Latest News
|^| Home -> Abhimukham -> “ദൈവപരിപാലനയില്‍ ആശ്രയിച്ച് സ്നേഹിക്കുക, സേവിക്കുക”

“ദൈവപരിപാലനയില്‍ ആശ്രയിച്ച് സ്നേഹിക്കുക, സേവിക്കുക”

Sathyadeepam

ബിഷപ് സെബാസ്റ്റ്യന്‍ പൊഴൊലിപറമ്പില്‍

ഹൊസുറിലെ മെത്രാനായി നവംബര്‍ 22-ന് അഭിഷിക്തനാകുന്ന മോണ്‍. സെബാസ്റ്റ്യന്‍ പൊഴൊലിപറമ്പില്‍ ഇരിങ്ങാലക്കുട രൂപതയിലെ പുല്ലൂര്‍ ഇടവകാംഗമാണ്. തൃശൂര്‍ സെന്‍റ് മേരീസ് മൈനര്‍ സെമിനാരിയിലും വടവാതൂര്‍ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലുമായി വൈദികപരിശീലനം പൂര്‍ത്തിയാക്കി 1982 ഡിസംബര്‍ 22-ന് പൗരോഹിത്യം സ്വീകരിച്ചു. റോമില്‍ ഉപരിപഠനം നടത്തി. ആളൂര്‍ പള്ളിയില്‍ അസിസ്റ്റന്‍റ് വികാരിയായും ഇരിങ്ങാലക്കുട മൈനര്‍ സെമിനാരി പ്രൊക്കുറേറ്ററായും, കൈപ്പമംഗലം, ചന്ദ്രാപ്പിന്നി, ചേലൂര്‍, മേലഡൂര്‍, പറപ്പൂക്കര, ഇരിങ്ങാലക്കുട കത്തീഡ്രല്‍ എന്നീ പള്ളികളില്‍ വികാരിയായും കാത്തലിക് കരിസ്മാറ്റിക് മൂവ്മെന്‍റ്, കമ്യൂണിക്കേഷന്‍ മീഡിയ, ബൈബിള്‍ അപ്പോസ്റ്റലേറ്റ്, സ്പിരിച്വാലിറ്റി സെന്‍റര്‍ എന്നീ പ്രസ്ഥാനങ്ങളുടെ ഡയറക്ടറായും രൂപതാ പ്രൊക്കുറേറ്ററായും ചെന്നൈ മിഷന്‍റെ കോര്‍ഡിനേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട രൂപത പ്രോട്ടോ സിന്‍ചെല്ലൂസായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് പുതിയ നിയമനം. നിയുക്ത മെത്രാനുമായി സത്യദീപം കണ്‍സള്‍ട്ടന്‍റ് എഡിറ്റര്‍ ഡോ. പോള്‍ തേലക്കാട്ട് നടത്തിയ അഭിമുഖം…

? പിതാവാകുമ്പോള്‍ അങ്ങു തിരഞ്ഞെടുക്കുന്ന ആപ്തവാക്യം?
“സ്നേഹിക്കുക, സേവിക്കുക, ദൈവ പരിപാലനയില്‍ ആശ്രയിച്ച്.”

? ഇതു തിരഞ്ഞെടുക്കാന്‍ പ്രത്യേക കാരണമുണ്ടോ?
ഹൊസുര്‍ രൂപത ദൈവപരിപാലനയുടെ സമ്മാനമാണ്. കഴിഞ്ഞ 33 വര്‍ഷങ്ങളായി ചെന്നൈ സീറോ-മലബാര്‍ കത്തോലിക്കര്‍ക്ക് അജപാലന ശുശ്രൂഷകള്‍ നല്കുന്നതിനു ഞങ്ങള്‍ ശ്രമിച്ചു വരികയാണ്. അവിടത്തെ സീറോ-മലബാര്‍ വിശ്വാസികള്‍ക്ക് അതു നേടിയെടുക്കുന്നതിനുള്ള പ്രയാസങ്ങളും സാഹചര്യങ്ങളും അറിയാം. ഈ നിയോഗം വച്ചുകൊണ്ട് മെയ് 1 മുതല്‍ ഒക്ടോബര്‍ 18 വരെ ഒരു ലക്ഷം ജപമാലകള്‍ ചൊല്ലി. ദൈവപരിപാലനയാല്‍ ഒക്ടോബര്‍ 10-ന് ഹൊസുര്‍ രൂപത രൂപീകരിക്കപ്പെട്ടു.

