Latest News
|^| Home -> Abhimukham -> അനുരഞ്ജനത്തിന്‍റെ വഴികളില്‍ സമാധാനം പകരാന്‍….

അനുരഞ്ജനത്തിന്‍റെ വഴികളില്‍ സമാധാനം പകരാന്‍….

Sathyadeepam

ആലപ്പുഴ രൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള മെത്രാനായി മോണ്‍. ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍ ഫെബ്രുവരി 11-ന് അഭിഷിക്തനാവുകയാണ്. രൂപതയുടെ ബിഷപ് ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ തുമ്പോളി പള്ളി വികാരിയായിരിക്കുമ്പോള്‍ കൊച്ചച്ചനായി അദ്ദേഹത്തിന്‍റെ ശുശ്രൂഷകളില്‍ പങ്കാളിയായ നിയുക്ത മെത്രാന്‍, അത്തിപ്പൊഴിയില്‍ പിതാവിന്‍റെ സഹായിയായി വീണ്ടും അവരോധിക്കപ്പെടുന്നു. അനുരഞ്ജനത്തിന്‍റെയും സമാധാനത്തിന്‍റെയും മാര്‍ഗ്ഗത്തിലൂടെ തന്‍റെ ശുശ്രൂഷ മുന്നോട്ടു കൊണ്ടുപോകാനാണ് ബിഷപ് ആനാപറമ്പില്‍ ആഗ്രഹിക്കുന്നത്. “കര്‍ത്താവേ ഞങ്ങളുടെ നാളുകളില്‍ അങ്ങയുടെ സമാധാനം നല്‍കണമേ” എന്ന ലത്തീന്‍ ആരാധനക്രമത്തിലെ പ്രാര്‍ത്ഥനയാണ് മെത്രാനാകുമ്പോള്‍ ഇദ്ദേഹം സ്വീകരിക്കുന്ന ആപ്തവാക്യം. മെത്രാന്‍ ശുശ്രൂഷയിലെ ആകുലതകളിലും ദൈവകരങ്ങളില്‍ മുറുകെപ്പിടിച്ച് അവി ടുത്തെ സമാധാനം ആശിച്ചും അവകാശപ്പെടുത്തിയും ഏല്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വം നിര്‍വഹിക്കാനാകുമെന്ന് നിയുക്തമെത്രാന്‍ വിശ്വസിക്കുന്നു.

ആലപ്പുഴ കണ്ടക്കടവ് സെന്‍റ് ഫ്രാന്‍സിസ് ഇടവക ആനാപറമ്പില്‍ പരേതരായ റാഫേല്‍ – ബ്രിജിറ്റ് ദമ്പതികളുടെ മകനായ ബിഷപ് ജെയിംസ് 1962 മാര്‍ച്ച് ഏഴിനാണ് ജനിച്ചത്. ചെല്ലാനം സെന്‍റ് മേരീസ് ഹൈസ്കൂളിലെ പഠനശേഷം ആലപ്പുഴ സേക്രഡ് ഹാര്‍ട്ട് സെ മിനാരിയില്‍ ചേര്‍ന്നു. 1986 ഡിസംബര്‍ 17-ന് പൗരോഹിത്യം സ്വീകരിച്ചു. കെസിഎസ്എല്‍, ടീച്ചേഴ്സ് ഗില്‍ഡ്, രൂപതാ വൊക്കേഷനല്‍ സെന്‍റര്‍ എന്നിവയുടെ ഡയറക്ടറായി പ്രവര്‍ത്തിച്ചു. ആലപ്പുഴ രൂപതാ വികാരി ജനറല്‍, ആലുവ കാര്‍മ്മല്‍ഗിരി സെന്‍റ് ജോസഫ് സെമിനാരി അധ്യാപകന്‍, പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്‍റ് എന്നീ നിലകളിലും സേവനം ചെയ്തു. കെസിബിസി ആസ്ഥാനമായ പിഒസിയില്‍ ബൈബിള്‍ പരിഭാഷാ പണ്ഡിത സമിതി അംഗമാണ്. ദൈവ ശാസ്ത്രത്തില്‍ ഡോക്ടറേറ്റും യഹൂദപഠനത്തില്‍ പോസ്റ്റ്മാസ്റ്റര്‍ ഡോക്ടറേറ്റും നേടിയിട്ടുള്ള ബിഷപ് ആനാപറമ്പിലിന് വിവിധ ഭാഷകള്‍ വശമാണ്. അദ്ദേഹവുമായി സത്യദീപം സീനിയര്‍ സബ് എഡിറ്റര്‍ ഫ്രാങ്ക്ളിന്‍ എം നടത്തിയ അഭിമുഖത്തില്‍ നിന്ന്……

? പുതിയ ഉത്തരവാദിത്വത്തെയും നിയോഗത്തെയും എങ്ങനെ കാണുന്നു?
ഇത്തരത്തിലൊരു നിയോഗം എന്നെ തേടിയെത്തേണ്ട കാര്യമില്ലായിരുന്നു എന്നാണ് ഒരുപരിധി വരെ എന്‍റെ ചിന്ത. ആലപ്പുഴ രൂപതയില്‍ അതിനു യോഗ്യരായ പലരുമുണ്ട്. രൂപതയിലെ ഇടവകകള്‍ കേന്ദ്രീകരിച്ചുള്ള ശുശ്രൂഷകളില്‍ ഞാന്‍ അധികം വ്യാപൃതനായിരുന്നില്ല. പഠിപ്പിക്കലിന്‍റെയും പഠനത്തിന്‍റെയുമൊക്കെ മേഖലയിലായിരുന്നു കൂടുതലും. ഉത്തരവാദിത്വത്തെക്കുറിച്ചുള്ള ആകുലതകളുണ്ട്. എന്നാല്‍ വലിയ ആവേശമോ അതിരുവിട്ട സന്തോഷമോ ഇല്ല. ഉത്തരവാദിത്വത്തിന്‍റെ ഭാഗമായി ദൈവത്തില്‍ ആശ്രയിച്ച് ഇതു സ്വീകരിക്കുകയാണ്.

