അനുരൂപണത്തിലൂടെ സുവിശേഷവത്കരണത്തിലേക്ക് എത്യോപ്യന്‍ സഭ

അനുരൂപണത്തിലൂടെ സുവിശേഷവത്കരണത്തിലേക്ക് എത്യോപ്യന്‍ സഭ

സത്യദീപത്തിനുവേണ്ടി ബിഷപ് വര്‍ഗ്ഗീസ് തോട്ടങ്കരയുമായി ലൈറ്റ് ഓഫ് ട്രൂത്ത് അസിസ്റ്റന്റ് എഡിറ്റര്‍ ഫാ. നിധിന്‍ പനവേലില്‍ നടത്തിയ അഭിമുഖസംഭാഷണം…

കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ മിഷന്‍ (സി.എം.) സഭാംഗമായ ബിഷപ് വര്‍ഗ്ഗീസ് തോട്ടങ്കര, എറണാകുളം-അങ്കമാലി അതിരൂപതയിലെ തോട്ടുവ ഇടവകാംഗമാണ്. 1987-ല്‍ വൈദികപട്ടമേറ്റു. ഒറീസ്സയിലെ ബേരാംപൂര്‍ രൂപതയില്‍ പ്രവര്‍ത്തിച്ച ശേഷം എത്യോപ്യയിലെ വിന്‍സെന്‍ഷ്യന്‍ സെമിനാരിയില്‍ അദ്ധ്യാപകനായി നിയമിതനായി. അസിസ്റ്റന്റ് റെക്ടര്‍, മേജര്‍ സെമിനാരി പ്രൊഫസര്‍, റെക്ടര്‍, ദക്ഷിണ എത്യോപ്യയിലെ വികാരിയത്തുകളുടെ ജുഡീഷ്യല്‍ വികാരി എന്നീ നിലകളിലും സേവനം ചെയ്തു. റോമിലെ ഉപരിപഠനം ശേഷം എത്യോപ്യയില്‍ തിരിച്ചെത്തി സി.എം. സഭയുടെ വിവിധ ചുമതലകള്‍ വഹിച്ചു. 2005-ല്‍ സി.എം., ഡോക്‌ടേഴ്‌സ് ഓഫ് ചാരിറ്റി സഭകളുടെ പ്രൊക്യുറേറ്റര്‍ ജനറലായി നിയമിക്കപ്പെട്ടു. 2006-ല്‍ സഭയുടെ ഭാരതത്തിലെ ദക്ഷിണ പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യലായി. 2010-ല്‍ പാരീസില്‍ നടന്ന ജനറല്‍ അസംബ്ലിയില്‍ വച്ച് സി.എം. സഭയുടെ അസി. ജനറല്‍മാരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു. 2013 ജൂണ്‍ 28-ന് നെകെംതെ അപ്പസ്‌തോലിക് വികാരിയത്തിന്റെ പിന്തുടര്‍ച്ചാവകാശമുള്ള മെത്രാനായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. 2013-ല്‍ റോമില്‍ വച്ചായിരുന്നു മെത്രാഭിഷേകം. 2013 നവംബര്‍ 13-ന് നെകെംതെയുടെ മെത്രാനായിരുന്ന ബിഷപ് തിയോഡോഴ്‌സിന്റെ പിന്‍ഗാമിയായി ഔദ്യോഗികമായി അവരോധിക്കപ്പെട്ടു.

? ആദ്യനൂറ്റൂണ്ടു മുതല്‍ തന്നെ വിശ്വാസ പൈതൃകത്താല്‍ സമ്പന്നമായ ഒരു ക്രൈസ്തവ സംസ്‌കാരമാണ് എത്യോപ്യയിലേത്. എത്യോ പ്യന്‍ സഭയുടെ ഇന്നത്തെ അവസ്ഥ എന്താണെന്നു വിശദീകരിക്കാമോ?

എത്യോപ്യയില്‍ 43 ശതമാനവും കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ക്രൈസ്തവരാണ്. ഇപ്പോഴവിടെ അനേകം ക്രൈസ്തവ വിഭാഗങ്ങള്‍ (സെക്ടുകള്‍) വളര്‍ന്നു വരുന്നുണ്ട്. അവരെല്ലാം കൂടി 18 ശതമാനത്തോളം വരും. മുസ്ലിങ്ങളും വളരെയധികം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. അവര്‍ 33 ശതമാനം പേരെങ്കിലും കാണും. കത്തോലിക്കാ സഭയില്‍ രണ്ടു ശതമാനം അംഗങ്ങളേയുള്ളൂ. പിന്നെ ബാക്കിയുള്ളത് ഒരു മതത്തിലും വിശ്വസിക്കാത്തവരാണ്. പണ്ട് ചക്രവര്‍ത്തിമാരുടെ കാലത്ത് ഓര്‍ത്തഡോക്‌സ് സഭയെ ദേശീയ മതമായി അംഗീകരിച്ചിരുന്നു. ഇതരമതങ്ങള്‍ക്ക് അംഗീകാരം ലഭിച്ചിരുന്നുമില്ല. അക്കാലത്ത് കത്തോലിക്കാ മിഷനറിമാര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. അവിടെ പ്രവര്‍ത്തിച്ചിരുന്ന ഈശോ സഭക്കാരെ പുറത്താക്കുകയും ചെയ്തു. പിന്നീട് ഏകദേശം രണ്ടു നൂറ്റാണ്ടുമുമ്പ് സിഎം സഭയില്‍ പെട്ട ഇറ്റാലിയന്‍ മിഷനറി വി. ജസ്റ്റിന്‍ ജാക്കോബിസ് വടക്കന്‍ എത്യോപ്യയിലെത്തി ഓര്‍ത്തഡോക്‌സുകാരുടെ കൂടെ പ്രവര്‍ത്തിച്ചു. അങ്ങനെ കത്തോലിക്കരായവരാണ് ഇപ്പോഴുള്ള പൗരസ്ത്യ കത്തോലിക്കര്‍. അതിനു കുറച്ചുകാലം കഴിഞ്ഞ് ദക്ഷിണ എത്യോപ്യയില്‍ കപ്പൂച്ചിന്‍ സഭാംഗമായ കര്‍ദിനാള്‍ മസായ വന്നു സുവിശേഷവത്കരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ രൂപപ്പെട്ടതാണ് ഇന്നു എത്യോപ്യയില്‍ കാണുന്ന ലത്തീന്‍ കത്തോലിക്കാ വിഭാഗങ്ങള്‍. എത്യോപ്യയില്‍ നാലു പൗരസ്ത്യ സഭാവി ഭാഗങ്ങളുണ്ട്. ഒമ്പതു ലത്തീന്‍ അപ്പസ്‌തോലിക് വികാരിയേറ്റുകളുമുണ്ട്. ഈ രണ്ടു സഭകളും പരസ്പരം സഹകരിച്ചാണു പോകുന്നത്. ബിഷപ്‌സ് കോണ്‍ഫറന്‍സ് ഒന്നേയുള്ളൂ.

ഓര്‍ത്തഡോക്‌സ് സഭയില്‍ പെട്ടവര്‍ പാരമ്പര്യത്തെ മുറുകെപ്പിടിക്കുന്നവരും യാഥാസ്ഥിതികരുമാണ്. വൈദികരാകട്ടെ വലിയ വിദ്യാഭ്യാസമൊന്നും ഉള്ളവരല്ല. നാലാം ക്ലാസ്സു പഠിച്ചവരാണു പലരും. ഈ അടുത്തകാലത്താണ് വൈദികരെ തിയോളജി പഠിപ്പിക്കാനും മറ്റും തുടങ്ങിയത്. അതേ സമയം റോമിലും വിദേശത്തും മറ്റും പോയി പഠിച്ചു വരുന്ന വൈദികരും അവര്‍ക്കിടയില്‍ ഉണ്ട്. പഴയനിയമ രീതിപോലെ ഒരു പള്ളിയോടു ചേര്‍ന്നു പത്തും അമ്പതും വൈദികരുണ്ടാകും. അവര്‍ തങ്ങളുടെ ഊഴം അനുസരിച്ച് കുര്‍ബാനയ്ക്കും മറ്റു ചടങ്ങുകള്‍ക്കും ചെല്ലും. ബാക്കിസമയം ഭാര്യയോടും മക്കളോടും ചേര്‍ന്നു കുടുംബത്തോടൊപ്പമായിരിക്കും. കൃഷിക്കാരും കച്ചവടക്കാരുമൊക്കെയാണു പലരും. സഭയില്‍ നിന്ന് അവര്‍ക്ക് ശമ്പളമൊന്നുമില്ല. ചടങ്ങുകളില്‍ നിന്നു ലഭിക്കുന്ന പണം അവര്‍ക്കു കിട്ടും. ആ വിധത്തില്‍ ആചാരബദ്ധമായ കാര്യങ്ങള്‍ക്കാണു വിശ്വാസികളെ കൂടുതല്‍ പ്രേരിപ്പിക്കുന്നത്. സാധാരണക്കാരായ ജനങ്ങളുടെ പവിത്രതയുള്ളവരും വിദ്യാഭ്യാസമുള്ള വൈദികരും മെത്രാന്മാരും എന്നിങ്ങനെ രണ്ടു വിഭാഗമുണ്ട്.

? കത്തോലിക്കാ സഭയും ഓര്‍ത്തഡോക്‌സ് സഭയും തമ്മിലുള്ള ബന്ധങ്ങളും സഭൈക്യ ശ്രമങ്ങളും എത്രത്തോളമുണ്ട്?

നമ്മുടെ ഭാഗത്തു നിന്നു വലിയ സഹകരണം ഉണ്ട്. നാം ന്യൂനപക്ഷമായതുകൊണ്ട് വലിയ താത്പര്യം അവര്‍ക്കില്ല എന്നു പറയാം. മതാന്തര സംഭാഷണങ്ങള്‍ക്കോ മറ്റോ നാം മുന്‍കൈ എടുത്തു ചെന്നാലും അടിമുതല്‍ മുകള്‍ വരെ തങ്ങളാണു യഥാര്‍ത്ഥ സഭ എന്ന മട്ടിലാണ് അവരുടെ നിലപാട്. മാര്‍പാപ്പയില്‍ നിന്നോ റോമിലെ പൗരസ്ത്യ കാര്യാലയത്തില്‍ നിന്നോ എന്തെങ്കിലും കാര്യം സാധിക്കാനല്ലാതെ നമ്മുടെ സഭയോടു വലിയ താത്പര്യം കാണിക്കുന്നതായി തോന്നിയിട്ടില്ല. സമാധാന സംരക്ഷണത്തിനു വേണ്ടി സര്‍ക്കാര്‍ തലത്തില്‍ എല്ലാ മതങ്ങളെയും ഒരുമിപ്പിച്ചു റിലീജിയസ് ലീഡേഴ്‌സ് ഫോറം എന്നൊരു വേദി രൂപീകരിച്ചിട്ടുണ്ട്. അല്ലാതെ സഭൈക്യത്തിന്റെതായ മറ്റു വലിയ പരിപാടികളൊന്നും നടക്കുന്നില്ല.

? ആഫ്രിക്കയിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു മുസ്ലിം അധിനിവേശത്തെ ഒരുപരിധിവരെയെങ്കിലും പ്രതിരോധിച്ച ഒരു രാജ്യമാണ് എത്യോപ്യ. ഒരു ക്രൈസ്തവ രാജ്യമായിട്ടാണ് അതു നിലകൊള്ളുന്നത്. ഇപ്പോഴത്തെ അവിടത്തെ അവസ്ഥ എന്താണ്? മുസ്ലിങ്ങളുമായുള്ള നമ്മുടെ ബന്ധം എങ്ങനെയാണ്?

മുസ്ലിം അധിനിവേശത്തെ ചെറുത്തത്, ചക്രവര്‍ത്തിമാരുടെ കാലത്ത് അതു നിരോധിച്ചുകൊണ്ടാണ്. ഓര്‍ത്തഡോക്‌സ് മതം ദേശീയമതമായി പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് ചക്രവവര്‍ത്തിയെ സ്ഥാനഭൃഷ്ടനാക്കി പട്ടാള ഭരണം വന്നു. അവരും അതേ നയം തുടര്‍ന്നു. അതുകഴിഞ്ഞ് പട്ടാളഭരണത്തെ തൂത്തെറിഞ്ഞ് 1991 ലാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ ഭരണത്തിലെത്തിയത്. അതേത്തുടര്‍ന്ന് രാജ്യം സെക്കുലറാണ് ജനാധിപത്യമാണ് എന്ന നില സംജാതമായപ്പോള്‍ മുസ്ലിങ്ങള്‍ വളരാന്‍ തുടങ്ങി. 90 കളില്‍ 7- 8 ശതമാനം ഉണ്ടായിരുന്ന അവര്‍ 33 ശതമാനത്തിലെത്തി. വളരെപ്പെട്ടെന്നാണ് അവരുടെ വളര്‍ച്ചയുണ്ടായത്.

എത്യോപ്യയില്‍ 43 ശതമാനവും കോപ്റ്റിക് ഓര്‍ത്തഡോക്‌സ് ക്രൈസ്തവരാണ്. ഇപ്പോഴവിടെ അനേകം ക്രൈസ്തവ വിഭാഗങ്ങള്‍ (സെക്ടുകള്‍) വളര്‍ന്നു വരുന്നുണ്ട്. അവരെല്ലാം കൂടി 18 ശതമാനത്തോളം വരും. മുസ്ലിങ്ങളും വളരെയധികം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. അവര്‍ 33 ശതമാനം പേരെങ്കിലും കാണും. കത്തോലിക്കാ സഭയില്‍ 2 ശതമാനം അംഗങ്ങളേയുള്ളൂ.

എത്യോപ്യന്‍ ഭരണകൂടം കഴിഞ്ഞാല്‍ സാമൂഹികരംഗത്തും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും കൂടുതല്‍ സേവനങ്ങള്‍ ചെയ്യുന്നത് കത്തോലിക്കാ സഭയാണ്. നമ്മുടെ സ്ഥാപനങ്ങള്‍ എല്ലാവര്‍ക്കുമായി തുറന്നുകൊടുത്തിരിക്കുന്നു. കത്തോലിക്കര്‍ മാത്രമേ പാടുള്ളൂ എന്നു നാം പറയില്ല. എല്ലാ കാര്യത്തിലും ഇതാണു നയം. എന്നാല്‍ മുസ്ലിങ്ങളും ചില പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങളും, ഓര്‍ത്തഡോക്‌സ് സഭ പോലും അവരുടെ ആളുകള്‍ക്കാണു മുന്‍ഗണന നല്‍കുന്നത്. ഓര്‍ത്തഡോക്‌സ് സഭയില്‍ നിന്നു യുവജനങ്ങളുടെ കൊഴിഞ്ഞുപോക്ക് അവര്‍ നേരിടുന്ന പ്രതിസന്ധിയാണ്. പള്ളിയോടു കൂടുതല്‍ അടുത്തു നില്‍ക്കുന്നവരല്ല യുവാക്കള്‍. സംസാരഭാഷയിലല്ലാത്ത ലിറ്റര്‍ജിക്കല്‍ ഭാഷയിലാണു കര്‍മ്മങ്ങളൊക്കെയും. ആകര്‍ഷകമല്ലാത്ത ലിറ്റര്‍ജി യുവജനങ്ങള്‍ പള്ളിയില്‍നിന്ന് അകലുന്നതിനുള്ള ഒരു കാരണമാണ്. അതിനാല്‍ യുവാക്കളാണു കൂടുതലായി മറ്റു പെന്തക്കോസ്തു വിഭാഗങ്ങളില്‍ ചേക്കേറുന്നത്.

? യുവജനങ്ങള്‍ക്കുവേണ്ടി റോമന്‍ കത്തോലിക്ക സഭയ്ക്ക് എന്തു ചെയ്യാനാകും?

