Latest News
|^| Home -> Abhimukham -> മനുഷ്യരാകുക: നൊറോണയുടെ സുവിശേഷം

മനുഷ്യരാകുക: നൊറോണയുടെ സുവിശേഷം

Sathyadeepam

സംഭാഷണം : ഫ്രാന്‍സിസ് നൊറോണ / ഷിജു ആച്ചാണ്ടി

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പ്രസിദ്ധീകരിക്കപ്പെട്ട ഏതാനും രചനകള്‍ കൊണ്ടു തന്നെ മലയാളസാഹിത്യത്തിന്‍റെ പൂമുഖത്ത് സ്വന്തം ഇരിപ്പിടം കണ്ടെത്തിയ എഴുത്തുകാരനാണ് ഫ്രാന്‍സിസ് നൊറോണ. മലയാളകഥയുടെ നവഭാവുകത്വസൃഷ്ടിയില്‍ തനതായ വിധത്തില്‍ പങ്കുചേര്‍ന്ന കഥാകാരന്‍. മലയാള സാഹിത്യം അതുവരെ അവഗണിച്ചിരുന്ന ചില ജീവിതങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു, അപരിചിതമായിരുന്ന ഒരു ഭാഷയില്‍ ആത്മാവിഷ്കാരം നടത്തി. അവിടെ നങ്കൂരമിട്ടു നില്‍ക്കാതെ, പ്രമേയപരമായും ഭാഷാപരമായും സ്വയം നവീകരിച്ചും നവമേഖലകള്‍ തേടിയും തന്‍റെ സര്‍ഗപ്രയാണം തുടരുന്നു.

‘അശരണരുടെ സുവിശേഷം’ എന്ന നോവലും തൊട്ടപ്പന്‍ എന്ന കഥാസമാഹാരവുമാണ് പ്രസിദ്ധീകരിക്കപ്പെട്ട രണ്ടു പുസ്തകങ്ങള്‍. തൊട്ടപ്പന്‍ എന്ന കഥ സിനിമയായി. തെമ്മാടി പുണ്യാളന്‍ എന്ന കഥാസമാഹാരവും മുണ്ടന്‍ പറങ്കി എന്ന ആത്മഭാഷണവും കൂടി ഈ ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടും. എനം, കടവരാല്‍, കക്കുകളി, പെണ്ണാച്ചി തുടങ്ങിയവ മലയാളത്തിലെ എക്കാലത്തേയും മികച്ച കഥകളില്‍ ഇടംനേടിയവയാണ്.

‘അശരണരുടെ സുവിശേഷം’ എന്ന നോവല്‍ പറയുന്നത് ആലപ്പുഴയില്‍ ജീവിച്ചുമരിച്ച വന്ദ്യനായ ഫാ. റൈനോള്‍ഡ്സ് പുരയ്ക്കല്‍ എന്ന വൈദികന്‍റെ ജീവിതമാണ്. റൈനോള്‍ഡ്സച്ചന്‍റെ ജീവചരിത്രമെഴുതാന്‍ നിയോഗിക്കപ്പെട്ട നൊറോണ അഞ്ചര വര്‍ഷം ആ ജീവിതമാരാഞ്ഞലഞ്ഞു. 1910-ല്‍ ജനിച്ച് 1988-ല്‍ മരിച്ച റൈനോള്‍ഡ്സച്ചന്‍റെ ജീവിതം എഴുത്തുകാരന്‍റെ ജീവിതത്തെ രാപ്പകല്‍ ആവേശിച്ചപ്പോള്‍ അതൊരു വരണ്ട ജീവചരിത്രമായി മാത്രം ആവിഷ്കരിക്കാനാകില്ലെന്നു സ്വയം തിരിച്ചറിഞ്ഞു. കാരണം റൈനോള്‍ഡ്സച്ചന്‍റെ ജീവിതം അറിയപ്പെടാത്ത അനേകം മനുഷ്യരുടെ ജീവിതവുമായി കെട്ടുപിണഞ്ഞു കിടക്കുന്നു, ഒരു ചരിത്രഘട്ടത്തിന്‍റെ വേദനകളതില്‍ തിളയ്ക്കുന്നു, ഒരു ദേശത്തിന്‍റെയാകെ കഥകളതില്‍ കലര്‍ന്നിരിക്കുന്നു. ഒരു ജീവചരിത്രത്തിന്‍റെ കര്‍ക്കശമായ നാലതിരുകള്‍ അതിന്‍റെ ജീവന്‍ കെടുത്തുകയാണു ചെയ്യുകയെന്നു തോന്നിയതുകൊണ്ടു ഭാവനയുടെ ചിറകുകള്‍ കൊടുത്ത് അതിനെ നോവലിന്‍റെ ആകാശങ്ങളിലേയ്ക്കു പറത്താന്‍ എഴുത്തുകാരന്‍ തീരുമാനിച്ചു. അങ്ങനെയാണ് ‘അശരണരുടെ സുവിശേഷം’ എന്ന നോവല്‍ പിറവി കൊണ്ടത്.