? മെത്രാന്മാര്‍ തിരഞ്ഞെടുക്കപ്പെടുന്ന ഘട്ടത്തില്‍ അക്കാദമിക കഴിവുകളും ബൗദ്ധിക മികവുകളുമാണ് പൊതുവേയുള്ള മാനദണ്ഡമായി കാണുന്നത്. ഇടവകയുമായി അധികം ബന്ധമില്ലാത്തവര്‍ നേതൃ സ്ഥാനങ്ങളിലേക്ക് ഉയര്‍ത്തപ്പെടുമ്പോള്‍ അജപാലനത്തില്‍ അതു ചില പ്രയാസങ്ങള്‍ സൃഷ്ടിക്കില്ലേ?
എന്‍റെ മെത്രാന്‍ സ്ഥാനത്തെ മുന്‍നിറുത്തിയല്ലെങ്കിലും ഈ ചിന്ത എനിക്കുണ്ടായിട്ടുണ്ട്. സെമിനാരി പോലുള്ള സ്ഥാപനങ്ങളില്‍ പ്രത്യേകതരം ഏകാഗ്രതയും വളര്‍ച്ചയും ഗവേഷണവുമൊക്കെ ലഭിക്കുന്നുണ്ട്. അതേസമയം, പ്രായോഗിക തലത്തില്‍ വലിയ നൈപുണ്യം സിദ്ധിക്കുന്നില്ല എന്നു പറയാം. പ്രായോഗിക തലത്തില്‍ പലപ്പോഴും തിയറിക്കു പ്രാധാന്യമില്ലല്ലോ. ബൗദ്ധികമായ ജ്ഞാനവും അക്കാദമിക കഴിവുകളും അജപാലനത്തില്‍ ആവിഷ്ക്കരിക്കാനുള്ള ശ്രദ്ധയും വേണം. അതേസമയം, പ്രായോഗിക തലത്തില്‍ മാത്രം നില്‍ക്കുന്നവര്‍ക്ക് അപ്ഡേറ്റ് കിട്ടാത്തതിന്‍റെ കുറവും ഉണ്ടാകാം. അജപാലനം എന്നു പറഞ്ഞാല്‍ അത് ഇടവകയിലെ ശുശ്രൂഷ മാത്രമല്ല, സെമിനാരി രൂപീകരണവും പഠിപ്പക്കലുമെല്ലാം അജപാലന ശുശ്രൂഷ തന്നെയാണ്. മേഖലകള്‍ അനുസരിച്ച് അതില്‍ വ്യത്യാസങ്ങള്‍ വരുന്നുവെന്നേയുള്ളൂ.

? പിതാവ് സെമിനാരിയില്‍ അധ്യാപകനാണ്. നമ്മുടെ വൈദിക പരിശീലനം പരമ്പരാഗത ശൈലിയില്‍ തുടരുകയല്ലേ? കാലഘട്ടത്തിന് അനുരൂപമായ പഠനരീതികള്‍ അവിടെ സ്വീകരിക്കുന്നുണ്ടോ?
ഈ കാലഘട്ടത്തിന്‍റെ മക്കളെയാണ് സെമിനാരിയില്‍ നമുക്കു ലഭിക്കുന്നത്. അവരൊക്കെയും ഒഴിഞ്ഞ പാത്രങ്ങളായി വരുന്നവരല്ല. അതു കൊണ്ടുതന്നെ പുറത്തു നടക്കുന്നത് സ്വാഭാവികമായും സെമിനാരിയിലും പ്രവേശിക്കും. സെമിനാരി പഠനത്തില്‍ ആനുകാലികമായ വിഷയങ്ങള്‍ ഉള്‍ച്ചേര്‍ക്കപ്പെടുന്നുണ്ട്. എന്നാലും നമുക്കുള്ള മൗലികമായ ചട്ടക്കൂട് എന്നു പറയുന്നത്, ട്രെന്‍റ് സൂനഹദോസിന്‍റെ സെമിനാരി സങ്കല്‍പം തന്നെയാണ്. പത്തു നാന്നൂറു വര്‍ഷമായി നാം ആ സിസ്റ്റത്തിലൂടെ നീങ്ങുകയാണ്. അതിന്‍റെ കെട്ടുറപ്പും ഭദ്രതയും എളുപ്പത്തില്‍ നമുക്കു മാറ്റി വയ്ക്കാന്‍ പറ്റുന്നതല്ല. സെമിനാരി പഠനത്തില്‍ എനിക്കു തോന്നുന്ന ഒരു വെല്ലുവിളി, ഓരോ ബാച്ചിലെയും വിദ്യാര്‍ത്ഥികളേക്കാള്‍ ഓരോ വ്യക്തിക്കും രൂപീകരണത്തില്‍ കിട്ടേണ്ട ഒരു ഇടം ഉണ്ടാവണമെന്നതാണ്. താനൊരു ശിഷ്യനായി മാറുന്നതിനെടുക്കുന്ന സ്വാഭാവിക സമയം, പരിണാമ സമയം, മാനസാന്തര നവജീവിതം തുടങ്ങിയവയൊക്കെ ഘടനാപരമായ കാര്യങ്ങളോടു ചേര്‍ക്കപ്പെടണം. പഠനം പൂര്‍ത്തിയാക്കിയ ഉടനെ വൈദികനായി അഭിഷേകം ചെയ്യപ്പെടണമോ എന്നുള്ള കാര്യത്തിനും ആ വ്യക്തിക്കു സമയം കൊടുക്കേണ്ടതുണ്ടെന്നാണ് എന്‍റെ ചിന്ത. ഒരാള്‍ അതേക്കുറിച്ച് ആത്മാര്‍ത്ഥമായി ബോധ്യപ്പെടുന്നതുവരെയും വിലയിരുത്തപ്പെടുന്നതു വരെയുമുള്ള സമയം കൊടുക്കണം. അത്തരത്തിലുള്ള ഒരു നവീകരണം വരണം. പല സന്ന്യാസ സഭകളും ഇതാരംഭിച്ചിട്ടുണ്ട്.

