്തു പ്രവര്‍ത്തനമാരംഭിച്ചു. പ്രസിദ്ധ സംഗീത സംവിധായകന്‍ നൗഷാദിന്‍റെ അസിസ്റ്റന്‍റായി 5 വര്‍ഷം പ്രവര്‍ത്തിച്ചു. ആ കാലഘട്ടത്തില്‍ എന്‍റെ ചേട്ടന്‍ കാര്‍മല്‍, അമേരിക്കയിലുണ്ടായിരുന്നു. പാശ്ചാത്യ സംഗീതം പഠിക്കണമെങ്കില്‍ അമേരിക്കയില്‍ ചെല്ലാന്‍ ചേട്ടന്‍ നിര്‍ദേശിച്ചു. അങ്ങനെ നൗഷാദിനോടു വിടപറഞ്ഞ് 69-ല്‍ അമേരിക്കയിലേയ്ക്കു പോയി. പിന്നെ കേരളത്തില്‍ വരുന്നത് 1980- ലാണ്. അതിനിടയില്‍ സംഭവിച്ച മാറ്റങ്ങളെ കുറിച്ച് എനിക്കു വലിയ ധാരണയില്ല.
? തിരികെ വന്നപ്പോള്‍ ഒരുപാടു മാറ്റങ്ങള്‍ കണ്ടല്ലോ. ആ മാറ്റങ്ങളെ കുറിച്ച് എന്താണു തോന്നുന്നത്?
കുറെ നല്ല കാര്യങ്ങളും കൂടുതല്‍ മോശം കാര്യങ്ങളും. അമിതമായ വാണിജ്യവത്കരണം. അതാണ് എനിക്കു മോശമായി തോന്നിയത്. പള്ളിയില്‍ മാത്രമാണ് ക്രിസ്മസിന്‍റെ ആത്മീയതയുമായി ബന്ധപ്പെട്ട കുറച്ചു കാര്യങ്ങളെങ്കിലും കാണുന്നത്. പുറത്ത് ക്രിസ്തുവിനു യാതൊരു സ്ഥാനവുമില്ലാത്ത തികഞ്ഞ വാണിജ്യവത്കരണമാണ്.
? പണ്ട് ഇത്രയും വാണിജ്യവത്കരണം ഇല്ലായിരുന്നോ?
ഒട്ടുമില്ല. പാതിരാകുര്‍ബാന. രാവിലെ കിട്ടുന്ന അപ്പം, ഇഷ്ടു. അത്ര മാത്രം.
? ക്രിസ്മസ് ലാളിത്യത്തിന്‍റെ ഒരുത്സവമാണല്ലോ. താങ്കളുടെ സംഗീതത്തിലും ഈ ലാളിത്യമുണ്ട്. ഫാസ്റ്റ് നമ്പര്‍ പാട്ടുകളാണെങ്കിലും മെലഡിയാണെങ്കി ലും ലാളിത്യമാണ് അവയുടെ മുഖമുദ്ര. കേള്‍ക്കാന്‍ ഇമ്പമുള്ള ഗാനങ്ങള്‍. ആഴമേറിയ സംഗീതവും അതിലുണ്ട്. എന്താണ് അതിന്‍റെ രഹസ്യം?
രഹസ്യമിതാണ്. അറിയാവുന്ന കാര്യം ചെയ്യുക. ഇപ്പോള്‍ കേള്‍ക്കുന്ന സിനിമാപ്പാട്ടുകള്‍ ഉണ്ടാക്കുന്ന പലര്‍ക്കും ഇതിന്‍റെയൊന്നും എബിസിഡി പോലും അറിഞ്ഞു കൂടാ. എന്താണ് സംഗീതം, എന്താണ് മെലഡി, എന്താണ് ഓര്‍ക്കെസ്ട്ര? ഒന്നുമറിയില്ല. ഇപ്പോള്‍ ഞാന്‍ മദ്രാസില്‍ പോയി ഒരു പാട്ടു റെക്കോഡ് ചെയ്തിട്ടു വരികയാണ്. അവിടെയുള്ള സൗണ്ട് എന്‍ജിനീയര്‍ എന്നോടു പറയുകയാണ്, മ്യൂസിക് ഡയറക്ടര്‍ എന്നു പറഞ്ഞയാള്‍ക്ക് ഒരു ചുക്കും അറിഞ്ഞൂ കൂടാ. ആദ്യത്തെ രണ്ടു വരി ഏതോ ഗായകനു മൂളിക്കൊടുത്തിട്ട് ഇനി തനിക്കിഷ്ടമുള്ളതു പോലെ പാടിക്കോ എന്നാണു പറയുന്നത്. ഇതാണു നടക്കുന്നത്.
