കലകളിലൂടെയുള്ള ക്രൈസ്തവസാക്ഷ്യം

കലകളിലൂടെയുള്ള ക്രൈസ്തവസാക്ഷ്യം

കല്‍ക്കട്ടയിലെ 'കലാഹൃദയ' എന്ന കലാ സാംസ്ക്കാരിക കേന്ദ്രം ക്രൈസ്തവ മൂല്യങ്ങള്‍ സമൂഹത്തിനു പകര്‍ന്നു നല്‍കുന്ന തരത്തില്‍ വി. ബൈബിളിന്‍റെ സന്ദേശങ്ങളും വിശുദ്ധരുടെ ജീവിതവുമെല്ലാം കലാരൂപങ്ങളിലൂടെ രംഗത്തവതിരിപ്പിക്കുകയാണ്. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നൃത്ത നാടകം, ബംഗാളിയിലും മലയാളത്തിലും ഹിന്ദിയിലും അവതരിപ്പിക്കുന്നു. ഭരതനാട്യത്തിലൂടെയും ബൈബിള്‍ സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. യേശുവിന്‍റെ ജീവി തം പരിചയപ്പെടുത്തുക എന്നതാണു ലക്ഷ്യം. അതിന് ഹൈന്ദവ – ക്രൈസ്തവ വിഷയങ്ങള്‍ സങ്കലനം ചെയ്ത് ഭാരതീയ പശ്ചാത്തലത്തിന് അനുരൂപമാകുന്ന തരത്തില്‍ അവതരിപ്പിക്കുന്നു. കലാ ഹൃദയയിലെ എന്‍റെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഞാനും ഈ നൃത്ത നാടകത്തിലും ഭരതനാട്യത്തിലും പങ്കെടുത്തു വരുന്നു. കലയിലൂടെ ക്രിസ്തുവിലേക്ക് എന്ന ആശയത്തിന് പ്രാധാന്യം നല്‍കി ഭാരതീയ കലകളിലൂടെ ക്രൈസ്തവ ആശയങ്ങള്‍ സമൂഹത്തിനു കൊടുക്കാനാണ് ആഗ്രഹിക്കുന്നത്. ഒപ്പം ക്രിസ്ത്യാനിക്കു കല സാധ്യമാണെന്നും ഭാരതീയനായ ക്രൈസ്തവന്‍ ഇവിടത്തെ പരമ്പരാഗത കലാരൂപങ്ങളോടു ചേര്‍ന്ന് ആ സംസ്കാരവും പാരമ്പര്യവും ഉള്‍ക്കൊണ്ട് തങ്ങളുടെ വിശ്വാസവും പൈതൃകവും പങ്കുവയ്ക്കേണ്ടവനാണെന്ന ബോധ്യവും നല്‍കുന്നു.