എഴുത്തുകാരന്‍ എന്ന മേല്‍വിലാസം ഫ്രാന്‍സിസ് നൊറോണയ്ക്കു പൊതുസമൂഹത്തിലില്ലാതിരുന്ന സമയത്താണ് നോവല്‍ ഡിസി ബുക്സിനു അയക്കുന്നത്. നോവലിന്‍റെ മേന്മ തിരിച്ചറിഞ്ഞ പ്രസാധകര്‍ ബെന്യാമിന്‍റെ അവതാരിക വാങ്ങി ആ നോവല്‍ പ്രസിദ്ധീകരിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ നോവലിനു നിരവധി പതിപ്പുകളിറങ്ങി. വായനാലോകത്ത് നൊറോണയുടെ ‘സുവിശേഷം’ വലിയ വിജയം നേടി. വിശുദ്ധനായി പരിഗണിക്കപ്പെടുന്ന ഒരു കത്തോലിക്കാ പുരോഹിതന്‍റേയും അദ്ദേഹത്തിന്‍റെ ജീവിതപരിസരങ്ങളായിരുന്ന മംഗലപ്പുഴ സെമിനാരിയുടേയും പള്ളികളുടേയും മഠങ്ങളുടേയും അരമനയുടേയും അനാഥമന്ദിരങ്ങളുടേയുമെല്ലാം കഥ ഹൃദയങ്ങളില്‍ അഗ്നി പടരും വിധം പറയുന്ന ഈ നോവല്‍ ഇനിയുമേറെ വായിക്കപ്പെടുകയും പഠിക്കപ്പെടുകയും ചെയ്യുമെന്നതില്‍ തര്‍ക്കമില്ല. സഭയില്‍ പലരും ഈ നോവലിനെ കുറിച്ചു മനസ്സിലാക്കി വരുന്നതേയുള്ളൂ.

നത്താള്‍ നക്ഷത്രങ്ങള്‍ വിരുന്നെത്താന്‍ തുടങ്ങിയ ഒരു വൃശ്ചികരാത്രിയില്‍ ‘അശരണരുടെ സുവിശേഷകനായ’ ഫ്രാന്‍സിസ് നൊറോണയുമായി സംസാരിക്കുമ്പോള്‍ സ്വാഭാവികമായും ഈ നോവല്‍ ആദ്യവിഷയമായി:

? റൈനോള്‍ഡ്സച്ചന്‍ ജനിക്കുന്ന 1910 മുതലുള്ള കഥകള്‍ മാത്രമല്ല നോവല്‍ പറയുന്നത്. വാസ്കോ ഡ ഗാമയുടെ വരവും ഉദയംപേരൂര്‍ സൂനഹദോസും ഡച്ച് അധിനിവേശവുമെല്ലാം പരാമര്‍ശിക്കപ്പെടുന്നു. തിരുവിതാംകൂറിന്‍റേയും സഭയുടേയും ഇതര സമുദായങ്ങളുടെയും ചരിത്രം പരാമര്‍ശിക്കപ്പെടുന്നു. തീരദേശഭാഷ, വിശേഷിച്ചും കഴിഞ്ഞ നൂറ്റാണ്ടുകളിലെ ഭാഷയും ജീവിതപരിസരങ്ങളും ചിത്രീകരിക്കപ്പെടുന്നു. എന്തൊക്കെയായിരുന്നു ഈ നോവലെഴുത്തിനുള്ള ഒരുക്കങ്ങള്‍? എങ്ങനെയാണ് രചനയുടെ ആ കാലത്തെ ഇന്നോര്‍ക്കുന്നത്?

1910 മുതലുള്ള തീരദേശഗ്രാമങ്ങളിലെ ജനങ്ങളുടെ ആഹാരം, വസ്ത്രം, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവയെല്ലാം അറിയേണ്ടതുണ്ടായിരുന്നു. പല ലൈബ്രറികളില്‍ പോയി. മംഗലപ്പുഴ സെമിനാരിയുടെ ലൈബ്രറി ഉപയോഗിക്കാന്‍ അനുവാദം ലഭിച്ചു. അവിടെ നിന്നു നിരവധി പുസ്തകങ്ങള്‍ വാങ്ങി വായിച്ചു. അക്കാലത്തു ജീവിച്ച പ്രധാനപ്പെട്ട വ്യക്തികളുടെ ലഭ്യമായ ജീവചരിത്രങ്ങളെല്ലാം വായിച്ചു. ആ തീരദേശ ഗ്രാമങ്ങളിലൂടെയെല്ലാം സഞ്ചരിച്ചു. അവിടെ അന്തിയുറങ്ങി. കടലില്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം പോയി. സന്ധ്യയ്ക്കു മണിയടിക്കുമ്പോള്‍ റൈനോള്‍ഡ്സച്ചന്‍റെ കുട്ടിക്കാലത്തു വീട്ടില്‍ വിളക്കാണോ തിരിയാണോ കത്തിക്കുക, എന്ത് എണ്ണയായിരിക്കും ഉപയോഗിക്കുക, എന്തായിരിക്കും ചൊല്ലുന്ന പ്രാര്‍ത്ഥന എന്നിവയൊക്കെ അറിയണമായിരുന്നു. കൊര്‍ണേലിയാമ്മ എന്ന വിസിറ്റേഷന്‍ സന്യാസിനി എനിക്കു പഴയ കുറേ പ്രാര്‍ത്ഥനാപുസ്തകങ്ങള്‍ നല്‍കി. ഗ്രാമങ്ങളിലെ യാത്രകള്‍ക്ക് അമ്മയും എനിക്കു കൂട്ടായി. (ആ അമ്മ ഒരു മാസം മുമ്പു മരിച്ചു.) പണ്ടു നമ്മുടെ പ്രാര്‍ത്ഥനകള്‍ തമിഴായിരുന്നു എന്നു മനസ്സിലാക്കി. തമിഴുമായി ബന്ധപ്പെട്ടു നില്‍ക്കുകയാണു മലയാളം. എന്നാല്‍ പിന്നീട് സംസ്കൃതം ആധിപത്യം നേടുന്നു. സംസ്കൃതം കടന്നുവന്നതോടെ ഭാഷയ്ക്ക് ഒരു തരത്തിലുള്ള നവീകരണം ഉണ്ടായി. പക്ഷേ നമ്മുടെ ദ്രാവിഡഭാഷയുടെ ഒരു തനിമ നമുക്കു നഷ്ടപ്പെട്ടുപോയി.

