മൂല്യങ്ങള്‍ നഷ്ടപ്പെടുത്തി പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കുന്നത് അപകടകരമാണ്

മൂല്യങ്ങള്‍ നഷ്ടപ്പെടുത്തി പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കുന്നത് അപകടകരമാണ്

ബിഷപ് ബോസ്കോ പുത്തൂര്‍

ആസ്ത്രേലിയായിലെ സീറോ-മലബാര്‍ വിശ്വാസികള്‍ക്കായി മെല്‍ബണ്‍ ആസ്ഥാനമായി സ്ഥാപിതമായ പുതിയ രൂപതയുടെ അദ്ധ്യക്ഷനായി ബിഷപ് ബോസ്കോ പുത്തൂര്‍ ചുമതലയേറ്റത് 2014 മാര്‍ച്ചിലാണ്. രൂപതയുടെ മൈനര്‍ സെമിനാരി കൊരട്ടിക്കടുത്ത് തിരുമുടിക്കുന്നില്‍ കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനമാരംഭിച്ചു. സെമിനാരിയില്‍ സന്ദര്‍ശനത്തിനെത്തിയ ബിഷപ് ബോസ്കോ പുത്തൂര്‍ മെല്‍ബണ്‍ രൂപതയെയും പ്രവാസി വിശ്വാസികളുടെ പ്രശ്നങ്ങളെയും കുറിച്ച് സത്യദീപം സബ് എഡിറ്റര്‍ ഷിജു ആച്ചാണ്ടിയോടു സംസാരിക്കുന്നു:

? പിതാവ് ഇവിടെ വലിയ ഒരു അതിരൂപതയുടെ വികാരി ജനറാള്‍ ആയിരുന്നു, സഭയുടെ മേജര്‍ സെമിനാരി റെക്ടര്‍ ആയിരുന്നു, ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്‍റര്‍ ഡയറക്ടറായിരുന്നു, കൂരിയാ ബിഷപ്പായിരുന്നു. അങ്ങനെ കേരളസഭയുടെ നേതൃത്വത്തില്‍ വളരെ സജീവമായി ഉണ്ടായിരുന്നു. ഇപ്പോള്‍ ഏതാനും വര്‍ഷം വിദേശത്തു പ്രവര്‍ത്തിച്ചിട്ടു കേരളത്തിലേയ്ക്കു നോക്കുമ്പോള്‍ കേരളസഭയെക്കുറിച്ച് എന്താണൊരു വിലയിരുത്തല്‍, എന്താണു പറയാനുള്ളത്?

ഇന്ന് പ്രവാസിയെന്ന നിലയില്‍ എനിക്ക് ആദ്യം പറയാനുള്ള ഒരു കാര്യമിതാണ്. പ്രവാസിയായ ഒരു വിശ്വാസി നാട്ടില്‍ വന്ന് ആദ്യകുര്‍ബാനസ്വീകരണമോ കല്യാണമോ പോലെയുള്ള എന്തെങ്കിലും ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കുമ്പോള്‍ പലപ്പോഴും അവരെ സാമ്പത്തികമായി പരമാവധി മുതലെടുക്കാന്‍ ശ്രമിക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്യുന്ന അനുഭവം മാതൃഇടവകകളില്‍ നിന്നുണ്ടാകുന്നുണ്ട്. മരംപിടിച്ചു കുലുക്കി ഡോളര്‍ വീഴ്ത്തി കൊണ്ടുവരുന്നവരാണ് പ്രവാസികള്‍ എന്ന വിചാരം നാട്ടിലുള്ള ചിലര്‍ക്കുണ്ട്. യഥാര്‍ത്ഥത്തില്‍ അവരെല്ലാം വളരെ കഷ്ടപ്പെട്ട് ജീവിതം കെട്ടിപ്പടുക്കുന്നവരാണ്. ഒരു മണ്ടത്തരം അവരില്‍ പലരും കാണിക്കാറുണ്ട്.

ഉള്ള സമ്പാദ്യമെല്ലാം ചെലവഴിച്ച് നാട്ടില്‍ വലിയൊരു വീടു പണിയും. അതുകൂടി കാണുമ്പോള്‍ നാട്ടിലുള്ളവര്‍ കരുതുന്നത് ഇവര്‍ പണമെല്ലാം ചാക്കിലാക്കി കൊണ്ടുവരികയാണെന്നാണ്. സാമ്പത്തികമായ കാര്യങ്ങളില്‍ കുറേക്കൂടി പരിഗണന പ്രവാസികളോടു നാട്ടിലുള്ളവര്‍ കാണിക്കണമെന്നാണ് എനിക്കു പറയാനുള്ളത്.

