|^| Home -> Abhimukham -> ദേവഭൂമിയിലെ ദൈവജനത്തിനു വേണ്ടി

ദേവഭൂമിയിലെ ദൈവജനത്തിനു വേണ്ടി

Sathyadeepam

ബിഷപ് വിന്‍സെന്‍റ് നെല്ലായിപറമ്പിലുമായി സത്യദീപം സബ് എഡിറ്റര്‍ ഷിജു ആച്ചാണ്ടി നടത്തിയ അഭിമുഖ സംഭാഷണത്തില്‍ നിന്ന്:

ഹിമവാന്‍റെ മടിത്തട്ടിലെ സീറോ മലബാര്‍ കത്തോലിക്കാ രൂപതയാണ് ബിജ്നോര്‍. ഹരിദ്വാര്‍, കേദാര്‍നാഥ്, ഋഷികേശ്, ബദരീനാഥ് എന്നീ വിഖ്യാത ഹൈന്ദവ തീര്‍ത്ഥകേന്ദ്രങ്ങളും മറ്റനേകം ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത് ഈ രൂപതാപരിധിയിലാണ്. 1972-ല്‍ സ്ഥാപിതമായ രൂപതയുടെ മൂന്നാമത്തെ മെത്രാനായി അഭിഷിക്തനാകുകയാണ് ബിഷപ് വിന്‍സെന്‍റ് നെല്ലായിപറമ്പില്‍. സിഎംഐ മിഷണറി വൈദികര്‍ സ്ഥാപിച്ചു വളര്‍ത്തിയെടുത്ത ഈ രൂപതയുടെ അദ്ധ്യക്ഷനാകുന്ന ആദ്യത്തെ രൂപതാവൈദികനുമാണ് അദ്ദേഹം. ഇരിങ്ങാലക്കുട രൂപതയിലെ പറപ്പൂക്കര സെ. ജോണ്‍ നെപുംസ്യാന്‍സ് ഇടവകാംഗമായ അദ്ദേഹം കുട്ടിക്കാലത്തു തന്നെ അച്ചനാകാന്‍ ആഗ്രഹിച്ചിരുന്നു. പത്താം ക്ലാസിനു ശേഷം ഒരു സഹപാഠിയുമായി ഇരിങ്ങാലക്കുട രൂപതാ മൈനര്‍ സെമിനാരിയില്‍ പ്രവേശനത്തിനു ചെന്നു. കുട്ടികള്‍ അധികമായതിനാല്‍ ഒരു ഇടവകയില്‍ നിന്ന് ഒരാളെ മാത്രമേ സ്വീകരിക്കാനാകൂ എന്നു പറഞ്ഞ അധികാരികള്‍ സഹപാഠിയെയാണ് അതിനു തിരഞ്ഞെടുത്തത്. തുടര്‍ന്ന് വിന്‍സെന്‍റ് ബിജ്നോര്‍ മിഷനില്‍ ചേര്‍ന്നു. സഹപാഠി പിന്നീട് തന്‍റെ ജീവിതനിയോഗം വേറെയാണെന്നു കണ്ടു പൗരോഹിത്യ പഠനം ഉപേക്ഷിച്ചു, ബിജ്നോര്‍ രൂപതാ വൈദികനായി പട്ടം സ്വീകരിച്ച വിന്‍സെന്‍റാകട്ടെ ഇപ്പോള്‍ മേല്‍പ്പട്ടക്കാരനായി നിയോഗിക്കപ്പെടുന്നു.

അലഹബാദ് സെമിനാരിയില്‍ മേജര്‍ സെമിനാരി പഠനം പൂര്‍ത്തിയാക്കിയ ബിഷപ് വിന്‍സെന്‍റ് ബാംഗ്ലൂര്‍ ധര്‍മ്മാരാമില്‍ നിന്നു ദൈവശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദം നേടി. തുടര്‍ന്ന് ബെല്‍ജിയം ലുവൈന്‍ സര്‍വ്വകലാശാലയില്‍ ഉപരിപഠനം നടത്തി. രൂപതയിലെ വിവിധ ഇടവകകളില്‍ വികാരിയായും, മൈനര്‍ സെമിനാരി റെക്ടറായും അലഹബാദ് മേജര്‍ സെമിനാരി പ്രൊഫസറായും സേവനം ചെയ്തു. രൂപതയുടെ വികാരി ജനറാളായും പ്രവര്‍ത്തിച്ചു.