? പുതിയ രൂപതയെക്കുറിച്ച്?
രൂപതയുടെ അതിര്‍ത്തികളും ആസ്ഥാനവും ഇനിയും നിശ്ചയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ചുറ്റുപാടുമുള്ള ലത്തീന്‍ രൂപതകളായ ധര്‍മ്മപുരി, ചെങ്ങല്‍പെട്ട്, മദ്രാസ് -മൈലാപ്പൂര്‍, വെല്ലൂര്‍, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ ഞാന്‍ സന്ദര്‍ശനം നടത്തിക്കഴിഞ്ഞു. എല്ലാ മെത്രാന്മാരും മെത്രാപ്പോലീത്തമാരും നമ്മെ സ്വാഗതം ചെയ്യുകയാണ്. ധര്‍മ്മപുരി രൂപതയിലാണ് ഹൊസുര്‍ സ്ഥിതി ചെയ്യുന്നത്. നമ്മുടെ മിഷന്‍ കേന്ദ്രങ്ങളും സ്ഥാപനങ്ങളും കൂടുതലും ചെന്നൈയിലായതിനാല്‍ ഹൊസൂര്‍ ആസ്ഥാനമാകുന്നത് അത്ര പ്രായോഗികമായി തോന്നുന്നില്ല.

? സീറോ-മലബാര്‍ കത്തോലിക്കാ സമൂഹം മുഖ്യമായും ചെന്നൈയിലും മദ്രാസ്-മൈലാപ്പൂരിലും ജീവിക്കുന്ന സാഹചര്യത്തില്‍ തമിഴ്നാട്-കര്‍ണാടക അതിര്‍ത്തിയില്‍ സഭയുടെ ആസ്ഥാനം വന്നതെങ്ങനെയാണ്?
ഹൊസുര്‍ എന്തുകൊണ്ടാണു തിരഞ്ഞെടുക്കപ്പെട്ടതെന്ന് എനിക്കറിയില്ല. ഒരുപക്ഷെ ചെന്നൈയില്‍ മറ്റൊരു രൂപതയ്ക്കുള്ള സാധ്യതകള്‍ അവര്‍ നോക്കുന്നുണ്ടായിരിക്കും.

? ഹൊസൂറില്‍ എത്ര സീറോ-മലബാര്‍ കത്തോലിക്കരുണ്ട്?
മദ്രാസ്-മൈലാപ്പൂരില്‍ മാത്രമേ ഇത്തരത്തില്‍ കണക്കെടുത്തിട്ടുള്ളൂ. അവിടെ ഏതാണ്ട് അയ്യായിരം കുടുംബങ്ങളുണ്ട്. അവരില്‍ പലരും അവരുള്‍പ്പെടുന്ന ലത്തീന്‍ ഇടവകകളില്‍ സജീവാംഗങ്ങളാണ്.