? ഇന്നു ലോകത്തില്‍ കാണുന്ന നാനാവിധമായ ഭീഷണികള്‍ കുടുംബങ്ങളില്‍ നമ്മുടെ മക്കളെയും സെമിനാരികളില്‍ വൈദികാര്‍ത്ഥികളെയുമൊക്കെ അലോസരപ്പെടുത്താന്‍ പോന്നവയല്ലേ?
ലോകം കുടുംബത്തിലേക്കും സെമിനാരികളിലേക്കുമൊക്കെ കടന്നുവരും. അതൊരു ഭീഷണിയായി കാണേണ്ടതില്ല. സെമിനാരിയിലെയും കുടുംബങ്ങളിലെയും ആത്മീയ ഭദ്രമായ അന്തരീക്ഷം ലോകത്തിലേക്കു ചെല്ലണം. അതാണു നമ്മുടെ നിയോഗം. സുവിശേഷം ലോകത്തിലേക്കു വരുകയാണു ചെയ്തത്. അപ്പോള്‍ ലോകം സുവിശേഷത്തിലേക്കു വരുന്നതും സ്വാഭാവികമാണ്. രണ്ടും സംഭവിക്കേണ്ടതാണ്. അതിനാല്‍ അതില്‍ ഭയപ്പെടേണ്ടതൊന്നുമില്ല. ലോഗോസും (വചനം) കോസ്മോസും (ലോകം) ആയിട്ടുള്ള സംവാദം എന്നുമുള്ളതാണ്. അതു നാം ധൈര്യപൂര്‍വം ഏറ്റെടുക്കണം. കാലത്തിന്‍റെ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ കഴിയണം.

? ഇന്നത്തെ യുവതലമുറയെ എങ്ങനെ വീക്ഷിക്കുന്നു.
വളരെ പ്രതീക്ഷയോടെ കാണുന്നു. എന്നാല്‍ ഇന്നത്തെ തലമുറയില്‍ കാണുന്ന ഒരു പ്രത്യേകത, മുന്‍പുള്ളവര്‍ വളരെ രഹസ്യമായിട്ടോ സ്വകാര്യമായിട്ടോ കൈകാര്യം ചെയ്ത പ്രശ്നങ്ങള്‍ ഒരു ജാള്യതയുമില്ലാതെ പരസ്യമായി കൈകാര്യം ചെയ്യുന്നു എന്നതാണ്. അത്തരത്തില്‍ ഒരു തുറവുണ്ട്. എന്നാല്‍ ഇന്നത്തെ വലിയ അപചയം പെട്ടെന്നുള്ള സമൃദ്ധിയില്‍ ലക്ഷ്യമില്ലാത്തവരായി മാറുന്നു എന്നതാണ്. സമ്പത്തിന്‍റെയും ജ്ഞാനത്തിന്‍റെയുമൊക്കെ കാര്യത്തില്‍ ഇതു സംഭവിക്കാം. അത് അലസതയിലേക്ക് അവരെ നയി ക്കും. ഉദാഹരണത്തിന്, നമ്മുടെ ഗവേഷണഗ്രന്ഥങ്ങളൊക്കെ രചിച്ചവര്‍ എത്രമാത്രം കഷ്ടപ്പെട്ടും ഉറക്കമിളച്ചും ത്യാഗപൂര്‍വമാണത് നിര്‍വഹിച്ചത്. ഇന്ന് കമ്പ്യൂട്ടറില്‍ രണ്ടു ബട്ടണ്‍ അമര്‍ത്തിയാല്‍ അതെല്ലാം കിട്ടും. ഈ സൗകര്യങ്ങള്‍ എത്രമാത്രം ഫലപ്രദമാക്കാന്‍ നാം തയ്യാറാകുന്നു എന്നു ചിന്തി ക്കണം. ഒരേ സമയം ഒത്തിരി വിനോദത്തിനു സമയം കൊടുത്ത് നമ്മില്‍ പലരും തിരക്കുകളുള്ള മനുഷ്യരായി മാറുന്നതായി തോന്നാറുണ്ട്. കഴിഞ്ഞ കാലത്ത്, കഷ്ടപ്പാടുകളിലൂടെ വളര്‍ന്ന തലമുറയില്‍ എല്ലാത്തിനും താളാത്മകമായ ഒരു കൂടിച്ചേരലുണ്ടായിരുന്നു. അതില്ലാത്ത സാഹചര്യങ്ങളില്‍ പക്വതയിലൂടെ വരാനുള്ള സാവകാശം ഇല്ലാതെപോകുന്നു.