? സംസ്കൃതത്തിന്‍റെ പ്രശ്നമെന്താണ്?

സംസ്കൃതം ഒരു പൗരോഹിത്യഭാഷയാണ്. ദേവനുമായി അടുത്തു നില്‍ക്കുന്നവര്‍ ഉപയോഗിക്കുന്ന ഭാഷ. അതു പഠിച്ചവരും പഠിക്കാന്‍ അനുവാദമില്ലാത്തവരുമെന്ന നിലയില്‍ രണ്ടായി നില്‍ക്കുന്ന സമൂഹം. ദൈവത്തോടു ചേര്‍ന്നു നില്‍ക്കുന്ന ഒരു വരേണ്യവര്‍ഗവും അവര്‍ക്കൊരു വരേണ്യഭാഷയും എന്നും സമൂഹത്തിലുണ്ടായിരിക്കും. ഇത് കേരളത്തില്‍ മാത്രമുള്ളതല്ല, ആഗോള പ്രതിഭാസമാണ്. ഇസ്രായേലിന്‍റെ ചരിത്രത്തില്‍ അതുണ്ടല്ലോ. ഹീബ്രൂവും അറമായയും തമ്മിലുള്ള വ്യത്യാസം. ക്രിസ്തു സംസാരിച്ചത് അറമായ ഭാഷയിലാണ്. തമിഴുമായി ബന്ധപ്പെട്ടു കിടന്ന മലയാളത്തില്‍ സംസ്കൃതത്തിന്‍റെ അധിനിവേശമുണ്ടായി എന്നു പറയണം. സംസ്കൃതത്തിന് ഒരു ശ്രേഷ്ഠത കല്‍പിക്കുന്ന രീതി ക്രൈസ്തവസഭയിലുമുണ്ട്. കൂടുതല്‍ സംസ്കൃതപദങ്ങള്‍ ഉപയോഗിച്ചു എഴുതുന്ന രചനകളാണ് പാഠ്യപദ്ധതികളില്‍ കുട്ടികള്‍ക്കു പഠിക്കാന്‍ നാം നല്‍കുന്നത്. നാമെപ്പോഴും സമുദ്രമെന്നല്ലേ ഉപയോഗിക്കുക? കടലിനോട് ഒരു താത്പര്യക്കുറവുണ്ട്. കാരണം കടല്‍ തനി മലയാളവും സമുദ്രം സംസ്കൃതത്തില്‍ നിന്നു വന്നതുമാണ്. മലയാളമെഴുതുമ്പോള്‍ തെറ്റുകള്‍ വരുന്നതിനു കാരണം ഈ സംസ്കൃതത്തിന്‍റെ അധിനിവേശമാണ്. വന്നു ചേര്‍ന്ന ഒരു ഭാഷയാണത്. അതുകൊണ്ടാണു ഭാഷയില്‍ നമുക്കു തെറ്റുകള്‍ പറ്റുന്നത്. ഈ വരേണ്യ പൗരോഹിത്യ ഭാഷയുടെ ആധിപത്യം കാരണം നമ്മുടെ തീരദേശഗ്രാമങ്ങളിലും മലയോരങ്ങളിലെ ആദിവാസിയൂരുകളിലും നാട്ടിന്‍പുറങ്ങളിലും ഉപയോഗിച്ചുകൊണ്ടിരുന്ന ആ ലാവണ്യമുള്ള മലയാളഭാഷ തമസ്കരിക്കപ്പെട്ടു പോയി. ഈ സന്ദര്‍ഭത്തിലാണ് എഴുത്തിലേയ്ക്ക് ഈ തീരദേശഭാഷയെ ഞാന്‍ കൊണ്ടു വരുന്നത്.