രണ്ടാമത്തെ കാര്യം, ആത്മീയതയുടെ പ്രാധാന്യം കുറഞ്ഞ് നമ്മള്‍ ഒരുപാട് പ്രവര്‍ത്തനകേന്ദ്രീകൃതമായിരിക്കുന്നു എന്നതാണ്. പ്രകടനപരത ഏറിയിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ കുരിശു സ്ഥാപിച്ചു, പള്ളി സ്ഥാപിച്ചു, ആള്‍ക്കൂട്ടത്തെ അണിനിരത്തി എന്നൊക്കെ പറയുന്നത് യഥാര്‍ത്ഥത്തില്‍ വളരെ സെക്കുലറായ ഒരു സമീപനമാണ്. സ്ഥാപനങ്ങളോ പദ്ധതികളോ അല്ല നമുക്കു മുഖ്യം. നാം സാക്ഷ്യം വഹിക്കേണ്ട ചില മൂല്യങ്ങളുണ്ട്. ആ മൂല്യങ്ങളെ നഷ്ടപ്പെടുത്തിക്കൊണ്ട് പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുക്കുന്നത് അപകടകരമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. നമുക്കു സ്ഥാപനങ്ങള്‍ ആവശ്യമാണ്. പക്ഷേ ഈ സ്ഥാപനങ്ങള്‍ വഴിയായി പ്രത്യക്ഷമായും പരോക്ഷമായും ഉണ്ടാകുന്ന ചില തിന്മകളുമുണ്ട്. ഞാന്‍ തൃശൂര്‍ സെ. തോമസ് കോളേജിന്‍റെ മാനേജരായിരുന്നു. ഒരു കോഴ്സിനു മാനേജ്മെന്‍റ് ക്വാട്ടയില്‍ 40 സീറ്റാണുള്ളതെങ്കില്‍ 400 പേര്‍ അപേക്ഷിക്കും. 40 പേര്‍ക്കു കൊടുത്തു കഴിയുമ്പോള്‍ 360 പേര്‍ ശത്രുക്കളായി മാറുകയാണ്. കിട്ടിയവര്‍ക്കു പ്രത്യേകിച്ചു നന്ദിയുമുണ്ടാകില്ല. കാരണം, കിട്ടിയവരും കിട്ടാത്തവരും ഒന്നു പോലെ കരുതുന്നത് ഇതു തങ്ങളുടെ അവകാശമാണ് എന്നാണ്. ഇത്തരം കാരണങ്ങളാല്‍, സ്ഥാപനങ്ങള്‍ മുഖേന നന്മയുണ്ടാകുന്നതിനൊപ്പം തന്നെ ധാരാളം പേര്‍ക്കു മുറിവേല്‍ക്കുകയും സഭയുടെ ശത്രുക്കളായി മാറുകയും ചെയ്യുന്നുണ്ട്.
അടുത്തത്, സാമ്പത്തിക കാര്യങ്ങളിലെ സുതാര്യതയും കണക്കു ബോദ്ധ്യപ്പെടുത്തലുമാണ്. അതിലും നാം കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടിയിരിക്കുന്നു.

? മറ്റു പ്രവാസി രൂപതകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആ സ്ത്രേലിയായിലെ സീറോ-മലബാര്‍ സഭയ്ക്കുള്ള പ്രത്യേകതയെന്താണ്?
യൂറോപ്പിലെയും അമേരിക്കയിലെയും പ്രവാസികളിലേറെയും ദീര്‍ഘകാലം മുമ്പു കുടിയേറിയവരാണ്. എന്നാല്‍, ആസ്ത്രേലിയായിലെ സീറോ-മലബാര്‍ വിശ്വാസികളില്‍ ബഹുഭൂരിപക്ഷത്തിന്‍റെയും കുടിയേറ്റം ഇക്കഴിഞ്ഞ രണ്ടു ദശകങ്ങള്‍ക്കിടെയാണു പ്രധാനമായും നടന്നത്. സാമ്പത്തികമായും മറ്റും കുടിയേറ്റക്കാര്‍ സുരക്ഷിതാവസ്ഥയിലെത്തുന്നതിനു മുമ്പാണ് ഇപ്പോള്‍ രൂപത സ്ഥാപിക്കപ്പെട്ടത് എന്നു പറയാം. അത് അടിസ്ഥാനസൗകര്യവികസനത്തിനു ബുദ്ധിമുട്ടുമാണ്. കാരണം, ആളുകള്‍ സാമ്പത്തിക സുരക്ഷിതത്വത്തിലേയ്ക്ക് എത്തുന്നതേയുള്ളൂ. പക്ഷേ അജപാലനപരമായി ഇതാണ് ഏറ്റവും അനുയോജ്യമായ സമയം. കാരണം, കുട്ടികള്‍ വളരുന്ന പ്രായത്തിലാണ്. അവരെ കുറെക്കൂടി ആത്മീയമായ അടിത്തറയോടെ വളര്‍ത്താന്‍ സ്വന്തമായ അജപാലനസംവിധാനം സഹായകരമാകും. പുതിയ തലമുറ തികച്ചും പാശ്ചാത്യവും മതനിരാസപരവുമായ സംസ്കാരത്തിന് അടിപ്പെട്ടു കഴിഞ്ഞാല്‍, നാം എന്തു ചെയ്തിട്ടും കാര്യമില്ലാത്ത സ്ഥിതിവരും. വിശ്വാസപരമായ ബോദ്ധ്യങ്ങളും പാരമ്പര്യത്തിലധിഷ്ഠിതമായിട്ടുള്ള ജീവിതശൈലിയും കുടുംബത്തിലൂടെയും വി. കുര്‍ബാനയിലൂടെയും വേദപാഠത്തിലൂടെയും ഒക്കെ പുതിയ തലമുറയ്ക്കു പകര്‍ന്നു കൊടുക്കാന്‍ സാധിക്കും. ആ നിലയ്ക്കു നോക്കിയാല്‍ ആസ്ത്രേലിയായിലെ അജപാലനം സീറോ-മലബാര്‍ സഭയെ സംബന്ധിച്ച് ഒരു മിഷന്‍ തന്നെയാണ്.

? ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണ്? സ്വയം എങ്ങനെ വിലയിരുത്തുന്നു?
ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ സംതൃപ്തനാണ്. അതേസമയം ധാരാളം കാര്യങ്ങള്‍ ഇനിയും ചെയ്യാനുമുണ്ട്. ഞായറാഴ്ചകളില്‍ കുട്ടികള്‍ക്കു വേണ്ടിയുള്ള വിശ്വാസപരിശീലനം ഇവിടെ കാര്യക്ഷമമായി നടക്കുന്നു. മാതാപിതാക്കള്‍ ഇതില്‍ മക്കളെ താത്പര്യപൂര്‍വം പങ്കെടുപ്പിക്കുന്നു. തങ്ങളുടെ സംസ്കാരവും വിശ്വാസപാരമ്പര്യവും മക്കള്‍ക്കുണ്ടാകണമെന്നു മാതാപിതാക്കള്‍ താത്പര്യപ്പെടുന്നു. ഓരോ പ്രായക്കാര്‍ക്കും ചേര്‍ന്ന വിവിധ സംഘടനകളില്‍ പ്രവര്‍ത്തിക്കാനും എല്ലാവര്‍ക്കും അവസരമുണ്ടാകുന്നു. പള്ളികളുള്‍പ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ കൂടുതല്‍ വികസിപ്പിക്കേണ്ടതുണ്ട്. ഞായറാഴ്ചകളില്‍ സൗകര്യപ്രദമായ സമയത്തു ദിവ്യബലിയര്‍പ്പിക്കാന്‍ അവിടെയുള്ള ഇംഗ്ലീഷ് പള്ളികളില്‍ നമുക്കു സൗകര്യം ലഭിക്കില്ല. ആ പള്ളികളിലെല്ലാം ഞായറാഴ്ചകളില്‍ നിരവധി കുര്‍ബാനകളുണ്ടാകും. ഒരു കുര്‍ബാന കഴിഞ്ഞ് നിശ്ചിത സമയത്തിനു ശേഷമേ അടുത്ത കുര്‍ബാന നടത്താന്‍ കഴിയുകയുള്ളൂ. കാരണം, പാര്‍ക്കിംഗ് സ്ഥലത്തു നിന്നു വണ്ടികളെല്ലാം ഒഴിവാകുകയും പുതിയ വണ്ടികള്‍ വന്നു പാര്‍ക്കിംഗ് നടത്തുകയും വേണം. അങ്ങനെയുള്ള പ്രശ്നങ്ങളുണ്ട്. ഞായറാഴ്ചകളിലാണെങ്കില്‍ നമുക്കു തന്നെ മൂന്നു കുര്‍ബാനകളെങ്കിലും വേണ്ടി വരും. ആളുകളെല്ലാം നന്നായി സഹകരിക്കുന്നുണ്ട്. പൂര്‍ണമായ സൗകര്യങ്ങളേര്‍പ്പെടുത്താന്‍ ഇനിയും സമയമെടുക്കും.