? ഹൈന്ദവരുടെ ദേവഭൂമിയാണല്ലോ ഉത്തരാഖണ്ഡ്. ഹിന്ദുമതത്തിന്‍റെ ഒട്ടേറെ പുണ്യസ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബിജ്നോറില്‍ ഒരു കത്തോലിക്കാ സാന്നിദ്ധ്യത്തിന്‍റെ പ്രസക്തി എന്താണ്?
1972-ലാണ് ഈ മിഷന്‍ സ്ഥാപിതമാകുന്നത്. അതോടെ അവിടെ പല സ്ഥലങ്ങളിലും വി. കുര്‍ബാന ആരംഭിക്കുവാന്‍ സാധിച്ചു. ദൈവം തന്‍റെ സാന്നിദ്ധ്യം സമയത്തിന്‍റെ പൂര്‍ണതയില്‍ ക്രമത്തില്‍ വെളിപ്പെടുത്തിക്കൊടുക്കുന്നു. സഭ അതിനൊരു മാധ്യമമാകുന്നു. ഇപ്പോള്‍ ബിജ്നോറില്‍ നമുക്കു ധാരാളം മിഷന്‍ സെന്‍ററുകള്‍ ഉണ്ട്. അവിടെ വി. കുര്‍ബാനയിലൂടെ കര്‍ത്താവിന്‍റെ സാന്നിദ്ധ്യം ഉണ്ടാക്കാന്‍ സാധിച്ചു. അതിന്‍റെ ഫലങ്ങള്‍ അവിടെ ഉണ്ടാകുന്നുണ്ട്. ആളുകള്‍ പള്ളിയില്‍ വരുന്നു, പ്രാര്‍ത്ഥിക്കുന്നു.

അക്രൈസ്തവരും പള്ളിയില്‍ വരുന്നുണ്ട്. ‘ക്രിസ്തുഭക്ത’ എന്ന പ്രസ്ഥാനം സജീവമായി നടക്കുന്നു. ജ്ഞാനസ്നാനം സ്വീകരിച്ചു ക്രിസ്ത്യാനികളായിട്ടില്ലെങ്കിലും ദൈവവചനം കേള്‍ക്കാനും ദൈവാനുഗ്രഹം അനുഭവിക്കാനും അവര്‍ക്ക് ആഗ്രഹമുണ്ട്. ആ നിലയില്‍ ബിജ്നോര്‍ രൂപത ചെയ്യുന്നതു വലിയ സേവനമാണ്.

