എനിക്ക് നിന്‍റെ കൃപ മതി

എനിക്ക് നിന്‍റെ കൃപ മതി

ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനായി മാര്‍ തോമസ് (ടോമി) തറയില്‍ പുതുഞായര്‍ ദിനമായ ഏപ്രില്‍ 23-ന് അഭിഷിക്തനാകുകയാണ്.
ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ കത്തീഡ്രല്‍ ഇടവക തറയില്‍ പരേതനായ ടി.ജെ. ജോസഫിന്‍റെയും മറിയാമ്മയുടെയും ഏഴുമക്കളില്‍ ഇളയവനാണു 45 വയസ്സുകാരനായ ബിഷപ് മാര്‍ തറയില്‍. 1972 ഫെബ്രുവരി 2-നാണു ജനനം. ചങ്ങനാശേരി സെന്‍റ് ജോസഫ്സ് എല്‍പി സ്കൂളില്‍ പ്രാഥമികവിദ്യാഭ്യാസവും സേക്രട്ട് ഹാര്‍ട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ഹൈസ്കൂള്‍ പഠനവും എസ്ബി കോളജില്‍ പ്രീഡിഗ്രിയും പൂര്‍ത്തിയാക്കി. 1989-ല്‍ വൈദികപരിശീലനത്തിനായി കുറിച്ചി മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. തുടര്‍ന്നു വടവാതൂര്‍ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയില്‍ തത്ത്വശാസ്ത്ര പഠനവും ദൈവ ശാസ്ത്രപഠനവും നടത്തി. 2000 ജനുവരി 1-ന് ആര്‍ച്ച്ബിഷപ് മാര്‍ പവ്വത്തിലില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു. അതിരമ്പുഴ, നെടുംകുന്നം, എടത്വാ പള്ളികളില്‍ സഹവികാരിയായും താഴത്തുവടകര പള്ളിയില്‍ വികാര്‍ അഡ്മിനിസ്ട്രേറ്ററായും ശുശ്രൂഷ ചെയ്തു. റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു മനഃശാസ്ത്രത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി. പുന്നപ്ര ദനഹാലയ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടറായി സേവനം ചെയ്യുന്നതിനിടെയാണ് ഇടയ നിയോഗം.
ധ്യാനഗുരുവും മനഃശാസ്ത്രജ്ഞനുമാണു നിയുക്തമെത്രാന്‍. മനഃശാസ്ത്ര സംബന്ധമായ പുസ്തകങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. വിവിധ സെമിനാരികളിലും സ്ഥാപനങ്ങളിലും അധ്യാപകനാണ്. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഇറ്റാലിയന്‍, ജര്‍മന്‍, സ്പാനിഷ് ഭാഷകളില്‍ പ്രാവീണ്യമുണ്ട്. നിയുക്തമെത്രാനുമായി സത്യദീപം സീനിയര്‍ സബ് എഡിറ്റര്‍ ഫ്രാങ്ക്ളിന്‍ എം. നടത്തിയ അഭിമുഖം.

? പുതിയ നിയമനത്തെയും ഉത്തരവാദിത്വത്തെയും പിതാവ് എങ്ങനെ കാണുന്നു?
പുതിയ നിയമനം വലിയൊരു ശുശ്രൂഷയ്ക്കു വേണ്ടി കര്‍ത്താവു വിളിച്ചിരിക്കുന്നു എന്ന രീതിയില്‍ തന്നെയാണു ഞാന്‍ കാണുന്നത്. കാരണം, തമ്പുരാന്‍ എപ്പോഴും അവിടുത്തെ സ്നേഹം കൊണ്ടു നമ്മെ വിസ്മയിപ്പിക്കുകയാണ്. നാം പ്രതീക്ഷിക്കാത്ത വഴികളിലൂടെയെല്ലാം വഴി നടത്തുന്ന കര്‍ത്താവിനെയാണ് ജീവിതത്തിലുടനീളം എനിക്കു കാണാന്‍ സാധിച്ചത്. അതു തന്നെയാണ് ഈ നിയമനത്തിലും ഞാന്‍ കാണുന്നത്. ശുശ്രൂഷാപദവിയെന്നത് നാം ദൈവത്തെ സ്നേഹിച്ചതിനുള്ള പ്രതിഫലമായി അവിടുന്നു നല്‍കുന്ന സമ്മാനമൊന്നുമല്ല, മറിച്ച് കൂടുതല്‍ സ്നേഹിക്കാനുള്ള ഒരു വിളിയാണ്.