സംഗീതത്തിലെ ലാളിത്യത്തെ കുറിച്ചു പറയാം. ഞാന്‍ സങ്കീര്‍ണതകളുടെ ആളല്ല. ലോകത്തെ അതായിരിക്കുന്നതു പോലെ കാണാന്‍ ഇഷ്ടപ്പെടുന്നു. അല്ലാതെ അതില്‍ കുനുഷ്ട് കാണാനോ ഉണ്ടാക്കാനോ എനിക്കാഗ്രഹമില്ല. എല്ലാ സംഭാഷണവും ഇരിപ്പും നടപ്പുമെല്ലാം അതുപോലെ തന്നെയാണ്. ഞാന്‍ മഹാഭയങ്കരനായ ഒരാളാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഓട്ടോക്കാരന്‍ ഓട്ടോ ഓടിക്കുന്നു. എനിക്കതു ചെയ്യാന്‍ അറിയില്ല. എനിക്കു പാട്ടുണ്ടാക്കാനാണ് അറിയാവുന്നത്. ഞാനതു ചെയ്യുന്നു. ഓട്ടോക്കാരന് അതില്‍ പിഎച്ച്ഡി ഉണ്ട്. എന്‍റെ രംഗത്ത് എനിക്കു പിഎച്ച്ഡി ഉണ്ട്. അതാണ് എന്‍റെ സമീപനം.
ലാളിത്യത്തിന്‍റെ മറ്റൊരു മാനദണ്ഡം പറയാം. പാട്ട് എന്നു പറയുന്നത് സാധാരണക്കാര്‍ക്കു പാടാന്‍ കഴിയുന്ന തരം പാട്ടായിരിക്കണം. ഞാന്‍ വലിയ ഭാഗവതരാണെന്നു കരുതി എനിക്കോ യേശുദാസിനോ മാത്രം പാടാന്‍ കഴിയുന്ന പാട്ടുണ്ടാക്കിയിട്ട് എന്തു കാര്യം? ഞാന്‍ ഉണ്ടാക്കുന്ന പാട്ട് ആരും മനസ്സിലാക്കി, ആസ്വദിച്ച് ഒന്നു മൂളാന്‍ കഴിയുന്നതാണെങ്കില്‍ അതാണു നല്ലത്. എല്ലാവര്‍ക്കും പാടാന്‍ കഴിയുന്ന വിധത്തിലുള്ളതാണ് എന്‍റെ ഒട്ടുമിക്ക പാട്ടുകളും. വിശേഷിച്ചും, പള്ളിയുമായി ബന്ധപ്പെട്ട പാട്ടുകളില്‍ ഞാന്‍ നൂറു ശതമാനവും ഈ തത്ത്വം പാലിച്ചിട്ടുണ്ട്. എന്‍റെ അമ്മായിക്കും അമ്മാമ്മയ്ക്കുമെല്ലാം പാടാന്‍ കഴിയണം. അല്ലാതെ, ഗിറ്റാറും റിഥം ബോക്സുമായി പള്ളിയില്‍ കയറി വന്നു തൊണ്ട കീറുന്ന ആ പാര്‍ട്ടികള്‍ക്കു വേണ്ടി ഞാന്‍ പാട്ടുണ്ടാക്കിയിട്ടില്ല. സിനിമയിലും ആവശ്യമുള്ളിടത്തോളം ലളിതമാണ് എല്ലാ പാട്ടുകളും. ചിലയിടങ്ങളില്‍ ചില കഥാസന്ദര്‍ഭങ്ങള്‍ ആവശ്യപ്പെടുന്ന തരത്തില്‍ കുറച്ചു സങ്കീര്‍ണതകള്‍ വന്നിട്ടുണ്ടാകാം. ലാളിത്യമാണ് ഏറ്റവും വലിയ സങ്കീര്‍ണത എന്നു പറയുമല്ലോ. ചിത്രകാരനായ ദാവിഞ്ചിയാണെന്നു തോന്നുന്നു ഇതു പറഞ്ഞത്. സിംപ്ലിസിറ്റി ഈസ് ദ ഹയസ്റ്റ് സോഫിസ്റ്റിക്കേഷന്‍.