? ചെന്നൈ അതിരൂപതയില്‍ സീറോ-മലബാര്‍ വിശ്വാസികളുടെ അജപാലന ചുമതല നിര്‍വഹിച്ച വ്യക്തിയെന്ന നിലയില്‍ അനുഭവങ്ങള്‍ എന്താണ്?
ലോകത്ത് ഏതു ഭാഗത്തും ജീവിക്കുന്ന കുടിയേറ്റക്കാരായ നമ്മുടെ വിശ്വാസികള്‍ക്ക് പ്രത്യേക പരിരക്ഷ നല്‍കാന്‍ നാം ബാധ്യസ്ഥരാണ്. ഉദാഹരണത്തിന്, ഇത്തരത്തില്‍ ശരിയായ അജപാലന ശുശ്രൂഷ ലഭിക്കാതിരുന്ന എണ്ണൂറോളം സീറോ-മലബാര്‍ അല്മായര്‍ വെല്ലൂരില്‍ ഉണ്ടായിരു ന്നു. ഡോക്ടര്‍മാരും നഴ്സുമാരും അവരില്‍പ്പെടും. അവര്‍ക്കുവേണ്ടി വി. കുര്‍ബാനയും മതബോധനവും നാം ആരംഭിച്ചപ്പോള്‍ വളരെ ഉത്സാഹത്തോടും തീക്ഷ്ണതയോടും കൂടിയാണവര്‍ സഭാ കാര്യങ്ങളില്‍ ഇടപെട്ടത്.

? ഭൂമിശാസ്ത്രപരമായി ഒരു വലിയ പ്രദേശത്തെ രൂപതാധ്യക്ഷനായി അങ്ങു സ്ഥാനമേല്‍ക്കുന്നു. അജപാലനത്തില്‍ എന്തിനായിരിക്കും പിതാവ് മുന്‍ഗണന നല്‍കുക?
ചെന്നൈ മിഷന്‍റെ മേല്‍നോട്ടം വഹിച്ച വ്യക്തിയെന്ന നിലയില്‍ 1997 മുതല്‍ 2006 വരെ ഞാനവിടെ പ്രവര്‍ത്തിച്ചിട്ടുണ്ട്. പല പ്രശ്നങ്ങളുമായി മല്ലിടേണ്ടിവന്നിട്ടു ള്ള പ്രയാസഘട്ടങ്ങള്‍ ഉണ്ടായിരുന്നു. രൂപതയുടെ ഘടനാപരമായ വികസനമോ സ്ഥാപനവത്കരണമോ അല്ല, അജപാലനപരമായ ഉന്നതിയാണ് എന്‍റെ ലക്ഷ്യം. അതിനാണു പ്രഥമ പരിഗണന.

? രൂപതയിലെ ജനങ്ങളെ അറിയാവുന്നതുകൊണ്ട് അങ്ങ്, അവരുടെ ആത്മീ യാവശ്യങ്ങള്‍ക്കായിരിക്കുമോ അതുകൊണ്ടുതന്നെ ഊന്നല്‍ നല്കുക?
കുടിയേറ്റക്കാരായ സീറോ-മലബാര്‍ കത്തോലിക്കര്‍ സഭയുടെ പാരമ്പര്യവും പരിപോഷിപ്പിക്കപ്പെടേണ്ട മൂല്യങ്ങളും എന്തൊക്കെയാണെന്നതിനെക്കുറിച്ച് പൂര്‍ണമായ അറിവുള്ളവരല്ല. നഗരങ്ങളിലെ യുവ ജനങ്ങള്‍ ആധുനികജീവിതരീതികളില്‍ ആകൃഷ്ടരും ആ വിധത്തില്‍ നമ്മുടെ പരമ്പരാഗത ക്രൈസ്തവജീവിത രീതികള്‍ അവഗണിക്കുന്നവരുമാണ്. കുടുംബപ്രാര്‍ത്ഥന ചിന്തിക്കേണ്ട ഒരു വിഷയമാണ്. നിത്യവും ജപമാല ചൊല്ലേണ്ടതിന്‍റെ ആവശ്യകത ബോധ്യപ്പെടുത്തേണ്ടതുണ്ട്. എന്‍റെ നിര്‍ദേശത്തെത്തുടര്‍ന്ന് ജപമാല ചൊല്ലാന്‍ തുടങ്ങിയ ഒരു കുടുംബം കുറേ നാളുകള്‍ക്കുശേഷം എന്നെ കാണാന്‍ വന്നപ്പോള്‍ അതിലൂടെ അവര്‍ക്കു കൈവന്ന അനുഗ്രഹങ്ങളെക്കുറിച്ചു പറയുകയുണ്ടായി. അവരുടെ കുടുംബജീവിതത്തില്‍ ആ പ്രാര്‍ത്ഥന വലിയ മാറ്റങ്ങള്‍ വരുത്തിയെന്ന് അവര്‍ സാക്ഷ്യപ്പെടുത്തി. ഇത്തരത്തില്‍ വിശ്വാസം ശക്തിപ്പെടുത്തണം. അതിനുവേണ്ടി കുടുംബ സന്ദര്‍ശനങ്ങള്‍ നടത്തേണ്ടതുണ്ട്.

