Latest News
|^| Home -> Abhimukham -> ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാന്‍

ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാന്‍

Sathyadeepam

ബിഷപ് സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍

കാഞ്ഞിരപ്പള്ളി രൂപതയിലെ നിര്‍മ്മലഗിരി ഇടവകാംഗമാണ് നിയുക്ത സീറോ-മലബാര്‍ സഭാ കൂരിയാ ബിഷപ് സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍. മാതാപിതാക്കളുടെ എട്ടാമത്തെ മകനായി ജനിച്ച നിയുക്ത മെത്രാന്‍റെ ഒരു സഹോദരനും വൈദികനാണ്. വടവാതൂര്‍ സെമിനാരിയില്‍ വൈദികപഠനം പൂര്‍ത്തിയാക്കി. റോമിലെ ഹോളി ക്രോസ് യൂണിവേഴ്സിറ്റിയില്‍ നിന്നു കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടി. ഉപരിപഠനത്തിനു മുമ്പും ശേഷവുമായി അഞ്ചോളം ഇടവകകളില്‍ സേവനം ചെയ്തു. കൂരിയായില്‍ വൈസ് ചാന്‍സലറായി സേവനം ചെയ്തു വരികെയാണ് കൂരിയാ മെത്രാനായി ഉയര്‍ത്തപ്പെടുന്നത്. 1992-ല്‍ ബിഷപ് മാത്യു വട്ടക്കുഴിയില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ച നിയുക്ത മെത്രാന്‍റെ പൗരോഹിത്യജൂബിലി വര്‍ഷം കൂടിയാണ് ഇത്. മെത്രാഭിഷേകത്തിനൊരുങ്ങുന്ന അദ്ദേഹവുമായി കാക്കനാട് മൗണ്ട് സെന്‍റ് തോമസിലെ സഭാകാര്യാലയത്തില്‍ വച്ച് സത്യദീപം ചീഫ് എഡിറ്റര്‍ നടത്തിയ അഭിമുഖസംഭാഷണത്തില്‍ നിന്ന്:

? പിതാവിന്‍റെ പൗരോഹിത്യത്തിന്‍റെ ജൂബിലി വര്‍ഷം കൂടിയാണല്ലോ ഇത്. മെത്രാന്‍പദവി ഒരു ജൂബിലി സമ്മാനമായി ദൈവം പിതാവിനു തരികയാണ് എന്നു പറയാം. ജൂബിലിവര്‍ഷത്തിലെ ഈ പദവിയെ പിതാവ് എങ്ങനെ നോക്കിക്കാണുന്നു?
പൗരോഹിത്യജൂബിലി വലിയ ആഘോഷമായി നടത്തുന്നതിനോട് എനിക്കു യോജിപ്പില്ലായിരുന്നു. അങ്ങനെ നടത്തേണ്ടതില്ല എന്നതായിരുന്നു തീരുമാനം. സെമിനാരിതലത്തിലും രൂപതാതലത്തിലും സഭാതലത്തിലും ഒരേ വര്‍ഷം പൗരോഹിത്യം സ്വീകരിച്ചവരുടെ ജൂബിലിയാഘോഷങ്ങള്‍ വേറെ ഉണ്ടുതാനും. പൗരോഹിത്യം സ്വീകരിച്ച കാലം മുതല്‍ ആ ദിവസം ഇടവക ദേവാലയത്തില്‍ കുടുംബാംഗങ്ങളുമൊത്ത് ബലിയര്‍പ്പിക്കുന്ന പതിവുണ്ട് പുരോഹിതരായ എന്‍റെ സഹോദരനും സഹോദരപുത്രനും ഇതില്‍ ഒപ്പം ചേരുകയും ചെയ്തിരുന്നു. അതുകൊണ്ട് പൗരോഹിത്യസ്വീകരണദിവസം എന്നും ഓര്‍മ്മയിലുള്ളതാണ്. അതുപോലൊരു ബലിയര്‍പ്പണമല്ലാതെ ജൂബിലിക്ക് പൊതുസമൂഹത്തെ അറിയിച്ചുകൊണ്ടുള്ള ഒരു ആഘോഷം ആലോചനയില്‍ ഇല്ലായിരുന്നു. ജൂബിലിവര്‍ഷത്തില്‍ തന്നെ മെത്രാഭിഷേകം ലഭിക്കുന്നതിന് അതിന്‍റേതായ ഒരു പ്രാധാന്യമുണ്ട് എന്നതു നിഷേധിക്കുന്നുമില്ല. ഒരു ദൈവിക ഇടപെടല്‍ എന്ന നിലയില്‍ ഭാവാത്മകമായി ഇതിനെ കാണുന്നു.