? പാശ്ചാത്യവും പൗരസ്ത്യവുമായ സംഗീതധാരകളെല്ലാം താങ്കള്‍ പഠിച്ചിട്ടുണ്ട്…
അതുണ്ട്. പക്ഷേ അതെല്ലാം എങ്ങനെ പ്രയോഗിക്കണം എന്നതാണ് പ്രധാനം. പൗരസ്ത്യമാണെങ്കില്‍ എങ്ങനെ പോകണം, പാശ്ചാത്യമാണെങ്കില്‍ എന്തു വേ ണം, രണ്ടിനെയും കൂട്ടി മുട്ടിക്കാനാണെങ്കില്‍ എങ്ങനെ മുട്ടിക്ക ണം എന്നു വളരെ വ്യക്തമായ ധാരണയോടു കൂടിയേ ഞാന്‍ ചെയ്യൂ. അല്ലാതെ എല്ലാം കൂടിയൊ ന്നു കലക്കി നോക്കാം, എന്നിട്ടെന്താണു വരുന്നതെന്നു കാണാം എന്നു ഞാന്‍ ചിന്തിക്കാറില്ല. പ്ര ശ്നമെന്താണെന്നു വച്ചാല്‍, അറിവിന്‍റെ കുറവാണ്. ഞാനാരേയും കുറ്റം പറയുകയല്ല. പക്ഷേ കേരളത്തിലെ ജനപ്രിയസംഗീതത്തി ന്‍റെ പ്രശ്നമതാണ്. ഈ രംഗത്ത് അറിവുള്ളവര്‍ തീരെ കുറവാണ്. അറിവില്ലാത്തവരാണ് ഏറെയും.

? ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വന്നപ്പോള്‍ ഗായകസംഘത്തിന്‍റെ നേതൃത്വം താങ്കള്‍ ക്കായിരുന്നല്ലോ.
ഞാനായിരുന്നു കണ്ടക്ടര്‍. നൂറു പാട്ടുകാര്‍. അന്ന് വരാപ്പുഴ അ തിരൂപതയെ ആണ് ഗായകസംഘത്തിന്‍റെ ചുമതല ഏല്‍പിച്ചത്. മൈക്കിള്‍ പനക്കലച്ചന്‍ ആയിരുന്നു സിഎസിയുടെ ഡയറക്ടര്‍. അദ്ദേഹം എന്‍റെ ഗുരുവാണ്. അ ച്ചനാണ് എന്നെ വിളിച്ച് ഇതേല്‍പിച്ചത്. പിന്നീട്, സെ.തോമസിന്‍റെ വരവിന്‍റെ രണ്ടായിരം വാര്‍ഷിക വും സെ. സേവ്യറിന്‍റെ വരവിന്‍റെ അഞ്ഞൂറാം വാര്‍ഷികവും ഒന്നി ച്ചാഘോഷിക്കുന്ന വേദിയില്‍ മു ന്നൂറ്റമ്പത് പേരെ ചേര്‍ത്തു ഒരു ഗായകസംഘത്തെ പരിശീലിപ്പിച്ച് അവതരിപ്പിക്കുകയുമുണ്ടായി. അ തില്‍ അന്നത്തെ സിഎസി ഡയറക്ടറായിരുന്ന ഫാ. വില്യം നെല്ലിക്കലിന്‍റെ പരിശ്രമം എടുത്തുപറയേണ്ടതാണ്.
? ആധുനികകാലത്ത് കലാകാരന്മാരെക്കുറിച്ചുള്ള ഒരു പരാ തി അവരുടെയൊന്നും ജീവിതത്തില്‍ അച്ചടക്കം തീരെയില്ല എന്നുള്ളതാണ്. അതാണ് ഒരു കലാ കാരന്‍റെ സവിശേഷത എന്നു പോ ലും പറയുന്ന ഒരവസ്ഥ. എന്നാല്‍ താങ്കളുടെ ജീവിതം വ്യത്യസ്തമാണ്….