? മെത്രാനാകുമ്പോള്‍ സ്വീകരിക്കുന്ന ആപ്തവാക്യം?
"നിനക്ക് എന്‍റെ കൃപ മതി" (2 കൊറി. 12:9) എന്ന വി. പൗലോസ് ശ്ലീഹായുടെ വാക്കുകളില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് "എനിക്കു നിന്‍റെ കൃപ മതി" എന്ന ആപ്തവാക്യമാണ് ഞാന്‍ സ്വീകരിച്ചിരിക്കുന്നത്. കാരണം, ബലഹീനതയിലാണ് എന്‍റെ ശക്തി കൂടുതല്‍ പ്രകടമാകുന്നതെന്നു പറഞ്ഞ കര്‍ത്താവ്, തീര്‍ച്ചയായും നമ്മുടെ എല്ലാ ബലഹീനതകളും കുറവുകളും ശക്തിയാക്കി മാറ്റും. കര്‍ത്താവിന്‍റെ പദ്ധതിയാണ് നമ്മിലൂടെ നിറവേറേണ്ടത്. അതിന് അവിടുന്നു നമ്മെ ഉപകരണമാക്കുന്നു എന്ന ചിന്തയിലാണ് ഈ ആപ്തവാക്യം ഞാന്‍ തിരഞ്ഞെടുത്തത്.

? ചങ്ങനാശേരി അതിരൂപതയുടെ സഹായമെത്രാനാകു മ്പോള്‍ അങ്ങയുടെ പ്രവര്‍ത്തന പദ്ധതികള്‍ എന്തായിരിക്കും?
സഹായമെത്രാന്‍ എന്ന നിലയില്‍ നമുക്കങ്ങനെ പ്രത്യേക പദ്ധതികളൊന്നുമില്ല. രൂപതയില്‍ മെത്രാപ്പോലീത്തയുടെ പരിശ്രമങ്ങളെ ശക്തിപ്പെടുത്തുക എന്നതിനപ്പുറത്തേക്ക് എനിക്കു വ്യത്യസ്തമായൊരു പദ്ധതിയൊന്നുമില്ല. എന്നാല്‍ ഈ കാലഘട്ടത്തില്‍ സുവിശേഷം ഏറ്റവും അനുഭവവേദ്യമായ രീതിയില്‍ അവതരിപ്പിക്കേണ്ടതുണ്ട്. അതിനുള്ള പരിശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. അതൊരുപക്ഷെ, കാരുണ്യപ്രവൃത്തികളിലൂടെയാകാം, സുവിശേഷവത്കരണ പ്രവര്‍ത്തനങ്ങളിലൂടെയാകാം. സാധാരണ വ്യക്തികളുടെ ജീവിതത്തോട് ഏറ്റവും ചേര്‍ന്ന വിധത്തില്‍ സുവിശേഷത്തെ അവതരിപ്പിക്കാന്‍ എങ്ങനെയെല്ലാം സാധിക്കും എന്നുള്ളതു തന്നെയായിരിക്കും എന്‍റെ ഏറ്റവും വലിയ നിയോഗം എന്നു ഞാന്‍ കരുതുന്നു.

? ഇതിനു പ്രത്യേകിച്ച് എന്തെങ്കിലും ആശയം മനസ്സില്‍ തോന്നിയിട്ടുണ്ടോ?
കേരളത്തിന്‍റെ പശ്ചാത്തലത്തില്‍ മനുഷ്യരുടെ ആഗ്രഹങ്ങളും ആവശ്യങ്ങളുമെല്ലാം മാറിക്കൊണ്ടിരിക്കുകയാണ്. പണ്ട്, സാമ്പത്തികമായ ഉച്ചനീചത്വങ്ങള്‍ മാത്രമായിരുന്നുവെങ്കില്‍ ഇന്നു മാനസികവും ആത്മീയവുമായ പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. അവിടെയെല്ലാം നല്ല ദിശാബോധം കൊടുക്കുവാന്‍ സാധിക്കണം. സുവിശേഷത്തിന്‍റെ ഹൃദയം കാരുണ്യമാണ് എന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞിട്ടുണ്ട്. കാരുണ്യപ്രവൃത്തികളിലൂടെ സഹജീവികളോടുള്ള സ്നേഹത്തിലേക്ക് നയിക്കാനും സ്വാര്‍ത്ഥതയില്‍ നിന്ന് അപരോന്മുഖമായ ഒരാത്മീയതയിലേക്ക് നയിക്കാനും പറ്റുന്ന ഒരു അജപാലനമാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