? പ്രവാസികള്‍ക്കായി രൂപതകള്‍ സ്ഥാപിക്കുന്നിടത്തെല്ലാം ചില പ്രശ്നങ്ങളും പതിവാണല്ലോ. തങ്ങള്‍ ഒരു കത്തോലിക്കാ ഇടവകയുടെ ഭാഗമായി സന്തോഷത്തോടെ പോകുകയായിരുന്നു, അവിടെ വന്നു നിങ്ങള്‍ ഭിന്നിപ്പുണ്ടാക്കി എന്ന മട്ടിലുള്ള പരാതി ഉണ്ടാകാറുണ്ടല്ലോ…
അങ്ങനെയുള്ള അഭിപ്രായവ്യത്യാസങ്ങള്‍ എല്ലാ കാലത്തും എല്ലാ സമുദായങ്ങളിലും ഉണ്ടാകാറുള്ളതാണ്. വ്യവസ്ഥാപിതമായ ഇടവകകളിലും സംവിധാനങ്ങളിലും ചേര്‍ന്നുനിന്നു പോകാന്‍ ചിലര്‍ക്കു താത്പര്യമുണ്ടാകുന്നതു സ്വാഭാവികമാണ്. ഇതിനു പല കാരണങ്ങളുണ്ട്. കുറെ പേര്‍ ഇതിന്‍റെയൊക്കെ നേതൃത്വത്തിന്‍റെ ഭാഗമായിരിക്കും. അവര്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന തോന്നലുണ്ടാകും. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രവേശനത്തിനും മറ്റും ലഭിക്കുന്ന മുന്‍ഗണനകള്‍ നഷ്ടമായേക്കാമെന്ന ആശങ്കയുണ്ടാകും. കൂടാതെ, പുതിയ ഇടവകകളില്‍ ചേരുമ്പോള്‍ സാമ്പത്തിക സംഭാവനകള്‍ നല്‍കേണ്ടി വരുമെന്നും അത് ഒഴിവാക്കാമെന്നും ചിന്തിക്കുന്നവരുണ്ടാകും. പിന്നെ, ഏതൊരു സമൂഹത്തിലും ഏതെങ്കിലും അധികാരികളുടെയോ മറ്റോ ഭാഗത്തു നിന്നു അറിഞ്ഞോ അറിയാതെയോ ഉണ്ടായ ദുരനുഭവങ്ങളുടെ മുറിവു പേറുന്നവര്‍ ഉണ്ടാകും. അവര്‍ ഏതു സംരംഭങ്ങളെയും എതിര്‍ക്കാന്‍ ശ്രമിക്കും. പക്ഷേ, പൊതുവെ മാധ്യമങ്ങളില്‍ കാണുന്നതല്ല ഭൂരിപക്ഷത്തിന്‍റെ അഭിപ്രായം എന്നൊരു വസ്തുതയുമുണ്ട്. ന്യൂനപക്ഷമായതുകൊണ്ടു തന്നെ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുത്താന്‍ വിഘടനപ്രവണതയുള്ളവര്‍ പരിശ്രമിക്കും. പക്ഷേ, മഹാഭൂരിപക്ഷവും സഹകരിക്കുന്നവരായിരിക്കും.

ഇക്കാര്യത്തില്‍ യാഥാര്‍ത്ഥ്യബോധത്തോടെ ചിന്തിച്ചാല്‍, നമുക്കു മുമ്പില്‍ ചില മാതൃകകളുണ്ട്. കല്യാണ്‍ രൂപത ഉദാഹരണമാണ്. 1988-ല്‍ കല്യാണ്‍ രൂപത സ്ഥാപിതമാകുമ്പോള്‍ വലിയ എതിര്‍പ്പുകള്‍ ഉണ്ടായി. ഇന്നു കല്യാണ്‍ രൂപതയില്‍ പോയി നോക്കൂ. എത്രയോ മനോഹരമായി സീറോ -മലബാര്‍ വിശ്വാസികള്‍ സഹകരിച്ചു സംതൃപ്തരായി മുന്നോട്ടു പോകുന്നു. അമേരിക്കയിലെ ഷിക്കാഗോ രൂപതയും ഇപ്പോള്‍ ഇതിനൊരുദാഹരണമാണ്. ആരംഭത്തില്‍ എതിര്‍പ്പുകളുണ്ടായിരുന്നു. പക്ഷേ ഇന്നു വന്‍ വളര്‍ച്ച കൈവരിച്ചിരിക്കുന്നു. ആ രൂപതകളില്‍ നിന്നെല്ലാം ഇന്ന് അവര്‍ക്കു സ്വന്തമായ ദൈവവിളികളും പുരോഹിതരും ഉണ്ട്.