ഗൗരവത്തോടെ കലയെ കാണുന്ന ആരെയും എടുത്തോളൂ. അവരെല്ലാം അച്ചടക്കമുള്ളവരായിരിക്കും. മോസാര്‍ട്ടിനെയോ ബീഥോവനേയോ നോക്കൂ. അല്ലെങ്കില്‍ പണ്ഡിറ്റ് രവിശങ്കറിനെ എടുക്കൂ. അല്ലെങ്കില്‍ ഹരിപ്രസാദ് ചൗരസ്യ. ഇവരൊന്നും കഞ്ചാവു വലിച്ചു നടക്കുന്നവരല്ല. കുറച്ചു സിനിമാക്കാരൊക്കെ മദ്യപിച്ച് നശിച്ചുപോകുന്നുണ്ട്. അതു നമുക്കറിയാമല്ലോ. മദ്യപിച്ചാലേ ആശയങ്ങള്‍ ലഭിക്കൂ എന്ന തെറ്റിദ്ധാരണ കളുള്ളവരൊക്കെയുണ്ട്. വാസ്തവത്തില്‍ ചിന്തിക്കാനുള്ള കഴിവു നഷ്ടപ്പെടുകയാണ് അപ്പോള്‍ ചെയ്യുക.
? മലയാള സിനിമാരംഗത്ത് നിരവധി അവാര്‍ഡുകള്‍ താ ങ്കള്‍ക്കു കിട്ടിയിട്ടുണ്ടല്ലോ. മൂന്നു സംസ്ഥാന അവാര്‍ഡുകള്‍.
ഉണ്ട്. (1980-ല്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ ഗാനങ്ങള്‍ക്കാണ് ആദ്യത്തെ അവാര്‍ഡ്) കാരണം മലയാളം സിനിമാപ്പാട്ടുകളുടെ ചരിത്രത്തില്‍ ഒരു മാറ്റമുണ്ടാക്കിയ പാട്ടുകളാണ് അവ. എനിക്കു മുമ്പുള്ള പാട്ടുകളുടെ സ്വരം വ്യത്യസ്തമാണ്. എന്‍റെ പാട്ടുകള്‍ക്ക് ഒരു പുതുമയുണ്ടായിരുന്നു. പിന്നെ, ഓര്‍ക്കസ്ട്രേഷന്‍ എന്ന മേഖല. സംഗീതോപകരണങ്ങള്‍ എങ്ങനെ ഉപയോഗിക്കണം എന്ന കാര്യം. ഇതു വളരെ വിപുലമായ ഒരു വിഷയമാണ്. അതു ഞാന്‍ പഠിച്ചു വന്നിരുന്നു. അതു ഞാന്‍ എന്‍റെ പാട്ടില്‍ നിയമം പറയുന്നതു പോലെ കൃത്യമായി ഉപയോഗിച്ചു. അതാണ് ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ എന്ന സിനിമയിലെ പാട്ടുകള്‍ക്ക് പുതുമ നല്‍കിയത്.
? അറുപതിനു മേല്‍ സിനിമകള്‍ക്കു സംഗീതം നല്‍കി കത്തി നിന്ന സമയത്ത് പെട്ടെന്നു താങ്കള്‍ സിനിമാരംഗത്തു നിന്നു അപ്രത്യക്ഷനാകുന്ന അനുഭവമുണ്ടായല്ലോ. എന്താണ് അങ്ങനെ ചെയ്തത്?
ഞാനൊന്നും ചെയ്തതല്ല. ആളുകള്‍ എന്നെ വിളിച്ചില്ല. ഞാനും യേശുദാസും പിണക്കത്തിലാണെന്ന ഒരു തെറ്റിദ്ധാരണ പരന്നതാണെന്നു തോന്നുന്നു അതിനൊരു കാരണം. ഞങ്ങള്‍ക്കിടയില്‍ ഒരു പ്രശ്നമുണ്ടായി. പക്ഷേ ഉടന്‍ തന്നെ അതു പരിഹരിക്കുകയും ചെയ്തു. എന്‍റെ എല്ലാ സിനിമാപ്പാട്ടുകളും യേശുദാസാണ് പാടിയിരിക്കുന്നത്. പക്ഷേ എന്നെ വിളിച്ചാല്‍ യേശുദാസിനിഷ്ടപ്പെടുകയില്ല, യേശുദാസിനെ വിളിച്ചാല്‍ എനിക്കിഷ്ടമാകില്ല എന്നൊക്കെ കുറേ പേര്‍ അക്കാലത്തു കരുതി.