? കാരുണ്യത്തിന്‍റെ ചിന്തകളും പ്രവൃത്തികളും സഭയില്‍ കുറയുന്നു എന്ന ചിന്ത പിതാവിനുണ്ടോ?
കാരുണ്യപ്രവൃത്തികള്‍ യഥാര്‍ത്ഥത്തില്‍ കൂടുന്നുണ്ട്. പക്ഷെ കാരുണ്യത്തിന്‍റെ മനോഭാവങ്ങള്‍ സഭയില്‍ കുറഞ്ഞുവരുന്നുണ്ടോ എന്ന സന്ദേഹം എല്ലാവര്‍ക്കുമുണ്ട്. മനുഷ്യരെ സ്നേഹിക്കാനും അവര്‍ക്കു ഗുണകരമാകാനും വേണ്ടിയാണു നാം സ്ഥാപനങ്ങള്‍ ആരംഭിക്കുന്നത്, വിവിധ പ്രവര്‍ത്തനങ്ങള്‍ ആവിഷ്ക്കരിക്കുന്നത്. ഇടവകയില്‍ ഭവനപദ്ധതികള്‍ നാം ആസൂത്രണം ചെയ്യുന്നുണ്ട്. എന്നാല്‍ അതു പരിഗണിക്കുന്നത് ചിലപ്പോള്‍ കാരുണ്യമില്ലാതെയാകാം. എത്രയോ പള്ളിയോഗങ്ങളിലും പൊതുയോഗങ്ങളിലും കാരുണ്യമില്ലാത്ത തീരുമാനങ്ങള്‍ ഉണ്ടാകുന്നുണ്ട്. മാനുഷികമായ ബലഹീനതകളിലൂടെ ഒരുപക്ഷെ കാരുണ്യത്തിന്‍റെ അനുഭവത്തെ ശരിയായി നല്‍കാന്‍ സാധിക്കാതെ പോകാം. അതു സഭയുടെ ഒരു കുറവല്ല, സഭ നിരന്തരമായി നവീകരിക്കപ്പെടുന്ന അനുഭവമാണുള്ളത്. ഒരു കാര്യം തിരിച്ചറിയുമ്പോള്‍ അതു തിരുത്താന്‍ നാം ശ്രമിക്കുന്നു. അത്തരത്തില്‍ മുന്നോട്ടു പോകുന്നു. അതു കുറവല്ല, വളരാനുള്ള അവസരമാണ്.

? അതിരൂപതയെ നയിച്ച പവ്വത്തില്‍ പിതാവ്, ഇപ്പോഴത്തെ ആര്‍ച്ചുബിഷപ് പെരുന്തോട്ടം പിതാവ് എന്നിവരുടെ ദര്‍ശനങ്ങളെ എപ്രകാരം വീക്ഷിക്കുന്നു? അവരുമായുള്ള വ്യക്തിബന്ധം?
ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കത്തീഡ്രല്‍ പള്ളിയിലെ അള്‍ത്താരബാലനായിരിക്കുമ്പോഴാണ് പവ്വത്തില്‍ പിതാവിനെ പരിചയം. അദ്ദേഹം അള്‍ത്താരബാലന്മാരെ വിളിച്ചു കൂട്ടി കാണുമായിരുന്നു, ദൈവവിളിയെക്കുറിച്ചു സംസാരിക്കുമായിരുന്നു. സഭയെക്കുറിച്ചും സമൂഹത്തെക്കുറിച്ചും നിലപാടുകള്‍ ഉള്ള വ്യക്തിയെന്നാണ് പിതാവിനെക്കുറിച്ച് എനിക്കു തോന്നിയിട്ടുള്ളത്. ബൗദ്ധികമായ തലത്തില്‍ വലിയ ഔന്നത്യം പുലര്‍ത്തുമ്പോഴും വ്യക്തിബന്ധങ്ങള്‍ക്ക് അദ്ദേഹം വലിയ പ്രാധാന്യം നല്‍കിയിരുന്നു. അതിരൂപതയിലെ വൈദികരോട് വളരെ അടുത്ത വ്യക്തിപരമായ ബന്ധവും പവ്വത്തില്‍ പിതാവ് സൂക്ഷിച്ചിരുന്നു. പെരുന്തോട്ടം പിതാവ് ഒരു സന്യാസിയെപ്പോലെ വിവിധ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുകയും അതിനുവേണ്ടി പൂര്‍ണമായും സമര്‍പ്പിക്കുകയും ചെയ്ത വ്യക്തിയാണ്. പഠനവും പ്രാര്‍ത്ഥനയും പ്രവര്‍ത്തനവും വളരെ നിഷ്ഠയോടെ അനുവര്‍ത്തിക്കുന്ന വ്യക്തി. വിജയിക്കാന്‍ പ്രയാസമാണെന്നു പലരും വിധിയെഴുതുന്ന കാര്യങ്ങള്‍ ഒരു സന്യാസിയുടെ സമര്‍പ്പണത്തോടെ പ്രവര്‍ത്തിച്ചു വിജയിപ്പിച്ച വ്യക്തിയാണദ്ദേഹം. പാരമ്പര്യത്തിനും തനിമയ്ക്കും വേണ്ടിയുള്ള അദ്ദേഹത്തിന്‍റെ പരിശ്രമങ്ങള്‍ എന്നെ വളരെ സ്വാധീനിച്ചിട്ടുണ്ട്.