? നോവലില്‍ ക്രിസ്മസിനു പകരം ‘നത്താള്‍’ എന്നാണു പ്രയോഗിക്കുന്നത്…

അതെ. ക്രിസ്മസ് എന്ന പദം എല്ലാവര്‍ക്കും പരിചിതമായിരിക്കെ കുറച്ചു പേര്‍ക്കു മാത്രമറിയാവുന്ന ‘നത്താള്‍’ എന്നു പറഞ്ഞു മനുഷ്യരെ ബുദ്ധിമുട്ടിക്കുന്നതെന്തിന് എന്ന് കേരള ലിറ്റററി ഫെസ്റ്റിവലില്‍ എന്നോടൊരാള്‍ ചോദിച്ചു. ക്രിസ്മസിന് ഒരു പകരമല്ല നത്താള്‍ എന്നതാണ് എന്‍റെ മറുപടി. ഓരോ വാക്കുകളും നമ്മെ ഓരോ സ്ഥലങ്ങളിലേയ്ക്കു കൊണ്ടു പോകും. എന്നോടു ചോദ്യമുന്നയിച്ച പെണ്‍കുട്ടി ഡെവിള്‍സ് അഡ്വക്കേറ്റ് എന്ന പദമുപയോഗിച്ചിരുന്നു. അതു ഉദാഹരിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു, ആ പദപ്രയോഗം എന്നെ റോമിലേയ്ക്കു കൊണ്ടു പോകുന്നു. വ്യക്തികളെ വിശുദ്ധരാക്കുന്ന പ്രക്രിയയില്‍ ആ വ്യക്തിക്കെതിരെ വാദിക്കുന്നയാള്‍ക്കു പറയുന്ന പേരാണല്ലോ ഡെവിള്‍സ് അഡ്വക്കേറ്റ്. ഇതുപോലെ നത്താള്‍ എന്ന പദം എന്നെ ഒരു തീരദേശഗ്രാമത്തിലേയ്ക്കു കൊണ്ടുപോകുന്നു. ധനുമാസത്തിലെ മഞ്ഞുകാലത്ത്, ഇല്ലായ്മകളില്‍, ഇറച്ചിയോ മറ്റു വിഭവങ്ങളോ ഇല്ലാതെ ഉണക്കമാന്തള്‍ ചുട്ട്, കടലാസു കൊണ്ടു തല്ലിക്കൂട്ടിയുണ്ടാക്കിയ നക്ഷത്രവും തൂക്കി നടത്തുന്ന വളരെ എളിയ ഒരു ആഘോഷത്തെയാണ് നത്താള്‍ എന്ന പദം ഓര്‍മ്മിപ്പിക്കുന്നത്. തീരദേശഗ്രാമങ്ങളിലെ ദാരിദ്ര്യത്തില്‍ നിന്നും വിടരുന്ന വര്‍ണങ്ങള്‍. അതൊരിക്കലും ക്രിസ്മസ് എന്ന വാക്കില്‍ നിന്നു കിട്ടില്ല. നത്താളിനു നത്താളിന്‍റേതായ ബലവും അര്‍ത്ഥവുമുണ്ട്. ഇങ്ങനെ പാര്‍ശ്വവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഭാഷയെ മലയാളത്തിന്‍റെ തിരുമുറ്റത്തു കൊണ്ടു വന്നു വച്ചുകൊണ്ട് ഇങ്ങനെയും ഒരു ഭാഷയുണ്ട് എന്നു പറയുകയാണു നാം. അതു ഭാഷയുടെ ഒരു നവോത്ഥാനമാണ്.

? നോവലില്‍ ക്രൈസ്തവ പൗരോഹിത്യവും സന്യാസവും സഭയുമെല്ലാം ചര്‍ച്ചാവിഷയമാകുന്നുണ്ട്. ഇവയൊക്കെ സജീവമായി ചര്‍ച്ച ചെയ്യപ്പെടുന്ന സമയമാണല്ലോ ഇത്…

വര്‍ത്തമാനകാലത്തില്‍ നിന്നുകൊണ്ട് ഇക്കാലത്തെ ചില സംഭവങ്ങളെ വിശകലനം ചെയ്തുകൊണ്ടാണ് ആളുകള്‍ അഭിപ്രായങ്ങള്‍ പറയുന്നത്. പക്ഷേ സഭയ്ക്കു വളരെ പഴക്കമേറിയ ഒരു ചരിത്രമുണ്ട്. ആഴമേറിയ വേരുകളും പടര്‍ന്നു പന്തലിച്ച ധാരാളം ശാഖകളുമായി ഈ ഭൂമിക്കുമേല്‍ വടവൃക്ഷം പോലെ നില്‍ക്കുന്ന ഒന്നിനെക്കുറിച്ചാണു നാം സംസാരിക്കുന്നത്. തുടക്കം മുതലുള്ള കാര്യങ്ങള്‍ പരിശോധിച്ചാല്‍ ഇന്നത്തേക്കാള്‍ വളരെയേറെ മോശമായ സാഹചര്യങ്ങള്‍ ചരിത്രത്തില്‍ ഉണ്ടായിരുന്നതായി കാണാം. കുരിശുയുദ്ധങ്ങളും മാര്‍പാപ്പമാരുടെ അധാര്‍മ്മികതയും മതദ്രോഹവിചാരണകളും കൊലപാതകങ്ങളും ഒക്കെയുണ്ടായിട്ടുണ്ട്. അവിടെ നിന്നു നവീകരിക്കപ്പെട്ടാണ് സഭ ഇന്നു കാണുന്ന രീതിയിലെത്തിയത്. ലൂഥറിനെ നമ്മള്‍ സഭയുടെ ശത്രുവായി ഇന്നു കാണുന്നില്ല. അദ്ദേഹത്തിന്‍റെ പുസ്തകം സെമിനാരിയില്‍ പഠിപ്പിക്കുന്നു. സഭ നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കട്ടെ.