? ചെന്നൈ അതിരൂപതയുടെ കീഴില്‍ അവര്‍ക്ക് അജപാലന ശുശ്രൂഷ കിട്ടാ ത്ത സാഹചര്യമുണ്ടായിരുന്നോ?
നമ്മുടെ വൈദികരുടേതുപോലെ വ്യക്തിപരമായ ഇടപെടലുകള്‍ ഉണ്ടായിരുന്നില്ല. അതിനര്‍ത്ഥം അവര്‍ ജനങ്ങളെ പരിചരിച്ചിട്ടില്ല എന്നല്ല. എന്നാല്‍, നമ്മുടെ സമീപന രീതി വ്യത്യസ്തവും തനതുമാണെന്നാണ് എന്‍റെ വിശ്വാസം.

? സാധാരണക്കാരായ കത്തോലിക്കരുടെ ജീവിതത്തില്‍ ഉപഭോഗസംസ്ക്കാരത്തിന്‍റെ സ്വാധീനമുണ്ടെന്നു കരുതുന്നില്ലേ? എന്തു തോന്നുന്നു?
തീര്‍ച്ചയായും ഉപഭോഗസംസ്ക്കാരം സാധാരണ ജനജീവിതത്തെ ബാധിക്കുന്നുണ്ട്. അവിടെ നമ്മുടെ സാന്നിധ്യവും സാക്ഷ്യവും കൂടുതല്‍ പ്രസക്തമാണ്. ജീവിതത്തെക്കുറിച്ച് ശരിയായ പ്രചോദനവും പ്രേരണയും നല്‍കാന്‍ നമുക്കു കഴിയണം.

? സീറോ-മലബാര്‍ കുടുംബങ്ങള്‍ക്ക് അജപാലന ശുശ്രൂഷകള്‍ നല്‍കുന്നതില്‍ ലത്തീന്‍ മെത്രാന്മാരില്‍നിന്നും പുരോഹിതരില്‍നിന്നും കാലതാമസം ഉണ്ടാകാറുണ്ടോ?
അവര്‍ വളരെ പരിശ്രമിച്ചിട്ടുണ്ട്. പ ക്ഷെ, സീറോ-മലബാറുകാരുടെ സംസ് ക്കാരം അവര്‍ക്ക് അത്ര പരിചിതമല്ലല്ലോ

? സീറോ-മലബാര്‍ സംസ്കാരത്തെക്കുറിച്ചു പറഞ്ഞു. മറ്റുള്ളവയില്‍ നിന്ന് അതെങ്ങനെയാണ് വ്യതിരിക്തമാകുന്നത്?
ഓരോ സംസ്ക്കാരത്തിനും അതിന്‍റേതായ തനിമയുണ്ട്. അവരുടെ ജീവിത രീതികള്‍ നമ്മില്‍നിന്നും വളരെ വ്യത്യസ്ത മാണ്. ഇതര റീത്തുകളും സംസ്ക്കാരങ്ങളും ദൈവജനത്തിനു ശ്രേഷ്ഠമായ സേവനങ്ങള്‍ നല്‍കുന്നുണ്ട്. സീറോ-മലബാര്‍ കത്തോലിക്കര്‍ തങ്ങള്‍ പിന്തുടരുന്ന പാരമ്പര്യത്തിലും തനിമയിലും ആഴപ്പെട്ടിരിക്കുന്നു. ഒരുപക്ഷെ, പുതുതലമുറയ്ക്ക് ഈ വ്യത്യാസങ്ങളെക്കുറിച്ച് അറിവുണ്ടായിരിക്കണമെന്നില്ല.