കേരളത്തിലെ സീറോ-മലബാര്‍ സഭയെ സംബന്ധിച്ച്, അനേകം യുവജനങ്ങള്‍ ഇന്നു പ്രവാസികളായി മാറിക്കഴിഞ്ഞു. അവരെ നഷ്ടപ്പെട്ടാല്‍ അതു വലിയൊരു നഷ്ടമായിരിക്കും, സീറോ-മലബാര്‍ സഭയ്ക്കു മാത്രമല്ല, ആഗോളസഭയ്ക്കു തന്നെയും. ഒരു അന്യദേശത്ത്, അന്യസംസ്കാരത്തില്‍ കഴിയുമ്പോള്‍ അവരെ നഷ്ടപ്പെടാനുള്ള സാദ്ധ്യതയേറെയാണ്. ഒരു മഹാനഗരത്തില്‍ ആരുടെയും കരുതലും സ്നേഹവുമില്ലാതെ കഴിയുമ്പോള്‍, വിശ്വാസം നഷ്ടപ്പെടാം, ധാര്‍മ്മികത നഷ്ടപ്പെടാം, മനുഷ്യത്വം തന്നെയും നഷ്ടപ്പെടാം. അതിനിടവരുത്താതെ നമ്മുടെ ചെറുപ്പക്കാരെ ആത്മീയമായും സാമൂഹ്യമായും സാംസ്കാരികമായും വളര്‍ത്തി കൊണ്ടുവരാനുള്ള കടമ സഭയ്ക്കുണ്ട്.

? നാം ചെന്നു ചേരുന്ന നാടുകളിലെ സംസ്കാരവുമായി പങ്കു ചേരാന്‍ നമുക്കു കടമയില്ലേ? അവിടെ ചെന്നതിനു ശേഷവും അവരുടെ ഭാഗമായി മാറാതെ വേറിട്ടു നില്‍ക്കുന്നതിനുള്ള ശ്രമമല്ലേ രൂപത സ്ഥാപിക്കുന്നതിലൂടെയൊക്കെ നടത്തുന്നത്?
ഒരിക്കലും അങ്ങനെയല്ല. സ്വീകരിക്കാനും കൊടുക്കാനുമുള്ള ആര്‍ജ്ജവം നാം കാണിക്കണം. സ്വീകരിക്കുക മാത്രം പോരാ. അതിനെയാണു മ്യൂച്വാലിറ്റി എന്നു വിശേഷിപ്പിക്കുന്നത്. എന്‍റെ വ്യക്തിത്വം നഷ്ടപ്പെടുത്തിയിട്ടല്ല ഞാന്‍ ആസ്ത്രേലിയായില്‍ ആയിരിക്കുന്നത്. ആസ്ത്രേലിയായില്‍ ചെന്നെങ്കിലും കുടുംബബന്ധങ്ങള്‍ ഉപേക്ഷിക്കുന്നില്ലല്ലോ. ജീവിതപങ്കാളിയാകാന്‍ മലയാളികളെ തന്നെ തിരഞ്ഞെടുക്കുന്നുണ്ടല്ലോ. ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്ന കാര്യങ്ങള്‍ തന്നെയാണ് സാംസ്കാരിക തലത്തിലുമുള്ളത്. ആസ്ത്രേലിയ ബഹുസ്വരതയുടെ രാജ്യമാണ്. അനേകം സംസ്കാരങ്ങള്‍ അവിടെയുണ്ട്. എല്ലാത്തിനെയും അവര്‍ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. പ്രവാസികളായി ചെന്നു ചേരുന്ന സമൂഹത്തിന്‍റെ മുഖ്യധാരയുടെ ഭാഗമായിരിക്കണം നാം. അതിനര്‍ത്ഥം നമ്മുടേതായ തനിമയും വ്യക്തിത്വവും നഷ്ടപ്പെടുത്തുക എന്നല്ല. കൊടുക്കാനും സ്വീകരിക്കാനും നമുക്കു സാധിക്കണം. പ്രവാസികളായി കഴിയുന്ന സമൂഹത്തില്‍ നിന്നു നാം പലതും സ്വീകരിക്കുന്നു. ഉദാഹരണത്തിനു ജോലിയും ശമ്പളവും. പക്ഷേ പകരം എന്തെങ്കിലും കൊടുക്കുകയും വേണം. ഒന്നും അങ്ങോട്ടു കൊടുക്കാതെ സ്വീകരിക്കുക മാത്രം ചെയ്യുന്നത് ഭിക്ഷാടകരാണ്. നമ്മുടെ പക്കല്‍ പണമില്ലായിരിക്കാം. നമ്മുടെ മൂല്യങ്ങള്‍, വിശ്വാസപാരമ്പര്യം എന്നിവയൊക്കെ നമുക്കു കൊടുക്കാന്‍ കഴിയുന്നതാണ്.