? ഇന്നത്തെ വൈദികരുടെ പ്രവര്‍ത്തനങ്ങളെ എങ്ങനെ വി ലയിരുത്തുന്നു? ഒരു വൈദികനുവേണ്ട അടിസ്ഥാന ഗുണം എ ന്തായിരിക്കണം?
ഇന്നു പലപ്പോഴും മാധ്യമങ്ങളും മറ്റും വൈദികരെ അവതരിപ്പിക്കുന്നത് അവര്‍ വലിയ അധികാരസ്ഥാനത്തിരിക്കുന്നു, ആളുകളെ ചൂഷണം ചെയ്യുന്നു എന്നൊക്കെയാണ്. എന്നാല്‍ വളരെ ഔദാര്യമുള്ളവരാണു വൈദികര്‍. അവര്‍ ജീവിതം മുഴുവന്‍ കൊടുക്കുകയാണ്. ആര്‍ക്കുവേണ്ടി? എന്നിട്ട് അവര്‍ക്ക് എന്താണു കിട്ടുന്നത്? നമ്മുടെ വൈദിക മന്ദിരത്തില്‍ കഴിയുന്ന വൈദികരെ കാണുമ്പോള്‍ ഇവരൊക്കെ ജീവിതത്തില്‍ എന്തുനേടി എന്നു ചിന്തിച്ചിട്ടുണ്ട്. ജീവിതം മുഴുവന്‍ ഇടവകയിലെ ജനങ്ങള്‍ക്കായി കൊ ടുത്തവരാണവര്‍. ജീവിതസായാഹ്നത്തില്‍ അവരെ കാണാന്‍ പോലും അധികം പേര്‍ വരാറില്ല. ഇതെല്ലാം കണ്ടുകൊണ്ടു തന്നെയാണ് ഇപ്പോഴും ചെറുപ്പക്കാര്‍ വൈദികവൃത്തിയിലേക്കു വരുന്നത്. കാലത്തിന്‍റെ മാറിയ സ്വാധീനം വൈദികരെയും സ്വാധീനിക്കുന്നുണ്ടാകാം. ചിലപ്പോള്‍ ചില സുരക്ഷിതത്വം തേടുന്ന രീതികള്‍ അവരിലേക്കും കടന്നുവന്നിട്ടുണ്ടാകാം. എങ്കില്‍പോലും അവരുടെ ഔദാര്യത്തിന്‍റെ തലം ഒരിക്കല്‍ പോലും നമുക്ക് കുറച്ചു കാണാനാവില്ല. ഒരു വൈദികന്‍ എന്ന നിലയില്‍ ഒരു വ്യക്തിക്ക് ഉണ്ടായിരിക്കേണ്ട ഏറ്റവും വലിയ ഗുണം, ദൈവത്തോടും മനുഷ്യരോടും തുറവ് ഉണ്ടാവുക എന്നതാണ്. വൈദിക വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുമ്പോള്‍, അവരുടെ മുറികളുടെ വാതില്‍ അടച്ചിടരുതെന്ന് ഞാന്‍ പറയാറുണ്ട്. വാതില്‍ തുറന്നിട്ടാല്‍ നന്മചെയ്യാന്‍ നിര്‍ബന്ധിതമാകുന്ന ഒരു ശുശ്രൂഷയാണ് വൈദികജീവിതം.

? അടുത്തകാലത്തായി സഭയിലെ ചില വൈദികര്‍ മൂലമുണ്ടായ പ്രശ്നങ്ങള്‍ വലിയ വേദനയോടെയാണ് സഭ മുഴുവനും കാണുന്നത്. ഇക്കാര്യത്തില്‍ പിതാവിന്‍റെ അഭിപ്രായം?
ഒരു വൈദികന്‍റെ പാപം ഒരു സമൂഹത്തെ മുഴുവന്‍ അസ്വസ്ഥമാക്കുന്നു എന്നുള്ളത് ഞാന്‍ പറയും. അതു നല്ല കാര്യമാണ്. കാരണം, വൈദികന്‍റെ വിലയും മൂല്യവും അത്ര വലുതാണ്. മറ്റൊന്ന് നമ്മുടെ സമൂഹത്തെ വിഷമാവസ്ഥയിലാക്കാനായി ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നില്ലേ എന്ന തോന്നലുണ്ട്. ഒന്നോ രണ്ടോ വൈദികരുടെ അപചയം കൊണ്ട് ഒരു സമൂഹത്തെ മുഴുവന്‍ ഇടിച്ചു താഴ്ത്തി കാണേണ്ടതില്ല എന്നാണെന്‍റെ പക്ഷം.