കല എന്നത് പ്രാര്‍ത്ഥന തന്നെയാണ്. ഒരു സാധനയാണത്. അതിലൂടെ മനുഷ്യരില്‍ നാം ആനന്ദം പകരുന്നു. ക്രിസ്തുവിന്‍റെ കുരിശിന്‍റെ വഴി – പീഡാസഹനം, മരണം, ഉത്ഥാനം – ഒരു കലാരൂപമാക്കി ഞാന്‍ രംഗത്തവതരിപ്പിച്ചിട്ടുണ്ട്. പരി. കന്യാമറിയത്തിന്‍റെ ജീവിതം, യേശുവിന്‍റെ ഉപമകള്‍, അത്ഭുതങ്ങള്‍, സങ്കീര്‍ത്തനങ്ങള്‍ തുടങ്ങിയവ നൃത്ത നാടകമാക്കി ഞങ്ങള്‍ അവതരിപ്പിച്ചു വരുന്നു. കല്‍ക്കട്ടയിലെ വി. മദര്‍ തെരേസ, വി. ഫ്രാന്‍സിസ് സേവ്യര്‍, വി. എഡ്മ ണ്ട് റൈസ്, വി. ഇഗ്നേഷ്യസ് ലയോള തുടങ്ങിയ വിശുദ്ധരുടെ ജീവിതവും ഭാരതീയ കലകളിലൂടെ ഞങ്ങള്‍ രംഗത്ത് അവതരിപ്പിക്കുന്നുണ്ട്. ക്രൈസ്തവ സന്ദേശങ്ങള്‍ പകരുക മാത്രമല്ല ഇതിന്‍റെ ലക്ഷ്യം. തീര്‍ച്ചയായും ക്രിസ്തുവിനെയും അവിടുത്തെ പഠനങ്ങളെയും കുറിച്ച് അറിയാത്തവര്‍ക്ക് അതു പകര്‍ന്നു നല്‍കുക എന്ന വലിയ സുവിശേഷവത്കരണ മൂല്യം ഇതിനുണ്ട്. എന്നാല്‍ പ്രേക്ഷകര്‍ക്കും ആസ്വാദകര്‍ക്കും ഉണര്‍വു പ്രദാനം ചെയ്യുന്ന തരത്തില്‍ ഉദ്ബോധനത്തിന്‍റെ നന്മ ചിന്തകളാണ് ആത്യന്തികമായി സംവേദനം ചെയ്യപ്പെടുന്നത്.
ഉദാഹരണത്തിന് ക്രിസ്തുവിന്‍റെ പീഡാസഹനത്തിന്‍റെ കലാവിഷ്ക്കാരത്തിനൊടുവില്‍ അവിടുത്തെ ഉയിര്‍പ്പിനു ശേഷം ഇനിയെന്ത് എന്ന ഒരു ചിന്ത സദസ്സിനു കൈമാറുന്നു. യേശു നാം ഓരോരുത്തരുമാണ്. ഉത്ഥിതനായ ക്രിസ്തുവിന്‍റെ കരങ്ങള്‍ ഇനി എന്‍റേതാണ്. അവിടുത്തെ കണ്ണുകളും കാലുകളും എന്‍റേതാണ്. കര്‍ത്താവിനു പകരമായി സ്വയം നല്‍കുന്നവരായി നമുക്കു മാറാം. എന്‍റെ കരങ്ങളും പാദങ്ങളും നേത്രങ്ങളും അനേകരുടെ സേവനത്തിനു ഉപകരിക്കണം – ഇത്തരം സന്ദേശങ്ങള്‍ നല്‍കിക്കൊണ്ടാണ് എല്ലാ കലാരൂപങ്ങളും അവസാനിക്കുന്നത്.
ദൈവനിവേശിത ഗ്രന്ഥമായ ബൈബിള്‍ ഒരു കലാരൂപവുമാണ്. അതു രക്ഷയുടെ ചരിത്രമാണ്. മുക്തിയുടെയും മോക്ഷത്തിന്‍റെയും ചരിത്രം. ആ ചരിത്രം ഒരു കാവ്യം പോലെ നമുക്കനുഭവവേദ്യമാകും. മഹത്തായ സാഹിത്യ സൃഷ്ടിയാണത്. ഈ ശ്രാവ്യകാവ്യത്തെ ദൃശ്യകാവ്യമാക്കി മാറ്റുകയാണു ഞങ്ങള്‍. നൃത്ത നാടകമെന്നത് ഒരു ദൃശ്യകാവ്യമാണ്. നാം ബൈബിള്‍ വായിച്ചു ധ്യാനിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ബൈബിളിലെ സംഭവങ്ങള്‍ അനുയോജ്യമായ രസങ്ങളും രാഗങ്ങളും താളങ്ങളും സമന്വയിപ്പിച്ചു ദൃശ്യരൂപത്തില്‍ അവതരിപ്പിച്ചാല്‍ അതു വലിയ സ്വാധീനം ചെലുത്തും. ആഴത്തില്‍ സ്പര്‍ശിക്കും. അവിടെ ക്രിസ്തുവിന്‍റെ ജീവിതം അനേകായിരങ്ങളില്‍ പുനഃരവതരിക്കും.