? ബഹുസ്വരതയെ അംഗീകരിക്കുന്ന രാജ്യം എന്നു പറയുമ്പോഴും അടുത്ത കാലത്തായി അവിടെ വംശീയമായ ആക്രമണങ്ങളൊക്കെ ഉണ്ടാകുന്നില്ലേ? ഒരു മലയാളി പുരോഹിതന്‍ തന്നെ ആക്രമിക്കപ്പെടുകയുണ്ടായല്ലോ….
തീര്‍ത്തും ഒറ്റപ്പെട്ട ഒരു സംഭവമാണത്. അതിനെ ഒരു വംശീയ ആക്രമണമായൊന്നും ഞാന്‍ കാണുന്നില്ല. ക്രമസമാധാനമൊക്കെ നന്നായി പാലിക്കുന്ന രാജ്യമാണിത്.

? കുടിയേറ്റത്തെക്കുറിച്ചുള്ള അഭിപ്രായമെന്താണ്? നമ്മുടെ കുടുംബങ്ങള്‍ക്കും സമൂഹത്തിനും ഈ ചെറുപ്പക്കാരുടെ സാന്നിദ്ധ്യവും സംഭാവനകളും നഷ്ടപ്പെടുത്തിക്കൊണ്ടാണല്ലോ ഇവര്‍ മറ്റു രാജ്യങ്ങളിലേയ്ക്കു കുടിയേറുന്നത്. ഇവിടെ തന്നെ അവസരങ്ങള്‍ കണ്ടെത്താതെ നിയമവിരുദ്ധമായി പോലും കുടിയേറാനുള്ള പ്രവണതയെ എങ്ങനെ കാണുന്നു?
സത്യത്തില്‍ ഇന്ത്യയ്ക്കും കേരളത്തിനും ഈ കുടിയേറ്റം നഷ്ടമാണ്. കാരണം, വിദഗ്ദ്ധതൊഴിലാളികളാണ് പ്രവാസികളായി പോകുന്നവരിലേറെയും. പക്ഷേ ഇവിടെ തൊഴിലവസരങ്ങളില്ലാത്തതിനാല്‍ വേറെ മാര്‍ഗങ്ങളില്ല. മാത്രമല്ല, അവരുടെ പണം നമ്മുടെ സമ്പദ്വ്യവസ്ഥയ്ക്കു സഹായകരമാകുന്നുമുണ്ട്. എല്ലാവര്‍ക്കും ഇവിടെ അവസരങ്ങള്‍ സൃഷ്ടിക്കേണ്ടത് രാഷ്ട്രമാണ്. ഇവിടെ ഒരു ചെറുകിട വ്യവസായം തുടങ്ങുന്നതിനു ലൈസന്‍സ് ലഭിക്കണമെങ്കില്‍ എന്തുമാത്രം ബുദ്ധിമുട്ടാണ്? ഇതിനെല്ലാം മാറ്റം വരണം. അതൊരു കാര്യം. പിന്നെ, കുടിയേറ്റം എന്നത് മനുഷ്യസംസ്കാരത്തിന്‍റെ ആരംഭകാലം മുതലുള്ളതാണ്. അതിന് അനേകം ഗുണങ്ങളുമുണ്ട്. ക്രൈസ്തവവിശ്വാസം കേരളത്തില്‍ വന്നതെങ്ങനെയാണ്? ഇവിടെ യഹൂദകച്ചവടക്കാര്‍ ഉണ്ടായിരുന്നതുകൊണ്ടാണ് തോമാശ്ലീഹാ ഇങ്ങോട്ടു വന്നത്. ആളുകള്‍ എവിടെയും പോകാതിരിക്കുന്നത് ആദര്‍ശാത്മകം എന്നു വേണമെങ്കില്‍ പറയാം. പക്ഷേ അതിനുള്ള സാഹചര്യം ആദ്യം സൃഷ്ടിക്കേണ്ടതുണ്ട്.