? ബൈബിള്‍ പഠനത്തില്‍ ഡോക്ടറേറ്റുള്ള പിതാവിന്‍റെ നിരീക്ഷണത്തില്‍ കേരള സഭാ ജീവിതത്തില്‍ വളര്‍ന്നു വരേണ്ട ഒരു ബിബ്ലിക്കല്‍ സ്പിരിച്ച്വാലിറ്റിയെപ്പറ്റി എന്തു പറയുന്നു?
നമ്മുടെ കര്‍ത്താവിന്‍റെ ആഹ്വാനം, അവിടുത്തെ വചനം പാലിക്കുകയും അതിനനുസരിച്ചു ജീവിക്കുകയും ചെയ്യുക എന്നതാണ്. അതിന് ഏറ്റവും അനുകൂലമായ സാഹചര്യമാണു നമ്മുടേത്. നമ്മുടെ മാതൃഭാഷയില്‍ വിലകുറച്ച് ബൈബിള്‍ ലഭ്യമാണ്. നവീകരണത്തിലൂടെയും മറ്റും ബൈബിള്‍ ധാരാളം വായിക്കപ്പെട്ടു. ദൈവവചനം വായിക്കാന്‍ സാധിക്കുന്നത് വലിയ അനുഗ്രഹമാണ്. ആ വചനം അനുസരിച്ചു ജീവിക്കുക എന്നതാണ് നമ്മുടെ അടിസ്ഥാന പ്രമാണം. ബൈബിള്‍ അധിഷ്ഠിത ആത്മീയത ഏറ്റവും കഴമ്പുള്ള ആത്മീയതയാണ്. അതുകൊണ്ട് അതിലൂടെ നാം മുമ്പോട്ടു പോകണം. ഭക്തിമാര്‍ഗ്ഗങ്ങളിലൂടെ മാത്രം സാധ്യമായിരുന്നവയില്‍ നിന്നു മാറി ബൈബിളിനെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നത് പക്വത പ്രാപിക്കല്‍ തന്നെയാണ്. വിശുദ്ധരെയും മറ്റും മാറ്റി നിറുത്തുന്നതല്ല. അവരെല്ലാം ബൈബിളിനെ വ്യാഖ്യാനം ചെയ്തവരാണ്. സഭ അടിസ്ഥാനപരമായി ബൈബിള്‍ അധിഷ്ഠിതമാണ്. യാമ പ്രാര്‍ത്ഥനകളില്‍, സങ്കീര്‍ത്തനങ്ങളും ബൈബിള്‍ ഭാഗങ്ങളും ഉള്‍പ്പെടുന്നുണ്ട്. ബൈബിളും നമ്മളും തമ്മിലുള്ള വിടവ് നികത്തപ്പെടുന്നത് വിശുദ്ധരുടെ ജീവിതംകൊണ്ടാണ്. അതിനാല്‍ ഭക്തിമാര്‍ഗ്ഗങ്ങളെ ഇതുമായി ചേര്‍ത്തുകൊണ്ടുപോകാം. വിശു ദ്ധഗ്രന്ഥാധിഷ്ഠിതമായ പ്രാര്‍ത്ഥനാ രീതികള്‍ കൂടുതല്‍ ആവിഷ്ക്കരിക്കുകയും ഭക്തിമാര്‍ഗ്ഗങ്ങള്‍ അതിനോട് അനുബന്ധമായി വരുകയും വേണം. അതേസമയം, ബൈബിള്‍ അധിഷ്ഠിത ആധ്യാത്മികതയില്‍ സെക്ടുകളാകുന്ന വെല്ലുവിളി ഉണ്ട്. ചിലരെങ്കിലും വിശുദ്ധഗ്രന്ഥം വായിച്ചാല്‍ ഉടനെ പരമ്പരാഗതമായ ആചാരങ്ങളുമായും മറ്റും പൊരുത്തപ്പെടുന്നില്ലെന്നു പറഞ്ഞ് പ്രൊട്ടസ്റ്റന്‍റു നവീകരണത്തിന്‍റെ മനഃസ്ഥിതിയിലേക്കു പോകാറുണ്ട്. ക്ഷമയില്ലായ്മ കൊണ്ടു സംഭവിക്കുന്നതാണത്.

? ബൈബിള്‍ വ്യാഖ്യാനങ്ങളെക്കുറിച്ചു പറയുമ്പോള്‍ സഭാ പഠനങ്ങള്‍ക്കും മാനുഷിക ചിന്തകള്‍ക്കും വിരുദ്ധമായ പല വ്യാഖ്യാനങ്ങളും കേള്‍ക്കുന്നുണ്ട്. ഉദാഹരണത്തിന് കത്തോലിക്കര്‍ നിലവിളക്ക് ഉപയോഗിക്കരുത്, യോഗ ചെയ്യാന്‍ പാടില്ല എന്നൊക്കെ വിലക്കുന്നവരുണ്ടല്ലോ?
മുറിവൈദ്യന്‍ ആളെക്കൊല്ലും എന്നു പറയുന്നതുപോലെയുള്ള അപകടമാണത്. ബൈബിളിനെ ഇവിടെ വളരെയേറെ നിസ്സാരവത്കരിക്കുകയാണ്. അക്ഷരം കൊല്ലുന്നു, ആത്മാവ് ജീവന്‍ നല്‍കുന്നു എന്ന് വി. പൗലോസ് ശ്ലീഹാ പറഞ്ഞിട്ടുണ്ട്. അക്ഷരബദ്ധമായ വായനകള്‍ നമ്മുടെ ചൈതന്യം കെടുത്തിക്കളയും. മനുഷ്യജീവി തത്തിന്‍റെ പ്രയാണത്തിലൂടെയു ള്ള ദൈവാവിഷ്ക്കാരമാണ് ദൈവവചനം. അത്തരത്തില്‍ വലിയൊരു പ്രവാഹം അതിലുണ്ട് എന്നു തിരിച്ചറിയാതെ പോകുമ്പോഴാണ് ബൈബിളിലെ അക്ഷരങ്ങളില്‍ കടിച്ചു തൂങ്ങുന്നത്. ബൈബിളിന്‍റെ പേരില്‍ വിദ്വേഷവും വിഘടനവും ഉണ്ടാക്കുന്നത്, ബൈബിളിനോടു ചെയ്യുന്ന കയ്യേറ്റമാണ്.