ഇതൊരു സമൂഹമാണ്. ഈ സമൂഹത്തിലെ ഒരു വ്യക്തി എന്തെങ്കിലും ചെയ്യുമ്പോള്‍ സമൂഹത്തിന്‍റെതായി അതു കാണപ്പെടുന്നു. അതങ്ങനെ തന്നെയാണു വേണ്ടതും. സമൂഹത്തെ മുഴുവനായി കുറ്റപ്പെടുത്തണം. സമൂഹം അതു സ്വീകരിക്കാന്‍ തയ്യാറാകണം. ഏതെങ്കിലുമൊരു മെത്രാനോ വൈദികനോ ചെയ്തതാണ്, ഞങ്ങളുടെ ഉത്തരവാദിത്വമല്ല എന്നു പറഞ്ഞ് സഭയ്ക്കു മാറി നില്‍ക്കാനാവില്ല. അങ്ങനെയൊരു കാഴ്ചപ്പാടല്ല സഭയ്ക്കുള്ളത്. ഇതു നമ്മുടെ തെറ്റ് എന്ന് ഏറ്റുപറഞ്ഞ് തിരുത്താനും മുന്നോട്ടു പോകാനും കഴിയണം. അങ്ങിനെ തുറവിയുള്ള ഒരു സമൂഹമാകണം ഇത്. നയിക്കുന്ന വ്യക്തികളുടെ ഗുണങ്ങളും ദോഷങ്ങളുമൊക്കെ സഭയെ ബാധിക്കും. അതു സ്വാഭാവികമാണ്.

? ഫ്രാന്‍സിസ് പാപ്പായുടെ വ്യക്തിപ്രഭാവം സഭയെ ഗുണകരമായി സ്വാധീനിക്കുന്നതുപോലെ…

അതെ. ഫ്രാന്‍സിസ് പാപ്പായെ ഞാന്‍ വായിക്കാറുണ്ട്. അദ്ദേഹത്തിന്‍റെ ഇടപെടലുകള്‍ ശ്രദ്ധിക്കാറുണ്ട്. ബസ്സില്‍ സ്വന്തം ബാഗ് സ്വയംപിടിച്ചു യാത്ര ചെയ്യുന്ന ഒരു മതനേതാവ് എന്നതാണ് ഞാന്‍ ആദ്യം ശ്രദ്ധിച്ച കാര്യം. അങ്ങനെ മാനുഷികമായ അനേകം ഗുണങ്ങള്‍. മനുഷ്യനാകുക എന്നതാണ് പ്രധാനം. ദൈവമാകാന്‍ ശ്രമിക്കുന്നവരുടെ ഇടയില്‍ മനുഷ്യനായി നില്‍ക്കുന്ന ഒരാള്‍. മനുഷ്യരോട് എത്ര മാത്രം ചേര്‍ന്നു നില്‍ക്കാമോ അത്രമാത്രം ചേര്‍ന്നു നില്‍ക്കുന്ന ഒരാള്‍.

? റൈനോള്‍ഡ്സച്ചന്‍റെ ജീവിതം വ്യക്തിപരമായി എത്രത്തോളം സ്വാധീനിച്ചു?

വളരെ സമ്പന്നമായ ഒരു കുടുംബത്തില്‍ നിന്നു വന്നയാളാണ് റൈനോള്‍ഡ്സച്ചന്‍. അങ്ങനെയൊരാള്‍ക്ക് ആ കാലത്തു ലഭിക്കാമായിരുന്ന എല്ലാ സുഖസൗകര്യങ്ങളും ത്യജിച്ചിട്ടു അനാഥക്കുട്ടികള്‍ക്കു വേണ്ടി ജീവിതം മാറ്റി വച്ചു എന്നതാണ് അദ്ദേഹത്തിന്‍റെ സവിശേഷത. സഭയുടെ അധികാരശ്രേണികളിലേയ്ക്കെല്ലാം കയറി പോകാവുന്ന ഒരാളായിരുന്നു. പക്ഷേ അനാഥക്കുട്ടികളോടൊപ്പം ലളിതമായി ജീവിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. ഞാന്‍ നേരിട്ടു കണ്ടിട്ടുണ്ട്. ചാത്തനാട് എന്‍റെ ഇടവകപ്പള്ളിയിലാണ് അദ്ദേഹം ദിവ്യബലിയര്‍പ്പിക്കാന്‍ വന്നിരുന്നത്. കാസയെടുക്കുമ്പോള്‍ കൈ വിറയ്ക്കുന്നതൊക്കെ ഓര്‍മ്മയുണ്ട്. നല്ല പ്രസംഗകനായിരുന്നു. കലയോടും സാഹിത്യത്തോടും അഭിരുചിയുണ്ടായിരുന്നു. നാടകമെഴുതുകയും കുട്ടികളെ അക്കാര്യങ്ങളില്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു. തികച്ചും ക്രിസ്തുകേന്ദ്രീകൃതമായ ജീവിതം. സക്രാരിയോടു വലിയ ആഭിമുഖ്യം പുലര്‍ത്തിയ ആള്‍. വിശപ്പടക്കമുള്ള ത്യാഗവും സഹനവും അനുഭവിച്ചാണ് അദ്ദേഹം അനാഥാലയം നടത്തിയത്. അദ്ദേഹവും അതുപോലെ അനേകം വൈദികരും കന്യാസ്ത്രീയമ്മമാരും എന്നെ വ്യക്തിപരമായി സ്വാധീനിച്ചിട്ടുള്ളവരാണ്.