? പിതാവിന്‍റെ കുടുംബത്തെയും ദൈവവിളിയുടെ പശ്ചാത്തലത്തെയും കുറിച്ച് പറയാമോ?
1964-ലാണ് ഞങ്ങളുടെ ഇടവകയുടെ ആരംഭം. നിര്‍മ്മലഗിരി എന്നൊരു ചെറിയ ഇടവകയാണ്. ആരംഭകാലത്ത് പള്ളിമുറിയോ മറ്റു സൗകര്യങ്ങളോ ഇല്ല. അക്കാലത്ത് വൈദികര്‍ക്ക് ആവശ്യമുള്ള ഭക്ഷണകാര്യങ്ങളും ഒക്കെ വളരെ താത്പര്യപൂര്‍വം ഒരുക്കിയിരുന്നത് എന്‍റെ വീട്ടില്‍ നിന്നാണ്. അങ്ങനെ അച്ചന്മാരുമായി വീടിനു നല്ല അടുപ്പമുണ്ടായിരുന്നു. ഒരുപക്ഷേ ആ അടുപ്പം കൊണ്ടാവാം എന്‍റെ ജ്യേഷ്ഠന്‍ ആദ്യം ദൈവ വിളി സ്വീകരിച്ചു. ചെറിയ ഇടവകയാണെങ്കിലും എട്ടോളം അച്ചന്മാര്‍ അവിടെ നിന്നുണ്ടായി. പ്രാര്‍ത്ഥിക്കുകയും എല്ലാ ദിവസവും തന്നെ ദേവാലയത്തില്‍ പോകുകയും ചെയ്തിരുന്നവരായിരുന്നു മാതാപിതാക്കള്‍. ആ പശ്ചാത്തലം ദൈവവിളിക്കു സഹായകരമായി. 1980, 81 കാലഘട്ടത്തില്‍ രൂപതാ വൊക്കേഷന്‍ പ്രൊമോട്ടറായിരുന്ന ഫാ.ജോര്‍ജ് ആലുങ്കല്‍ സ്കൂളുകളിലൊക്കെ വന്നു പ്രസംഗിച്ചിരുന്നു. അതും എന്നെ സ്വാധീനിച്ചിരുന്നു. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഇടവകയില്‍ അന്നത്തെ രൂപതാദ്ധ്യക്ഷനായ പൗവ്വത്തില്‍ പിതാവ് അജപാലനസന്ദര്‍ശനത്തിനു വന്നു. അന്ന് പിതാവ് ഞങ്ങളുടെ വീട്ടിലും വന്നിരുന്നു. വീട്ടില്‍ വരുമ്പോള്‍ ഭാവിപരിപാടികളെ കുറിച്ചു ചോദിക്കുമല്ലോ. അതൊക്കെ എന്‍റെ ദൈവവിളിയെ സ്വാധീനിച്ചിട്ടുണ്ട്.

? പിതാവ് നിരവധി ഇടവകകളില്‍ സേവനം ചെയ്തിട്ടുണ്ട്. ആ നിലയില്‍ സമ്പന്നമായ അജപാലനാനുഭവം ഉള്ളയാളാണ്. കൂരിയാ മെത്രാനെന്ന നിലയില്‍ അജപാലനത്തേക്കാള്‍ പ്രാധാന്യം ഓഫീസ് ഭരണകാര്യങ്ങള്‍ക്കായിരിക്കും. അതു പിതാവിന് ഏതെങ്കിലും തരത്തിലുള്ള ഒരു ആത്മസംഘര്‍ഷം ഉണ്ടാക്കുമോ?
ചോദ്യം വളരെ പ്രസക്തമാണ്. പക്ഷേ ഇതിനുള്ള ഒരുക്കം നേരത്തെ തുടങ്ങിയിരുന്നു. ഇടവകയില്‍ മാത്രം ജോലി ചെയ്യണമെന്നാഗ്രഹിച്ച ആളാണു ഞാന്‍. പക്ഷേ രണ്ടു വര്‍ഷം കൊച്ചച്ചനായി ജോലി ചെയ്തശേഷം ഞാന്‍ യുവദീപ്തിയുടെ ഡയറക്ടറായി നിയമിക്കപ്പെട്ടു. അതോടെ പാസ്റ്ററല്‍ സെന്‍ററിലായി താമസം. സ്വന്തമായി ഇടവകയില്ല. എല്ലാവരുമുണ്ട്, എന്നാല്‍ ആരുമില്ല എന്നൊരു തോന്നലായിരുന്നു അപ്പോള്‍. അതെന്നെ വ്യക്തിപരമായി ബാധിക്കുകയും ചെയ്തു. ഈ വികാരം പങ്കുവച്ചതോടെ പിതാവ് എനിക്കൊരു പള്ളി തന്നു. യുവജനപ്രേഷിതരംഗത്ത് പ്രവര്‍ത്തനങ്ങളാവിഷ്കരിക്കാന്‍ ഒരു മാതൃകാ ഇടവക വേണം. സ്വന്തം ഇടവകയില്‍ നടപ്പാക്കാന്‍ പറ്റാത്ത ഒരു കാര്യം മറ്റു വികാരിയച്ചന്മാരോടു പറയുന്നതിലര്‍ത്ഥമില്ല. ഞാന്‍ സ്വയം ഒരു വികാരിയായിരിക്കുമ്പോള്‍ എനിക്കതിന്‍റെ പള്‍സറിയാന്‍ പറ്റും. കുറച്ചുനാള്‍ അങ്ങനെ ജോലി ചെയ്തു. പിന്നെ പഠിക്കാന്‍ പോയി. തിരിച്ചുവന്നപ്പോള്‍ ട്രൈബ്യൂണലിലായിരുന്നു നിയമനം. ആ ജോലിയാരംഭിച്ചതിനു ശേഷവും ഞാന്‍ ഇടവകകള്‍ ചോദി ച്ചു വാങ്ങി. മൗണ്ട് സെന്‍റ് തോമസില്‍ കൂരിയായില്‍ വന്നതിനു ശേഷം ഇടവക ഇല്ല. എങ്കിലും ഇവിടെയുള്ള സുഹൃദ്ബന്ധങ്ങള്‍ ഉപയോഗിച്ച് വിവിധ ഇടവകകളില്‍ സഹായിക്കാന്‍ പോകുകയും സംഘടിതമല്ലാത്തതെങ്കിലും ഒരു ഇടവകജീവിതത്തിന്‍റെ അന്തരീക്ഷം അനുഭവിക്കാന്‍ ശ്രമിക്കുകയും ചെയ്തു പോരുകയായിരുന്നു. മറ്റൊരു കാര്യമുള്ളത്, എല്ലാ ജോലികളും സഭയ്ക്ക് ആവശ്യമാണെന്നതാണ്. നേരിട്ടു ജനങ്ങളുമായി ബന്ധമില്ലെങ്കിലും പരോക്ഷമായി ഇതെല്ലാം അജപാലനപ്രവര്‍ത്തനങ്ങള്‍ തന്നെയാണ്. മാര്‍ മാത്യു വട്ടക്കുഴി പിതാവ് അതെന്നോടു പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ലഭിക്കുന്ന ഉത്തരവാദിത്വങ്ങളുമായി പൊരുത്തപ്പെട്ട് പോകാന്‍ ശ്രമിക്കുന്നു.