ഭാരതീയ കലകളില്‍ ക്രിസ്തുവിനെ പുനഃരവതരിപ്പിക്കുന്നതെങ്ങനെയെന്ന് ചിലര്‍ ചോദിക്കാറുണ്ട്. കാരണം, പൗരസ്ത്യമായ സംസ്ക്കാരത്തിന്‍റെ ഭാരതീയ ദര്‍ശനങ്ങളോട് പാശ്ചാത്യമായ ക്രൈസ്തവ സംസ്ക്കാരം എങ്ങനെ ബന്ധപ്പെടുത്താനാകും? എന്നാല്‍ ഇതിനൊരു മറുചോദ്യമുണ്ട്. യേശു പാശ്ചാത്യനായത് എപ്പോഴാണ്? യൂറോപ്യന്‍ സ്വാധീനത്തില്‍ ക്രിസ്തുവിന്‍റെ പഠനവും പ്രബോധനങ്ങളും ആശയങ്ങളും ആ വഴിയിലൂടെയാണു നാം ഉള്‍ക്കൊണ്ടത്. ആ സ്വാധീനം പാശ്ചാത്യമായൊരു പശ്ചാത്തലം ക്രൈസ്തവ മതത്തിനു നല്‍കി. എന്നാല്‍ നമ്മുടെ തനിമയിലും പാരമ്പര്യത്തിലും ക്രിസതുവിനെ കാണാന്‍ കഴിയണം. അപ്പോള്‍ അത് ആഴത്തില്‍ നമ്മുടെ ജീവിതത്തെ സ്പര്‍ശിക്കുന്നതായിത്തീരും. കുട്ടിയായിരിക്കുമ്പോള്‍ നമ്മുടെ നാട്ടിലെ ബാലെകള്‍ ഞാന്‍ കണ്ടിട്ടുണ്ട്. വി. പത്രോസ്, സ്നാപക യോഹന്നാന്‍ തുടങ്ങിയ ബൈബിള്‍ നാടകങ്ങളും ബാലെകളും ഉണ്ടായിരുന്നു. അവ നിറംകെടാ ത്ത ചിത്രങ്ങളായി മനസ്സില്‍ സ്ഥാനം പിടിച്ചിരുന്നു. അതു വെറും കാഴ്ച മാത്രമായിരുന്നില്ല, പ്രാര്‍ത്ഥന കൂടിയായിരുന്നു, പലര്‍ക്കും. നമ്മുടെ ഭാഷയിലും സംസ്ക്കാരത്തിലും ഊന്നിക്കൊണ്ടു ക്രൈസ്തവ കലാരൂപങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ അതു കൂടുതല്‍ സ്വീകാര്യമായി ഭവിക്കും. നമുക്കു പരിചിതമായ താളത്തിലും രൂപത്തിലും അവ കൂടുതല്‍ ഫലപ്രദമായിത്തീരുകയും ചെയ്യും.
ഇതെല്ലാം സുവിശേഷവത്കരണ മാര്‍ഗ്ഗവുമാണ്. കലാപരമായ പരിപൂര്‍ണത ഉണ്ടാകുമ്പോള്‍ തന്നെ ഇത്തരം കലാരൂപങ്ങളിലൂടെ വളരെ സൂക്ഷ്മമായ വിശ്വാസ തന്ത്രികളെ നാം തൊട്ടുണര്‍ത്തുകയും ചെയ്യുന്നുണ്ട്. ഹൈന്ദവകല, ക്രൈസ്തവകല എന്നൊന്നും ഇവിടെ വേര്‍തിരിവുകള്‍ വേണ്ട. ഹൈന്ദവ വിഷയം, ക്രൈസ്തവ പ്രമേയം എന്നും വിവക്ഷിക്കേണ്ട. മാനുഷീകമായ പ്രമേയം എന്നതു നോക്കിയാല്‍ മതി. മൂല്യങ്ങള്‍ പകര്‍ന്നു നല്‍കുക എന്നതാണു കലയുടെ ലക്ഷ്യം. നൃത്തം, നാടകം ഇവയൊക്കെ ക്ഷേത്ര കലകളായിരുന്നു. അവ ദൃശ്യ-ശ്രാവ്യ വേദമായിരുന്നു. അതിന്‍റെ ബൈബിള്‍ ആവിഷ്ക്കാരവും രീതികളുമാണ് നാം അവലംബിക്കേണ്ടത്.