ഉത്തരാഖണ്ഡിലെ പ്രസിദ്ധ ക്ഷേത്രങ്ങളിലെ പൂജാരിമാരുടേയും മറ്റും മക്കള്‍ നമ്മുടെ സ്കൂളുകളില്‍ പഠിക്കുന്നു. നമ്മുടെ സാന്നിദ്ധ്യത്തെ അവര്‍ ഒരു ശല്യമായോ തടസ്സമായോ കാണുന്നില്ല. തങ്ങളുടെ പുണ്യസ്ഥലങ്ങളില്‍ എതിരാളികള്‍ വന്നിരിക്കുന്നു എന്നൊരു തോന്നല്‍ അവര്‍ക്കൊരിക്കലും ഇല്ല. ഹൈന്ദവതീര്‍ത്ഥകേന്ദ്രമായതുകൊണ്ട് സുവിശേഷം അറിയിക്കാന്‍ സാധിക്കുകയില്ല എന്നൊരു സ്ഥിതി അവിടെയില്ല. വെല്ലുവിളികളുണ്ടാകാറുണ്ട്. എതിര്‍പ്പുകളുണ്ടാകാറുണ്ട്. പക്ഷേ അവയൊക്കെ താത്കാലികങ്ങളാണ്. അവയെ അതിജീവിച്ച് മുന്നോട്ടു പോകാന്‍ നമുക്കു സാധിക്കുന്നുണ്ട്. പ്രതിബന്ധങ്ങളുണ്ടാകുമ്പോള്‍ അവയിലൂടെ ധാരാളം പേര്‍ക്ക് നമ്മെ മനസ്സിലാക്കാനും നമ്മുടെ പ്രവര്‍ത്തനങ്ങളെ തിരിച്ചറിയാനും സാധിച്ചിട്ടുണ്ട്. കാരണം, പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോഴാണ് ആളുകള്‍ കാര്യങ്ങള്‍ അന്വേഷിച്ചറിയുകയും മനസ്സിലാക്കുകയും ചെയ്യുക. ആദിമസഭയിലെ രക്തസാക്ഷിയായ വി. ജസ്റ്റിന്‍റെ കഥയറിയാമല്ലോ. വിശുദ്ധന്‍ വലിയ പാണ്ഡിത്യമുള്ളയാളായിരുന്നു. ക്രിസ്ത്യാനികള്‍ വധിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന കാലം. പക്ഷേ മരണങ്ങളേയും മര്‍ദ്ദനങ്ങളേയും ഏറ്റുവാങ്ങുമ്പോള്‍ പോലും ക്രിസ്ത്യാനികള്‍ കരയുകയോ ദുഃഖിക്കുകയോ ചെയ്യുന്നില്ല. ദൈവത്തിനെതിരായി പിറുപിറുക്കുന്നില്ല. രക്തസാക്ഷിത്വത്തെ അവര്‍ അനുഗ്രഹമായി കാണുന്നു. അവരതില്‍ സന്തോഷിക്കുന്നു. ഈ സന്തോഷം ജസ്റ്റിന്‍ ശ്രദ്ധിച്ചു. എന്തുകൊണ്ടാണ് ഈ ക്രിസ്ത്യാനികള്‍ ദുരന്തമുഖത്തു പോലും സന്തോഷിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയുണ്ടായി. എന്താണ് ഈ ക്രിസ്തുമതം? അദ്ദേഹം ക്രിസ്തുമതത്തെ കുറിച്ചു പഠിക്കുകയും മനസ്സിലാക്കുകയും ക്രിസ്തുമതം സ്വീകരിക്കുകയും ക്രൈസ്തവതയുടെ മാഹാത്മ്യത്തെ കുറിച്ചു പറയുകയും അധികാരികളുടെ മുമ്പില്‍ അതിനായി വാദിക്കുകയും ചെയ്തു. ഒടുവില്‍ സ്വയം രക്തസാക്ഷിയായി. പറഞ്ഞുവന്നത്, വെല്ലുവിളികള്‍ക്കും അതിന്‍റേതായ ഫലങ്ങള്‍ സൃഷ്ടിക്കാനാകും എന്നാണ്.

? മതംമാറ്റങ്ങള്‍ നടത്തുകയാണു മിഷന്‍റെ പ്രാഥമിക ലക്ഷ്യമെന്നോ അംഗസംഖ്യയാണു വിജയത്തിന്‍റെ മാനദണ്ഡമെന്നോ കരുതുന്നില്ല, അല്ലേ?

എണ്ണം കൂട്ടുക എന്നതല്ല നമ്മുടെ ലക്ഷ്യം. കര്‍ത്താവിനെ അനുഭവിക്കുന്നവര്‍, കര്‍ത്താവിനാല്‍ വിളിക്കപ്പെടുന്നവര്‍ കര്‍ത്താവിലേയ്ക്കു വരും. മിഷണറിമാര്‍ എന്ന നിലയില്‍ നമ്മുടെ ലക്ഷ്യം വചനം പ്രഘോഷിക്കുക എന്നതാണ്. ദൈവവചനം കൊടുക്കുക. ആരൊക്കെ അതു സ്വീകരിക്കുന്നു എന്നതു മറ്റൊരു കാര്യമാണ്. നമ്മള്‍ എണ്ണം കൂട്ടുന്നുണ്ടോ എന്നത് കര്‍ത്താവ് നോക്കിക്കൊണ്ടിരിക്കുകയാണ് എന്നു ഞാന്‍ കരുതുന്നില്ല. അതൊക്കെ കര്‍ത്താവിന്‍റെ ഹിതമനുസരിച്ചു നടന്നുകൊള്ളും. നാം കര്‍ത്താവിനു വേണ്ടി ജോലി ചെയ്തുകൊണ്ടിരിക്കുക എന്നതാണു പ്രധാനം.