? ഇടവകകളില്‍ ജോലി ചെയ്ത അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍, കൂരിയാ ബിഷപ് എന്ന നിലയില്‍ പിതാവിനു ള്ള സ്വപ്നങ്ങള്‍ എന്തൊക്കെയാ ണ്?
പ്രയോഗത്തില്‍ കൊണ്ടു വരാന്‍ ബുദ്ധിമുട്ടുണ്ട് എന്നു വൈദികര്‍ കരുതുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ചില കാര്യങ്ങള്‍ ചെറിയ ഇടവകകളില്‍ ചെയ്യാന്‍ കഴിയില്ല എന്നു ചില വൈദികര്‍ കരുതിയേക്കാം. എന്നാല്‍ ശരിയായി ആസൂത്രണം ചെയ്യുകയാണെങ്കില്‍ ധാരാളം കാര്യങ്ങള്‍ ഓരോ ഇടവകയിലും നമുക്കു ചെയ്യാന്‍ സാധിക്കും. 65 വീടുകള്‍ മാത്രമുള്ള ഇടവകകളില്‍ പോലും ചില കാര്യങ്ങള്‍ സ്ഥിരമായി ചെയ്തു വരുമ്പോള്‍ സമയം തികയാത്ത അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഓരോ വീടുകളിലും പോകുക, അവരുമൊത്ത് പ്രാര്‍ത്ഥിക്കുക, യുവജനങ്ങളുടെ സന്ധ്യാപ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുക, ജനങ്ങളുമായി ബന്ധം സ്ഥാപിക്കുക, മനുഷ്യരെ നേരിട്ടറിയുക എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ ഉണ്ടല്ലോ.

? പിതാവിന്‍റെ ആപ്തവാക്യം ഇവയെന്തെങ്കിലുമായി ബന്ധപ്പെട്ടതാണോ?
ആപ്തവാക്യമായി എടുത്തിരിക്കുന്നത് “ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാന്‍” എന്നതാണ്. സേവനം എന്നതല്ല നാമുപയോഗിക്കുന്ന പദം. നാം ചെയ്യുന്നത് ഒരു ശുശ്രൂഷയാണ്. മെത്രാന്‍ സ്ഥാനത്തേയ്ക്കു നിയോഗിക്കപ്പെടുമ്പോള്‍ നമ്മളറിയാതെ തന്നെ ധാരാളം ശുശ്രൂഷകള്‍ കിട്ടുന്നുണ്ട്. സുരക്ഷിതത്വത്തിന്‍റേതായ മേഖലകള്‍ വരും. ഉപയോഗിക്കുന്ന വാഹനങ്ങളിലും താമസിക്കുന്ന മുറിയിലും കിട്ടുന്ന ഭക്ഷണത്തിലും ഒക്കെ മാറ്റങ്ങള്‍ വന്നേക്കാം. അതില്‍ ഒരപകടവും ഉണ്ട്. കുറെ കാലം ഇപ്രകാരം പോയി കഴിയുമ്പോള്‍ നമ്മുടെ തന്നെ വ്യക്തിത്വത്തിന് മാറ്റം വന്നേക്കാം. അതുകൊണ്ട് അതേക്കുറിച്ച് ബോധത്തോടെ ഇരിക്കുക എന്നതാണ് ഈ ആപ്തവാക്യത്തിന്‍റെ ഒരുദ്ദേശ്യം. മറ്റുള്ളവര്‍ക്ക് ഒരു സഹായമായിത്തീരുക എന്ന കാര്യം മറന്നുപോകരുത്.

മേജര്‍ ആര്‍ച്ചുബിഷപ്പിനെ സഹായിക്കുക എന്നതാണ് എന്‍റെ ജോലി. ഒപ്പം എല്ലാ മെത്രാന്മാര്‍ക്കും ശുശ്രൂഷ ചെയ്യുക. ഇവിടെ വച്ചാണല്ലോ സിനഡ് നടക്കുക. അതിനെത്തുന്ന മെത്രാന്മാര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്യുക. കൂരിയാ ബിഷപ്പിന്‍റെ ഈ ദൗത്യം ഓര്‍മ്മിപ്പിക്കുന്ന ആപ്തവാക്യം കൂടിയാണ് ഇത്.

