Latest News
|^| Home -> Abhimukham -> ഉയരെ

ഉയരെ

Sathyadeepam

മരിയ റാന്‍സം

ആനുകാലിക ജീവിതയാഥാര്‍ത്ഥ്യങ്ങളുമായി ചേര്‍ന്നുനില്ക്കുന്ന വിഷയങ്ങള്‍ അഭ്രപാളിയില്‍ എത്തിക്കുവാന്‍ എന്നും ശ്രദ്ധിക്കുന്ന തിരക്കഥാകൃത്തുക്കള്‍ ബോബിയെന്ന ഏട്ടനും സഞ്ജയ് എന്ന അനുജനും. സിനിമാവ്യവസായത്തിന്‍റെ ജയാപജയങ്ങളും താരത്തിളക്കത്തിന്‍റെ മാസ്മരലോകവും കണ്ടു വളര്‍ന്ന ഇവര്‍ കഴിഞ്ഞ 16 വര്‍ഷമായി ചൂണ്ടുപലകകളും സൂചനകളും പ്രതീക്ഷകളുമടങ്ങുന്ന കുറേ നല്ല കഥകള്‍ പറഞ്ഞു മലയാള സിനിമയില്‍ വിജയങ്ങള്‍ സൃഷ്ടിച്ചു നിലനില്ക്കുന്നു. സൂക്ഷ്മമായി നെയ്തെടുത്ത പട്ടുപോല ഉയരെ എന്ന സിനിമ വെന്നിക്കൊടി പാറിക്കുമ്പോള്‍ സ്രഷ്ടാക്കളായവരില്‍ ഒരാള്‍, സഞ്ജയ് സംസാരിക്കുന്നു.

? മലയാളികള്‍ നായകനൊപ്പംതന്നെ സ്നേഹി ച്ച പ്രതിനായകന്‍ ബോബിച്ചായനെന്നു നിങ്ങള്‍ വിളിക്കുന്ന ജോസ് പ്രകാശ് നിര്‍മ്മാതാവും അഭിനേതാവുമായ അപ്പന്‍ പ്രേംപ്രകാശ് സ്വാഭാവികമായും രണ്ടാം തലമുറക്കാര്‍ തിരഞ്ഞെടുക്കേണ്ടത് അഭിനയമോ സംവിധായകന്‍റെ കുപ്പായമോ ആണ്. എന്നാല്‍ അപകടസാദ്ധ്യത ഏറ്റവും കൂടുതലുള്ള മേഖല തിരക്കഥാ രചനയിലേക്കുള്ള ആഗ്രഹം ഉണ്ടായതെങ്ങനെ?
ശരിയാണ്. അച്ചാച്ചാ എന്നു ഞങ്ങള്‍ വിളിക്കുന്ന അപ്പന്‍ പ്രേം പ്രകാശ് എല്ലാ വര്‍ഷവും ഒരു സിനിമ വീതം പ്രൊഡ്യൂസ് ചെയ്യുന്ന ഒരു നിര്‍മാതാവായിരുന്നു. ബേബിച്ചായനെന്ന ജോസ് പ്രകാശ് നടനുമായിരുന്നു. സംവിധായകരാരും ഇല്ലായിരുന്നുവെങ്കിലും ഞങ്ങളുടെ കുടുംബത്തില്‍ ഒരു തിരക്കഥാകൃത്ത് ഉണ്ടായിരുന്നു. ന്യൂഡല്‍ഹി, രാജാവിന്‍റെ മകന്‍ പോലുള്ള സൂപ്പര്‍ ഹിറ്റുകളെഴുതിയ ഡെന്നീസ് ജോസഫ്. വര്‍ഷത്തില്‍ ഒരു സിനിമ എന്നു പറയുമ്പോള്‍ വീട്ടില്‍ സംവിധായകരും സാങ്കേതിക വിദഗ്ദ്ധരും നടീനടന്മാരും വന്നുപോകുന്ന വലിയ സിനിമാതിരക്കുകളായിരുന്നു ഞങ്ങളുടെ കുട്ടിക്കാലം. ചുറ്റുമുണ്ടായതു സിനിമയുടെ ലോകമായിരുന്നു. അതേസമയം അമ്മ ഒരു കോളജദ്ധ്യാപികയായിരുന്നു. അമ്മയുടെ ഏറ്റവും വലിയ നിര്‍ബന്ധം ഞങ്ങള്‍ പുസ്തകങ്ങള്‍ വായിക്കണം എന്നതു മാത്രമായിരുന്നു. കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ ഒരുപാടു വായിക്കുന്ന ശീലം ഞങ്ങളില്‍ അമ്മ വളര്‍ത്തി. ഈ വായന ആ കാലഘട്ടം മുതലേ ചിത്രകഥകളെഴുതുക തുടങ്ങിയ താത്പര്യം ഞങ്ങളില്‍ ഉണ്ടാക്കി. ചുറ്റുമുള്ള സിനിമ അന്തരീക്ഷവും ഈ വായനാശീലവും ചേര്‍ന്നതു കൊണ്ടാവാം ഞങ്ങള്‍ ഈ വഴി തിരഞ്ഞെടുത്തത്.