? സാംസ്ക്കാരികാനുരൂപണവും ഭാരതീയവത്കരണവും സഭയുടെ സാഹചര്യങ്ങളില്‍ എത്രത്തോളമുണ്ട്?
സഭ സ്ഥായായി വളര്‍ന്നിട്ടുള്ളത് എപ്പോഴും സംസ്ക്കാരത്തോട് അനുരൂപപ്പെട്ടാണ്. എവിടെയെങ്കിലും സഭ വേരൂന്നി നില്‍ക്കുന്നുണ്ടെങ്കില്‍ ആ സംസ്ക്കാരത്തില്‍ ഉള്‍ച്ചേര്‍ന്നതുകൊണ്ടാണത്. സംസ്ക്കാരങ്ങള്‍ എപ്പോഴും ദൈവാവിഷ്ക്കാരത്തിന്‍റെ ഭൂമികയാണ്. സംസ്ക്കാരങ്ങളെ നവീകരിക്കാനുള്ളതാണു സുവിശേഷം. സംസ്ക്കാരത്തെ ഉള്ളില്‍ നിന്നു നവീകരിക്കുന്ന ശക്തിയായി അതു മാറണം. അതിനാല്‍ നമ്മുടെ സമൂഹത്തില്‍ എന്തെല്ലാം നന്മയും നല്ല മൂല്യങ്ങളുമുണ്ടോ അതെല്ലാം തുറന്ന മനസ്സോടെ ഉള്‍ക്കൊള്ളേണ്ടതാണ്. നിലവിളക്കും മെഴുകുതിരിയും പ്രകാശത്തിന്‍റെ രണ്ടു മാനങ്ങളാണ്. പക്ഷെ മെഴുകുതിരി ചേരും നിലവിളക്കു ചേരില്ല എന്നു പറയുന്നതില്‍ എന്തു യുക്തിയുണ്ട്? സംസ്ക്കാരത്തോട് പിന്തിരിഞ്ഞു നിന്നാല്‍ ദൈവജനത്തിന്‍റെ മനുഷ്യവശവും ദൈവികവശവുമെന്ന ചിന്തയില്‍ ഒന്നിനെ വേണ്ടെന്നുവയ്ക്കുന്നതാകും. മറുവശത്ത് ഇതിനെ അന്ധമായി സ്വീകരിക്കുന്നതും ശരിയല്ല. സംസ്ക്കാരത്തെ ഒന്നാകെ വിഴുങ്ങുന്നതും അപ്പാടെ തള്ളിപ്പറയുന്നതും രണ്ടും ആശാസ്യമല്ല.

? സാംസ്ക്കാരികാനുരൂപണവും മതാന്തരബന്ധങ്ങളുമൊക്കെ നാം സൂക്ഷിക്കുമ്പോള്‍ത്തന്നെ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളും ഭീഷണികളും വര്‍ദ്ധിക്കുന്നതായും കാണുന്നു? നമ്മുടെ സാക്ഷ്യജീവിതത്തിന്‍റെ പോരായ്മയാണോ ഇത്?
നമ്മുടെ കുറവുകള്‍ ഒരുവശത്തുണ്ട്. അതു നാം മനസ്സിലാക്കണം. എക്കാലവും സഭ നവീകരിക്കപ്പെടേണ്ടതാണ്. എന്നാല്‍ ആ കുറവുകളേക്കാള്‍, നാം ആക്രമിക്കപ്പെടുമ്പോഴും ഇവിടത്തെ വലിയ ഭൂരിപക്ഷം നമുക്കെതിരല്ല എന്നതാണു വാസ്തവം. ഒരു ചെറിയ ഗ്രൂപ്പിന്‍റെ എതിര്‍പ്പുകളാണുള്ളത്. അവര്‍ക്ക് അവരുടേതായ സ്ഥാപിത താത്പര്യങ്ങളുണ്ട്. ആത്യന്തികമായി ഏത് ആരാധനയും ദൈവത്തിലേക്കുള്ള യാത്രയാണ്. ഞാന്‍ കത്തോലിക്കനാണ് എന്ന് അധികം ഊന്നിപ്പറഞ്ഞാല്‍ ഞാന്‍ കത്തോലിക്കനല്ലാതായി മാറും. കാരണം കത്തോലിക്കാ എന്നാല്‍ സാര്‍വത്രികമാണ്. അതിനു ചട്ടക്കൂടുവേണ്ട. യേശുവിന്‍റേത് എല്ലാവര്‍ക്കും വേണ്ടിയുള്ള സദ്വാര്‍ത്തയാണ്. അത് ബലപ്പെട്ട് അറിയിക്കുന്നതിനേക്കാള്‍ ലോകത്തില്‍ സ്വീകരിക്കപ്പെടേണ്ട വിധത്തില്‍ സംജാതമാകണം.

? ഭാരത സഭയിലെ 3 റീത്തുകള്‍ തമ്മില്‍ ചില ഘട്ടങ്ങളിലെങ്കിലും ഭിന്നിപ്പുകളും മത്സരങ്ങളും കാണാം. ആ വിധത്തില്‍ നോക്കിയാല്‍ സഭകള്‍ തമ്മിലുള്ള കൂട്ടായ്മയുടെ ബലം സഭയില്‍ ദൃശ്യമാണെന്നു പറയാമോ?
ഞങ്ങള്‍ ആലുവ സെമിനാരിയില്‍ പഠിക്കുമ്പോള്‍ മൂന്നു റീത്തുകളിലുംപെട്ടവര്‍ ഉണ്ടായിരുന്നു. അതു പരിചയപ്പെടലിന്‍റെയും സന്തോഷത്തിന്‍റെയും അവസരം എന്നതിനപ്പുറം വലിയ ആദരവോടെ ഇന്നും ഞാന്‍ നോക്കിക്കാണുകയാണ്. ദൈവാനുഭവത്തിന്‍റെ പാരമ്പര്യ ആവിഷ്ക്കാരമാണു റീത്തുകള്‍. ഒരു കത്തോലിക്കന്‍ എന്ന നിലയില്‍ ഇതിനെല്ലാത്തിനും ഞാന്‍ അവകാശിയാണ്. ലത്തീന്‍ സഭയിലാണു ഞാന്‍ ശുശ്രൂഷയെങ്കിലും സഭയിലെ 21 കൂട്ടായ്മയിലും ഞാന്‍ അവകാശിയാണെന്നാണ് എന്‍റെ വിശ്വാസം. ഇവിടെ അര്‍പ്പിക്കുന്ന കുര്‍ബാനയ്ക്കും അവിടെ അര്‍പ്പിക്കുന്ന കുര്‍ബാനയ്ക്കും വ്യത്യാസമെന്താണ്? ആര്‍ക്കാണ് ഇതില്‍ കൂടുതല്‍ കൊടുക്കാനുള്ളത്? ലത്തീന്‍ കുര്‍ബാനയില്‍ കൂടുതലായി കര്‍ത്താവിനെ ആവിഷ്ക്കരിക്കാനാവുമോ? സുറിയാനി കുര്‍ബാനയില്‍ പറ്റുമോ? സ്വന്തം ആരാധനാരീതിയെ സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നപോലെ മറ്റ് ആരാധനാ രീതികളെയും സ്നേഹിക്കുകയും ആദരിക്കുകയും വേണം. അതിനു വിരുദ്ധമാകുമ്പോഴാണ് കൂട്ടായ്മയില്‍ നിന്ന് അകന്നുപോകുന്നത്. സുവിശേഷം ലോകത്തിനു നല്‍കുക എന്നതാണ് ക്രൈസ്തവരുടെ ധര്‍മ്മം. അതിനു പരസ്പരം മത്സരിക്കുകയല്ല, കൂട്ടായി പ്രവര്‍ത്തിക്കുകയാണു വേണ്ടത്.