? പുരോഹിതനാകാനുളള ആഗ്രഹം എങ്ങനെയാണുണ്ടാകുന്നത്?
മാതാപിതാക്കളുടെ ഭക്തിയും വിശ്വാസവും എന്നെ സ്വാധീനിച്ചിട്ടുണ്ട്. വീട്ടില്‍നിന്ന് ഇടവകപ്പള്ളിയിലേയ്ക്ക് നാലു കിലോമീറ്ററുണ്ട്. ഇത്രയും ദൂരം പോയി വി.കുര്‍ബാനയില്‍ പങ്കുകൊള്ളാന്‍ അവര്‍ പ്രോത്സാഹിപ്പിച്ചിരുന്നു. ഫാ. തോമസ് പറക്കേടം വികാരിയായിരുന്ന കാലത്ത് ഞാന്‍ അള്‍ത്താരശുശ്രൂഷിയായി ചേര്‍ന്നു. അപ്പച്ചനും എന്നെ അതിനു പ്രോത്സാഹിപ്പിച്ചു. അവധിക്കാലത്ത് ഒരു ദിവസം പോലും മുടങ്ങാതെ പള്ളിയില്‍ പോകുമായിരുന്നു. ഫാ. ജോണ്‍ വാഴപ്പിള്ളി എന്ന വികാരിയച്ചനും വലിയ പ്രോത്സാഹനം നല്‍കി. ഇടവകയില്‍ വന്നിരുന്ന ബ്രദര്‍മാരുമായുള്ള സമ്പര്‍ക്കവും പുരോഹിതനാകണമെന്ന ആഗ്രഹം ജനിപ്പിച്ചു. നാട്ടില്‍ വൈദികനാകാനാണ് ആഗ്രഹിച്ചതെങ്കിലും ബിജ്നോര്‍ മിഷനിലാണ് അതിനവസരമുണ്ടായത്. ഹിമാലയത്തിന്‍റെ അടുത്തുള്ള സ്ഥലം എന്നാണ് അന്നു മിഷനെ പരിചയപ്പെടുത്താന്‍ വന്ന ഫാ. ആന്‍റോ പുതുശേരി സിഎംഐ പറഞ്ഞു തന്നത്. ബിജ്നോര്‍ എന്ന പേരു ഞാന്‍ കേട്ടിട്ടുപോലുമില്ലായിരുന്നു. പക്ഷേ സെമിനാരിയില്‍ ചേര്‍ന്നതിനു ശേഷം ഒരിക്കല്‍ പോലും പിന്‍തിരിഞ്ഞുനോക്കിയിട്ടില്ല.