? ദേവാലയസംഗീതത്തിലെ ശബ്ദത്തിന്‍റെ അതിപ്രസര ത്തെകുറിച്ച് താങ്കള്‍ സൂചിപ്പിച്ചല്ലോ.
ഞാനിതു പറയാന്‍ തുടങ്ങിയിട്ട് മുപ്പതു കൊല്ലമായി. ഇവിടെ ആരും ഇതു ശ്രദ്ധിക്കുന്നില്ല. പള്ളികളുടെ ഒരു വിശുദ്ധിയുണ്ട്. അത് നിശബ്ദതയുമായി ബന്ധപ്പെട്ടിരിക്കുന്നു. നിശബ്ദതയുമായി ബന്ധപ്പെട്ട ഒരു രഹസ്യാത്മകതയുണ്ട്. അതിപ്പോള്‍ നമുക്കു നഷ്ടമായിരിക്കുകയാണ്. സിനിമാ തിയേറ്ററുകളെ വെല്ലുവിളിക്കുന്ന സൗണ്ട് സിസ്റ്റം നമ്മള്‍ പള്ളിയില്‍ കൊണ്ടു വരേണ്ട യാതൊരു കാര്യവുമില്ല. അത് അങ്ങേയറ്റം തെറ്റാണ്. യൂറോപ്പിലൊക്കെയുള്ള ഏതെങ്കിലും പള്ളിയില്‍ പോയിരുന്നാല്‍ എത്രയോ സമാധാനം തോന്നും. കാര്‍മ്മികന്‍ നമ്മുടെ ചെവിയില്‍ സംസാരിക്കുന്ന പോലെയേ തോന്നുകയുള്ളൂ. ഇവിടെയാണെങ്കില്‍, വന്‍ശബ്ദത്തില്‍ കേള്‍പ്പിക്കുന്നതാണ് സൗണ്ട് സിസ്റ്റമെന്നു തെറ്റിദ്ധരിക്കപ്പെട്ടു. പള്ളികളില്‍ ഇപ്പോള്‍ കാണുന്ന ഒരു പ്രശ്നം, സൗണ്ട് സിസ്റ്റത്തിന്‍റെ ഉത്തരവാദിത്വമുള്ള ആരും ഇല്ലെന്നതാണ്. കപ്യാര് തിരി കത്തിക്കാന്‍ പോകുന്ന വഴിക്ക് ഒന്നു തിരിച്ചുകൊടുക്കും. ഇതിനിടയില്‍ കൊച്ചച്ചന്‍ പോകുമ്പോള്‍ ബെയ്സ് പോരാ എന്നു പറഞ്ഞ് അല്‍പം ബെയ്സ് കൂട്ടി വയ്ക്കും. ഇതെന്തൊരു വിരോധാഭാസം? ബെയ്സ് കൂട്ടുന്നതെന്തിനാണ്? വില്ലന്‍റെ സ്വരം കടുപ്പിക്കാന്‍ സിനിമാക്കാര്‍ ചെയ്യുന്നതാണ് ബെയ്സ് കൂട്ടല്‍. അതിനു പള്ളിയിലെന്താണു കാര്യം? കര്‍ത്താവിനോടു വര്‍ത്തമാനം പറയാന്‍ ബെയ്സ് ആവശ്യമില്ല.
ചെറുപ്പക്കാരായ പല വൈദികരും സൗണ്ട് സിസ്റ്റം ദുരുപയോഗിക്കുന്നുണ്ട്. കുര്‍ബാന ഒരു നാടകമല്ല. ചില യുവവൈദികര്‍ ഇതു നാടകമാണെന്ന മട്ടില്‍ കാണുന്നുണ്ട്. കുര്‍ബാന തുടങ്ങി അവസാനം വരെ കീബോര്‍ഡ് വായിച്ചു കൊണ്ടിരിക്കും. കുദാശവചനങ്ങള്‍ പറയുമ്പോഴും കീബോര്‍ഡ്. എന്താണതിന്‍റെ കാര്യം? ടിവികാര്‍ കാണിക്കുന്ന സകല അഴുക്കു കോമാളിത്തരങ്ങളും നാം പള്ളിയിലേയ്ക്കു കൊണ്ടു വന്നിരിക്കുകയാണ്. ഇതു വളരെ മോശമാണ്.