? കക്കുകളി എന്ന കഥ പക്ഷേ കുറച്ചു നെഗറ്റീവായിട്ടല്ലേ കന്യാസ്ത്രീകളേയും സന്യസിനീസമൂഹത്തേയും ചിത്രീകരിക്കുന്നത്?

എന്‍റെ കഥകള്‍ക്കെല്ലാം ഒരു ആന്തരീക തലമുണ്ട്. കക്കുകളി എന്ന കഥ ആലപ്പുഴയുടെ പശ്ചാത്തലത്തിലാണ്. വളരെ അടിത്തറയുള്ള ഒരു ക്രൈസ്തവസമൂഹവും അതിലേറെ അടിത്തറയുള്ള ഒരു കമ്മ്യൂണിസ്റ്റ് സമൂഹവും ഉള്ള പ്രദേശമാണത്. എന്നിട്ടും എന്തുകൊണ്ടാണ് ആലപ്പുഴ ഇന്നും കേരളഭൂമികയില്‍ വളരെ ദരിദ്രമായ ഒരു പ്രദേശമായി തുടരുന്നത്? 46 വര്‍ഷമായിട്ടും ഒരു ബൈപാസ് നിര്‍മ്മിക്കാന്‍ കഴിയാത്ത പട്ടണം. എന്തുകൊണ്ട്? ഈ രണ്ടു പ്രസ്ഥാനങ്ങളും ഇതിനുത്തരം പറയണം. അങ്ങനെയൊരു വിപുലമായ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് കക്കുകളി വായിക്കേണ്ടത്. എങ്കില്‍ മാത്രമേ ഞാനതില്‍ പറയാന്‍ ശ്രമിക്കുന്നതു മനസ്സിലാകുകയുള്ളൂ.

മറ്റൊന്ന്, കത്തോലിക്കാസഭയിലെ സന്യാസസമൂഹങ്ങളില്‍ കടന്നുചെല്ലുന്നവര്‍ക്ക് അതു സ്വീകാര്യമായി തോന്നുന്നില്ലെങ്കില്‍ തിരിച്ചുവരാനുള്ള ഒരു സ്വാതന്ത്ര്യം നമ്മുടെ സമൂഹത്തിലുണ്ടായിരിക്കണം എന്നതാണ്. തിരിച്ചു വരുന്നതിനോടുള്ള സമൂഹത്തിന്‍റെ കാഴ്ചപ്പാടു മാറണം. കക്കുകളിയില്‍ കന്യാസ്ത്രീമഠത്തില്‍ നിന്നു തിരിച്ചുവരുന്ന പെണ്‍കുട്ടിയെ അമ്മ സാരിയുടുപ്പിക്കുന്നു, പൊട്ടു തൊടുവിക്കുന്നു, തഴപ്പായ നെയ്ത് അവര്‍ പുതിയ ജീവിതത്തിലേയ്ക്കു പ്രവേശിക്കുന്നു. ഈയൊരു സാഹചര്യം നമ്മുടെ സഭയില്‍ ഇന്നുണ്ടോ? തെറ്റിദ്ധരിപ്പിച്ച് ആളുകളെ കൊണ്ടുവരികയും ബലമായി ആളുകളെ പിടിച്ചു നിറുത്തുകയും ചെയ്യേണ്ടതല്ല കത്തോലിക്കാസഭയിലെ സന്യാസം. ദൈവവിളിക്യാമ്പ് ഞാന്‍ കണ്ട് അനുഭവിച്ചിട്ടുള്ളതാണ്. അഞ്ചു ദിവസത്തെ ക്യാമ്പിലെ സൗകര്യങ്ങള്‍ കണ്ട് കുട്ടികള്‍ അതില്‍ വീണുപോകാനുള്ള സാദ്ധ്യതയുണ്ട്. വെറുതെ തരുന്ന അന്നത്തില്‍ ഒരു കൊളുത്ത് ഒളിഞ്ഞു കിടക്കുന്നുണ്ട് എന്നു പറയുന്നത് അതുകൊണ്ടാണ്. കെണി വച്ച് ആളെ പിടിക്കേണ്ടതല്ല സന്യാസം. കാല്‍ വരിയിലേയ്ക്കുള്ള ഒരു യാത്രയാണെന്ന് അറിഞ്ഞുകൊണ്ട്, സൗകര്യങ്ങള്‍ ത്യജിച്ചുകൊണ്ട് ആളുകള്‍ വരണം. അങ്ങനെ വരുന്നവര്‍ ധാരാളമുണ്ടല്ലോ.

? പൊതുവില്‍ മലയാളസാഹിത്യത്തില്‍ വൈദികരും കന്യാസ്ത്രീകളും നെഗറ്റീവായാണ് അവതരിപ്പിക്കപ്പെടുന്നത് എന്നൊരു പരാതി സഭാസമൂഹത്തില്‍നിന്നു കേട്ടിട്ടുണ്ട്. അതില്‍ കഴമ്പുണ്ടോ? എങ്കില്‍ അതിനു കാരണമെന്താണ്?