? കൂരിയാ ബിഷപ്പിന്‍റെ മറ്റ് ഉത്തരവാദിത്വങ്ങള്‍ എന്തൊക്കെയാണ്?
മേജര്‍ ആര്‍ച്ചുബിഷപ് പറയുന്ന കാര്യങ്ങള്‍ ചെയ്യുക എന്നതാണ് ചുരുക്കി പറഞ്ഞാല്‍ കൂരിയാ ബിഷപ്പിന്‍റെ ദൗത്യം. ഇതിന്‍റെ വിശദാംശങ്ങള്‍ മെത്രാഭിഷേകം കഴിയുമ്പോള്‍ മേജര്‍ ആര്‍ച്ചുബിഷപ് രേഖാമൂലം തന്നെ അറിയിക്കുമെന്നാണ് കരുതുന്നത്. ഇവിടത്തെ ഭരണസംവിധാനത്തില്‍ മെത്രാന്‍ സിനഡും സ്ഥിരം സിനഡും ഉണ്ടല്ലോ. മെത്രാന്‍ സിനഡ് വര്‍ഷത്തില്‍ രണ്ടു തവണ കൂടും. ജനുവരിയില്‍ ഒരാഴ്ചയും ആഗസ്റ്റില്‍ രണ്ടാഴ്ചയും. മെത്രാന്‍ സിനഡാണ് എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കുന്നത്. ഇതു കഴിഞ്ഞാല്‍ പിന്നെ കൂ ടിയാലോചനകള്‍ക്കുള്ള സമിതിയാണ് സ്ഥിരം സിനഡ്. അഞ്ചു മെത്രാന്മാരാണ് ഇതിലുള്ളത്. സിനഡും സ്ഥിരം സിനഡും കൂടാനുള്ള സാഹചര്യമില്ലെങ്കില്‍ മേജര്‍ ആര്‍ച്ചുബിഷപ്പിന് കൂരിയാ ബിഷപ്പുമാരോട് ആലോചന നടത്താം എന്നാണ് സഭയുടെ നിയമം. കൂരിയാ മെത്രാന്മാര്‍ മൂന്നു പേര്‍ വരെ ആകാമെന്നുണ്ട്. മെത്രാന്‍ സിനഡിനും സ്ഥിരം സിനഡിനും ശേഷം മേജര്‍ ആര്‍ച്ചുബിഷപ്പിന് ആലോചനകള്‍ക്കു സമീപിക്കാവുന്നയാളാണ് കൂരിയാ ബിഷപ്. കൂരിയായില്‍ നിരവധി കമ്മീഷനുകളും ട്രൈബ്യൂണലും ഒക്കെയുണ്ട്. ഇവയുടെ ചുമതലയുള്ള മെത്രാന്മാര്‍ ആരും ഇവിടെയല്ലല്ലോ താമസിക്കുന്നത്. മേജര്‍ ആര്‍ച്ചുബിഷപ് ഇല്ലാതെ വരുന്ന സമയങ്ങളും ധാരാളമുണ്ടാകും. അപ്പോള്‍ കൂരിയായിലുള്ള ജോലികളെ ഏകോപിപ്പിക്കുക എന്ന ഉത്തരവാദിത്വം കൂരിയാ മെത്രാനാണ്.

? ആലഞ്ചേരി പിതാവുമായുള്ള ബന്ധം എങ്ങനെയാണ്? പിതാവു തരുന്ന പിന്തുണയും പ്രചോദനവും എങ്ങനെയാണ്?
പിതാവ് മേജര്‍ സെമിനാരിയില്‍ എന്‍റെ പ്രൊഫസറായിരുന്നു. അന്നു മുതലുള്ള ബന്ധമുണ്ട്. ഞാന്‍ ക്യാറ്റിക്കിസം ഡയറക്ടറായിരുന്നപ്പോഴും ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ട സാഹചര്യമുണ്ടായിരുന്നു. പിന്നീട് കൂരിയായില്‍ വൈസ് ചാന്‍സലറായി വന്നു. താമസിച്ചു ജോലി ചെയ്യുന്ന ആദ്യത്തെ വൈസ് ചാന്‍സലര്‍ ഞാനായിരുന്നു. അപ്പോള്‍ കൂടുതല്‍ അടുത്തു പ്രവര്‍ത്തിക്കാന്‍ ഇടയായി. നിരവധി കാര്യങ്ങള്‍ പിതാവിനുവേണ്ടി പിതാവിന്‍റെ നിര്‍ദേശപ്രകാരം ഇവിടെ ചെയ്തിരുന്നു. പിതാവിനു വരുന്ന മിക്കവാറും കത്തുകള്‍ എന്നെ ഏല്‍പിക്കുമായിരുന്നു. ഓരോ വ്യക്തിക്കും മറുപടിയെഴുതുന്നത് വ്യക്തിപരമായ സുവിശേഷവത്കരണമാണെന്നു പിതാവു പറഞ്ഞിട്ടുണ്ട്. സംശയമായിരിക്കാം, പരാതിയായിരിക്കാം, സന്തോഷമായിരിക്കാം, ദുഃഖമായിരിക്കാം… എന്തിനും പിതാവ് ഫോണ്‍ വിളിച്ചോ കത്തെഴുതിയോ മറുപടി നല്‍കുന്നുണ്ട്. അതിലെല്ലാം പിതാവിനു ശ്രദ്ധയുണ്ട്. അതു പിതാവില്‍ നിന്നു പഠിക്കാന്‍ പറ്റുന്ന ഒരു കാര്യമാണ്. നേതൃത്വശൈലിയും നര്‍മ്മസംഭാഷണവും പോലുള്ള മറ്റ് അനേകം കാര്യങ്ങളും പിതാവില്‍ നിന്നു പഠിക്കാനുണ്ട്.

? സീറോ-മലബാര്‍ സഭയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ നാം പണത്തിലും ദൈവവിളിയിലും ബൗദ്ധികശേഷിയിലും എല്ലാം സമ്പന്നമാണ്. ഇതരസഭകളെ സഹായിക്കാന്‍ കഴിയുന്ന തരത്തില്‍ ശക്തരാണു നമ്മള്‍. വലിയ വൈവിദ്ധ്യവും സഭയ്ക്കുണ്ട്. ഈ രീതിയില്‍ സങ്കീര്‍ണമായ ഒരു പശ്ചാത്തലത്തില്‍ പുതിയ ഉത്തരവാദിത്വത്തെ പിതാവ് അഭിമുഖീകരിക്കാന്‍ പോകുന്നതെങ്ങനെയാണ്?
അങ്ങനെയൊരു ആകുലത എനിക്കില്ല. സമ്പന്നര്‍ സഭയിലുണ്ട്. വിദേശസഹായമൊന്നുമില്ലാതെ വലിയ പള്ളികള്‍ നിര്‍മ്മിക്കപ്പെടുന്നുണ്ട്. മിഷനെ സഹായിക്കാന്‍ സന്നദ്ധരായ ധാരാളം ആളുകള്‍ ഉണ്ട്. സെന്‍റ് തോമസ് മൗണ്ടിലേയ്ക്കു വന്ന ഫോണ്‍ ഒരിക്കല്‍ ഞാനെടുത്തപ്പോള്‍ മിഷനു സംഭാവന നല്‍കാന്‍ എന്തു ചെയ്യണമെന്നറിയാന്‍ വേണ്ടി ഒരാള്‍ വിളിക്കുകയായിരുന്നു. ഇതെല്ലാം ഞാന്‍ പോസിറ്റീവായി കാണുന്നു. മെത്രാന്മാരുടേത് ഒരു കൂട്ടായ്മയാണ്. അതിലൊരംഗമായി പ്രവര്‍ത്തിക്കുമ്പോള്‍ പരസ്പരം പിന്തുണയും സഹായവും ലഭിക്കും. എല്ലാവരുമായി പരസ്പരം ആലോചന നടത്താനുള്ള ധാരാളം സാദ്ധ്യതകളുണ്ട്. നിരവധി പിതാക്കന്മാരുമായി നല്ല വ്യക്തിബന്ധമുണ്ട്. അതുകൊണ്ട് മെത്രാന്മാരുടെ കൂട്ടായ്മയില്‍ അപരിചിതത്വമില്ല.