? കഥാതന്തുവിന്‍റെ തിരഞ്ഞെടുപ്പു മുതല്‍ സിനിമയുടെ പേരുവരെ-മലയാളിയുടെ മനസ്സറിഞ്ഞ ഒരു കൈ വഴക്കം നിങ്ങള്‍ക്കുണ്ട്. സിനിമാ വ്യവസായത്തിന്‍റെ ജയപരാജയങ്ങള്‍ അറിഞ്ഞ കുടുംബപശ്ചാത്തലം ഇതിനു പ്രേരകമായിട്ടുണ്ടോ?
തീര്‍ച്ചയായിട്ടും പ്രേരകമായിട്ടുണ്ട്. ഒരു തുടക്കക്കാരനും ലഭിക്കാത്ത ഒരു ഭാഗ്യം തിരക്കഥാകൃത്തുക്കള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്കു കിട്ടിയിട്ടുണ്ട്. സിനിമയിലെ എല്ലാ മേഖലയും കണ്ട്, സിനിമയുടെ ജയവും പരാജയവും അറിഞ്ഞാണു ഞങ്ങള്‍ വളര്‍ന്നത്. മുതിര്‍ന്നപ്പോള്‍ ബോബി മെഡിസിനു ചേര്‍ന്നു. ഇന്നു ഡോക്ടറാണ്. ഞാന്‍ അസിസ്റ്റന്‍റ് ഡയറക്ടറായി. ഈ കാലഘട്ടമാണു സിനിമയെക്കുറിച്ചും തിരക്കഥകളെക്കുറിച്ചും ആഴത്തില്‍ പഠിക്കാനും നിരീക്ഷിക്കാനും സഹായകമായത്. കുടുംബ പശ്ചാത്തലത്തോടൊപ്പം തന്നെ അസിസ്റ്റന്‍റ് ഡയറക്ടറായി ജോലി ചെയ്തതും ഒരുപാടു സ്വാധീനിക്കുന്നുണ്ട്. ഇതൊക്കെ പറയുമ്പോഴും ഒരു കഥയും ടൈറ്റിലും തിരഞ്ഞെടുക്കുമ്പോള്‍ അതിന്‍റെ അടിസ്ഥാനം ഞങ്ങളുടെ ആന്തരികപ്രേരണ തന്നെയാണ്. ഞങ്ങള്‍ പറയാനിഷ്ടപ്പെടുന്ന വിഷയമാണോ, കാണാന്‍ ഇഷ്ടപ്പെടുന്ന സിനിമിയാണോ എന്ന തോന്നലില്‍നിന്നാണു തിരഞ്ഞെടുപ്പുകള്‍ ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ കരിയറില്‍ വിജയങ്ങള്‍ മാത്രമല്ല നഷ്ടങ്ങളുമുണ്ട്. കാരണം തോന്നലുകള്‍ ചില സമയങ്ങളില്‍ തെറ്റാം. എന്തു കുടുംബപശ്ചാത്തലമുണ്ടെങ്കിലും എത്ര പരിശീലനം ലഭിച്ചിട്ടുണ്ടെങ്കിലും സിനിമയുടെ ജയവും പരാജയവും നിര്‍ണയിക്കാന്‍ എത്ര പരിചയസമ്പന്നനായ ഒരു സംവിധായകനും തിരക്കഥാകൃത്തിനും പറ്റാറില്ല.