? മെല്‍ബണ്‍ രൂപത ഇതിനകം മൈനര്‍ സെമിനാരി തുടങ്ങി. സ്വന്തമായ വൈദികരെ പരിശീലിപ്പിച്ചെടുക്കുന്നതിനു വലിയ പ്രാധാന്യം കല്‍പിക്കുന്നതായി തോന്നുന്നു. എന്താണ് അതിനു കാരണം?
ഒരു രൂപതയുടെ ഭദ്രതയില്‍ വലിയൊരു പങ്കും ആ രൂപതയിലെ വൈദികരുടെ അജപാലന ഔത്സുക്യത്തെ ആശ്രയിച്ചിരിക്കുന്നു. ഇപ്പോള്‍ വിവിധ രൂപതകളില്‍ നിന്നും സന്യാസസഭകളില്‍ നിന്നുമുള്ള വൈദികരാണ് മെല്‍ബണ്‍ രൂപതയില്‍ സേവനം ചെയ്യുന്നത്. അവരിലേറെ പേരും നിശ്ചിത കാലം കഴിയുമ്പോള്‍ സ്വന്തം രൂപതകളിലേയ്ക്കും സഭകളുടെ ഉത്തരവാദിത്വങ്ങളിലേയ്ക്കും തിരികെ പോകും. അവരുടെ അജപാലനത്തിനു തുടര്‍ച്ച ഇല്ലാതാകും. അതുകൊണ്ടാണ് തുടക്കത്തില്‍ തന്നെ സ്വന്തമായ വൈദികരെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സെമിനാരി തുടങ്ങിയത്. ആസ്ത്രേലിയായിലെ സീറോ-മലബാര്‍ സമൂഹത്തില്‍ നിന്നു തന്നെ വൈദികവിദ്യാര്‍ത്ഥികളെ കണ്ടെത്തുകയാണ് ഏറ്റവും നല്ലത്. പക്ഷേ, അതിനു സമയമെടുക്കുമല്ലോ. അടുത്ത തലമുറ വളര്‍ന്നു വരുന്നതുവരെ കാത്തിരിക്കേണ്ടതുണ്ട്. ഇതു മനസ്സില്‍ വച്ചുകൊണ്ടാണ് നാട്ടില്‍ നിന്നു വൈദികവിദ്യാര്‍ത്ഥികളെ കണ്ടെത്തി മെല്‍ബണ്‍ രൂപതയ്ക്കായി പരിശീലനം നല്‍കുന്നത്. മൈനര്‍ സെമിനാരി പഠനവും ബിരുദപഠനവും രണ്ടു വര്‍ഷത്തെ ഫിലോസഫി പഠനവും ഇവിടെ നടത്തിയ ശേഷം ദൈവശാസ്ത്ര പഠനം ആസ്ത്രേലിയായില്‍ നടത്തുക എന്നതാണ് ഇപ്പോഴത്തെ പദ്ധതി. ആസ്ത്രേലിയന്‍ സംസ്കാരവും ജീവിതസാഹചര്യങ്ങളും ഇവര്‍ പരിചയപ്പെട്ടിരിക്കേണ്ടതുണ്ടല്ലോ.

? കുറച്ചു സ്ഥിതി വിവരകണക്കുകള്‍ പറഞ്ഞാല്‍..
കേരളത്തില്‍ നിന്ന് 1.2 ലക്ഷം പേരാണ് ആസ്ത്രേലിയായില്‍ ഉള്ളത്. നാലു ലക്ഷത്തില്‍പരം ഇന്ത്യാക്കാരുണ്ട്. ഏറ്റവും കൂടുതല്‍ ഇന്ത്യാക്കാരുള്ളത് പഞ്ചാബില്‍ നിന്നാണ്. അവര്‍ വളരെ നേരത്തെ കുടിയേറ്റമാരംഭിച്ചിരുന്നു. രണ്ടാമത്തെ വിഭാഗം മലയാളികളാണ്. മലയാളികളായ 1.2 ലക്ഷം പേരില്‍ ഏതാണ്ട് പകുതിയോളം സീറോ മലബാര്‍ സഭാംഗങ്ങളാണ്. അതായത് 50,000-60,000 പേര്‍. ആസ്ത്രേലിയായിലെ എല്ലാ പ്രധാന പട്ടണങ്ങളിലും സീറോ-മലബാര്‍ സമൂഹങ്ങളുണ്ട്. എല്ലാവരിലേയ്ക്കും എത്തിച്ചേരാന്‍ നമുക്കു സാധിച്ചിട്ടില്ല. ക്രൈസ്തവജീവിതത്തില്‍ ആഴപ്പെടണമെങ്കില്‍ എല്ലാ ഞായറാഴ്ചയും കുര്‍ബാനയും വേദപാഠവും ഒക്കെയുണ്ടായിരിക്കണം. ഇപ്പോള്‍ 42 സ്ഥലങ്ങളില്‍ സ്ഥിരമായി വേദപാഠം നടന്നു വരുന്നുണ്ട്. 25 ഓളം വൈദികര്‍ സേവനം ചെയ്യുന്നു. സീറോ-മലബാര്‍ സഭയില്‍പ്പെട്ട സന്യാസിനീസമൂഹങ്ങളില്‍നിന്ന് ആരും അവിടെയില്ല. കുടുംബസന്ദര്‍ശനങ്ങള്‍ നടത്തി അവരുടെ പ്രശ്നങ്ങളില്‍ ഇടപെടാനും പരിഹാരം നിര്‍ദേശിക്കാനും മറ്റും സിസ്റ്റേഴ്സിന്‍റെ സാന്നിദ്ധ്യം വളരെ ആവശ്യമാണ്. അച്ചന്മാര്‍ക്ക് അക്കാര്യങ്ങളില്‍ ചില പരിമിതികള്‍ ഉണ്ടാകാം. കേരളത്തില്‍ നിന്നുള്ള സിസ്റ്റേഴ്സിന്‍റെ സേവനം അവിടെ ലഭ്യമാക്കുക അത്ര എളുപ്പമല്ല, പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ട്.