? യൂറോപ്പില്‍ ഉപരിപഠനം നടത്തിയ വ്യക്തിയാണ് പിതാവ്. അവിടെ സഭ തകരുകയാണെന്ന സൂചനകളുണ്ട്. പാശ്ചാത്യ രാജ്യങ്ങളില്‍ വിശ്വാസത്തില്‍ സംഭവിച്ച ഒരുതരം മരവിപ്പ് സീറോ-മലബാര്‍ സഭയിലും കടന്നുവരുമോ?
ജനങ്ങളുമായി നാം സമ്പര്‍ക്കം പുലര്‍ത്തുന്നില്ലെങ്കില്‍ ഈ സാഹചര്യം കേരളത്തിലും സീറോ-മലബാര്‍ സഭയില്‍ ആകമാനവും സംജാതമാകും.

? ഇന്നു കന്യാസ്ത്രീ മഠങ്ങളിലേക്കുള്ള ദൈവവിളികള്‍ വലിയ തോതില്‍ കുറയുകയാണ്. യൂറോപ്യന്‍ മാതൃകയുടെ ആവര്‍ത്തനമാണിത്. സഭയില്‍ വേറിട്ടൊരു ജീവിതശൈലി അനിവാര്യമാണെന്ന ആഹ്വാനം ഇതു നല്‍കുന്നില്ലേ?
തീര്‍ച്ചയായും. അതാണു ഞാന്‍ പറഞ്ഞുവന്നത്. ഇന്നു കോണ്‍വെന്‍റുകളിലേക്കുള്ള ദൈവവിളികള്‍ കുറയുന്നു. കാരണം, ഇന്നു സാഹസീകമായൊരു ജീവിത ശൈലിയാണ് പെണ്‍കുട്ടികള്‍ ആഗ്രഹിക്കുന്നത്. അതു മഠങ്ങളില്‍ കാണുന്നില്ല. യേശുവിനെ പിന്‍ചെല്ലാന്‍ തുനിയുമ്പോള്‍ അതില്‍ സാഹസികതയൊന്നുമില്ലെങ്കില്‍ പിന്നെ എന്തിനു സമര്‍പ്പിതജീവിതം തിരഞ്ഞെടുക്കണം? സന്യാസിനികള്‍ ജീവിക്കുന്ന സാഹചര്യങ്ങളില്‍ ഇത്തരത്തില്‍ യാതൊരു സാഹസികതയുമില്ല.

? വെല്ലുവിളികളും സാഹസങ്ങളും ഇഷ്ടപ്പെടുന്നവരാണ് യുവജനങ്ങള്‍. എന്നാല്‍ സമര്‍പ്പിതജീവിതം അതില്‍നിന്ന് അകലം പാലിക്കുന്നു. ഇതു സമര്‍പ്പിതജീവിതത്തെ സാരമായി ബാധിക്കുന്നുവെന്നു പറയാമോ?
തീര്‍ച്ചയായും. അതാണു യാഥാര്‍ത്ഥ്യം. വൈദികരുടെ കാര്യത്തിലും ഇതു ശരിയാണ്.

? എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു?
അലസവും സുഖപ്രദവുമായ സമര്‍പ്പിതജീവിതം യുവാക്കളെ ആവേശഭരിതരാക്കില്ല. സാധാരണ ജനങ്ങളുടെയും വൈദികരുടെയും സമര്‍പ്പിതരുടെയുമെല്ലാം ജീവിതരീതികള്‍ മാറുകയാണ്. യഥാര്‍ത്ഥ വെല്ലുവിളിയുടെയും സാഹസത്തിന്‍റെയും അഭാവം പൊതുവേ ദൃശ്യമാണ്.