? കായേന്‍ നിന്‍റെ സഹോദരനെവിടെ? ഉത്പത്തി മുതല്‍ കേള്‍ക്കുന്ന ചോദ്യം ഇന്നും തുടരുന്നു. വിജയം പങ്കുവയ്ക്കാന്‍ മടിക്കുന്ന പരാജയം അപരന്‍റെ തലയില്‍ വച്ചൊഴിയാന്‍ ശ്രമിക്കുന്ന സിനിമയില്‍ ബോബിയെന്ന ഏട്ടനും സഞ്ജയ് എന്ന അനുജനും ഒരുമിച്ചാണെന്നും. ഒരേ മനസ്സോടെ സ്വപ്നം കണ്ട് അവയെ സിനിമകളാക്കി മാറ്റാന്‍ നിങ്ങളെ ഒരുമിച്ചു നിലനിര്‍ത്തുന്നതെന്തെല്ലാമാണ്?
ഒരുപാടു സമയങ്ങള്‍ ഒരുമിച്ചായിരുന്ന, വളരെ പങ്കുവയ്ക്കപ്പെട്ട കുട്ടിക്കാലം തന്നെയാണ് അതിന്‍റെ കാരണം. അന്നും ഇന്നും വലിയ സുഹൃദ്വലയങ്ങളില്ലാത്തവരാണു ഞങ്ങള്‍. സിനിമയോടുള്ള ഞങ്ങളുടെ ഹരം. “ഹരമെന്ന വാക്കുതന്നെയാണു അനുയോജ്യം”, പങ്കുവയ്ക്കപ്പെട്ട താത്പര്യമാണ്. സിനിമകള്‍ കണ്ടിരുന്നതും സിനിമകളെപ്പറ്റി ചര്‍ച്ച ചെയ്തിരുന്നതും ഒരുമിച്ചാണ്. അച്ചാച്ചന്‍ നിര്‍മ്മിക്കുന്ന സിനിമകളുടെ ലൊക്കേഷനില്‍ പോയിരുന്നതും ഒരുമിച്ചുതന്നെയാണ്. ഈ പറയുന്ന ഒരുമിക്കലിലൊക്കെ ഞങ്ങള്‍ സംസാരിക്കാറുള്ള വിഷയം സിനിമയാണ്. എനിക്കു തോന്നുന്നു, സ്വാഭാവികവും അനിവാര്യവുമായ ഒരു എത്തിച്ചേരലായിരുന്നു ഒരുമിച്ചെഴുതാം എന്നുള്ള അവസ്ഥയും.

? അപ്പുവിന്‍റെ വീടു മുതല്‍ ഉയരെ വരെ പെണ്‍കഥാപാത്രങ്ങളെല്ലാം തന്നെ സ്വന്തം ശക്തിയും കഴിവും തിരിച്ചറിഞ്ഞ ഉള്‍ക്കരുത്തുള്ളവരാണ്. ഇപ്രകാരം ആയിരിക്കണം പെണ്‍ജീവിതങ്ങള്‍ എന്നു സമൂഹത്തോടു പങ്കുവയ്ക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കുന്നുണ്ടോ?
സമൂഹത്തോട് എങ്ങനെയെങ്കിലുമൊന്നു പങ്കുവയ്ക്കണമല്ലോ എന്നു തോന്നുന്ന വിഷയങ്ങളാണു ഞങ്ങളുടെ സിനിമകള്‍. സമൂഹത്തില്‍ കാണാന്‍ ആഗ്രഹിക്കുന്ന ഒരു പ്രോഗ്രസ്സുണ്ട്. പ്രത്യേകിച്ചു സ്ത്രീപുരുഷ സമത്വമെന്ന കാഴ്ചപ്പാടില്‍ ലിംഗഭേദത്തെക്കുറിച്ചുണ്ടാകുന്ന പ്രശ്നങ്ങളില്‍ വളരെ പെട്ടെന്നു പ്രതികരിക്കുന്ന ആളുകളാണു ഞങ്ങള്‍. കാരണം എന്നും വളരെ അഭിമാനത്തോടെ കോളജില്‍ പോയി ജോലി ചെയ്തിരുന്ന അമ്മയെ കണ്ടാണു ഞങ്ങള്‍ വളര്‍ന്നത്. അതിനുശേഷം ഭാര്യയുടെ പിന്തുണയും സ്വാധീനവും ജീവിതത്തില്‍ ഒരുപാടു സഹായിച്ചിട്ടുണ്ട്. എനിക്കുള്ളതു രണ്ടു പെണ്‍മക്കളാണ്. ഇത്തരത്തില്‍ ഒരുപാടു സ്ത്രീസാന്നിദ്ധ്യമുള്ള ജീവിതമാണ് എന്‍റേത് – ബോബിയുടെയും അങ്ങനെതന്നെയാണ്. ഇതെല്ലാം കൂടിച്ചേരുമ്പോള്‍ നമ്മള്‍ കണ്ടുമുട്ടുന്ന സ്ത്രീകളില്‍നിന്നും നല്ല സൗഹൃദങ്ങള്‍ നമുക്കു ലഭിക്കുന്നു. ഇത്തരം നല്ല സൗഹൃദങ്ങള്‍ സമൂഹത്തില്‍ ഉണ്ടാകാതിരിക്കാനുള്ള കാരണം പുരുഷന്‍റെ മേധാവിത്വഭാവവും സ്ത്രീ ഭരിക്കപ്പെടേണ്ടവളാണെന്ന ചിന്തയുമൊക്കെത്തന്നെയാണ്. സ്ത്രീ-പുരുഷ ബന്ധങ്ങളില്‍ ഒരു സമത്വം ഉണ്ടാകാറില്ല എന്നു തോന്നിയിട്ടുണ്ട്. ഇല്ലെന്നില്ല, കുറവാണ്. തിരുത്തപ്പെടാന്‍ സ്ത്രീസൗഹൃദങ്ങള്‍ സഹായിക്കുകയും ജീവിതംതന്നെ പോസിറ്റീവായി മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. ആ ജീവിതാനുഭവങ്ങളാകാം ഞങ്ങളുടെ കഥകളില്‍ വരുന്നത്.