നമ്മുടെ ഓറിയന്റല്‍ കത്തോലിക്കാ സഭയിലുള്ളവര്‍ പലരും ഓര്‍ത്തഡോക്‌സ് സഭയോടു കൂറും ചായ്‌വും ഉള്ളവരാണ്. അതു കൊണ്ട് പല മെത്രാന്മാരും വൈദികരും പറയുന്നത് നാം കത്തോലിക്കാ മതത്തിലേക്ക് പരിവര്‍ത്തനം നടത്തണ്ട, ഓര്‍ത്തഡോക്‌സും യഥാര്‍ത്ഥ സഭയാണ് എന്നാണ്. കത്തോലിക്കരായവരെ വേണമെങ്കില്‍ ഓര്‍ത്തഡോക്‌സുകാരുമായി സംയോജിപ്പിക്കാമെന്ന മനോഭാവമുള്ളവരുമുണ്ട്. അതേ സമയം ലത്തീന്‍ സഭയിലുള്ളവര്‍ സുവിശേഷവത്കരണത്തിനു പ്രാധാന്യം കൊടുക്കുകയും ആദിവാസികളായവര്‍ക്കിടയിലും മറ്റും പ്രവര്‍ത്തിച്ച് അവരെ മാമ്മോദീസമുക്കി എണ്ണം വര്‍ദ്ധിപ്പിക്കണം എന്നു ചിന്തിക്കുന്നവരുമാണ്. ഈ പശ്ചാത്തലത്തിലും യുവജനങ്ങളെ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നാം നടത്തുന്നുണ്ട്. എന്റെ രൂപതയില്‍ യുവാക്കള്‍ക്കായി കരിസ്മാറ്റിക് പ്രാര്‍ത്ഥനാ സമ്മേളനങ്ങള്‍ നടത്തിയും കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിച്ചും അവരെ സഭയോടു ചേര്‍ത്തു നിറുത്തുന്നുണ്ട്. രൂപതയിലെ വൈദികര്‍ക്കു ഇക്കാര്യത്തില്‍ ഗ്രാഹ്യം കിട്ടാന്‍ കേരളത്തിലെ ധ്യാനകേന്ദ്രങ്ങളിലും ഇടവകകളിലുമൊക്കെ അവരെ കൊണ്ടുവന്നു സംഘാടക – പരിശീലന രീതികളും മറ്റും മനസ്സിലാക്കാന്‍ സഹായിക്കുന്നുണ്ട്.

? എത്യോപ്യയില്‍ മുസ്ലിങ്ങളും ക്രൈസ്തവരും തമ്മിലുള്ള ബന്ധം എപ്രകാരമാണ്? സൗഹാര്‍ദ്ദതയുടെ അന്തരീക്ഷമാണോ അതോ മതതീവ്രവാദത്തിന്റെയും മറ്റും പശ്ചാത്തലമാണോ?

മുസ്ലിങ്ങള്‍ക്കു ഭൂരിപക്ഷമുള്ളിടത്ത് ക്രൈസ്തവര്‍ക്കു പ്രശ്‌നങ്ങളുണ്ട്. ക്രൈസ്തവരെ ആക്രമിക്കുകയും, നമ്മുടെ പള്ളികള്‍ കത്തിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. എന്നാല്‍ മുസ്ലിങ്ങള്‍ ന്യൂനപക്ഷമായിട്ടുള്ള സ്ഥലങ്ങളില്‍ അവര്‍ ശാന്തരാണ്. തീര്‍ച്ചയായും മറ്റു രാജ്യങ്ങളില്‍ സംഭവിക്കുന്നതു പോലെ മതഭ്രാന്തിന്റെ ആക്രമണം ഇവിടെയും പ്രതീക്ഷിക്കുന്നുണ്ട്. സമാധാന സ്ഥാപനത്തിനു സര്‍ക്കാരും മതവിഭാഗങ്ങളും പരിശ്രമിക്കുന്നുണ്ടെങ്കിലും വര്‍ഗീയവാദികള്‍ അധോലോകങ്ങളില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

? പിതാവിന്റെ രൂപതയില്‍ ഇത്തരത്തില്‍ ഭീഷണികളുണ്ടോ?

എന്റെ രൂപതയില്‍ മുസ്ലിങ്ങള്‍ ന്യൂനപക്ഷമാണ്. പെന്തക്കോസ്തു സഭാ വിഭാഗക്കാരാണു കൂടുതലുള്ളത്. പൊതുവെ ഇതൊരു ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമാണ്.

? ഫ്രാന്‍സിസ് പാപ്പ മുസ്ലിങ്ങളുമായുള്ള നമ്മുടെ സാഹോദര്യത്തെപ്പറ്റി പറയുമ്പോഴും ഇത്തരത്തില്‍ ബുദ്ധിമുട്ടനുഭിക്കുന്ന സഭ ആഫ്രിക്കയിലുണ്ട്. മതാന്തര ബന്ധങ്ങളുടെ പ്രതീകമായി മാര്‍പാപ്പയുടെ ഇറാക്കിലെ സന്ദര്‍ശനം കാണുന്നവരുണ്ട്. അദ്ദേഹത്തിന്റെ ഫ്രത്തെല്ലി തൂത്തി എന്ന ചാക്രീക ലേഖനവും നാം കണ്ടു. ഈ പശ്ചാത്തലത്തില്‍ മാര്‍പാപ്പ പറയുന്ന കാര്യങ്ങളും പ്രായോഗികമായി ആഫ്രിക്കന്‍ സഭ നേരിടുന്ന വിഷയങ്ങളും തമ്മില്‍ ബന്ധപ്പെടുത്തുമ്പോള്‍ പിതാവിന്റെ നിഗമനങ്ങള്‍ എന്താണ്?

മാര്‍പാപ്പയുടേത് നല്ല നീക്കം തന്നെയാണ്. നമ്മുടെ ഭാഗത്തു നേരത്തെ മുതല്‍ മതാന്തര – സഭൈക്യ പരിശ്രമങ്ങള്‍ ഉണ്ടായിരുന്നു. മുസ്ലിങ്ങളുമായോ മറ്റേതെങ്കിലും വിഭാഗവുമായോ ഒരു സ്പര്‍ദ്ധ ഉണ്ടാകണമെന്നു നമുക്ക് ആഗ്രഹമില്ല. എന്നാല്‍ ഈ സന്ദേശം അവര്‍ ഉള്‍ക്കൊള്ളണം. നേതൃതലത്തില്‍ ഇക്കാര്യത്തില്‍ പലതും നടക്കുന്നുണ്ടെങ്കിലും താഴെത്തട്ടില്‍ അതിന്റെ സന്ദേശം എത്തുന്നില്ല. അവര്‍ക്ക് ആ ബോധ്യം കിട്ടി ആ തലത്തിലേക്കു വന്നാലേ ഇതു ഫലപ്രദമാകൂ.

? സഭയുടെ കെട്ടുറപ്പ് എന്നു പറയുന്നത്, കുടുംബങ്ങളും കുടുംബബന്ധങ്ങളുമൊക്കെയാണല്ലോ? ആഫ്രിക്കയിലെ ജനങ്ങളുടെ കുടുംബജീവിതം, ധാര്‍മ്മികത തുടങ്ങിയവയെപ്പറ്റി പിതാവിനു പറയാനുള്ളതെന്താണ്?