? സഭയുടെ ഭരണനിര്‍വഹണത്തിലും മറ്റു സംവിധാനങ്ങളിലും ഉണ്ടാകേണ്ട സത്യസന്ധതയെക്കുറിച്ചും സുതാര്യതയെക്കുറിച്ചുമെല്ലാം പിതാവ് ചിന്തിച്ചിട്ടുണ്ടോ?
ഇന്നലെ വരെ എല്ലാം രഹസ്യാത്മകമായിട്ടാണു നാം പലതും ചെയ്തിരുന്നതെങ്കില്‍ ഇന്നു എല്ലാം തുറന്നു ചര്‍ച്ച ചെയ്യപ്പെടുന്ന കാലഘട്ടമാണ്. അത് അനുഗ്രഹമായിട്ടാണ് ഞാന്‍ കാണുന്നത്. സത്യസന്ധത ഒരു കാലഘട്ടത്തിലും തമസ്ക്കരിക്കപ്പെടാന്‍ പാടുള്ളതല്ല. ഇന്നലെ രഹസ്യമായി ചെയ്തു എന്നു പറഞ്ഞതിന്‍റെ അര്‍ത്ഥം അതു സത്യസന്ധമായിരുന്നില്ല എന്നല്ല. അതുപോലെ ഇന്നു സുതാര്യമായി ചെയ്യുന്നതെല്ലാം സത്യസന്ധമാണെന്നും അര്‍ത്ഥമില്ല. രഹസ്യാത്മകതയ്ക്കും വിശ്വാസ്യതയ്ക്കും നാം വലിയ മൂല്യം കല്‍പിച്ചിരുന്നു. കുമ്പസാര രഹസ്യം അത്തരത്തില്‍ ഒന്നാണ്. ചില കാര്യങ്ങള്‍ പരസ്യമായിട്ടല്ലാതെ ഉത്തരവാദിത്വമുള്ളവര്‍ പരിശോധിക്കുകയും അങ്ങനെ പരിഹാരം കണ്ടെത്താനും വ്യക്തികളെ വീണ്ടെടുക്കാനും പറ്റിയ സാഹചര്യമുണ്ടായിരുന്നു. സാമ്പത്തികകാര്യം മാത്രമല്ല, വ്യക്തികളുടെ വീഴ്ചകളും പരിഹരിക്കാനും അവരെ തിരുത്തുവാനും കഴിഞ്ഞിരുന്നു. ആ സാഹചര്യത്തില്‍ നവീകരിക്കപ്പെട്ട ഒരു അനുഭവത്തിലൂടെ ഒരു വീണ്ടെടുപ്പ് സാധ്യമാണ്. ഇന്ന് എല്ലാം പരസ്യമാകുമ്പോള്‍ അതിനൊപ്പം നമ്മുടെ സമൂഹവും വളര്‍ന്നില്ലെങ്കില്‍ പരിഹാരവും വീണ്ടെടുപ്പും നവീകരണ സാധ്യതകളും ഇല്ലാതായേക്കാം.

? സഭയില്‍ ഉണ്ടാകേണ്ട അല്മായ പങ്കാളിത്തത്തെക്കുറിച്ച്?
ഇക്കാര്യത്തില്‍ ഒരു പുനഃപരിശോധന നമുക്ക് എപ്പോഴും ആവശ്യമാണ്. ക്ലെര്‍ജി എന്ന വാക്കിന് ലേണഡ് എന്ന അര്‍ത്ഥം കൂടിയുണ്ട്. പണ്ട് സാമാന്യജനങ്ങളില്‍ വിദ്യാഭ്യാസമുള്ളവര്‍ അധികമില്ലായിരുന്നു. ഇന്ന് അറിവിന്‍റെ പേരില്‍ അല്മായരും അച്ചന്മാരും തമ്മില്‍ വ്യത്യാസങ്ങളില്ല. ഭൂരിപക്ഷം നോക്കിയാല്‍ അല്മായര്‍ വൈദികരേക്കാള്‍ ഇക്കാര്യത്തില്‍ വളരെ മുന്നിലുമാണ്. വൈദികര്‍ പഠിക്കുന്നതും കേന്ദ്രീകരിക്കുന്നതും സഭാ കാര്യങ്ങളിലാണ്. വിഭിന്ന മേഖലകളില്‍ അല്മായരും മുന്നിലാണ്. സമ്പത്തുപോലുള്ള കാര്യം തികച്ചും സഭാകാര്യമല്ല. സാമ്പത്തിക ശാസ്ത്രം സഭയ്ക്കു പുറത്താണ്. വിശ്വാസപരവും കൗദാശികവു മായ കാര്യങ്ങള്‍ക്കും സുവിശേഷ പ്രഘോഷണത്തിനും മറ്റും സഭയ്ക്കു വേണ്ടി മുന്‍നിരയില്‍ നില്‍ക്കാനാണ് വൈദികര്‍ രൂപീകരിക്കപ്പെട്ടിരിക്കുന്നത്. ആ നേതൃസ്ഥാനം അവരില്‍ അവരോധിക്കപ്പെട്ടതുമാണ്. അവരോടൊപ്പം സുവിശേഷത്തിന്‍റെ കൂട്ടായ്മയിലേക്കു ചേര്‍ക്കപ്പെടുന്ന ശുശ്രൂഷയാണ് അല്മായരുടേത്. ലോകത്തിലാണു സഭ വളരുന്നത്. അല്മായരുടെ പങ്കാളിത്തത്തിലാണ് സഭ പുഷ്ടിപ്പെടേണ്ടത്.