അതില്‍ കഴമ്പില്ലെന്നാണ് എനിക്കു തോന്നുന്നത്. മനസ്സില്‍ വരുന്ന ഒരു വൈദികന്‍ എന്‍എസ് മാധവന്‍റെ ഹിഗ്വിറ്റയിലെ ഗീവര്‍ഗീസച്ചനാണ്. അതെത്രയോ പോസിറ്റീവായ ഒരച്ചനാണ്. മേടയുടെ ഏകാന്തതയില്‍ കഴിയേണ്ട ഒരു വൈദികന്‍ ജീവിതത്തിന്‍റെ പരുക്കന്‍ വശങ്ങളിലേയ്ക്കിറങ്ങി ചെന്നു കാര്യമായ ഇടപെടല്‍ നടത്തി തിരിച്ചുപോകുന്നു.

പിന്നെയുള്ളത് നമ്മുടെ പ്രതീക്ഷകളുടെ കാര്യമാണ്. നമ്മുടെയുള്ളിലുള്ള ആഗ്രഹം ദൈവമാകണമെന്നാണ്. വിശുദ്ധനാകുക എന്നു പറയുമ്പോള്‍ കുട്ടികള്‍ക്കിടയില്‍ ഒരു തെറ്റിദ്ധാരണയുണ്ട്. നാം മനുഷ്യരുടെ തലത്തില്‍ നിന്നു മാറി ജീവിക്കണമെന്നതാണ് അത്. യഥാര്‍ത്ഥത്തില്‍ കുട്ടികളെ നാം വിശുദ്ധരുടെ ജീവിതം പഠിപ്പിക്കുന്നില്ല എന്നാണ് എനിക്കു തോന്നുന്നത്. നമ്മളും അതു പഠിക്കുന്നില്ല. വിശുദ്ധര്‍ വെറും മനുഷ്യരായിരുന്നു. സെ. അഗസ്റ്റിന് വിവാഹം കഴിക്കാതെ ഒരു കുട്ടിയുണ്ടായിരുന്നു. വിശുദ്ധരെ കുറിച്ചു മാത്രമല്ല, വൈദികരേയും സന്യസ്തരേയും കുറിച്ചും നാം പഠിപ്പിക്കുന്നത് മനുഷ്യരല്ലെന്ന മട്ടിലാണ്. എന്നോടൊരച്ചന്‍ പങ്കുവച്ച അനുഭവം പറയാം. ഒരിക്കല്‍ അച്ചന്‍റെ മുറിക്കകത്തു കടക്കാനിടയായ ഒരു കൊച്ചുകുട്ടി പുറത്തു വന്നിട്ട് അമ്മയോടു അത്ഭുതത്തോടെ പറയുന്നു, അമ്മേ അച്ചന്‍റെ മുറിയില്‍ കട്ടിലുണ്ട്. അച്ചന്‍ സാധാരണക്കാരെ പോലെ ഉറങ്ങുന്ന ഒരു മനുഷ്യനല്ല, മറ്റെന്തോ ദിവ്യത്വമുള്ള ഒരാളാണ് എന്നു കുട്ടികള്‍ ധരിച്ചുവയ്ക്കുന്ന ഒരു സാഹചര്യം എങ്ങനെയുണ്ടായി? അതങ്ങനെയല്ല എന്നു തിരുത്താന്‍ വേണ്ടിയാണു ക്രിസ്തു വന്നത്. ഞാന്‍ മനുഷ്യനാണ്, എനിക്കു വിശക്കും, ദാഹിക്കും, പ്രലോഭനമുണ്ടാകും എന്നു ക്രിസ്തു പറഞ്ഞല്ലോ. മനുഷ്യപുത്രന്‍ തിന്നുന്നവനും കുടിക്കുന്നവനുമായി വന്നു. ക്രിസ്തുവിന്‍റെ തുടര്‍ച്ചയാണ് സഭ. എന്‍റെ ആദ്യകഥകളിലെ കഥാപാത്രങ്ങളും അങ്ങനെയാണ്. താഴ്ന്ന ലോകത്തിലെ തികച്ചും സാധാരണക്കാരായ മനുഷ്യര്‍.

? അതെ. എന്തുകൊണ്ടാണ് തൊട്ടപ്പനും പെണ്ണാച്ചിയും പ്രകാശനും ചിമിരിയും പോലുള്ള കഥാപാത്രങ്ങള്‍ മാത്രം…

എന്‍റെ പുതിയ കഥകളില്‍ നഗരങ്ങളില്‍ നിന്നുള്ള മനുഷ്യര്‍ കഥാപാത്രങ്ങളാകുന്നുണ്ട്. എങ്കിലും പറയാം. ബൈബിള്‍ വായിക്കൂ. ക്രിസ്തു നാലു സുവിശേഷങ്ങളിലൂടെ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ആരൊക്കെയാണ്? സുവിശേഷങ്ങളിലെ ശ്രേഷ്ഠകഥാപാത്രങ്ങളുടെയും എന്‍റെ കഥാപാത്രങ്ങളോടു താദാത്മ്യപ്പെടുന്ന കഥാപാത്രങ്ങളുടെയും പട്ടികയെടുക്കൂ. ആദ്യ പട്ടികയില്‍ ഒരു നിക്കോദേമോസിനെ നിങ്ങള്‍ക്കു കിട്ടുമായിരിക്കും. പക്ഷേ അയാള്‍ രാത്രിയേ വരികയുള്ളൂ. ഒരു അരിമത്തിയാക്കാരന്‍ ജോസഫു കാണുമായിരിക്കും, പീലാത്തോസിന്‍റെ ഭാര്യ കാണുമായിരിക്കും. വേറെയാര്? ബാക്കിയെല്ലാം കള്ളനും വ്യഭിചാരിയും അഞ്ചു ഭര്‍ത്താക്കന്മാരുണ്ടായിട്ടും അപ്പോള്‍ ഭര്‍ത്താവില്ലാത്തവളും ഒക്കെയല്ലേ? ക്രിസ്തു അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഇവരൊക്കെയാണ്. അതിന്‍റെ തുടര്‍ച്ചയായി എന്‍റെ എഴുത്തിനെ കണ്ടുകൂടേ?