? കേരളസഭയില്‍ ഉയര്‍ന്നു വരുന്ന ഒരു പരാതി ഓര്‍ത്തഡോക്സിയിലേയ്ക്കു നാം തിരി ച്ചു പോകുകയാണെന്നതാണ്. ഒരു വിധത്തിലുള്ള തീവ്രവാദം കേരളസഭയില്‍ വളര്‍ന്നു വരുന്നു എന്ന നിരീക്ഷണമുണ്ട്. ഇതരമതങ്ങളോടുള്ള ആദരവ്, ആഘോഷങ്ങളിലെ പങ്കാളിത്തം തുടങ്ങിയ കാര്യങ്ങളില്‍ അസഹിഷ്ണുത പ്രകടിപ്പിക്കുന്നവരുണ്ട്. ഇതിനെ എങ്ങനെ കാണുന്നു?
ചില കാര്യങ്ങളില്‍ എന്തുകൊണ്ടാണ് അസഹിഷ്ണുത എന്നു മനസ്സിലാകുന്നില്ല. ഓര്‍ത്തഡോക്സിയിലേയ്ക്കു തിരിച്ചുപോകുക എന്നത് പോസിറ്റീവാണ്. ശരിയായ വിശ്വാസം എന്നാണ് ഓര്‍ത്തഡോക്സി എന്ന വാക്കിനര്‍ത്ഥം തന്നെ. ശരിയായ വിശ്വാസം കാത്തുസൂക്ഷിക്കുക എന്നതാണെങ്കില്‍ അത് അതില്‍ തന്നെ ഗുണകരമാണ്. പക്ഷേ സാംസ്കാരികമായ ഒരു പശ്ചാത്തലത്തിലാണ് ഇതു പറയുന്നതെന്നു മനസ്സിലാകുന്നു. ഭാരതീ യ ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ ഇവിടുള്ള സംസ്കാരത്തില്‍ ഒത്തിരി ഇഴുകിച്ചേര്‍ന്നവരാണു നമ്മള്‍. നമ്മുടെ ആരാധാനാനുഷ്ഠാനങ്ങളിലെല്ലാം ഈ രാജ്യത്തിന്‍റെ സംഭാവനകള്‍ ധാരാളം നാം സ്വീകരിച്ചിട്ടുണ്ട്. അതിലൂടെ ആ സംസ്കാരത്തോടുള്ള ആദരവാണ് നാം പ്രകടിപ്പിച്ചിരിക്കുന്നതും. ഓരോരുത്തരും അവരവരുടെ മതവിശ്വാസമനുസരിച്ചു ജീവിക്കുന്നു. അതിനെ നാം ബഹുമാനിക്കണം. നാം നമ്മുടെ വിശ്വാസമനുസരിച്ചു ജീവിക്കുകയും വേണം. നല്ല ക്രിസ്തീയജീവിതം നയിക്കുക. നമ്മുടെ ആരാധനാനുഷ്ഠാനങ്ങളും വിശ്വാസപരിശീലനവേദികളും എല്ലാം പ്രയോജനപ്പെടുത്തിക്കൊണ്ട് നല്ല സാക്ഷ്യം നല്‍കാനായി ശ്രമിക്കുക.