? ആസ്ത്രേലിയായിലെ കത്തോലിക്കാസഭയുടെ പൊതുവായ സ്ഥിതി എങ്ങനെയാണ്?
ലത്തീന്‍ രൂപതകള്‍ 27 എണ്ണമുണ്ട്. ഓറിയന്‍റല്‍ രൂപതകള്‍ 5. മാരോണൈറ്റ്, മെല്‍കൈറ്റ്, കല്‍ദായ, ഉക്രെയിന്‍ റീത്തുകളാണ് ആസ്ത്രേലിയായില്‍ രൂപതകളുളള മറ്റു പൗരസ്ത്യ റീത്തുകള്‍. ഇവരെല്ലാം നേരത്തെ രൂപതകള്‍ സ്ഥാപിച്ചവരാണ്. അതിലെ അംഗങ്ങള്‍ വളരെ നേരത്തെ ഇവിടേയ്ക്കു കുടിയേറിയവരുമാണ്. അതിനാല്‍, സീറോ-മലബാര്‍ രൂപത സ്ഥാപിക്കാന്‍ വൈകി എന്നു പറയാനാവില്ല. ചില ലത്തീന്‍ രൂപതകള്‍ മിഷന്‍ രൂപതകള്‍ പോലെയാണ്. ഉത്തരേന്ത്യയിലെ മിഷന്‍ രൂപതകളേക്കാള്‍ ദുര്‍ബലമായ ചില രൂപതകള്‍ ആസ്ത്രേലിയായുടെ ചില ഭാഗങ്ങളിലുണ്ട്. യൂറോപ്പിനേക്കാള്‍ മതനിരാസം ബാധിച്ച സ്ഥിതി ആസ്ത്രേലിയായില്‍ പല തലങ്ങളിലുമുണ്ടെന്നു പറയാം. സഭയെയും സഭാജീവിതത്തെയും സംബന്ധിച്ച് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന ഘടകം തന്നെയാണിത്. ആസ്ത്രേലിയന്‍ സഭയെ പലയിടത്തും ഇന്നു പിടിച്ചു നിറുത്തുന്നത് പ്രവാസികളായി ചെന്നിട്ടുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കത്തോലിക്കരാണ്.

? അവിടത്തെ ലത്തീന്‍ സഭയുമായി യോജിച്ച് ഏക കത്തോലിക്കാസഭയായി പ്രവര്‍ത്തിക്കേണ്ട രംഗങ്ങളിലെല്ലാം അങ്ങനെ തന്നെയാണോ നാം നീങ്ങുന്നത്?
തീര്‍ച്ചയായും. ആ കാര്യങ്ങളിലെല്ലാം വളരെ മാതൃകാപരമായ സമീപനമാണ് അവിടത്തെ ലത്തീന്‍ രൂപതകളും മെത്രാന്മാരും സ്വീകരിക്കുന്നത്. ഓറിയന്‍റല്‍ മെത്രാന്മാരായ ഞങ്ങളെല്ലാം അവിടത്തെ ദേശീയ കത്തോലിക്കാ മെത്രാന്‍ സംഘത്തിലെ അംഗങ്ങളാണ്. അവിടത്തെ മറ്റെല്ലാ മെത്രാന്മാരേയും പോലെ വിവിധ കമ്മീഷനുകളിലും സമിതികളിലുമെല്ലാം ചെന്ന സമയത്തു തന്നെ എന്നെയും നിയോഗിക്കുകയുണ്ടായി. വളരെ നല്ല അംഗീകാരവും പ്രോത്സാഹനവുമാണ് ലത്തീന്‍ മെത്രാന്മാര്‍ പൗരസ്ത്യ റീത്തുകാര്‍ക്കു നല്‍കുന്നത്. മനോഹരമായ ഒരു രേഖ, ലഘുലേഖയായി ആസ്ത്രേലിയന്‍ മെത്രാന്‍ സംഘം ഇതു സംബന്ധിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൗരസ്ത്യ സഭകളിലുള്ള ആളുകളോട് എങ്ങനെയാണ് ഇടപെടേണ്ടത് എന്നും അവരുടെ അജപാലനകാര്യങ്ങള്‍ പുലര്‍ത്തേണ്ട സമീപനമെന്താണ് എന്നും ലത്തീന്‍ അജപാലകരെയും വിശ്വാസികളെയും ഓര്‍മ്മിപ്പിക്കുന്ന രേഖയാണത്. ഇന്ത്യയിലും മറ്റു രാജ്യങ്ങളിലുമുള്ള സഭകള്‍ക്ക് ഒരു മാതൃകയാണത് എന്നു പറയാവുന്നതാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org