കുടുംബ ബന്ധങ്ങളില്‍ വളരെ കെട്ടുറപ്പുള്ള ഒരു രാജ്യമാണ് ആഫ്രിക്ക. മിക്കവാറും കൂട്ടുകുടുംബങ്ങളാണ്. അതിനാല്‍ ബന്ധങ്ങള്‍ ദൃഢമാണ്. വളരെ വിദൂരമായ ബന്ധത്തില്‍പ്പെട്ട ആരെങ്കിലും മരണമടഞ്ഞാല്‍ പോലും എല്ലാവരും അവിടെ ചെല്ലുകയും ഏഴുദിവസത്തെ വിലാപദിവസങ്ങളില്‍ പങ്കെടുക്കുകയും അനുശോചനങ്ങള്‍ അറിയിക്കുകയുമൊക്കെ ചെയ്യുന്ന പതിവുണ്ട്. എന്നാല്‍ ധാര്‍മ്മികതയെപ്പറ്റി പറഞ്ഞാല്‍ അത് ഓരോ ഗോത്രത്തെയും ആശ്രയിച്ചാണ്. പൊതുവേ എടുത്താല്‍ വിവാഹത്തെ രണ്ടു വിധത്തില്‍ കാണുന്നവരാണ്. ഒരു വിഭാഗത്തിനു പ്രധാനപ്പെട്ടത് കുട്ടികളുടെ ജനനമാണ്. വിവാഹശേഷം കുട്ടികള്‍ ജനിച്ചിരിക്കണം. അല്ലെങ്കില്‍ അവര്‍ക്ക് അതു വിവാഹമാകുകയില്ല. ഈ വിഭാഗത്തില്‍ പെട്ടവര്‍ സഭയോടു നിരന്തരം ആവശ്യപ്പെടുന്ന കാര്യമാണ് ട്രയല്‍ മാര്യേജ്. കുട്ടികളുണ്ടാകുന്നില്ലെങ്കില്‍ വിവാഹം വേര്‍പെടുത്താന്‍ അനുമതി വേണമെന്നാണ് അവരുടെ ആവശ്യം. മറ്റൊരു വിഭാഗം കന്യാകാത്വത്തിനു വലിയ പ്രാധാന്യം നല്‍കുന്നവരാണ്. അവരെ സംബന്ധിച്ചിടത്തോളം കന്യകയല്ലെന്നു കണ്ടാല്‍ വധുവിനെ തിരിച്ചു വീട്ടിലാക്കുകയും മാതാപിതാക്കളില്‍ നിന്നു പിഴ ഈടാക്കുകയും ചെയ്യുന്ന പ്രവണതയുണ്ട്. അതുപോലെ ബഹുഭാര്യാത്വം കൂടുതലാണ്. വിവാഹിതരാകാതെ മക്കളെ പ്രസവിക്കുന്ന അമ്മമാരുണ്ട്. വിവാഹേതര ബന്ധങ്ങളും പൊതുവേ കാണാം.

എത്യോപ്യന്‍ ഭരണകൂടം കഴിഞ്ഞാല്‍ സാമൂഹികരംഗത്തും ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലും കൂടുതല്‍ സേവനങ്ങള്‍ ചെയ്യുന്നത് കത്തോലിക്കാ സഭയാണ്. നമ്മുടെ സ്ഥാപനങ്ങള്‍ എല്ലാവര്‍ക്കുമായി തുറന്നുകൊടുത്തിരിക്കുന്നു. കത്തോലിക്കര്‍ മാത്രമേ പാടുള്ളൂ എന്നു നാം പറയില്ല.

ഇത്തരം സാഹചര്യങ്ങളില്‍ ക്രൈസ്തവ ധാര്‍മ്മികതയെക്കുറിച്ചും വിവാഹബന്ധത്തിന്റെ പവിത്രതയെക്കുറിച്ചും സഭയുടെ നിയമങ്ങളെക്കുറിച്ചുമൊക്കെ നാം ജനങ്ങളെ ബോധവത്കരിക്കുന്നുണ്ട്. ഉദാഹരണത്തിന് ഒന്നില്‍ കൂടുതല്‍ ഭാര്യമാരുള്ള ഒരാള്‍ കത്തോലിക്കനാകാന്‍ ആഗ്രഹിച്ചാല്‍ അയാള്‍ക്കു നമ്മള്‍ മാമ്മോദീസ നല്‍കില്ല. ഭാര്യയ്ക്കും മക്കള്‍ക്കും മാമ്മോദീസ നല്‍കും. ഇത്തരം സാഹചര്യങ്ങളില്‍ കഴിയുന്നവരോടു മാനുഷീകമായ സമീപനം നാം സ്വീകരിക്കേണ്ടതുണ്ട്. മാര്‍പാപ്പയും ഇക്കാര്യങ്ങള്‍ പലപ്പോഴും സൂചിപ്പിക്കാറുണ്ടല്ലോ?

? ആഫ്രിക്കന്‍ സംസ്‌ക്കാരം അനുരൂപണനത്തിന് ഏറ്റവും നല്ല ഉദാഹരണമായി ചൂണ്ടി കാണിക്കപ്പെടുന്നുണ്ട്. മാര്‍പാപ്പ തന്നെ അവിടെ സൈറിയന്‍ റീത്തിലുള്ള കുര്‍ബാനയര്‍പ്പിക്കുകയുണ്ടായി. സാംസ്‌ക്കാരികാനുരൂപണം എത്ര മാത്രം അവിടെ സാധ്യമായിട്ടുണ്ട്. ഇനിയും ആ സാധ്യതകളെ എങ്ങനെയാണു കാണുന്നത്?

സാധാരണ ആഫ്രിക്കന്‍ സഭയെക്കുറിച്ചു പറയുന്നത് ഡാന്‍സിംഗ് ചര്‍ച്ച് എന്നാണ്. ലിറ്റര്‍ജിയില്‍ അവര്‍ക്ക് കുറെ ഡാന്‍സുകളുണ്ട്. എന്താഘോഷം വന്നാലും പാട്ടും നൃത്തവും ഉണ്ടാകും. നാലുപേര്‍ ഒരുമിച്ചു കൂടുന്നിടത്ത് പരമ്പരാഗതമായ ഡാന്‍സ് ഇല്ലാതിരിക്കില്ല. സൈറസ് പാരമ്പര്യത്തില്‍ പണ്ടുമുതലേ ഇങ്ങനെ ഉണ്ടായിരുന്നു. വത്തിക്കാന്റെ അംഗീകാരം കിട്ടിയത് അടുത്തകാലത്തു മാത്രമാണ്. ലിറ്റര്‍ജിയില്‍ ജനങ്ങളും വൈദികരും അള്‍ത്താര ശുശ്രൂഷികളും എല്ലാവരും നൃത്തം ചെയ്താണ് ദേവാലയത്തില്‍ പ്രവേശിക്കുന്നത്. പാട്ടും നൃത്തവും വേണം. അതു അനുരൂപണത്തിന്റെ ഭാഗവുമാണ്. എന്നാല്‍ അതല്ല പ്രധാനപ്പെട്ടത് ദിവ്യകാരുണ്യ ആരാധനയാണു പ്രധാനപ്പെട്ടതെന്നു പഠിപ്പിക്കാന്‍ പരിശ്രമിക്കുന്നുണ്ട്.

? ഓര്‍ത്തഡോക്‌സ് സഭയിലും ഇത്തരത്തില്‍ അനുരൂപണത്തിന്റെ തലങ്ങളുണ്ടോ?

അവര്‍ക്ക് അവരുടേതായ രീതിയില്‍ ഉണ്ട്. അവര്‍ക്ക് ലിറ്റര്‍ജിക്കല്‍ ഡാന്‍സ് ഉണ്ട്. അതിന് അതിന്റേതായ ക്രമവുമുണ്ട്. എന്നാല്‍ ഇതു ചിലപ്പോള്‍ നിയന്ത്രണാതീതമാകാറുണ്ട്. പല വിഭാഗങ്ങളില്‍ പെട്ടവര്‍ ഒരു മാനദണ്ഡവുമില്ലാതെ വന്നു പങ്കെടുക്കും. ഇതു കാണുന്ന കത്തോലിക്കരും ഈ വിധത്തില്‍ നമുക്ക് അനുകരിക്കാമല്ലോ എന്നു ചിന്തിച്ചേക്കാവുന്ന അപകടമുണ്ട്.

? പിതാവ് ഒരു മിഷനറി സഭാംഗമാണ്. ആഫ്രിക്കയില്‍ ഇനിയുള്ള മിഷന്‍ സാധ്യതകള്‍ എന്തൊക്കെയാണ്? വിശേഷിച്ചും എത്യോപ്യയില്‍?