? സഭ കലയെ ധാരാളം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. താങ്കള്‍ അംഗമായിരിക്കുന്ന വരാപ്പുഴ അതിരൂപത കലാകാരന്മാര്‍ക്ക് വളരെയേറെ പ്രോത്സാഹനം നല്‍കുന്ന ഒരു രൂപതയാണ്. ഇപ്പോള്‍ കലാകാരന്മാരെ വളര്‍ത്തുന്നതില്‍ കേരളസഭ പൊതുവില്‍ ശ്രദ്ധിക്കുന്നുണ്ടോ?
കലയെ പരിപോഷിപ്പിക്കുന്നത് വ്യക്തികളാണ്. മൈക്കിളാഞ്ചലോയെ പ്രോത്സാഹിപ്പിച്ചത് കത്തോലിക്കാസഭയാണെന്നു പറയും. പക്ഷേ ജൂലിയസ് മൂന്നാമന്‍ മാര്‍പാപ്പയാണ് മൈക്കിളാഞ്ചലോയെ പ്രോത്സാഹിപ്പിച്ചത്. അല്ലാതെ സൂനഹദോസ് കൂടി തീരുമാനിച്ചതല്ല. പ്രതിഭയുള്ള ഒരു വ്യക്തിയുണ്ടെന്ന് നേതൃത്വത്തിലാരെങ്കിലും തിരിച്ചറിഞ്ഞ് അയാളെ കൊണ്ടു നല്ല കാര്യം ചെയ്യിക്കുന്നു. വരാപ്പുഴ അതിരൂപത എന്തെങ്കിലും ചെയ്തു എന്നു പറഞ്ഞാല്‍ ഞാന്‍ വിശ്വസിക്കില്ല. നല്ലൊരു കീഴ്വഴക്കം വരാപ്പുഴ അതിരൂപതയ്ക്കുണ്ടായിരുന്നു. പഴയ യൂറോപ്യന്‍ വൈദികര്‍ സൃഷ്ടിച്ച ഒരു പാരമ്പര്യം. അതു മുന്നോട്ടു കൊണ്ടുപോയി. അതിന്‍റെ ഭാഗമായി വന്നു ഞാനും പാടാന്‍ തുടങ്ങി. നസ്രത്ത് പള്ളിയില്‍ ഞാന്‍ നാലാം വയസ്സില്‍ പാടാന്‍ തുടങ്ങിയതാണ്. വ്യക്തികളാണ് ഇതെല്ലാം ചെയ്തത്.
? ആത്മീയതലത്തില്‍ എന്ന പോലെ സാമൂഹ്യനവീകരണത്തിനും സംഗീതം ഉപയോഗിക്കാറുണ്ടല്ലോ. കേരളത്തിന്‍റെ ഇന്നത്തെ പശ്ചാത്തലത്തില്‍ സംഗീതത്തിനുള്ള ആ പങ്കിനെ കുറിച്ച്…
നമ്മുടെ ചെറുപ്പക്കാരുടെ വിചാരം അമേരിക്കയില്‍ നിന്നു വരുന്ന എന്തും മനോഹരമായിരിക്കുമെന്നാണ്. അമേരിക്കയില്‍ നിന്നു വരുന്ന എന്തു ചപ്പും ചവറും ട്രെന്‍ഡിയെന്ന വാക്കും ചേര്‍ത്തു കോപ്പിയടിക്കുകയാണു ചെയ്യുന്നത്. ആരും ഇതിന്‍റെ ഉള്ളില്‍ കടന്നു വിശകലനം ചെയ്യുന്നില്ല. തനതായ ഒരു കാഴ്ച്ചപ്പാടും ഇല്ല. അവിടെയെല്ലാം അവര്‍ ചവച്ചു തുപ്പിക്കളഞ്ഞ സാധനമെടുത്താണ് ഇവിടെ ട്രെന്‍ഡിയെന്നു പറയുന്നതെന്നു മാത്രം. കോപ്പിയടി കൊണ്ടു നമ്മള്‍ രക്ഷപ്പെടുകയില്ല. നമ്മള്‍ കേള്‍ക്കാത്ത അര്‍മേനിയായിലെയോ മറ്റു സംസ്കാരങ്ങളിലെയോ പാട്ടുകളെടുത്ത് കോപ്പിയടിച്ച് പാട്ടുകളുണ്ടാക്കുന്നു. എത്രയോ പാട്ടുകള്‍ കട്ടെടുത്തതാണെന്നു നമ്മള്‍ പിന്നീടു കണ്ടുപിടിക്കുകയും ചെയ്തു. കേരളത്തിന് എത്രയോ വലിയ ഒരു സമ്പത്തുണ്ട്. അതൊക്കെ ശരിയായി മനസ്സിലാക്കി ആധുനികമാക്കി നമുക്കുപയോഗിക്കാമല്ലോ. പിന്നെയെന്തിനാണു കോപ്പിയടിക്കാന്‍ പോകുന്നത്.