? സെമിനാരി അധ്യാപകന്‍ എന്ന നിലയിലുള്ള അനുഭവങ്ങളും ഇന്നത്തെ സെമിനാരി പരിശീലനത്തെക്കുറിച്ചും എന്തു പറയാനുണ്ട്?
നമ്മുടെ സെമിനാരി പരിശീലനം ഏറ്റവും ശാസ്ത്രീയമാണ്. മെച്ചപ്പെട്ടതുമാണ്. എന്നാല്‍ നാം ശ്രദ്ധിക്കേണ്ട ഒരു മേഖല, മതപരമായ തനിമയേക്കാള്‍ മതേതരമായ തനിമയ്ക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു രീതി നമ്മുടെ സഭയിലും പരിശീലനത്തിലും എല്ലാം കടന്നു വരുന്നതാണ്. ഒരു രൂപതയ്ക്ക് എത്ര സെക്കുലര്‍ സ്ഥാപനങ്ങളുണ്ട് എന്നതിന്‍റെ അടിസ്ഥാനത്തില്‍ രൂപതയുടെ മെറിറ്റ് നോക്കുന്ന രീതിയുണ്ട്. അതുപോലെ സെക്കുലര്‍ ഡിഗ്രി, സെക്കുലര്‍ സ്ഥാനങ്ങള്‍…. ഇത്തരത്തിലുള്ള ശ്രദ്ധ പരിശീലനം തേടുന്ന അര്‍ത്ഥികളിലേക്കും കടന്നുവരാന്‍ സാധ്യതകളുണ്ട്. ഇത് നമുക്ക് എത്രമാത്രം ഗുണകരമാണ് എന്നു ചിന്തിക്കണം. അതേസമയം, ആത്മീയനാവുന്നതില്‍ അഭിമാനബോധം കുറഞ്ഞുവരുന്നുണ്ടോ എന്നും ആലോചിക്കണം.

? പുതിയ ഉത്തരവാദിത്വം നല്‍കുന്ന വെല്ലുവിളികള്‍, സമ്മര്‍ദ്ദങ്ങള്‍…..?
അത്തരത്തില്‍ വലിയ സമ്മര്‍ദ്ദങ്ങളൊന്നുമില്ല. എന്നാല്‍ നമ്മുടെ ഭരണയന്ത്രം ഒരു പ്രത്യേക രീതിയിലേക്കു മാറുകയും ക്രൈസ്തവ വിരുദ്ധമായും വളരെ ഓപ്പണായും ന്യൂനപക്ഷങ്ങള്‍ക്കെതിരെ പ്രസ്താവനകള്‍ നടത്തുന്നവര്‍ വലിയ വലിയ സ്ഥാനങ്ങളിലേക്കു കടന്നുവരികയും ചെയ്യുമ്പോള്‍ ഇനിയുള്ള കാലത്ത് സഭയ്ക്ക് ഏതുതരം പീഡനങ്ങളാണ് നേരിടേണ്ടി വരിക എന്ന ചിന്ത തീര്‍ച്ചയായും എനിക്കുണ്ട്. ശാരീരിക പീഡനങ്ങളേക്കാള്‍ നിയമങ്ങള്‍ കൊണ്ട് നമ്മെ ഞെരുക്കു ന്ന അവസ്ഥ ചിലപ്പോള്‍ ഉണ്ടായേക്കാം എന്നെനിക്കു തോന്നുന്നു. വിശ്വാസം പ്രഘോഷിക്കാനും മതസ്വാതന്ത്ര്യത്തിനും ഉള്ള തടസ്സങ്ങള്‍ വ്യാപകമാകുന്നു, സ്ഥാപനങ്ങള്‍ പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു…. ഇതൊക്കെ തീര്‍ച്ചയായും വെല്ലുവിളികള്‍ തന്നെയാണ്.

? ഭാരത സഭ, വിശേഷിച്ച് കേരള സഭ ഇന്നഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി എന്താണ്?
എന്‍റെ വിചാരം അത് വിശ്വാസത്തിന്‍റെ പ്രതിസന്ധി തന്നെയാണെന്നാണ്. കാരണം, നമ്മുടെ പൂര്‍വികര്‍ക്കുണ്ടായിരുന്ന വിശ്വാസത്തിന്‍റെ പകുതിയെങ്കിലും നമ്മില്‍ പലര്‍ക്കുമുണ്ടോ എന്നു ഞാന്‍ അത്ഭുതപ്പെടാറുണ്ട്. അങ്ങനെയെങ്കില്‍ നമ്മുടെ അടുത്ത തലമുറയ്ക്ക് അത് എത്രയുണ്ടാകും? ഓരോ കാലഘട്ടം കഴിയുമ്പോഴും സെക്കുലറിസത്തിന്‍റെ ട്രെന്‍റുവന്ന് വിശ്വാസത്തെക്കുറിച്ചുള്ള ബോധ്യങ്ങള്‍ കുറയുകയും വിശ്വാസം ജീവിക്കുന്ന അവസ്ഥ ഇല്ലാതാകുകയും ചെയ്യുന്നുണ്ട്. വിശ്വാസത്തിന്‍റെ ആഴം കുറയുന്നു എന്ന സത്യം നാം മനസ്സിലാക്കേണ്ടതുണ്ട്. അതനുസരിച്ചുള്ള സുവിശേഷവത്കരണ ശ്രമങ്ങള്‍ സഭയില്‍ ഉണ്ടാകണം.