? സ്വന്തമാക്കാനായില്ലെങ്കില്‍ നശിപ്പിക്കണം. സുന്ദരമെന്നു കവികള്‍ വാഴ്ത്തുന്ന പ്രണയത്തിനു പുതിയ സമവാക്യങ്ങള്‍ രൂപപ്പെടുന്നതില്‍ അപകടകരമായവ മാത്രമാണു പുറംലോകം അറിയുന്നത്. തേപ്പ് തുടങ്ങിയ പുതിയ പ്രയോഗങ്ങള്‍പോലും പുത്തന്‍ തലമുറയുടെ മാനസികാവസ്ഥയെയാണു സൂചിപ്പിക്കുന്നത്. നല്ലതെല്ലാം നമുക്കു നഷ്ടപ്പെട്ടു തുടങ്ങുന്നുണ്ടോ?
നല്ലതെല്ലാം നഷ്ടപ്പട്ടു തുടങ്ങുന്നു എന്നൊരിക്കലും തോന്നുന്നില്ല. കഴിഞ്ഞുപോയ പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നന്മ കാട്ടിയതു പുതിയ തലമുറയാണ്. സ്വാര്‍ത്ഥതയില്ലാതെ വളരുന്ന വലിയ ഒരു തലമുറ നമുക്കുണ്ട്. ആ തലമുറയില്‍ നല്ല സൗഹൃദവും നല്ല പ്രണയങ്ങളുമുണ്ട്. ഇവ നല്ല വിവാഹബന്ധങ്ങളായി മാറുന്നുമുണ്ട്. മുന്‍ തലമുറയെ നോക്കുക. മുന്‍തലമുറ എല്ലാം നല്ലതായിരുന്നോ? തേപ്പ് എന്ന പ്രയോഗം ഈ തലമുറയുടെ ഒരു തമാശ പ്രയോഗമാണ്. പണ്ടു പ്രേമിക്കുന്നതിനെ ലൈനടിക്കുക എന്നു പറയുമായിരുന്നു. ഇത്തരം പ്രയോഗങ്ങള്‍ വന്നുപോയുമിരിക്കും. പക്ഷേ പ്രതീക്ഷിക്കാന്‍ ഒന്നുമില്ലാത്ത തലമുറയല്ല വളര്‍ന്നുവരുന്നത്. ഇവിടെയും മാറേണ്ടത് ആണുങ്ങളാണ്. ഒരാളും എന്‍റെ സ്വന്തമല്ല. ആരുടെയും ഉടമസ്ഥാവകാശം എന്‍റേതല്ല എന്നവര്‍ തിരിച്ചറിയണം. ഉടമസ്ഥാവകാശമില്ലാതെ തന്നെ ഗംഭീര സൗഹൃദങ്ങളുണ്ടാകുന്നു, പ്രണയങ്ങളുണ്ടാകുന്നു, വിവാഹങ്ങളുമുണ്ടാകുന്നു. നല്ല സൗഹൃദങ്ങളാണു വിവാഹങ്ങളാകേണ്ടത്. അതില്‍ നിന്നൊക്കെ വ്യത്യസ്തമായ ചില പിടിച്ചുവയ്ക്കലുകള്‍, ചില സ്വാര്‍ത്ഥതകള്‍, ചില ആണ്‍മേല്ക്കോയ്മകള്‍ ഇതൊക്കെ മാറിവരുന്നുണ്ട് എന്നുതന്നെയാണു തോന്നുന്നത്. പുരുഷമേധാവിത്വത്തിന്‍റെ ഭാഗമായുള്ള ഒരുപാടു കാര്യങ്ങള്‍ നമുക്കു ചുറ്റും ഇപ്പോഴും നടക്കുന്നുണ്ട്. സ്ത്രീകള്‍ക്കു പ്രവേശനമില്ലാത്ത സ്ഥലങ്ങളുണ്ട്, സ്ത്രീകള്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളുണ്ട്. അടക്കവും ഒതുക്കവും സ്ത്രീകള്‍ക്കു മാത്രമാണു പറഞ്ഞിട്ടുള്ളത്. ഇതെല്ലാം ഇങ്ങനെതന്നെ വേണം എന്നു വിശ്വസിക്കുന്ന, തുടരണം എന്നു ശഠിക്കുന്ന ഒരു കൂട്ടം ആളുകള്‍ ഇപ്പോഴുമുണ്ട്. പക്ഷേ, ഇക്കൂട്ടര്‍ കുറഞ്ഞുവരും എന്നുതന്നെയാണു കരുതുന്നത്.