എന്റെ രൂപതയില്‍ ഒരു മതത്തിലും പെടാത്ത ഒത്തിരിയേറെ പേര്‍ ഇപ്പോഴുമുണ്ട്. കേരളത്തില്‍ നിന്നു ബഥനി വൈദികരെ ഞാന്‍ അവിടെ കൊണ്ടുപോയിരുന്നു. അവര്‍ രണ്ടു മിഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങി. എത്യോപ്യ പൊതുവേ ഒരു ക്രിസ്ത്യന്‍ രാജ്യമായിട്ടാണ് അറിയപ്പെടുന്നത്. ഇതര സെക്ടു കളിലേക്കു പോകുന്ന യുവജനങ്ങള്‍ അവിടെയും തൃപ്തരാകുന്നില്ല. അപ്പോള്‍ അവരെ വീണ്ടും നമ്മുടെ കൂടെ ചേര്‍ക്കാനും കത്തോലിക്കാ വിശ്വാസത്തില്‍ ഉറപ്പിക്കാനും നാം ശ്രമിക്കുന്നുണ്ട്. കത്തോലിക്കരായ വിശ്വാസികളില്‍ പലരുടെയും വിശ്വാസം ഉപരിപ്ലവമാണ്, ആഴപ്പെട്ടിട്ടില്ല. സഭയ്ക്കു വലിയ പാരമ്പര്യം ഉണ്ടെന്നു പറഞ്ഞാലും നമ്മുടെ നാട്ടിലേതുപോലെ നിയതമായി കാറ്റിക്കിസം പഠിപ്പിക്കുന്ന രീതിയൊന്നുമില്ല. കാറ്റിക്കിസത്തിനു ടെക്സ്റ്റുകള്‍ പോലുമില്ല. കാറ്റിക്കിസം പഠിപ്പിക്കുന്നതിനും വിശ്വാസം ആഴപ്പെടുത്തുന്നതിനും വേണ്ടി ഇനിയും ഒത്തിരി പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഓര്‍ത്തഡോക്‌സുകാരനെ സംബന്ധിച്ച് നോമ്പുനോക്കുകയും ദുഃഖവെള്ളിയാഴ്ച പള്ളിയില്‍ പോകുകയും ചെയ്താല്‍ മതി, വളരെ നല്ല വിശ്വാസിയായി അറിയപ്പെടും. പള്ളിയില്‍ കര്‍മ്മങ്ങള്‍ക്കൊന്നും പോകണമെന്നു നിര്‍ബന്ധമില്ല. അച്ചന്‍ പ്രസംഗിക്കും. പള്ളിക്കു മുന്നില്‍ ചെന്നു തല കുമ്പിട്ടു തിരിച്ചു പോന്നാല്‍ മതി. യുവാക്കളൊന്നും അധികം പള്ളിയില്‍ കയറില്ല. പ്രായം ചെന്നു മരിക്കാറുകുമ്പോഴാണ് പിന്നെ പള്ളിയോട് അടുക്കുന്നത്. ഈ ദുഃസ്വാധീനങ്ങള്‍ നമ്മുടെ സഭയിലും കടന്നു കൂടിയിട്ടുണ്ട്. നാം നമ്മുടെ വിശ്വാസികളോട് ഞായറാഴ്ചകളില്‍ പള്ളിയില്‍ വരണം, കര്‍മ്മങ്ങളില്‍ മുഴുവനായി പങ്കെടുക്കണമെന്നൊക്കെ നിഷ്‌കര്‍ഷിച്ചാല്‍ അവര്‍ക്കത് അപരിചിതമായി തോന്നും. കാരണം ഓര്‍ത്തഡോക്‌സിന്റെ പാരമ്പര്യം അതല്ലല്ലോ.

സഭയ്ക്കു വലിയ പാരമ്പര്യം ഉണ്ടെന്നു പറഞ്ഞാലും നമ്മുടെ നാട്ടിലേതുപോലെ നിയതമായി കാറ്റിക്കിസം പഠിപ്പിക്കുന്ന രീതിയൊന്നുമില്ല. കാറ്റിക്കിസത്തിനു ടെക്സ്റ്റുകള്‍ പോലുമില്ല. കാറ്റിക്കിസം പഠിപ്പിക്കുന്നതിനും വിശ്വാസം ആഴപ്പെടുത്തുന്നതിനും വേണ്ടി ഇനിയും ഒത്തിരി പ്രവര്‍ത്തിക്കേണ്ടതുണ്ട്.

എന്നാല്‍ യഥാര്‍ത്ഥ ഓര്‍ത്തഡോക്‌സുകാര്‍ കഠിനമായി നോമ്പുനോക്കുന്നവരാണ്. നോമ്പിന്റെ നാളുകളില്‍ ഇറച്ചി, മീന്‍, പാല്‍, മുട്ട, നെയ്യ് ഒന്നും കഴിക്കില്ല. പക്ഷെ മദ്യപാനം നിറുത്തില്ല. രാവിലെ 8 മണി മുതല്‍ വൈകീട്ട് 4 മണിവരെയുള്ള സമയത്ത് അവര്‍ നിരവധി തവണ മുട്ടുകുത്തുകയും എഴുന്നേല്‍ക്കുകയും ചെയ്തു കൊണ്ടിരിക്കും. കാരണം, ആ വര്‍ഷം ചെയ്ത എല്ലാ പാപങ്ങള്‍ക്കും അതിലൂടെ പരിഹാരമാകുമെന്നാണ് വിശ്വാസം. ഇത്തരത്തിലുള്ള പരമ്പരാഗത ആചാരങ്ങളെ അതിജീവിച്ച് യഥാര്‍ത്ഥത്തിലുള്ള ദൈവശാസ്ത്ര ചിന്തകള്‍ കൊടുത്ത് അവരെ വളര്‍ത്തിക്കൊണ്ടു വരാന്‍ ഒരു പുനഃസുവിശേഷവത്കരണം അനിവാര്യമാണ്. ഈ വിധത്തില്‍ ഒരുപാടു സാധ്യതകള്‍ അവിടെയുണ്ട്. ഓര്‍ത്തഡോക്‌സ്, പ്രൊട്ടസ്റ്റന്റ് സ്വാധീനങ്ങളില്‍ നിന്നും പാരമ്പര്യത്തിന്റെ ദുസ്വാധീനങ്ങളില്‍നിന്നും ജനങ്ങളെ പുറത്തു കൊണ്ടുവരാന്‍ നമുക്കു സാധിക്കണം.

? പരി. പിതാവ് ഫ്രാന്‍സിസ് പാപ്പയുടെ പ്രവര്‍ത്തനത്തെയും അദ്ദേഹത്തിന്റെ സ്വാധീനത്തെയും അങ്ങ് എങ്ങനെ വീക്ഷിക്കുന്നു?

മാര്‍പാപ്പയുടെ ശൈലി വളരെയധികം ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാന്‍. അദ്ദേഹത്തിന്റെ ചാക്രീകലേഖനവും പ്രസംഗവുമെല്ലാം സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ ഗ്രാഹ്യമാണ്. വളരെ പ്രായോഗികമായി കാര്യങ്ങള്‍ അദ്ദേഹം പറയുന്നു. സാധാരണ ജനങ്ങളുടെ വിശ്വാസജീവിതത്തിലെ എല്ലാ കാര്യങ്ങളും അറിയാവുന്ന ഒരു മിഷനറികൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ നിലപാടുകളെ എതിര്‍ക്കുന്നത് യാഥാസ്ഥിതികരായ ചില പാരമ്പര്യവാദികളാണ്. മാര്‍പാപ്പ പറയുന്ന കാര്യങ്ങളൊക്കെ വളരെ മുന്‍പേ സഭയില്‍ വരേണ്ടതായിരുന്നു. നിയമങ്ങളും ആചാരങ്ങളും മാത്രമല്ല നാം മുറുകെപ്പിടിക്കേണ്ടത്. യേശു എന്റെ സ്ഥാനത്താണെങ്കില്‍ എന്തു ചെയ്യുമായിരുന്നു? അതാണു നോക്കേണ്ടത്. അവിടെ നിയമവും പാരമ്പര്യവുമൊന്നുമല്ല പ്രധാനം. ആ വിധത്തിലുള്ള രീതിയിലേക്കു സഭയെ എത്തിക്കാനാണു ഫ്രാന്‍സിസ് പാപ്പ പരിശ്രമിക്കുന്നത്.

? ജനങ്ങളിലാണു സഭ, ജനങ്ങളെയാണു കേള്‍ക്കേണ്ടത് എന്നു പറയുന്ന പാപ്പ സിനഡാലിറ്റിയെക്കുറിച്ചു പറയുന്നുണ്ട്. ഇതേക്കുറിച്ച് എന്താണു പറയാനുള്ളത്?