? ആക്ഷന്‍ ഹീറോ ബിജുവില്‍ യേശുദാസിനൊപ്പം പാട്ടൊരുക്കി. പുതിയ തലമുറയിലെ ആളുകളുമായും സഹകരിച്ചല്ലോ. അതേ കുറിച്ച്.
അതിന്‍റെ സംവിധായകനായ എബ്രിഡ് ഷൈന്‍ വന്ന് എന്നോട് സിനിമ ചെയ്യണം എന്നു പറഞ്ഞു. താത്പര്യമില്ല എന്നു ഞാന്‍ പറഞ്ഞു. പക്ഷേ അവര്‍ നിര്‍ബന്ധിച്ചു. ലളിതമായ ഈണങ്ങള്‍ വേണം. മറ്റെല്ലാം മടുത്തതുകൊണ്ടാണ് എന്നു പറഞ്ഞു. ഒരുപാടു നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, അങ്ങനെയാണെങ്കില്‍ എനിക്കു പൂര്‍ണസ്വാതന്ത്ര്യം വേണം. അതവര്‍ നല്‍കി. പാടിയവരില്‍ യേശുദാസിനെ എനിക്കറിയാമല്ലോ. പുതിയ തലമുറയില്‍ നിന്നു പാടിയത് വൈക്കം വിജയലക്ഷ്മിയാണ്. നല്ല മികവുറ്റ ഗായികയാണവര്‍. മറ്റെല്ലാവരേക്കാളും വേഗതയില്‍ അവര്‍ പാട്ടു പഠിച്ചു. വാണി ജയറാം ആണ് ഏറ്റവും വേഗത്തില്‍ പാട്ടു പഠിക്കുന്ന ഒരാള്‍. അവരെയൊക്കെ മറികടക്കുന്നയാളാണ് വൈക്കം വിജയലക്ഷ്മി. ഒരിക്കല്‍ മാത്രം പറഞ്ഞാല്‍ മതി, ഉടനെ പഠിക്കും. പുതിയ തലമുറ പ്രതിഭയുള്ളവരാണെങ്കില്‍ അവരെ ഉപയോഗപ്പെടുത്താന്‍ യാതൊരു ബുദ്ധിമുട്ടുമില്ല.
? സത്യദീപം നവതിയിലേയ്ക്കു കടക്കുകയാണ്….
സത്യദീപം വളരെ ബുദ്ധിപരമായ ഒരു പ്രസിദ്ധീകരണമാണ്. ചപലമായ വര്‍ത്തമാനം ഞാനതില്‍ കണ്ടിട്ടില്ല. ആഗോളസഭയില്‍ ഒരു കണ്ണു വച്ചുകൊണ്ട് പ്രാദേശികസഭയെ സേവിക്കുക. അതാണു സത്യദീപം ചെയ്യുന്നത്. അതാണ് ഏറ്റവും മനോഹരമായത്. എത്രയോ കാലമായി എനിക്കു സത്യദീപത്തെ അറിയാം. ഞാനതിനെ പിന്തുണയ്ക്കുന്നു.

Leave a Comment

*
*