? സൗന്ദര്യത്തെ കണ്ടുതുടങ്ങേണ്ടത് ഇപ്രകാരമാണ് എന്ന ഓര്‍മ്മപ്പെടുത്തല്‍ മാത്രമല്ല, താക്കീതും കൂടിയാണ്, ഉയരെ എന്ന സിനിമ. കാലത്തിനു മുന്നേ സംവദിച്ച ട്രാഫിക് പോലെ ഈ തലമുറയോടു പറയേണ്ടവ ഗൗരവം ഒട്ടും ചോരാതെ പറയാന്‍ നല്ലൊരു ടീം വര്‍ക്ക് സഹായിക്കുന്നുണ്ട്. കഥ സിനിമയായിത്തീര്‍ന്ന വഴികളെക്കുറിച്ചൊന്നു പറയാമോ?
സൗന്ദര്യത്തെക്കുറിച്ചുള്ള വളരെ അപക്വവും ബാലിശവുമായ നമ്മുടെ കാഴ്ചപ്പാടാണു ഞങ്ങളെ ആകര്‍ഷിച്ചത്. വെളുപ്പും കറുപ്പും തടിച്ചതും മെലിഞ്ഞതുമെല്ലാം ആണു സൗന്ദര്യത്തിന്‍റെ മാനദണ്ഡം. പുരുഷനേക്കാള്‍ സ്ത്രീകള്‍ക്കാണു ഇതൊക്കെ ബാധകമാകുന്നത്. കറുത്തു തടിച്ച ഒരു സ്ത്രീ വളരെ നല്ല വ്യക്തിത്വമാണെങ്കിലും വിവാഹമാര്‍ക്കറ്റില്‍ വില ലഭിക്കുന്നതു വലിയ വ്യക്തിത്വമില്ലാത്ത നമ്മുടെ മനസ്സില്‍ പതിഞ്ഞിരിക്കുന്ന സൗന്ദര്യസങ്കല്പത്തിനു യോജിച്ച സ്ത്രീക്കാവും. ഇതൊരു പ്രാകൃതവും ബാലിശവുമായ മനോഭാവമാണ്. ഇതില്‍ നിന്നാണു ഈ കഥ ഉണ്ടാകുന്നത്. അതുപോലെ സൗന്ദര്യം വേണമെന്നു നിര്‍ബന്ധം പിടിക്കുന്ന ചില തൊഴില്‍ മേഖലകളും മത്സരങ്ങളുമുണ്ട്. എത്ര നല്ല വ്യക്തിത്വമുണ്ടെങ്കിലും നിങ്ങള്‍ക്കൊരിക്കലും എത്തിച്ചേരാന്‍ പറ്റാത്ത സൗന്ദര്യമത്സരങ്ങളുണ്ട്. ഇതു വലിയ തമാശയായിട്ടാണു തോന്നുന്നത്. റിസപ്ഷനിസ്റ്റ്, എയര്‍ഹോസ്റ്റസ് മുതലായവ ഇത്തരം തൊഴിലിടങ്ങളുമാണ്. ഒരാളുടെ സൗന്ദര്യം മുഖത്താണ്. മുഖമില്ലെങ്കില്‍ ജീവിതമില്ല എന്നു വിശ്വസിക്കുന്ന കാമുകന്‍, എനിക്കില്ല എങ്കില്‍ മറ്റാര്‍ക്കും വേണ്ട എന്ന വാശിയോടെ, ആസിഡൊഴിച്ചു മോഹങ്ങളും ചിറകുകളും ഇല്ലാതാക്കുന്ന യുവതി, സൗന്ദര്യമില്ലെങ്കില്‍ എത്തിച്ചേരാനാകാത്ത തൊഴില്‍മേഖലയില്‍ എത്തിച്ചേരുന്ന ഈ കഥ ഒരു പരിധിവരെ സാങ്കല്പികമാണ്. പക്ഷേ, ഭാവിയില്‍ ഇതു യാഥാര്‍ത്ഥ്യമാകും എന്നു പ്രതീക്ഷയുണ്ട്. സമൂഹം മുന്നോട്ടാണു പോകുന്നത്. അതുകൊണ്ടുതന്നെ എയര്‍ഹോസ്റ്റസുമാര്‍ക്ക് ഈ സൗന്ദര്യമാനദണ്ഡങ്ങള്‍ നിഷ്കര്‍ഷത ഇല്ലാതെ വന്നേക്കാം – കാലം കഴിയുന്തോറും സൗന്ദര്യമത്സരങ്ങളുടെ നിബന്ധനകളുടെ സ്വഭാവവും മാറും, എന്നുതന്നെയാണു തോന്നുന്നത്.