? നമ്മുടെ ചില സ്ഥാപനങ്ങള്‍ ചൂണ്ടിക്കാട്ടി സഭ സമ്പത്തിനു വേണ്ടി നിലകൊള്ളുന്നു എന്ന് ആക്ഷേപിക്കുന്നവരുണ്ട്. നമ്മുടെ ആതുരസേവനം, വിദ്യാഭ്യാസ പ്രേഷിതത്വം ഇതെല്ലാം അതിന്‍റെ മാര്‍ഗ്ഗങ്ങളില്‍ നിന്നു വ്യതിചലിച്ച് ലാഭത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നു, സഭ സ്ഥാപനവത്കരിക്കപ്പെട്ടു എന്നൊക്കെ പറയുന്നതില്‍ വാസ്തവമില്ലേ?
സഭ എന്നു പൊതുവേ പറയുമ്പോള്‍ അതിന്‍റെ വൈവിധ്യമാര്‍ന്ന പശ്ചാത്തലവും നോക്കണം. ലോകത്തില്‍ എത്രയോ സ്ഥലങ്ങളില്‍ ഇന്നും കര്‍ത്താവിന്‍റെ സഭ പീഡിപ്പിക്കപ്പെടുന്നു? എത്രയോ സ്ഥലങ്ങളില്‍ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു? നിഷ്കാസിതരാകുന്നു? ഇങ്ങനെയുള്ള സഭയെ നാം കാണാതിരുന്നുകൊണ്ട് നമ്മുടെ കൊച്ചു സഭയിലേക്ക് തിരിയരുതെന്നാണ് എനിക്കു തോന്നുന്നത്. സ്ഥാപനവത്കരിക്കപ്പെടുന്ന സഭയില്‍ പുരോഹിതരില്‍ ചെറിയൊരു ന്യൂനപക്ഷത്തിനേ അതിന്‍റെ പിന്‍ബലമുള്ളൂ എന്നാണെന്‍റെ നിരീക്ഷണം. ഇന്നും ഭൂരിപക്ഷം വരുന്ന പുരോഹിതര്‍ ഗ്രാമപ്രദേശങ്ങളിലും ചേരികളിലും പ്രവര്‍ത്തിക്കുന്നവരാണ്. പട്ടണം വിട്ടു കഴിഞ്ഞാല്‍ മറ്റു കഥയാണു കാണാനാവുന്നത്. വടക്കേ ഇന്ത്യയിലൊക്കെ ചെന്നാല്‍ വളരെ പരി മിതമായ സൗകര്യങ്ങളില്‍ കഷ്ടപ്പെടുന്നവരെ കാണാം. കേരളത്തിലും ഭാരതത്തിന്‍റെ പ്രധാന കേന്ദ്രങ്ങളിലും കാണുന്ന സഭ പ്രൗഢിയിലാണ്. അത്രയും പ്രൗഢി വേണോ എന്നത് സഭ തുറന്നു ചിന്തിക്കേണ്ട വിഷയമാണ്. സ്മാര്‍ട്നസ് നമ്മുടെ സുവിശേഷത്തിന്‍റെ വിശ്വാസ്യതയെ ബാധിക്കുന്നുണ്ടെങ്കില്‍ സ്മാര്‍ട്നസ് മാറ്റി വിശ്വാസ്യത വീണ്ടെടുക്കുകയാണു വേണ്ടത്. വിദ്യാഭ്യാസ രംഗത്തും ആതുരസേവനത്തിലും നാം ചെയ്യുന്ന സേവനം നമ്മുടെ തനിമയാണ്. അതിന്‍റെ ഫലം പൊതുസമൂഹത്തിനും കിട്ടുന്നുണ്ട്. സമൂഹത്തിന്‍റെ അതിരുകളിലുള്ളവര്‍ക്ക് ശുശ്രൂഷകള്‍ ലഭ്യമാക്കാന്‍ ഈ സ്ഥാപനങ്ങള്‍ക്കൊക്കെ വലിയ ഉത്തരവാദിത്വമുണ്ട്.