? കേരളത്തിലെ അല്മായരില്‍ നിന്ന് അങ്ങു പ്രതീക്ഷിക്കുന്നത്….?
അല്മായര്‍ എന്നു പ്രത്യേകം തരംതിരിക്കുന്നതിനോട് എനിക്കു വലിയ താത്പര്യമില്ല. നാമെല്ലാം സഭയിലല്ലേ? ഞാനും 17 വയസ്സുവരെ അല്മായനായിരുന്നല്ലോ. നാം ഒരു കൂട്ടായ്മയാണ്. ആ അനുഭവത്തില്‍ മുന്നോട്ടു പോകണം. സഭയ്ക്ക് ഒരാവശ്യം വരുമ്പോള്‍ സഭയുടെ കൂടെ നില്‍ക്കാന്‍ അധികം പേരൊന്നും ഇല്ല. നമുക്കു നല്ല കഴിവുള്ള ധാരാളം പേരുണ്ട്. പക്ഷെ സഭയ്ക്ക് ഒരാവശ്യം വരുമ്പോള്‍ അഭിമാനപൂര്‍വം ഞാനൊരു കത്തോലിക്കനാണെന്നു പ്രഖ്യാപിച്ച് കൂടെ നില്‍ക്കുന്നവരുടെ സാക്ഷ്യം കുറവാണ്. ഒരു കൂട്ടായ്മയുടെ അനുഭവത്തില്‍ വരുകയും കൂടെ നില്‍ക്കുകയും ചെയ്യുന്ന ഒരു അന്തരീക്ഷം വേണം. നമ്മുടെ ജനങ്ങള്‍ക്ക് ഒരു പ്രശ്നം വരുമ്പോള്‍ സഭാ നേതൃത്വം കൂടെ നില്‍ക്കണം. നേതൃത്വത്തെ ഒറ്റപ്പെടുത്തുന്ന അവസരങ്ങള്‍ വരുമ്പോള്‍ സഭാമക്കളും ഒന്നിച്ചു നില്‍ക്കണം.

? ഇന്നു നമ്മുടെ ക്രൈസ്തവകുടുംബങ്ങള്‍ നേരിടുന്ന വലിയ പ്രശ്നം പിതാവിന്‍റെ കാഴ്ചപ്പാടില്‍ എന്തായിരിക്കാം?
കുടുംബം എന്നതിനേക്കാള്‍ പ്രാധാന്യം നാം മക്കള്‍ക്കു കൊടുക്കുകയാണ്. മക്കളെ ദൈവങ്ങളാക്കുന്ന അവസ്ഥ കുടുംബങ്ങളെ സഹായിക്കില്ല. കുടുംബമാണ് പ്രധാനം. അവിടെ മക്കള്‍ ചിലപ്പോള്‍ ത്യാഗങ്ങള്‍ സഹിക്കേണ്ടിവരും, ഭാര്യയും ഭര്‍ത്താവുമെല്ലാം ത്യാഗങ്ങള്‍ ചെയ്യേണ്ടിവരും.

? ഉപഭോഗ സംസ്ക്കാരത്തില്‍ ഇന്ന് ആര്‍ത്തിയും ആഡംബരവും വര്‍ദ്ധിക്കുകയാണ്. നമുക്ക് ഇവയെ എപ്രകാരം പ്രതിരോധിക്കാനാകും?
പരമാവധി ലാളിത്യത്തില്‍ ജീവിക്കാന്‍ ശ്രമിക്കുന്ന രീതി നമ്മുടെയെല്ലാം ജീവിതത്തില്‍ കാണുന്നുണ്ട്. ആഡംബരത്തിന്‍റെ തലങ്ങള്‍ ബുദ്ധിമുട്ടേറിയതാകുന്നത്, ഞാന്‍ എന്നെത്തന്നെ തെളിയിക്കാന്‍ വേണ്ടി എന്തൊക്കെയോ ചെയ്തു കൂട്ടുമ്പോഴാണ്. എന്നെക്കുറിച്ചുള്ള അപകര്‍ഷതയില്‍ നിന്നാണ് ആഡംബരഭ്രമം വരുന്നത്. എന്നെ പ്രൊജക്ട് ചെയ്യുന്ന സ്ഥിതി. യഥാര്‍ത്ഥമായ മൂല്യങ്ങള്‍ കൈവരുമ്പോള്‍ ആഡംബരഭ്രമം കുറയുകതന്നെ ചെയ്യും.