ബൈബിള്‍ ഒരു മികച്ച സാഹിത്യ കൃതിയാണ്. എത്രയോ ഭാഷകളിലേക്ക് അതു വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു. പലവിധത്തില്‍ ബൈബിള്‍ വായിക്കപ്പെടാം. സാഹിത്യരൂപമായി അതിനെ കാണാം. സര്‍ഗ്ഗാത്മകതയുടെ തലത്തില്‍ അതു പാരായണം ചെയ്യാം. വിശ്വാസത്തിന്‍റെ തലത്തില്‍ ആത്മീയതയില്‍ അതു ധ്യാനിക്കാം. എന്നാല്‍ അതിന്‍റെ കലാമൂല്യമോ സാഹിത്യ മേന്മയോ പലപ്പോഴും നമുക്കിടയില്‍ ചര്‍ച്ചയാകുന്നില്ല. അതുകൊണ്ടു തന്നെ അധികം കലാരൂപങ്ങള്‍ ആവിധത്തില്‍ ഇന്ന് ഉത്ഭവിക്കുന്നില്ല.
എന്നാല്‍ ക്രിസ്തുമതത്തിന്‍റെ ആവിര്‍ഭാവം മുതല്‍ കലകളെ പ്രോത്സാഹിപ്പിച്ചിരുന്ന ചരിത്രം നമുക്കു കാണാം. പ്രത്യേകിച്ച് പെയിന്‍റിംഗുകള്‍, ചിത്രങ്ങള്‍ മുതലായവ. പള്ളികളിലും ചാപ്പലുകളി ലും മനോഹരമായ ചിത്രങ്ങള്‍ കാണാം. കലാകാരന്മാരെയും സംഗീതജ്ഞരെയുമൊക്കെ സഭ ആദ്യകാലത്ത് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. പിന്നീട് ഭാരതത്തിലും പാശ്ചാത്യ സഭയിലും ഇതൊന്നും പ്രോത്സാഹിപ്പിക്കപ്പെട്ടില്ല. നമ്മുടെ എല്ലാ ശുശ്രൂഷകളും ആത്മാവിന്‍റെ രക്ഷയില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്. ശാരീരികമായ ക്രമങ്ങളും ശുശ്രൂഷകളും പരിമിതമാക്ക്പ്പെട്ടു. അത് ആഘോഷമാകുന്നില്ല. നൃത്തത്തിലെയും സംഗീതത്തിലെയും പ്രദര്‍ശനങ്ങള്‍ ശാരീരികം മാത്രമായിട്ടാണ് നാം പരിഗണിക്കുന്നത്. അതുകൊണ്ടുതന്നെ നൃത്തവും നാടകവും അവതരണ കലകളും കലാകാരന്മാരുമെല്ലാം സഭയ്ക്കു പുറത്തായി. യൂറോപ്പിലും മറ്റും നൃത്തരൂപങ്ങള്‍ സെക്കുലറായപ്പോള്‍ 'വിശുദ്ധമായ ഒരു പ്രവര്‍ത്തിയല്ലാത്ത' അത്തരം കാര്യങ്ങള്‍ ക്ക് ആത്മീയതയില്‍ സ്ഥാനമില്ലാതായി. മനുഷ്യശരീരത്തിന്‍റെ പ്രതിഫലനങ്ങളായി മാത്രം അവ പരിഗണിക്കപ്പെട്ടപ്പോള്‍ അതു സഭയില്‍ നിന്നു പുറത്തായി. ഇന്ത്യയിലും അതു സംഭവിച്ചു. എന്നാല്‍ ഭാരതീയ പാരമ്പര്യത്തില്‍ നൃത്തവും നാടകവുമടക്കം എല്ലാ കലാരൂപങ്ങളും രക്ഷയിലേക്കുള്ള ഒരു മാര്‍ഗ്ഗമാണ്. ദൈവത്തിലേക്കുള്ള പ്രയാണത്തിന്‍റെ ഭാഗമാണ്. അതുകൊണ്ടുതന്നെ ഹിന്ദുമതം അന്നും ഇന്നും അവരുടെ ആരാധനയുടെ ഭാഗമായി കലകളും നൃത്തവും മറ്റും ഉള്‍പ്പെടുത്തിയിരിക്കുന്നു. നൃത്തവും സംഗീതവും നാടകവുമെല്ലാം ദൈവത്തെ കണ്ടെത്താനുള്ള ഉപാധികളാണ്. ദൈവാരാധനയ്ക്കുള്ള മാര്‍ഗ്ഗങ്ങളായി ഈ കലകളെ ഉപയോഗിക്കണം. എന്നാല്‍ ആ ആത്മീയതയിലേക്കു നാം ഇനിയും പ്രവേശിച്ചിട്ടില്ല.
ദൈവത്തിനു വേണ്ടി മര്‍ത്യശരീരം നൃത്തം ചെയ്യുന്നതും ചലിക്കുന്നതും നമ്മുടെ സംസ്ക്കാരത്തിന്‍റെ ഭാഗമായിട്ടില്ല. കാരണം, മര്‍ത്യശരീരം പാപപങ്കിലമാണെന്ന ധാരണയുണ്ട്. അതു പ്രദര്‍ശിപ്പിക്കാന്‍ പാടില്ലത്രെ. എന്നാല്‍ വത്തിക്കാന്‍ കൗണ്‍സിലിനു ശേഷം ഈ ചിന്താഗതിക്കു മാറ്റം വന്നു. സഭയിലെ ന്യൂനപക്ഷം നേതാക്കളും വിശ്വാസസമൂഹവും നൃത്തത്തെയും ഇതര കലാരൂപങ്ങളെയും ഉള്‍ക്കൊള്ളാന്‍ തുടങ്ങി. നമ്മുടെ പ്രാര്‍ത്ഥനയിലും ആധ്യാത്മികമായ ഉണര്‍വിനും പ്രയോജനപ്പെടുത്താന്‍ തുടങ്ങി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇത്തരത്തില്‍ ചില മാറ്റങ്ങള്‍ സഭയില്‍ ദൃശ്യമാണ്. പക്ഷെ ഈ രംഗത്ത് ഇനിയും നമുക്ക് മുന്നേറേണ്ടതുണ്ട്. പാരമ്പര്യ ചിന്തകളും അജ്ഞതയും യാഥാസ്ഥിതിക മനോഭാവവുമെല്ലാം ഇതിനു തടസ്സമായി നില്‍ക്കുന്നു. പായസം കുടിച്ചാലല്ലേ അതിന്‍റെ രുചി അറിയൂ. നൃത്തവും നാടകവുമടക്കമുള്ള കലാരൂപങ്ങളെ അടുത്തറിഞ്ഞും പ്രോത്സാഹിപ്പിച്ചും സഭാ വേദികളിലേക്കു കൊണ്ടുവരാന്‍ നമുക്കാകണം. അതിനു നമ്മുടെ മനസ്സിന്‍റെ മാറ്റമാണ് ആദ്യം വേണ്ടത്. പലപ്പോഴും നാം നമ്മുടെ സംസ്ക്കാരം മറക്കുകയാണ്. ദേവാലയങ്ങ ളും സ്ഥാപനങ്ങളും സഭാ നേതൃത്വവുമെല്ലാം കലകളെ പ്രോത്സാഹിപ്പിക്കണം. അവര്‍ ഇതിനു തടസ്സങ്ങള്‍ സൃഷ്ടിക്കരുത്. മക്കള്‍ ഭരതനാട്യം പഠിച്ചാല്‍ അവര്‍ ഹൈന്ദവരായിപ്പോകുമോ എന്നു ചോദിക്കുന്ന സഭാ നേതാക്കളും മാതാപിതാക്കളും ഇന്നും ഉണ്ട്. എന്നാല്‍ സംഗീതവും നൃത്തവുമൊക്കെ പഠിക്കുന്ന കുട്ടികള്‍ നല്ല പ്രതിഭകളായിത്തീരുന്ന അനുഭവമാണുള്ളത്. അവരുടെ മനസ്സ് കൂടുതല്‍ ഉദാത്തവും ബുദ്ധികൂര്‍മ്മതയുള്ളതുമാകും. ഓര്‍മ്മ ശക്തി വര്‍ദ്ധിക്കും. അത്തരത്തില്‍ പല ഗുണങ്ങളും ഉണ്ട്. എന്നാല്‍ പല മാതാപിതാക്കളും കുട്ടികളെ ഇത്തരത്തില്‍ പ്രോത്സാഹിപ്പിക്കുന്നില്ല. അതിന്‍റെ ഗുണവശങ്ങള്‍ അവര്‍ മനസ്സിലാക്കുന്നില്ല എന്നതു മാത്രമല്ല കാരണം; അക്കാദമിക മികവു മാത്രമാണവര്‍ അഭിലഷിക്കുന്നത് എന്നതു കൂടിയാണ്.
നൃത്തവും സംഗീതവും നാടകവുമൊക്കെ മനുഷ്യരെ ഏറെ സ്വാധീനിക്കാന്‍ പറ്റിയ ശക്തമായ ദൃശ്യമാധ്യമമാണ്. നമ്മുടെ പള്ളികളും സ്ഥാപനങ്ങളും അവയെ പ്രോത്സാഹിപ്പിക്കുകയും ക്രൈസ്തവ സന്ദേശങ്ങള്‍ അതിലൂടെ പകര്‍ന്നു കൊടുക്കുകയും ചെയ് താല്‍ അതെത്രയോ വലിയ സാക്ഷ്യമാകും. സുവിശേഷവത്കരണമെന്ന വ്യാഖ്യാനമൊന്നും നല്‍കേണ്ട. ഇന്നും ദശലക്ഷക്കണക്കിനാളുകള്‍ ക്രിസ്തുവിനെ അറിയാത്തവരായി ഇന്ത്യയിലുണ്ട്. അവര്‍ക്കിടയില്‍ ക്രിസ്തുവിന്‍റെ സ്നേഹസന്ദേശം ഏറ്റവും എളുപ്പത്തിലും വേഗത്തിലും അവതരിപ്പിക്കാന്‍ പറ്റിയ മാര്‍ഗ്ഗമാണിത്. സ്നേഹം തന്നെയായ യേശുവിന്‍റെ ജീവി തം എല്ലാ മക്കളും അറിയട്ടെ. സ്നേഹത്തിന്‍റെയും സഹനത്തിന്‍റെയും രക്ഷാകരമൂല്യം കലകളിലൂടെ അവതരിപ്പിക്കുമ്പോള്‍ അതു മതപരിവര്‍ത്തനമല്ല, മൂല്യങ്ങള്‍ പകര്‍ന്നു കൊടുക്കലാണ്. സുവിശേഷപ്രസംഗമല്ല, മറിച്ച് സാമൂഹിക വികസനത്തിലൂടെയുള്ള സമഗ്ര പുരോഗതിയാണ് അവിടെ സംഭവിക്കുന്നത്.
sajugeosj@gmail.com
(സത്യദീപം സീനിയര്‍ സബ് എഡിറ്റര്‍ ഫ്രാങ്ക്ളിന്‍ എം. ഫാ. സാജു ജോര്‍ജ്ജുമായി നടത്തിയ അഭിമുഖ സംഭാഷണത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org