? ഓഖി ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലും മറ്റും തീരദേശ ജനതയുടെ സംരക്ഷണത്തിനും പുനരുദ്ധാരണത്തിനും എന്തെല്ലാം കാര്യങ്ങളാണു ചെയ്യാന്‍ കഴിയുക? തീരദേശ ജനങ്ങളുമായുള്ള സമ്പര്‍ക്കത്തില്‍ പിതാവ് അവരുടെ പ്രശ്നങ്ങളെ എങ്ങനെ കാണു ന്നു?
കടല്‍ക്ഷോഭത്തിന്‍റെ രൂക്ഷത ഉണ്ടാകുമ്പോള്‍ മാത്രം തീരദേശ ജനതയുടെ പ്രശ്നങ്ങളിലേക്ക് സര്‍ക്കാരിന്‍റെ ശ്രദ്ധ പതിയുന്നതൊഴിച്ചാല്‍ മുഖ്യധാരയിലേക്ക് അവരെ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ വിരളമാണ്. പലപ്പോഴും അവര്‍ അവഗണിക്കപ്പെടുന്നു. സ്ഥായിയായ കടല്‍ഭിത്തി നിര്‍മ്മാണമാണ് ആവശ്യം. കടല്‍ ശാന്തമാകുന്ന സമയത്താണ് അതു നടക്കേണ്ടത്. ആ സമയത്ത് ഒന്നും ചെയ്യാതെ കടലാക്രമണ സമയത്ത് വാഗ്ദാനങ്ങള്‍ നല്‍കുന്നു. ഇത് ഇന്നു തുടങ്ങിയ കാര്യമല്ലല്ലോ? തീരദേശ ജനതയുടെ കാര്യത്തിലുള്ള അനിശ്ചിതാവസ്ഥ പരിഹരി ക്കപ്പെടണം. അതിന് കൃത്യമായ ശ്രദ്ധകൊടുക്കണം. തീരദേശം പ്രധാനമായും ലത്തീന്‍ സഭാംഗങ്ങള്‍ ഉള്‍പ്പെടുന്നതാണ്. അവരുടെ സാമൂഹികവും സാമ്പത്തികവും സാംസ്ക്കാരികവുമായ ഉന്നമനം സഭയുടെ അടിസ്ഥാന ലക്ഷ്യവുമാണ്. അത്തരത്തില്‍ സാധ്യമായ പ്രവര്‍ത്തനങ്ങള്‍ നമ്മള്‍ നടത്തുന്നുണ്ട്. ഓഖി ദുരന്തത്തില്‍ കേരള സഭ ഒന്നാകെ ലത്തീന്‍ സഭയ്ക്ക് വലിയ പിന്തുണയും സഹായവുമാണ് ചെയ്തത്.

? ദരിദ്രരുടെയും പിന്നാക്കക്കാരുടെയും ക്ഷേമത്തിനു വേണ്ടി സഭ നിലകൊള്ളുന്നു എന്നു പറയുമ്പോഴും ദളിതരടക്കമുള്ള പിന്നാക്കക്കാരുടെ വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ കാര്യങ്ങളില്‍ വേണ്ടത്ര പരിഗണന നാം നല്‍കുന്നുണ്ടോ?
ഇക്കാര്യത്തില്‍ ‘ഞാന്‍ പിഴയാളി’ എന്നു പറയേണ്ട സാഹചര്യങ്ങളുണ്ട്. ഇതിന്‍റെ പ്രശ്നം സുവിശേഷം നമ്മെ നവീകരിക്കാത്തതാണ്. നമ്മുടെ പ്രൗഢിയും അഭിമാനവും കണ്ടെത്തുന്നത് സുവിശേഷത്തിലൊഴികെ എന്തിലായാലും അത് അപകടകരമാണ്. മാനസാന്തരപ്പെട്ടവരാണ് ക്രിസ്ത്യാനികള്‍ എന്ന അടിസ്ഥാന പ്രമാണം നാം വിസ്മരിക്കുകയാണ്. സുവിശേഷം നമ്മെ മാനസാന്തരപ്പെടുത്തുന്നില്ലെങ്കില്‍ നാം ഇതര മതസ്ഥരില്‍ നിന്നു വ്യത്യസ്തരല്ല. സമുന്നതമായ വിദ്യാഭ്യാസ സ്ഥാപനങ്ങളും സമ്പത്തും ഉണ്ടായിട്ടും ക്രൈസ്തവരുടെ ഇടയില്‍ താഴേക്കിടയില്‍ ജീവിക്കുന്നയാളുകള്‍ ഉണ്ടെങ്കില്‍ അതിനര്‍ത്ഥം സുവിശേഷത്തെയല്ല, ജാതിവ്യവസ്ഥയെയും മറ്റതുപോലുള്ള കാര്യങ്ങളെയുമാണ് നാം സ്നേഹിക്കുന്നത് എന്നാണ്.

? അവസാനമായി, എല്ലാവരോടും ചോദിക്കുന്ന, എപ്പോഴും ചോദിക്കുന്ന ഒരു ചോദ്യം: ഫ്രാന്‍സിസ് പാപ്പയെക്കുറിച്ച് എന്താണു പങ്കുവയ്ക്കാനുള്ളത്?
ഈയടുത്ത് ഒരു ചോദ്യകര്‍ത്താവ് എന്നോടു ചോദിച്ചത്, ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് എന്താണ് ഇത്രയധികം ഫാന്‍സ് എന്നാണ്. ഫ്രാന്‍സിസ് പാപ്പയ്ക്ക് ഫാന്‍സുമില്ല, അദ്ദേഹം ഫാന്‍സിന്‍റെ പുറകെയുമല്ല. ഫ്രാന്‍സിസ് പാപ്പ സുവിശേഷം മുഖവിലക്കെടുത്തിരിക്കുന്നു. അതു ജീവിക്കാന്‍ ശ്രമിക്കുന്നു. അതിന്‍റെ ലാളിത്യം കൈവരിച്ചിരിക്കുന്നു. ഈ ലോകത്തിന് എന്താണ് ആവശ്യം എന്ന് ലോകം അദ്ദേഹത്തിന്‍റെ പിന്നാലെ നടന്നു പറയുകയാണ്. അത് വലിയ മാനസാന്തരമാണ്. ദൈവപിതാവില്‍ നിന്ന് സഭയ്ക്കു ലഭിച്ച ദിവ്യമായ ഔഷധമാണ് ഫ്രാന്‍സിസ് പാപ്പ. അനുരഞ്ജനത്തിന്‍റെയും ലോകമനസ്സാക്ഷിയുടെയും സ്വരമാണ് ഫ്രാന്‍സിസ് പാപ്പയുടേത്.

Leave a Comment

*
*