? നമ്മുടെ യുവജനങ്ങളെക്കുറിച്ച് എന്തു തോന്നുന്നു?
സുഖകരമായ ജീവിതം എന്നതിനപ്പുറത്തേക്ക് ജീവിതത്തെക്കുറിച്ച് ശരിയായ കാഴ്ചപ്പാട് അവര്‍ക്കുണ്ടാകുന്നില്ല. ഒത്തിരി നല്ല ചെറുപ്പക്കാരുണ്ട്. സുഖകരമായ ജീവിതം കരുപ്പിടിപ്പിക്കണം എന്ന ചിന്തയാണ് എല്ലാവര്‍ക്കും. അതിനപ്പുറത്തേക്ക് ജീവിതം സമര്‍പ്പണമാകുന്നില്ല. അതൊരുപക്ഷേ ഈ സംസ്ക്കാരത്തിന്‍റെയോ കാലഘട്ടത്തിന്‍റെയോ പ്രത്യേകതയാകാം. അതുകൊണ്ടു തന്നെ അര്‍ത്ഥമില്ലാത്ത ജീവിതരീതികളും ബന്ധങ്ങളുമൊക്കെ വര്‍ദ്ധിക്കുകയാണ്.

? മനഃശാസ്ത്രത്തില്‍ ഗവേഷണം നടത്തിയിട്ടുള്ള പിതാവിന്‍റെ അഭിപ്രായത്തില്‍ ഇന്നത്തെ മനുഷ്യര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നവും അതിനുള്ള പ്രതിവിധിയും….?
ഏകാന്തതയാണ് മനുഷ്യന്‍റെ ഏറ്റവും വലിയ പ്രശ്നം. ഒറ്റപ്പെട്ട അവസ്ഥ. വിവാഹിതര്‍ക്കും അല്ലാത്തവര്‍ക്കുമൊക്കെ ഈ പ്രശ്നമുണ്ട്. എന്തുകൊണ്ടാണ് സാക്ഷരകേരളത്തില്‍ ഇത്രമാത്രം മദ്യപാനം ഉണ്ടാകുന്നത്. കാരണം, ജീവിതത്തിലുള്ള സംതൃപ്തിക്കുറവാണ്. സ്നേഹബന്ധങ്ങള്‍ കുറയുന്നു, കിട്ടുന്ന സ്നേഹമാകട്ടെ സ്വീകരിക്കാനും പലര്‍ക്കും അറിയില്ല. ഒരുവന്‍ പ്രതീക്ഷിക്കുന്ന വിധത്തില്‍ സ്നേഹം കിട്ടണം. അല്ലാതെ കിട്ടുന്ന സ്നേഹം സ്നേഹമാണെന്നു തിരിച്ചറിയാന്‍ കഴിയുന്നില്ല. അതിനാല്‍ കിട്ടാത്ത സ്നേഹം തേടിപ്പോകുന്നു.

? പിതാവിന്‍റെ Psycho-Spiritual കൗണ്‍സലിംഗിന്‍റെ വെളിച്ചത്തില്‍ കേരളത്തിലെ ധ്യാനകേന്ദ്രങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടോ?
കേരളത്തിലെ കരിസ്മാറ്റിക് ധ്യാനകേന്ദ്രങ്ങള്‍ ദൈവത്തിന്‍റെ സ്നേഹം മനുഷ്യര്‍ക്ക് നല്ല ബോധ്യത്തില്‍ നല്‍കിവരുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ വന്നുവന്ന്, ശിക്ഷയെക്കുറിച്ചും തലമുറകളുടെ ശാപത്തെക്കുറിച്ചുമൊക്കെ ചിലര്‍ പറയുന്നുണ്ട്. അത് അപകടകരമായി തോന്നുന്നു. കാരണം, അതു മനുഷ്യന്‍റെ അസ്വസ്ഥതകളെയും ഭയത്തെയും ആശങ്കകളെയും കൂട്ടുകയേ ഉള്ളൂ. യഥാര്‍ത്ഥത്തില്‍ സുവിശേഷം പറയുന്നത് "ഭയപ്പെടേണ്ട" എന്നാണ്. ഭയപ്പെടേണ്ട എന്നു പറയുന്ന കര്‍ത്താവിനെ ഭയപ്പെട്ടുകൊള്ളുവിന്‍ എന്നു പറയുന്ന ഒരു രീതി നമ്മുടെ ചില പ്രഭാഷകരില്‍ നിന്നെങ്കിലും ഉണ്ടാകുന്നുണ്ട്. അത് അപകടകരമാണ്. കൊടുംപാപിനിയുടെ പാപം പോലും ക്ഷമിക്കുന്നതാണ് സുവിശഷം.