സിനഡാലിറ്റി ആഫ്രിക്കന്‍ സഭയില്‍ പ്രയാസമുള്ള കാര്യമാണ്. കാരണം, ആഫ്രിക്കന്‍ സഭയും, സാമൂഹിക രീതിയും പരമ്പരാഗതമായിട്ട് ഹയരാര്‍ക്കിക്കല്‍ ആണ്. പല ആഫ്രിക്കന്‍ രാജ്യങ്ങളും ഈ ഹയരാര്‍ക്കിക്കല്‍ രീതി അതുപോലെ സ്വീകരിച്ചിട്ടുള്ളതാണ്. സഭയുടെ കാനോനിക്കല്‍ നിയമങ്ങള്‍ കൃത്യമായി പിന്തുടരുന്നവരാണവര്‍. ജനങ്ങള്‍പോലും ഈ രീതിയെ ബഹുമാനിക്കുകയും അതു പിന്തുടരാന്‍ ഇഷ്ടപ്പെടുകയുമാണ്. അതിനാല്‍ സിനഡാലിറ്റി എളുപ്പമല്ല. പക്ഷെ മാര്‍പാപ്പ അതിന് ഒരു ആരംഭം കുറിച്ചിരിക്കുകയാണ്.

? ബൈബിളുമായി ബന്ധപ്പെടുത്തി എത്യോപ്യയെക്കുറിച്ചു പറയുമ്പോള്‍ എത്യോപ്യയിലെ ഷണ്ഡന്‍, അദ്ദേഹത്തിന്റെ പരിവര്‍ത്തനം എന്നിവയെക്കുറിച്ചു ചിന്തിക്കാം. ഈ പശ്ചാത്തലത്തില്‍ ട്രാന്‍സ്ജന്റേഴ്‌സിനെ ആഫ്രിക്കന്‍ സഭ എങ്ങനെ കാണുന്നു?

ആഫ്രിക്കന്‍ സഭ പൊതുവേ ഇതിനെ ഒരിക്കലും അംഗീകരിക്കുന്നില്ല. അത്തരത്തില്‍ ജീവിക്കുന്നവരുണ്ടാകാം. പക്ഷെ അത് വെളിപ്പെടുത്തുകയോ പറയുകയോ ചെയ്യുന്നില്ല. അതിനെ സ്വീകരിക്കുകയുമില്ല. പൊതുവേ ആഫ്രിക്കന്‍ ഗോത്രങ്ങളില്‍ ഇതാണു സ്ഥിതി. മനുഷ്യാവകാശങ്ങളും മറ്റു കാര്യങ്ങളും അംഗീകരിക്കുന്നുണ്ട്. പക്ഷെ, സ്വവര്‍ഗ്ഗ വിവാഹം പോലുള്ള കാര്യങ്ങള്‍ അംഗീകരിക്കുന്നില്ല.

? എത്യോപ്യന്‍ സഭയില്‍ വനിതാ പ്രാതിനിധ്യം എത്രത്തോളമുണ്ട്. ലിറ്റര്‍ജിയില്‍ മാര്‍പാപ്പ Lector, Acolyte തുടങ്ങിയ ശുശ്രൂഷകള്‍ ഇപ്പോള്‍ അവര്‍ക്ക് അനുവദിക്കുന്നുണ്ടല്ലോ? ഇതിനോട് ആഫ്രിക്കന്‍ സഭയില്‍ എന്താണു പ്രതികരണം?

ഓരോരുത്തര്‍ക്കും അവരവരുടേതായ സ്ഥാനം കല്‍പിക്കപ്പെട്ടിരിക്കുന്ന ഒരു ജനതയാണ് ആഫ്രിക്കയിലേത്. സ്ത്രീകളെ ഏറ്റവുമധികം അടിച്ചമര്‍ത്തുകയും ഞെരുക്കുകയും ചെയ്യുന്ന ഒരു സംസ്‌ക്കാരം അവിടെയുണ്ട്. അത്തരം ഒരു സമൂഹത്തില്‍ സ്ത്രീകള്‍ എന്തു ചെയ്യണം, ചെയ്യരുത് എന്നുള്ള ചിന്തകള്‍ പരമ്പരാഗതമായിത്തന്നെ നിലനില്‍ക്കുന്നുണ്ട്. അതില്‍ അംഗീകരിക്കപ്പെട്ടതാണ് വനിതകളുടെ സന്യാസം – കന്യാ സ്ത്രീ ആകുക. പള്ളികളില്‍ ഗായകസംഘത്തിലും പെണ്‍കുട്ടികള്‍ കാണാം. പക്ഷെ അല്‍ത്താര ശുശ്രൂഷകരായിപ്പോലും ഈ പറഞ്ഞ Lector, Acolyte നും ആരും വരുന്നില്ല. എന്നാല്‍ മതാധ്യാപകരായും ഉപദേശികളായും സ്ത്രീകള്‍ നിയോഗിക്കപ്പെടുന്നുണ്ട്. ദൈവശാസ്ത്രവും മറ്റും പഠിച്ച സിസ്റ്റേഴ്‌സ് ബിഷപ്പിന്റെ അനുമതിയോടെ വി. കുര്‍ബാന കൊടുക്കുന്നുണ്ട്. അല്മായരായ ഡീക്കന്മാര്‍ പൊതുവേ കുറവാണ്. എത്യോപ്യയില്‍ ഒന്നോ രണ്ടോ പേരെ ഇത്തരത്തില്‍ ശുശ്രൂഷ ചെയ്യുന്നുള്ളൂ.

? പിതാവ് എട്ടു വര്‍ഷമായി എത്യോപ്യയില്‍ സേവനം ചെയ്യുന്നു. അവിടെ സഭ നേരിടുന്ന പ്രധാന വെല്ലുവിളി എന്താണ്?

പല പ്രതിസന്ധികളും നമ്മള്‍ അഭിമുഖീകരിക്കുന്നുണ്ട്. എന്നെ സംബന്ധിച്ചു വൈദികരുടയും സിസ്റ്റേഴ്‌സിന്റെയും കുറവ് വലിയ ബുദ്ധിമുട്ടാണ്. ദൈവവിളി പ്രോത്സാഹനത്തെ ഇതു ബാധിക്കുന്നുണ്ട്. തദ്ദേശീയ ദൈവവിളികള്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം തന്നെ ഞാന്‍ മിഷനറിമാരെ സ്വാഗതം ചെയ്യുന്നുമുണ്ട്. മിഷനറികള്‍ വന്ന് അടിസ്ഥാനമിട്ട് പ്രവര്‍ത്തിച്ചു കഴിഞ്ഞശേഷം തദ്ദേശീയ ദൈവവിളികള്‍ പര്യാപ്തമായി കഴിയുമ്പോള്‍ അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കും. ഒരു ലക്ഷം ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവുള്ള എന്റെ രൂപതയില്‍ 92 പള്ളികളുണ്ട്. എന്നാല്‍ സുസ്ഥാപിതമായ ഇടവകകള്‍ 20 എണ്ണമേയുള്ളൂ. 30 വൈദികരാണുള്ളത്. 52 സിസ്റ്റേഴ്‌സ് സേവനം ചെയ്യുന്നു. 102 ഉപ ദേശികളുമുണ്ട്. 55,000 വിശ്വാസികള്‍ രൂപതയിലുണ്ട്. ഗ്രാമങ്ങളില്‍ കൂടുതല്‍ പള്ളികള്‍ വരാന്‍ ആഗ്രഹിക്കുന്നവരുണ്ട്. പക്ഷെ നമുക്ക് അയയ്ക്കാന്‍ മിഷനറികളില്ല. ഇനി മിഷനറികളെയും അച്ചന്മാരെയും കൊണ്ടുവരുന്നത് എളുപ്പമല്ല. കാരണം, ഇവിടെ മിഷനറി വിസയും റിലീജിയസ് വിസയും നല്‍കുന്നില്ല. ഡോക്ടര്‍, ടീച്ചര്‍ എന്നിങ്ങനെ പ്രൊഫഷണല്‍ വിസയിലേ ചെല്ലാന്‍ പറ്റൂ. ഗോത്രവര്‍ഗ്ഗക്കാര്‍ തമ്മില്‍ കൂടെക്കൂടെ ഉണ്ടാകുന്ന കലഹങ്ങളും യുദ്ധങ്ങളും മറ്റൊരു പ്രതിസന്ധിയാണ്. എന്റെ രൂപതയില്‍ പ്രധാനമായും മൂന്നു ഗോത്രങ്ങളാണുള്ളത്. ഏറ്റവും പ്രബലര്‍ ഒറമോ എന്ന വിഭാഗമാണ്.