? മറ്റൊരു സ്ഥിരം ചോദ്യം ക്രെസ്തവസമൂഹത്തില്‍ നിന്ന് എന്തുകൊണ്ട് വേണ്ടത്ര എഴുത്തുകാരുണ്ടാകുന്നില്ല എന്നതാണ്.

അലസത കൊണ്ടാണ്. എത്ര പേര്‍ വായിക്കുന്നുണ്ട്? സാഹിത്യത്തെ സ്നേഹിക്കുന്നുണ്ട്? വായനയുടെ കുറവ് നമ്മുടെ സമൂഹത്തിന്‍റെ എല്ലാ തലങ്ങളിലുമുണ്ട്.

? കുട്ടിക്കാലത്ത് ആശുപത്രി കിടക്കകളിലായിരിക്കുമ്പോള്‍ ഒരു സിസ്റ്റര്‍ നല്‍കിയ ബൈബിളും ഒരു ഡോക്ടര്‍ നല്‍കിയ മറ്റു പുസ്തകങ്ങളുമാണ് വായനയുടെ ലോകത്തേയ്ക്കു നയിച്ചതെന്നു താങ്കള്‍ പറഞ്ഞിട്ടുണ്ട്. ആ പുസ്തകങ്ങള്‍ ഏവയായിരുന്നു എന്നോര്‍മ്മയുണ്ടോ?

നെരൂദയുടെ ഓര്‍മ്മക്കുറിപ്പുകളായിരുന്നു ഒന്ന്. ഒരു കുട്ടി കവി ആയിരിക്കുക വലിയ ബുദ്ധിമുട്ടാണ്, എന്തെന്നാല്‍ അവന്‍ വല്ലാതെ ഒറ്റപ്പെട്ടുപോകും എന്നിങ്ങനെയുള്ള വാക്യങ്ങള്‍ മനസ്സില്‍ തറഞ്ഞു കിടന്നു. ഏകാന്തമായ വനാന്തരങ്ങളില്‍ പോയി പക്ഷികളും മൃഗങ്ങളുമായി അദ്ദേഹം സംവദിക്കുന്നതും അദ്ദേഹത്തിന്‍റെ പ്രണയവും എല്ലാം എന്നെ സ്പര്‍ശിച്ചു. പുസ്തകങ്ങളാണു നമുക്ക് ഈ ലോകത്തിന്‍റെ ജാലകങ്ങള്‍ തുറന്നിട്ടു തരുന്നത്. പുസ്തകങ്ങള്‍ വായിച്ചില്ലെങ്കിലും നമുക്ക് ജീവിക്കാമല്ലോ. ഈ ലോകമെന്താണ് എന്നു നമുക്കു മനസ്സിലാക്കാന്‍ പക്ഷേ, വായന കൂടിയേ തീരൂ.

? നത്താള്‍ അഥവാ ക്രിസ്മസ് കൊണ്ടുവരുന്ന ചിന്തകളെന്താണ്?

രാജ്യങ്ങള്‍ പരസ്പരമുള്ള യുദ്ധങ്ങള്‍ നിറുത്തി വച്ച് ആഘോഷിച്ചിട്ടുണ്ടു ക്രിസ്മസ്. ഒരു കാലത്തെ രണ്ടായി പിളര്‍ത്തിയ സംഭവം. ദൈവം മനുഷ്യനാകുന്നതിന് അത്രമേല്‍ പ്രാധാന്യമുണ്ട്. എന്നെ സംബന്ധിച്ച് ഇതാണ് ഏറ്റവും പ്രാധാന്യമുള്ള കാര്യം. മാത്രവുമല്ല, മനുഷ്യനായ ശേഷം ദൈവം നമ്മോടൊപ്പം തന്നെയുണ്ട്. ഇമ്മാനുവല്‍ എന്നാണ് അവന്‍ വിളിക്കപ്പെടുന്നത്. ക്രിസ്തുവിനെ ഞാന്‍ കാണുന്നുണ്ട്. എപ്പോഴും കാണാം. ദേവാലയങ്ങളിലല്ല കാണുന്നത്. അന്ത്യവിധിയില്‍ ചോദിക്കുന്ന ചോദ്യങ്ങളുണ്ടല്ലോ. വിശക്കുന്നവനും ദാഹിക്കുന്നവനും പരദേശിയും ഉടുക്കാനില്ലാത്തവനും കാരാഗൃഹവാസിയും നിന്ദിതനും പീഡിതനും അധഃകൃതനുമായി ക്രിസ്തു നമ്മോടൊപ്പമുണ്ട്. എപ്പോഴൊക്കെ ഈ ക്രിസ്തുവിനെ നാം കണ്ടെത്തുന്നുവോ അപ്പോഴൊക്കെ ക്രിസ്മസ് ആഘോഷിക്കേണ്ടതുണ്ട്.

Leave a Comment

*
*