? ഇന്നത്തെ നമ്മുടെ മാധ്യമങ്ങളുടെ ദൗത്യനിര്‍ഹണത്തെക്കുറിച്ച് എന്തു തോന്നുന്നു? മാധ്യമ ധര്‍മ്മത്തില്‍ സത്യസന്ധത കൈമോശം വരുന്നുണ്ടോ?
മാധ്യമങ്ങളെ പല താത്പര്യങ്ങള്‍ നിയന്ത്രിക്കുന്ന അവസ്ഥ വരുമ്പോള്‍ സത്യസന്ധമായ മാധ്യമ പ്രവര്‍ത്തനം നടക്കില്ല. പത്രത്തില്‍ വരുന്നതെല്ലാം സത്യമാണെന്നു സാധാരണ ജനങ്ങള്‍ വിശ്വസിക്കുന്നുണ്ട്. പക്ഷെ പത്രത്തില്‍ വരുമ്പോള്‍ ഈ പത്രം എന്തുകൊണ്ട് ഈ വാര്‍ത്തയ്ക്ക് ഇത്ര പ്രാധാന്യം കൊടുത്തു, അഥവാ പറയേണ്ടതുപോലെയാണോ അതില്‍ പറഞ്ഞിരിക്കുന്നത്? അതെല്ലാം അവരുടെ താത്പര്യങ്ങളാണ്. അവിടെ സത്യസന്ധമായ മാധ്യമ ധര്‍മ്മം വലിയ വെല്ലുവിളിതന്നെയാണ്.

? സഭയില്‍ പ്രവാചകശബ്ദമായി മാറിക്കൊണ്ടിരിക്കുന്ന ഫ്രാന്‍സിസ് പാപ്പയെക്കുറിച്ച്….?
സഭയില്‍ അനിവാര്യമായ മാനുഷിക മുഖത്തിനു പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ് ഫ്രാന്‍സിസ് പാപ്പ. പ്രബോധനങ്ങളിലൊന്നും അടിസ്ഥാനപരമായി മാറ്റം വന്നിട്ടില്ല. ഘടനകളിലും വലിയ മാറ്റം വന്നിട്ടില്ല. എന്നാല്‍ സുവിശേഷത്തിന്‍റെ ഹൃദയം കാരുണ്യമാണെന്നും അജപാലനത്തില്‍ കാരുണ്യമാണ് മുന്നില്‍ നില്‍ക്കേണ്ടതെന്നും ഉള്ള കാഴ്ചപ്പാടില്‍ സഭയ്ക്കു മാനുഷികതയുടെ പുതിയൊരു മുഖം നല്‍കാന്‍ മാര്‍പാപ്പ ശ്രമിക്കുന്നു. അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തിട്ടുണ്ട്.

? പിതാവിന്‍റെ കുടുംബം, മാതാപിതാക്കള്‍, ദൈവവിളി…?
എനിക്കു നാലര വയസ്സുള്ളപ്പോഴാണ് എന്‍റെ പിതാവു മരിക്കുന്നത്. അധ്യാപകനായിരുന്നു. അമ്മയ്ക്ക് 81 വയസ്സുണ്ട്. ഞങ്ങള്‍ ഏഴുമക്കള്‍. നാലു സഹോദരന്മാരും രണ്ടു സഹോദരിമാരുമാണുള്ളത്. വീട് ചങ്ങനാശ്ശേരി ടൗണില്‍ത്തന്നെയാണ്. കത്തീഡ്രല്‍ പള്ളിയില്‍ അല്‍ത്താര ബാലനായിരുന്നു. അവിടത്തെ ശുശ്രൂഷകളും അതുമായി ബന്ധപ്പെട്ട അനുഭവങ്ങളുമാണ് എന്‍റെ ദൈവവിളിക്ക് ആധാരം.

? സത്യദീപം വായനക്കാരോട്?
എല്ലാവരും എനിക്കായി പ്രാര്‍ത്ഥിക്കണം. തികച്ചും അപ്രതീക്ഷിതമായ സമയത്താണ് ഞാന്‍ ഈ ശുശ്രൂഷയിലേക്കു കടന്നു വരുന്നത്. സഭയുടെ സ്പന്ദനങ്ങള്‍ സ്വന്തമാക്കാനും ഈ ശുശ്രൂഷയില്‍ മുന്നോട്ടു പോകാനുമെല്ലാം എല്ലാവരും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org