? പിതാവ് വിവാഹക്കോടതിയില്‍ ജഡ്ജിയായിരുന്നല്ലോ. കേരളത്തിലെ ക്രൈസ്തവ കുടുംബങ്ങള്‍ ഇന്നു നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹാരമാര്‍ഗങ്ങളും എന്തൊക്കെയാണ്?
വളരെ ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ നമ്മുടെ സമൂഹത്തില്‍ കഴിഞ്ഞ പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്കിടെ ഉണ്ടായിട്ടുണ്ട്. ഞാന്‍ കാനന്‍ നിയമം പഠിക്കാന്‍ റോമില്‍ ചെല്ലുമ്പോള്‍ ഇവിടത്തെ വിവാഹമോചനക്കേസുകളുടെ എണ്ണമൊക്കെ ചോദിക്കുമായിരുന്നു. അന്നു കാഞ്ഞിരപ്പള്ളിയില്‍ ഒരു വര്‍ഷം ആറു കേസുകളൊക്കെയാണു ഉണ്ടാകാറുള്ളത്. ഈ എണ്ണം പറയുമ്പോള്‍ യൂറോപ്പില്‍ നിന്നുള്ളവര്‍ക്കൊക്കെ വലിയ അതിശയമായിരുന്നു. പക്ഷേ 2006-ല്‍ ഞാന്‍ പഠനം കഴിഞ്ഞു തിരിച്ചുവരുമ്പോള്‍ ഈ എണ്ണം 25 ആയി ഉയര്‍ന്നിരുന്നു. 2013-ല്‍ ഞാന്‍ അവിടെ നിന്നു പോരുമ്പോള്‍ എണ്ണം 40-50 ആയി വീണ്ടും കൂടിയിട്ടുണ്ട്. വിവാഹക്കേസുകളുടെ എണ്ണം കൂടുന്നുണ്ട്. പക്ഷേ നാം മനസ്സിലാക്കേണ്ട ഒരു കാര്യം ഇപ്പോള്‍ ഉള്ള പ്രശ്നങ്ങളൊക്കെ മുന്‍കാലത്തും ഉണ്ടായിരുന്നു എന്നതാണ്. പക്ഷേ അന്ന് അതൊരു പ്രശ്നമായി ആരും കണ്ടിരുന്നില്ല. അതൊക്കെ സഹിച്ചും ക്ഷമിച്ചും ജീവിക്കാനായി എല്ലാവരും പരിശ്രമിച്ചിരുന്നു. ഇന്ന് ഇങ്ങനെയുള്ള സാദ്ധ്യതകള്‍ ഉണ്ടെന്നു മനസ്സിലാക്കി കൂടുതല്‍ ആളുകള്‍ കോടതിയിലും മറ്റും വരുന്നുണ്ടാകാം. മാധ്യമങ്ങളിലൂടെ ഇത്തരം കേസുകള്‍ എല്ലാവരും അറിയുന്ന രീതിയില്‍ പുറത്തു വരുന്നു എന്നതാണു മറ്റൊരു കാര്യം. പണ്ട് യാത്രാസൗകര്യങ്ങള്‍ പോലും കുറവായിരുന്നല്ലോ. കുടുംബജീവിതത്തില്‍ ഒരു പ്രശ്നമുണ്ടായാല്‍ ഒരു സ്ത്രീയ്ക്ക് അതു സ്വന്തം വീട്ടില്‍ പോയി പറയുന്നതിനു പോലും പരിമിതികളുണ്ടായിരുന്നു. ഇന്ന് ആശയവിനിമയസൗകര്യങ്ങള്‍ വളരെയേറെ വര്‍ദ്ധിച്ചു. അതുകൊണ്ട് പണ്ട് നിസ്സാരമായി കരുതിയിരുന്ന പല കാര്യങ്ങളും ഇന്നു പെരുപ്പിച്ചു കാണുകയും വിവാഹക്കേസുകളിലേയ്ക്കു പോകുന്ന സാഹചര്യമുണ്ടാകുകയും ചെയ്യുന്നുണ്ട്.

ഇന്ന് വിവാഹജീവിതത്തെ കുറിച്ച് ധാരാളം കണക്കുകൂട്ടലുകളുണ്ട്. വിവാഹം ദൈവത്തിന്‍റെ വിളിയാണ്, മക്കള്‍ ദൈവദാനമാണ് തുടങ്ങിയ കാഴ്ചപ്പാടുകള്‍ മാറിയിരിക്കുന്നു. നമ്മുടെ തിരഞ്ഞെടുപ്പാണ് കുടുംബജീവിതം, നമ്മുടെ കണക്കുകൂട്ടല്‍ അനുസരിച്ചാണു കുട്ടികള്‍ ഉണ്ടാകേണ്ടത് എന്ന രീതിയിലേയ്ക്കു മാറിയിരിക്കുന്നു. ആ കാഴ്ചപ്പാടു തിരുത്തേണ്ടിയിരിക്കുന്നു. പൗരോഹിത്യവും സന്യാസവും പോലെയുള്ള വിളിയാണ് കുടുംബജീവിതവും, അതു സ്വീകരിക്കുന്നവര്‍ക്ക് ദൈവം നല്‍കുന്ന വലിയ സമ്മാനമാണ് മക്കള്‍, അത് ദൈവം എത്ര നല്‍കുന്നുവോ അത്രയും സന്തോഷത്തോടെ സ്വീകരിക്കുക എന്ന ചിന്തയിലേയ്ക്ക് ജനങ്ങള്‍ വളരണം. കുട്ടികള്‍ കൂടുതലുള്ള കുടുംബങ്ങളില്‍ നല്ല വ്യക്തിത്വപരിശീലനം അതുകൊണ്ടു തന്നെ കുട്ടികള്‍ക്കു ലഭിക്കുന്നുണ്ട്.

? പിതാവ് യുവദീപ്തിയുടെ രൂപതാ ഡയറക്ടറെന്ന നിലയില്‍ യുവജനങ്ങളെ അടുത്തറിഞ്ഞയാളാണല്ലോ. മെത്രാന്‍ സിനഡ് ചര്‍ച്ചാവിഷയമായി തിരഞ്ഞെടുത്തിരിക്കുന്നതും യുവജനങ്ങളെയാണ്. അവരുടെ വിശ്വാസപരിശീലനത്തെയും സാക്ഷ്യജീവിതത്തെയും അതില്‍ അവരനുഭവിക്കുന്ന പ്രതിസന്ധികളെയും കുറിച്ച് എന്താണു പറയാനുള്ളത്?
ഏറ്റവും ആകര്‍ഷകമായ പ്രായമാണ് യുവത്വം. ക്രിയാത്മകമായ ഒരു പ്രായം. പക്ഷേ സഭാവേദികളിലും ഇടവകകളിലും ഒക്കെ ഇഷ്ടമില്ലാത്ത ഒരു ഗ്രൂപ്പായി യുവജനങ്ങളെ കാണുന്നു. ഒരുപ ക്ഷേ അവരുടെ വളര്‍ച്ചയുടെ കാലഘട്ടത്തെ മനശ്ശാസ്ത്രപരമായി മനസ്സിലാക്കാത്തതുകൊണ്ടായിരിക്കാം ഈ തെറ്റിദ്ധാരണ. ശരിയായി മനസ്സിലാക്കിയാല്‍ നമുക്കേറ്റവും ഇഷ്ടപ്പെടാന്‍ പറ്റുന്ന ഒരു വിഭാഗമാണ് യുവജനങ്ങളുടേത്. അവര്‍ കാണിക്കുന്ന തെറ്റുകള്‍ എന്നു പറയുന്നത് പലപ്പോഴും അവരുടെ എക്സ്പ്രഷന്‍സാണ്, വെളിപ്പെടുത്തലുകളാണ്. നമ്മളവരെ ശരിക്കു മനസ്സിലാക്കിയാല്‍ അവര്‍ക്കു മാര്‍ഗദര്‍ശനം നല്‍കാന്‍ നമുക്കു സാധിക്കും. യുവജനപ്രേഷിതത്വത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം യുവജനങ്ങളുടെ കുടുംബങ്ങളെ മനസ്സിലാക്കുക എന്നതാണ്. യുവജനങ്ങളെ നയിക്കണമെങ്കില്‍ അവരുടെ കുടുംബപശ്ചാത്തലം അറിഞ്ഞിരിക്കണം. യുവജനങ്ങള്‍ക്കു നല്ല പരിശീലനം കൊടുക്കണം. നല്ല പരിശീലനം കൊടുത്തു കഴിഞ്ഞാല്‍ മുതിര്‍ന്നവരായി കഴിയുമ്പോള്‍ അതിന്‍റെ പ്രയോജനം ലഭിക്കും. യുവജനങ്ങളെ പ്രശ്നക്കാരായി കണ്ട്, അവരുടെ കൂട്ടായ്മകള്‍ രൂപപ്പെടുന്നതിനെ നിരുത്സാഹപ്പെടുത്തുന്നത് നല്ലതല്ല. അവരെ മനസ്സിലാക്കിക്കൊണ്ട് അജപാലനരംഗത്തു പ്രവര്‍ത്തിക്കണമെന്നതാണ് എന്‍റെ അഭിപ്രായം.

