എം.ടി. വാസുദേവന്‍ നായര്‍ – മലയാളത്തിന്റെ സ്ഥാനപതി

എം.ടി. വാസുദേവന്‍ നായര്‍ – മലയാളത്തിന്റെ സ്ഥാനപതി

സത്യദീപത്തിനു വേണ്ടി ഫാ. പോള്‍ തേലക്കാട്ട്
എം.ടി.യുമായി നടത്തിയ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍

മലയാളി ഏറ്റവുമധികം വായിച്ച അക്ഷരങ്ങളുടെ സ്രഷ്ടാവ്.
കാലമേറുന്തോറും അക്ഷരങ്ങള്‍ക്കു കരുത്തും അഴകും ഏറുമെന്നോര്‍മിപ്പിച്ച് അദ്ദേഹം ഇപ്പോഴും എഴുത്തുപുരയില്‍ തിരക്കിലാണ്.
മലയാളികളും കാത്തിരിക്കുന്നു, ഊടും പാവും കൃത്യമായി ഇഴചേര്‍ത്ത് അദ്ദേഹം നെയ്തെടുക്കുന്ന അക്ഷരകസവിനാല്‍ മാതൃഭാഷ കൂടുതല്‍
സുന്ദരിയായി അണിഞ്ഞൊരുങ്ങുന്നതു കാണാന്‍.

സത്യദീപത്തിന്‍റെ പ്രഭയോടൊപ്പം, പ്രിയപ്പെട്ട എം.ടി. വര്‍ഷങ്ങള്‍ക്കുശേഷം
ഒരു ആനുകാലിക പ്രസിദ്ധീകരണത്തോട് സംസാരിക്കുന്നു:

? ഉപരിവര്‍ഗത്തിന്‍റെയോ അടിസ്ഥാനവര്‍ഗത്തിന്‍റെയോ അല്ല, മധ്യവര്‍ഗ കേരളസമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങളാണ് അങ്ങയുടെ കഥകളുടെയും നോവലുകളുടെയും വിഷയമായത്. അത്തരമൊരു തിരഞ്ഞെടുപ്പ് ബോധപൂര്‍വമായിരുന്നോ?
കേരളസമൂഹം തന്നെയാണ് എന്നും എന്‍റെ വിഷയം. ജനിച്ചുവളര്‍ന്നത് ഒരിടത്തരം കുടുംബത്തിലാണ്. അത് ഇടത്തരക്കാരുടെ ജീവിതം കൂടുതല്‍ അടുത്തുനിന്നു കാണാനും അനുഭവിക്കാനും അവസരം ഉണ്ടാക്കി. ആ വിഭാഗത്തില്‍പ്പെട്ട മനുഷ്യര്‍ എന്‍റെ കഥകളിലും പ്രത്യക്ഷപ്പെടുന്നത് അതുകൊണ്ടാണ്.

? അതുപോലെതന്നെ സമൂഹത്തിന്‍റെ വിലാപത്തേക്കാള്‍ വ്യക്തിയുടെ വിലാപങ്ങളാണു കൃതികളില്‍ കൂടുതല്‍ നിഴലിച്ചു കാണുന്നത്. വ്യക്തി അനുഭവിക്കുന്ന ഒറ്റപ്പെടുത്തലും ഏകാന്തതയും ജീവിതവ്യഥകളും സംഘര്‍ഷങ്ങളും തിരഞ്ഞെടുക്കാനുള്ള കാരണം വിശദീകരിക്കാമോ?
സമൂഹത്തിന്‍റെ വിലാപങ്ങളുടെയും വിഹ്വലതകളുടെയും ഭാഗം തന്നെയാണ് അതിലെ വ്യക്തികളുടെ സംഘര്‍ഷങ്ങളും സങ്കടങ്ങളും.

? ഒരു സാഹിത്യകാരന്‍ സ്വയം മറക്കുന്നിടത്താണ് ഓരോ സൃഷ്ടിയും സംഭവിക്കുന്നത്. സ്വയമില്ലാതായി തന്നെത്തന്നെ മറന്നു മറ്റുള്ളവര്‍ക്കു ജീവന്‍ നല്കുന്നതാണോ സാഹിത്യത്തിലെ ആത്മീയത?
തന്നിലൂടെ സമാനമനസ്കരെ കണ്ടെത്താനാണ് എഴുത്തുകാരന്‍ ശ്രമിക്കുന്നത്.

? മനുഷ്യത്വത്തിന്‍റെ അഭാവത്തില്‍ വ്യക്തികളനുഭവിക്കേണ്ടി വരുന്ന വേദനകള്‍ക്ക് – ആത്മാവിന്‍റെ കരച്ചിലുകള്‍ക്കു ഭാഷ നല്കിയവനാണ് അങ്ങ്. കരച്ചിലുകളുടെ പിന്നാലെ പോകുന്നവനാണു സാഹിത്യകാരനെങ്കില്‍ ഇന്നു സമൂഹത്തിലുയരുന്ന ഏതു കരച്ചിലിനാണു സാഹിത്യകാരന്‍ ചെവി കൊടുക്കേണ്ടത്?
വേദനിക്കുന്ന എല്ലാ സഹജീവികളുടെയും പ്രശ്നങ്ങള്‍ കണ്ടറിയാനാണ് എഴുത്തുകാരന്‍ ശ്രമിക്കുന്നത്. തനിക്കു പരിഹാരം കാണാന്‍ കഴിയുന്നില്ലല്ലോ എന്ന ദുഃഖം അയാളെ അസ്വസ്ഥനാക്കുന്നു. "നിങ്ങളുടെ വേദന ഞാന്‍ മനസ്സിലാക്കുന്നു" എന്നു നിശ്ശബ്ദം ഘോഷിക്കാനേ അയാള്‍ക്കു കഴിയൂ. കൂടുതല്‍ ജീവസ്സുറ്റ ഒരു ജീവിതം നിങ്ങള്‍ക്കുണ്ടാവട്ടെ എന്നു നിശ്ശബ്ദം പ്രാര്‍ത്ഥിക്കുകയാണ് അയാള്‍ തന്‍റെ കൃതികളിലൂടെ നിര്‍വഹിക്കുന്നത്.

ഏകോപനം: മറിയ ജോസ് മേച്ചേരി
(മീഡിയ പ്രൊഫഷണല്‍)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org