ഈ കഥ സംവിധാനം ചെയ്തതു മനു അശോകനാണ്. മനു ട്രാഫിക് എന്ന ഞങ്ങളുടെ സിനിമ സംവിധാനം ചെയ്ത രാജേഷ്പിള്ളയുടെ അസിസ്റ്റന്‍റായിരുന്നു. രാജേഷ് ജീവിച്ചിരുന്നപ്പോള്‍ ഏറെ പ്രതീക്ഷയോടെ പറഞ്ഞിരുന്ന പേരാണു മനുവിന്‍റേത്. രാജേഷ് ഒരാളെ വിശ്വസിക്കുന്നുണ്ടെങ്കില്‍ അതു വെറുതെയാവില്ല എന്ന ഉറപ്പിലായിരുന്നു ഞങ്ങള്‍. ഇതില്‍ അഭിനയിച്ചിരിക്കുന്നതു ഞങ്ങളുടെ സുഹൃത്തുകൂടിയായ പാര്‍വതിയാണ്. ആസിഡ് ആക്രമണത്തിനിരയായവരെയൊക്കെ ഒരുപാടു ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ കഥ പൂര്‍ണമാകുന്നത്. ഈ സിനിമ പ്രോഡ്യൂസ് ചെയ്തതു നോട്ടുബുക്കെന്ന ഞങ്ങളുടെ സിനിമ നിര്‍മിച്ച പി.വി. ഗംഗാധരന്‍ സാറിന്‍റെ മൂന്നു പെണ്‍മക്കള്‍ ചേര്‍ന്നാണ് – ഷേര്‍ഗ, ഷിനൂഗ, ഷഗ്ന. ഒരു സിനിമ നിര്‍മിക്കണം എന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് ഇവര്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഈ കഥ ആയപ്പോള്‍ ഞങ്ങളാദ്യം വിളിച്ചത് അവരെയാണ്. കഥ കേട്ടപ്പോള്‍തന്നെ അവര്‍ താത്പര്യം കാണിച്ചു. ഇതാണു സിനിമയ്ക്കു പിറകിലുള്ള കൂട്ടായ്മ.

പ്രോത്സാഹിപ്പിക്കപ്പെടണം ഈ മാറ്റങ്ങളെ. ഒരു ചീത്തവാക്കുകൊണ്ടുപോലും ഒരു പെണ്ണിനെ തളര്‍ത്തിക്കളയാം എന്ന ധാരണകളെല്ലാം മാറുകയാണ്. ആസിഡ് ഒഴിച്ചു കരിഞ്ഞാലും അവള്‍ പറക്കും. മാലാഖയെപ്പോലൊരു പെണ്‍കുട്ടി വേണമെങ്കില്‍ ആണൊരു പറുദീസയൊരുക്കി കാത്തിരിക്കട്ടെ എന്നു സഞ്ജയുടെ വാക്കുകളെ ചുരുക്കിയെഴുതാം.

Leave a Comment

*
*