? യുവജനങ്ങളുടെ കൂട്ടായ്മകള്‍ സ്വാഭാവികമായി രൂപപ്പെടുന്നുണ്ട്. അങ്ങനെയുണ്ടായ, സഭ അംഗീകരിച്ച ഒന്നാണല്ലോ ജീസസ് യൂത്ത്. ഇപ്രകാരമുള്ള കൂട്ടായ്മകള്‍ ഇടവകകളിലും സംഭവിക്കുന്നുണ്ട്. എന്തെങ്കിലും നല്ല കാര്യങ്ങള്‍ക്കായി യുവജനങ്ങള്‍ തന്നെ മുന്‍കൈയെടുത്ത് സ്ഥാപിക്കുന്നവയാണവ. അവര്‍ക്ക് സഭയ്ക്കകത്തുള്ള ഇടം എത്രത്തോളമുണ്ടാകും?
ജീസസ് യൂത്തിനെ കുറിച്ചു ഞാന്‍ ചിന്തിക്കാറുണ്ട്. അംഗീകരിക്കേണ്ട ഒരു മുന്നേറ്റമാണത്. സാമൂഹ്യവിഷയങ്ങളിലൊന്നും അധികം ഇടപെടാതെ പ്രാര്‍ത്ഥനാജീവിതത്തില്‍ ശ്രദ്ധിക്കുന്നവരാണ് അവര്‍. കുര്‍ബാനയില്‍ പങ്കെടുക്കാനും കുമ്പസാരിക്കാനും മറ്റുള്ളവരെ പ്രാര്‍ത്ഥനയിലേയ്ക്കു കൊണ്ടുവരാനും പരസ്പരം സഹായിക്കാനും ഒക്കെയുള്ള നല്ല മനസ്സ് അവര്‍ക്കുണ്ട്. സ്വാഭാവികമായി ഉരുത്തിരിഞ്ഞ സംഘടനാ പ്രവര്‍ത്തനങ്ങളെ നമുക്കു പ്രോത്സാഹിപ്പിക്കാവുന്നതേയുള്ളൂ. ജയിലുകളില്‍ സേവനം ചെയ്യുന്ന ജീസസ് ഫ്രറ്റേണിറ്റി മറ്റൊരുദാഹരണമാണ്.

? പരിശീലനത്തിലായിരിക്കുന്ന വൈദികവിദ്യാര്‍ത്ഥികളെ കുറിച്ചുള്ള പിതാവിന്‍റെ സ്വ പ്നം..
ഇടവക കേന്ദ്രീകൃതമായിരിക്കണം വൈദികപരിശീലനം. ഇടവകകളില്‍ പോകാനും വികാരിമാരെ സഹായിക്കാനും വേദപാഠം പഠിപ്പിക്കാനും ഒക്കെയുള്ള സൗകര്യം അവര്‍ക്കുണ്ടാകണം. 5 മണിക്ക് എണീറ്റ് വളരെ ദൂരെ യാത്ര ചെയ്തു ഇടവകകളില്‍ ചെന്ന് കുര്‍ബാനയില്‍ സഹായിച്ച് വേദപാഠം പഠിപ്പിച്ചത് ഞാനുമോര്‍ക്കുകയാണ്. അന്ന് വേദപാഠം പഠിപ്പിച്ചിരുന്നവരുമൊക്കെയായിട്ടുള്ള ബന്ധങ്ങള്‍ ഇന്നും നിലനിറുത്തുന്നുണ്ട്. ആ ഒരു ക്ലാസുകൊണ്ട് മാത്രം ആ ബന്ധം അവസാനിപ്പിക്കുന്നില്ല. സെമിനാരി വിദ്യാര്‍ത്ഥികള്‍ ഇത്തരം അജപാലന പ്രവര്‍ത്തനങ്ങളില്‍ പഠിക്കുന്ന സമയത്തു തന്നെ താത്പര്യം കാണിക്കണം.