? പിതാവിന്‍റെ മാതൃരൂപതയായ ഇരിങ്ങാലക്കുടയില്‍ വലിയ ധ്യാനകേന്ദ്രങ്ങളുണ്ട്. ഇന്നു ജനങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ആത്മീയത അവ പ്രദാനം ചെയ്യുന്നുണ്ടോ? അതോ പ്രൊട്ടസ്റ്റന്‍റ്, പെന്തക്കോസ്തല്‍ രീതികള്‍ പോലെ ഉപരിപ്ലവമായ ഭക്തിമാത്രമാണോ?
ഇത്തരത്തില്‍ ഉപരിപ്ലവമായ ഭക്തിയുടെ ചില കരിസ്മാറ്റിക് കേന്ദ്രങ്ങളുണ്ട്. അതേസമയം ജനങ്ങള്‍ക്ക് ആത്മീയ ഉണര്‍വു പ്രദാനം ചെയ്യുന്നതില്‍ അവ സഹായ കരവുമായിട്ടുണ്ട്. ആഴമായ ആത്മീയതയിലേക്ക് നയിക്കാന്‍ സഹായകമാകുന്ന ഭക്തി മാര്‍ഗ്ഗത്തിലേക്കു ജനങ്ങളെ കൊണ്ടുവരാന്‍ ഈ ധ്യാനകേന്ദ്രങ്ങള്‍ക്കു കഴിയണം.

? വൈദികനെന്ന നിലയില്‍ നിരവധി ഉത്തരവാദിത്വങ്ങള്‍ അങ്ങ് നിര്‍വഹിച്ചിട്ടുണ്ട്. ക്രിസ്തുവിന്‍റെ ജീവിതത്തില്‍ അങ്ങേക്കു പ്രിയങ്കരമായതും വെല്ലുവിളി നിറഞ്ഞതുമായി തോന്നിയിട്ടുള്ളത് ?
അവിടുത്തെ വ്യക്തിപരമായ കരുതലും ദാക്ഷിണ്യവും. ഞാന്‍ ഒരു ഭവനത്തിലേക്കു ചെല്ലുമ്പോള്‍ അതു ഞാനല്ല, യേശുവാണ് അവിടം സന്ദര്‍ശിക്കുന്നത്. അവന്‍ എല്ലായിടത്തും ചെല്ലുന്നു, ജനങ്ങള്‍ക്കൊപ്പം കരയുന്നു, ചിരിക്കുന്നു. പുറത്തു പറയാനാകാത്ത പല പ്രശ്നങ്ങളും ഇന്നു മിക്ക കുടുംബങ്ങളിലുമുണ്ട്. നാം സത്യസന്ധരും നിരന്തരം പ്രാര്‍ത്ഥിക്കുന്നവരുമാണെങ്കില്‍ നമ്മോടൊപ്പം യേശുവും ആ ഭവനത്തിലേക്ക് പ്രവേശിക്കും. ആത്മീയ സംരക്ഷണം നല്‍കുന്ന യേശുവിനെ അനുകരിക്കാനാണു ഞാന്‍ ആഗ്രഹിക്കുന്നത്.

? പിതാവിനെ സംബന്ധിച്ച് എന്താണ് ആത്മീയത?
ദൈവസാന്നിധ്യം അനുഭവിക്കുക.

? എന്താണ് പ്രാര്‍ത്ഥന ?
ദിവ്യകാരുണ്യത്തിനു മുന്നില്‍ ദിവസം ഒരു മണിക്കൂറെങ്കിലും ഞാന്‍ ചെലവഴിക്കാറുണ്ട്. ഞാന്‍ സംസാരിക്കും, ദൈവം പ്രതികരിക്കും. എന്‍റെ ജീവിതം, ഉത്തരവാദിത്വങ്ങള്‍ മുഴുവനും ദൈവം ഏറ്റെടുക്കുന്നു.

(ഇംഗ്ലീഷില്‍ നടത്തിയ അഭിമുഖത്തിന്‍റെ സ്വതന്ത്ര പരിഭാഷ തയ്യാറാക്കിയത്:

ഫ്രാങ്ക്ളിന്‍ എം. (സീനിയര്‍ സബ് എഡിറ്റര്‍)

Leave a Comment

*
*