? തദ്ദേശീയനല്ലാത്ത പിതാവ് രൂപതയില്‍ പൂര്‍ണമായും സ്വീകാര്യനാണോ? അതോ തദ്ദേശീയനായ ഒരു മെത്രാനെയാണോ ജനങ്ങള്‍ ആഗ്രഹിക്കുന്നത്?

തീര്‍ച്ചയായും അവരുടെ പ്രഥമ പരിഗണന തദ്ദേശീയ മെത്രാനാണ്. ഞാന്‍ നിയോഗിക്കപ്പെടുന്നതിനു മുമ്പ് ഒരു വര്‍ഷത്തോളം അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. സാധ്യമെങ്കില്‍ ഒരു എത്യോപ്യനെ ബിഷപ്പാക്കാനാണു റോമും ആഗ്രഹിച്ചത്. പക്ഷെ രൂപതയിലെ വൈദികര്‍ വളരെ ചെറുപ്പമായതിനാല്‍ അവര്‍ അതിനു സമ്മതിക്കാതെ ഒരു തവണ കൂടി പുറമെ നിന്നുള്ള മെത്രാനെ നിയമിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ അവര്‍ തന്നെയാണ് എന്നെ നിര്‍ദ്ദേശിച്ചത്. ആത്യന്തികമായി അവരുടെ സംസ്‌കാരത്തില്‍ നിന്നുള്ള ഒരു മെത്രാനെയാണ് അവര്‍ ആഗ്രഹിക്കുന്നത്. കാരണം, നമുക്ക് ചിലപ്പോള്‍ സ്വീകാര്യമല്ലാത്ത പല കാര്യങ്ങളും അവരുടെ സംസ്‌കാരത്തില്‍ സ്വീകാര്യമാകുമ്പോള്‍ അതിനു വിഘാതം നില്‍ക്കാത്ത മെത്രാനാണല്ലോ കൂടുതല്‍ അംഗീകരിക്കപ്പെടുകയും സ്വീകാര്യനാകുകയും ചെയ്യുക.

? പിതാവ് സെമിനാരി റെക്ടറായിരുന്നു. വൈദിക പരിശീലനത്തില്‍ അവിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്താണ്? അവിടെ ദൈവവിളികളിലുള്ള വളര്‍ച്ച എത്രത്തോളമാണ് ?

എന്റെ രൂപതയില്‍ തദ്ദേശീയരായ വൈദികര്‍ മാത്രമേയുള്ളൂ. 12 സന്യാസസമൂഹത്തില്‍ നിന്നു പോലും മിഷനറികളായി 4 മലയാളി അച്ചന്‍മാരും ഒരു വിദേശിയും മാത്രമേ ഉള്ളൂ. എല്ലാവരും അവിടെയുള്ളവരാണ്. എന്റെ ശിഷ്യന്മാരായ അച്ചന്മാരാണ് ഭൂരിഭാഗവും. ദൈവവിളികള്‍ ഉണ്ടെങ്കിലും അതിന്റേതായ പരിമിതികളുമുണ്ട്. കത്തോലിക്കാ ജനസംഖ്യാനു പാതികമായി നോക്കിയാല്‍ ദൈവവിളികള്‍ കുറവാണെന്നു പറയാനാവില്ല. പക്ഷെ നമ്മുടെ ആവശ്യത്തിനനുസരിച്ചു കൂടുതല്‍ പേര്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ഇതു നമുക്കൊരിക്കലും ഇന്ത്യന്‍ നിലവാരം വച്ചു താരതമ്യം ചെയ്യാന്‍ പറ്റില്ല. അവരുടെ സംസ്‌കാരം മനസ്സിലാക്കിക്കൊണ്ടുള്ള ഫോര്‍മേഷനാണു നല്‍കുന്നത്. ആത്മീയതയില്‍ വളര്‍ച്ച ഉണ്ടാകുന്നുണ്ടോ, അതിന്റെ പക്വതയില്‍ അവര്‍ വളരുന്നുണ്ടോ എന്ന കാര്യമാണ് മുഖ്യമായും നിരീക്ഷിക്കുന്നത്.

? സീറോ മലബാറുകാരനും കേരള സഭയില്‍ അംഗവുമായ പിതാവ് ഇന്നത്തെ കേരള സഭയെ എങ്ങനെ വിലയിരുത്തുന്നു?

പൗരസ്ത്യ സഭകളില്‍ പൊതുവേ ഞാന്‍ കാണുന്ന ഒരു പോരായ്മ മിഷനറി ആഭിമുഖ്യവും ചൈതന്യവും ഇല്ല എന്നതാണ്. എന്നാല്‍ സീറോ മലബാര്‍ സഭയ്ക്ക് അതുണ്ട് എന്നതാണ് അഭിനന്ദനാര്‍ഹമായ കാര്യം. ഭാരതത്തില്‍ വലിയ മിഷനറി തീക്ഷ്ണതയോടെയാണ് സീറോ മലബാര്‍ സഭ പ്രവര്‍ത്തിക്കുന്നത്. നമ്മുടെ സഭ ഒരു മിഷനറി സഭയായിരിക്കണമെന്ന ചിന്ത പണ്ടത്തെ അപേക്ഷിച്ചു ഇന്നു കൂടുതലായി വന്നിട്ടുണ്ട്. നമ്മുടെ സഭ നമുക്കു മാത്രമല്ല, ലോകം മുഴുവനും മിഷനറി ചൈതന്യം പകര്‍ന്നു കൊടുക്കുകയും മിഷന്‍ തീക്ഷ്ണത പ്രതിഫലിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഒരു മിഷനറിയായ എന്നെ വളരെ പ്രോത്സാഹിപ്പിക്കുകയും വളര്‍ത്തുകയും ചെയ്തത് സീറോ മലബാര്‍ സഭയാണ്. അതില്‍ എനിക്കു സന്തോഷവും അഭിമാനവും ഉണ്ട്. എനിക്കു ലഭിച്ചിരിക്കുന്ന പൈതൃകവും വിദ്യാഭ്യാസവുമെല്ലാം സീറോ മലബാര്‍ സഭയില്‍ നിന്നാണ് എന്നതില്‍ ഞാന്‍ അഭിമാനിക്കാറുണ്ട്. എന്നാല്‍ ഇപ്പോഴുള്ള നമ്മുടെ മിഷനറി ചൈതന്യത്തില്‍ നിന്നു കൂടുതലായി നാം വളരണമെന്നും ഞാനാഗ്രഹിക്കുന്നു.

? സീറോ മലബാര്‍ സഭയില്‍ അടുത്തകാലത്തുണ്ടായ ചില പ്രശ്‌നങ്ങളെയും വിവാദങ്ങളെയും എങ്ങനെ വീക്ഷിക്കുന്നു?

തീര്‍ച്ചയായും അതു വളരെ വേദനിപ്പിച്ചിട്ടുണ്ട്. ഞാന്‍ എറണാകുളം-അങ്കമാലി അതിരൂപതാംഗമായതിനാല്‍, എവിടെയെങ്കിലും ആരെങ്കിലുമൊക്കെ ഈ വിവാദങ്ങളെ പലവിധത്തില്‍ വ്യാഖ്യാനിക്കുന്നതു കാണുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ട്. സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാന്‍ സാധിക്കില്ല. ആത്മാക്കളുടെ രക്ഷ, ജനങ്ങളുടെ നന്മ എന്നിവയാണു നാം ശ്രദ്ധിക്കേണ്ടത്. അതു വിട്ടിട്ട് വ്യക്തിപരമായ കാര്യങ്ങള്‍ക്കും മറ്റും അമിത പ്രാധാന്യം കൊടുക്കുമ്പോള്‍ വിവാദങ്ങളിലേക്കും തെറ്റുകളിലേക്കും പോകാന്‍ സാധ്യതകള്‍ കൂടുതലാണ്. ഇതിനുവേണ്ടി ചെലവഴിക്കുന്ന സമയവും ഊര്‍ജ്ജവും നമ്മുടെ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചിരുന്നുവെങ്കില്‍ എന്നു ഞാന്‍ ചിന്തച്ചിട്ടുണ്ട്. ലിറ്റര്‍ജി വിവാദങ്ങളുമായൊക്കെ ബന്ധപ്പെട്ട് എത്രയോ അച്ചന്‍മാരാണ് അവരുടെ ഊര്‍ജ്ജവും സമയവും വെറുതെ കളയുന്നത്. ലിറ്റര്‍ജി ജനങ്ങള്‍ക്കു വേണ്ടിയാണ്. അവരുടെ നന്മയ്ക്കു വേണ്ടിയാണ്. ജനങ്ങളില്ലെങ്കില്‍ സഭയില്ല. സഭ വളരുന്നതിനനുസരിച്ച് മാറ്റങ്ങള്‍ ലിറ്റര്‍ജിയിലും വേണ്ടിവരും. ദൈവശാസ്ത്രപരമായ വസ്തുതകളോടു വിട്ടുവീഴ്ച ചെയ്യാതെ അജപാലനപരമായ പ്രാധാന്യത്തോടെ അതിനെ സമീപിക്കണം. അന്ധമായി ഒന്നും അനുകരിക്കേണ്ടതില്ല, അനുധാവനവും ചെയ്യേണ്ട. ജനത്തിനു നന്മചെയ്യുന്നുണ്ടോ, അവരെ പ്രേരിപ്പിക്കുന്നുണ്ടോ പ്രാര്‍ത്ഥനയ്ക്ക് ഉതകുന്നുണ്ടോ എന്നതാണു പ്രധാനം.