? അജപാലനത്തിലായിരിക്കുന്ന വൈദികരുടെ തുടര്‍പരിശീലനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. അല്മായരും ഇതു നിര്‍ദേശിക്കുന്നുണ്ട്. അതിനെക്കുറിച്ചുള്ള പിതാവിന്‍റെ അഭിപ്രായം എന്താണ്?
പല സ്ഥലങ്ങളിലും ഇതു നടക്കുന്നുണ്ട്. സെമിനാറുകളും മറ്റും. ദൈവജനത്തിന്‍റെ സ്വരം ദൈവത്തിന്‍റെ സ്വരമായി കരുതണം. ഇന്ന് കത്തുകളിലൂടെയും നേരിട്ടും ഒക്കെ ധാരാളം വിമര്‍ശനങ്ങള്‍ സഭയ്ക്കു ലഭിക്കുന്നുണ്ട്. ഈ വിമര്‍ശകരെയെല്ലാം അദ്ധ്യാപകരായി കാണണം. ഓരോ വിമര്‍ശനത്തിലും ഓരോ പ്രതിഷേധത്തിലും ഓരോ സന്ദേശമുണ്ട്. കൂരിയായില്‍ വന്നതിനു ശേഷം അതെനിക്കു കൂടുതലായി മനസ്സിലായി. സഭയെ സ്നേഹിക്കുന്ന ആളുകള്‍ക്ക് ഓരോ പ്രതീക്ഷകളുണ്ട്. വൈദികര്‍ എങ്ങനെയായിരിക്കണം എന്ന വീക്ഷണമുണ്ട്. പലരും വളരെ തീക്ഷ്ണമായിട്ടാവും ഇതു പറയുക. പക്ഷേ അത് അജപാലകരുടെ മാനസാന്തരത്തിനു വഴി വയ്ക്കണം. ഞാന്‍ തന്നെ പത്തു പതിനഞ്ചു വര്‍ഷം മുമ്പു പെരുമാറിയിരുന്ന രീതിയെ കുറിച്ച് ഇന്നു ചിന്തിക്കുമ്പോള്‍ മറ്റൊരു രീതിയില്‍ പെരുമാറാമായിരുന്നുവെന്ന് തോന്നുന്നുണ്ട്. അതുകൊണ്ട് നിരന്തരമായ മാനസാന്തരത്തിലൂടെ കടന്നുപോകേണ്ടവരാണ് വൈദികര്‍. പരിശീലനമെന്നാല്‍ സെമിനാറുകള്‍ മാത്രമല്ല. ക്രമമായ കുമ്പസാരവും മറ്റും ആവശ്യമാണ്. ഇടവകശുശ്രൂഷയില്‍ വൈദികര്‍ സ്വീകരിക്കേണ്ട മനോഭാവം നവീകരിക്കണം. നിരന്തരം പ്രാര്‍ത്ഥിക്കുകയും പഠിക്കുകയും വായിക്കുകയും ദൈവജനത്തിന്‍റെ സ്വരത്തിനു കാതു കൊടുക്കുകയും ചെയ്യുമ്പോള്‍ നമുക്കു നല്ല വൈദികരെ ലഭിക്കും. വിമര്‍ശിക്കുന്നയാളെ അടിച്ചിരുത്തുകയല്ല വേണ്ടത്. ദൈവം അവരിലൂടെ സംസാരിക്കുകയാണെന്നു മനസ്സിലാക്കണം.

? 91 -ാം വയസ്സിലേയ്ക്കു കടക്കുന്ന സത്യദീപത്തോട് എന്താണു പറയാനുള്ളത്?
ധാരാളം ആളുകള്‍ വായിക്കുന്ന വാരികയാണല്ലോ സത്യദീപം. സഭയെ സംബന്ധിച്ചുള്ള ധാരാളം വാര്‍ത്തകളും വിവരങ്ങളും അതില്‍ നിന്നു ലഭിക്കുന്നുണ്ട്. ഒരു ചെറിയ വേദോപദേശ പ്രവര്‍ത്തനമാണ് അതിലൂടെ നടന്നു വരുന്നത്. പല പ്രായത്തിലുള്ളവര്‍, പല നാടുകളിലുള്ളവര്‍ ഇതു വായിക്കുന്നു. വിത്തു വിതയ്ക്കുന്ന കര്‍ഷകന്‍റെ ഉപമ പോലെയാണത്. എവിടെയൊക്കെയാണ്, ആരൊക്കെയാണ് അതുകൊണ്ടു നന്മയുണ്ടാക്കുക എന്നു നമുക്കറിയില്ല. തുടര്‍ച്ചയായി വായനക്കാരില്‍ നിന്നു പ്രതികരണങ്ങള്‍ ലഭിക്കാത്തപ്പോള്‍ ഇത്തരം ശുശ്രൂഷകള്‍ മടുപ്പുളവാക്കിയേക്കാം. പക്ഷേ നിരവധി പേര്‍ക്ക് അതുകൊണ്ട് നന്മ ലഭിക്കുന്നുണ്ടായിരിക്കാം എന്നു മനസ്സിലാക്കി അവിരാമം പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കുക.

? സഭയില്‍ വലിയ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച്…
അദ്ദേഹത്തിന്‍റെ ഇടപെടലുകള്‍ ആളുകളില്‍ വലിയ ചലനം സൃഷ്ടിക്കുന്നുണ്ട്. എല്ലാവര്‍ക്കും സംലഭ്യനായിരിക്കുന്നത് അദ്ദേഹത്തിന്‍റെ വലിയൊരു കൃപയാണ്. തുടക്കം മുതല്‍ അതുണ്ട്. പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടശേഷം സെ. പീറ്റേഴ്സ് അങ്കണത്തിലെ ബാല്‍ക്കണിയില്‍ അദ്ദേഹം വന്നതോര്‍ക്കുമല്ലോ. ആ ശൈലി അദ്ദേഹം ഇപ്പോഴും നിലനിറുത്തുന്നു. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ പെട്ടെന്നു മനസ്സിലാകുന്നു. ഒരു ഇടവക വികാരിയെ പോലെ അദ്ദേഹം ജനങ്ങളുമായി ഇടപെടുന്നു. അതു ലോകജനതയെ വന്‍തോതില്‍ ആകര്‍ഷിക്കുന്നു. ലളിതമായ ഭാഷയില്‍ വളരെ ഗഹനമായ സത്യങ്ങള്‍ പറഞ്ഞു തരാന്‍ അദ്ദേഹത്തിനു സാധിക്കുന്നു.

Leave a Comment

*
*