? ഒരു മിഷനറിയായി ജീവിക്കുമ്പോള്‍ പിതാവിനെ മുന്നോട്ടു നയിക്കുന്ന ചാലകശക്തി എന്താണ്? വ്യക്തിപരമായി അങ്ങയുടെ ആദ്ധ്യാത്മികതയെ എങ്ങനെയാണു നിര്‍വ്വചിക്കുന്നത്?

മിഷനിലേക്ക് വരുന്ന അച്ചന്‍മാര്‍ക്കും സന്യസ്തര്‍ക്കും ഉണ്ടായിരിക്കേണ്ട ഒരു പ്രധാന കാര്യം ആധ്യാത്മിക പക്വതയാണ്. രണ്ടാമത് വൈകാരിക പക്വത. വളര്‍ച്ചയില്‍ സാധാരണ മൂന്നു ഘട്ടങ്ങളുണ്ടെന്നാണു പറയുന്നത്. ആദ്യത്തേത് ആശ്രയത്വം. വളരുന്ന സമയത്ത് ആദ്യം നാം മറ്റുള്ളവരെ ആശ്രയിക്കുന്നു. ഒരു കുഞ്ഞ് നടക്കണമെങ്കില്‍ വീഴാതിരിക്കാന്‍ പര സഹായം വേണം. ഇതുപോലെയാണ് ആത്മീയതയിലും. നാം സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുന്നതുവരെ മറ്റുള്ളവരെ ആശ്രയിക്കണം. രണ്ടാമത്തെ ഘട്ടം നാം സ്വയം വളരാനും പരിപോഷിപ്പിക്കാനുമുള്ള പക്വതയാണ്. കേരളത്തില്‍ ഒരു സന്യാസിനിക്ക് കുര്‍ബാനയ്ക്കും കുമ്പസാരത്തിനും മറ്റും എപ്പോഴും അച്ചന്‍മാരെ ലഭ്യമാണ്. എന്നാല്‍ എന്റെ രൂപതയില്‍ മിഷനറികള്‍ക്ക് കുര്‍ബാന പോലും മാസത്തില്‍ ഒരിക്കലേ ലഭ്യമാകൂ. കുമ്പസാരിക്കണമെങ്കില്‍ മാസങ്ങളോളം ചിലപ്പോള്‍ കാത്തിരിക്കേണ്ടി വരും. ചുരുക്കത്തില്‍ മിഷന്‍ പ്രദേശത്തു ജീവിക്കുന്നവര്‍ ഒരുതരം ആത്മീയ മരു ഭൂമിയിലാണ്. അതിനെ അതിജീവിക്കണമെങ്കില്‍ ധ്യാനം, ആരാധന, തുടങ്ങിയവയിലൂടെ അധ്യാത്മികതയെ വളര്‍ത്തിക്കൊണ്ടു പോകാന്‍ കഴിവുള്ള വ്യക്തിയായി രൂപാന്തരപ്പെടണം. അല്ലാത്തവര്‍ക്ക് മിഷനറിയാകാന്‍ സാധിക്കില്ല. മൂന്നാമത്തെ ഘട്ടം വിശ്വസ്തതയും ചേര്‍ന്നുനില്‍ക്കലുമാണ്. മറ്റുള്ളവരെ വളര്‍ത്തിക്കൊണ്ടു പോകാനുള്ള, മറ്റുള്ളവരെ താങ്ങി നിറുത്താനുള്ള ശക്തിയും കഴിവും. ഇക്കാര്യത്തില്‍ ഞാന്‍ പലപ്പോഴും തമാശരൂപേണ പറയാറുണ്ട്: ഒരു മിഷനറിക്കു അത്യാവശ്യം വേണ്ടത് ഒട്ടകത്തിന്റെ മുട്ട് ആണെന്നാണ്. മുട്ടുകുത്തി തഴമ്പുണ്ടായിരിക്കണം.

ഇവിടെ നാട്ടില്‍ എന്തെങ്കിലും പ്രയാസങ്ങള്‍ നേരിട്ടാല്‍ അതു പങ്കുവയ്ക്കാന്‍ ഒരുപാടുപേരുണ്ട്. അവിടെ ഒറ്റപ്പെട്ട ജീവിതത്തില്‍ ഇങ്ങനെ പങ്കുവയ്ക്കാന്‍ അധികം പേര്‍ ഉണ്ടാകണമെന്നില്ല. അതിനു വൈകാരികമായ പക്വത ആര്‍ജ്ജിക്കണം. എന്തെങ്കിലും സ്വകാര്യ പ്രശ്‌നങ്ങളോ സമൂഹത്തിലുള്ള അസ്വസ്ഥതകളോ ഉണ്ടായാല്‍ അതിനെ പക്വതയോടെ സമീപിക്കാന്‍ സാധിക്കണം. എന്തുതന്നെയായാലും അതു ദൈവത്തിനു സമര്‍പ്പിച്ചു യേശുവിന്റെ ഇഷ്ടമാണെന്ന ബോധ്യത്തില്‍ ജീവിക്കാന്‍ കഴിയണം. അതുപോലെ പ്രധാനപ്പെട്ട കാര്യമാണ് നാം എവിടെ ചെല്ലുന്നുവോ ആ ജനതയെ അവര്‍ ആയിരിക്കുന്ന അവസ്ഥയില്‍ അംഗീകരിക്കുക എന്നത്. അവരുടെ സംസ്‌കാരത്തിലേക്ക് നാം നമ്മെത്തന്നെയാണ് അനുരൂപണപ്പെടുത്തേണ്ടത്. അവരില്‍ ഒരാളായി നമുക്കു മാറാന്‍ കഴിയണം. ആ ബോധ്യം അവര്‍ക്കു കൊടുക്കാന്‍ സാധിക്കണം. അപ്പോള്‍ അവര്‍ നമ്മെ പൂര്‍ണമായി സ്വീകരിക്കും. മറിച്ചായാല്‍ അവര്‍ നമ്മുടെ ശത്രുക്കളാകും എന്നു മാത്രമല്ല, നാം അസ്വീകാര്യരാകും.

? പിതാവ് മെത്രാനായപ്പോള്‍ സ്വീകരിച്ച ആപ്ത വാക്യം എന്തായിരുന്നു?

"ദരിദ്രരുടെ സുവിശേഷവത്കരണം" എന്നതായിരുന്നു ആപ്തവാക്യം. ഞാന്‍ മെത്രാനായ 2013 സുവിശേഷവത്കരണ വര്‍ഷം ആയിരുന്നു. എന്റെ രൂപതയില്‍ സുവിശേഷവത്കരണം ഒത്തിരി ആഴപ്പെടുത്തേണ്ടത് ആവശ്യമാണ്, കൂടുതല്‍ മിഷനറികളെ ആവശ്യമാണ്, കൂടുതല്‍ ഗ്രാമങ്ങളിലേക്ക് യേശുവിന്റെ സദ്വാര്‍ത്ത എത്തിക്കേണ്ടതായിട്ടുണ്ട്. പ്രധാനമായും ഇക്കാരണങ്ങളാലാണ് ഈ ആപ്തവാക്യം തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org