? ഗ്രേഷ്യന്‍ മുണ്ടാടന്‍ പിതാവും ജോണ്‍ വടക്കേല്‍ പിതാവും ബിജ്നോര്‍ മിഷനു നല്‍കിയ നേതൃത്വത്തെ എങ്ങനെ കാണുന്നു?
വലിയ സംഭാവനകളാണ് അവര്‍ അര്‍പ്പിച്ചത്. ഗ്രേഷ്യന്‍ പിതാവാണല്ലോ രൂപതയുടെ സ്ഥാപകന്‍. അദ്ദേഹം വളര്‍ത്തിയെടുത്തതാണു രൂപത. 1972 മുതല്‍ 2009 വരെ 37 വര്‍ഷം അദ്ദേഹം സേവനം ചെയ്തു. ഗ്രേഷ്യന്‍ പിതാവില്‍ നിന്ന് ഒട്ടേറെ കാര്യങ്ങള്‍ ഞങ്ങള്‍ പഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ആദ്ധ്യാത്മികത, അച്ചടക്കം, സ്നേഹം എന്നിവയെല്ലാം വളരെ മാതൃകാപരമായിരുന്നു. വൈദികവിദ്യാര്‍ത്ഥികളായിരുന്ന ഞങ്ങളെയെല്ലാം വ്യക്തിപരമായി കാണാനും സംസാരിക്കാനും പ്രോത്സാഹിപ്പിക്കാനും ഒന്നിച്ചു പ്രാര്‍ത്ഥിക്കാനുമെല്ലാം അദ്ദേഹം സമയം കണ്ടെത്തുമായിരുന്നു. വൈദികപരിശീലനത്തിനിടെ സെമിനാരി വിട്ടുപോകുന്നവരോടും അദ്ദേഹം വലിയ സൗഹൃദവും സ്നേഹവും പുലര്‍ത്തി. ദൈവത്തിനു വേണ്ടി സേവനം ചെയ്യാന്‍ വൈദികനാകണമെന്നു നിര്‍ബന്ധമില്ലെന്നു അദ്ദേഹം അവരോടു പറയുമായിരുന്നു. രൂപതയ്ക്കു വേണ്ടി അദ്ദേഹം ഒരുപാടു കഠിനാദ്ധ്വാനം ചെയ്തു. മിഷന്‍ ആരംഭിക്കുമ്പോള്‍ അന്നത്തെ മിഷണറിമാര്‍ക്ക് ആളുകളെ അറിയില്ല, ഭാഷ അറിയില്ല. തുടക്കത്തില്‍ അവിടത്തെ ജനങ്ങള്‍ക്കിടയില്‍ സംശയങ്ങളും എതിര്‍പ്പുകളുമുണ്ടായിരുന്നു. അതിനെയെല്ലാം അവഗണിച്ചും അഭിമുഖീകരിച്ചും അവിടെ മിഷന്‍ സ്ഥാപിച്ചു വളര്‍ത്തിയെടുക്കുക ശ്രമകരമായിരുന്നു. ഗ്രേഷ്യന്‍ പിതാവും മറ്റു സിഎംഐ വൈദികരും അതിനായി കഠിനാദ്ധ്വാനം ചെയ്തു. പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം സ്വന്തമായി സ്ഥലം വാങ്ങാനും പള്ളികളും സ്ഥാപനങ്ങളും തുടങ്ങാനും സാധിച്ചു. അവയെല്ലാം ഇന്നു ജനങ്ങള്‍ക്കു വലിയ അനുഗ്രഹങ്ങളായി നിലകൊള്ളുന്നു. തുടര്‍ന്ന് ജോണ്‍ പിതാവു വന്നു. അദ്ദേഹം രൂപതയ്ക്കുവേണ്ടിയാണ് അതുവരെയും സേവനം ചെയ്തുകൊണ്ടിരുന്നത്. മെത്രാനെന്ന നിലയില്‍ അതു തുടര്‍ന്നു. അദ്ദേഹത്തിന്‍റെ സംഭാവനകളും നിസ്തുലങ്ങളാണ്.

? പിതാവിന്‍റെ ഭാവി പദ്ധതികളും പ്രത്യേക ലക്ഷ്യങ്ങളും എന്താണ്?
രൂപതയിലെ വൈദികരും സന്യസ്തരും ഒന്നിച്ചു കര്‍ത്താവിനു വേണ്ടി പ്രവര്‍ത്തിക്കുക. സമയത്തിന്‍റെ പൂര്‍ണതയില്‍ കര്‍ത്താവു തന്നെ വെളിപ്പെടുത്തിത്തരും, എന്തു ചെയ്യണമെന്നുള്ളത്. ഇതാണു ഞാന്‍ കരുതുന്നത്. ഒന്നിച്ചു നില്‍ക്കുമ്പോള്‍ പ്രശ്നങ്ങളെ പ്രശ്നങ്ങളായി തോന്നില്ല. ആദിമസഭ ഒത്തൊരുമയോടെ, ഒരേ വിശ്വാസത്തോടെ, ഒരേ ഹൃദയത്തോടെ, ഒരേ ആത്മാവോടെ പ്രവര്‍ത്തിച്ചു. അക്കാലത്തെ ഭരണാധികാരികളും മതനേതാക്കളും പണ്ഡിതരും ഒക്കെ ക്രൈസ്തവര്‍ക്കെതിരായിരുന്നു. അതിനെയെല്ലാം ആദിമക്രൈസ്തവര്‍ അതിജീവിച്ചത് ഒരുമ കൊണ്ടാണ്. ദൈവവിശ്വാസം കൊണ്ടാണ്. വലിയ പാഠമാണത് പകരുന്നത്. എന്‍റെ നാമത്തില്‍ രണ്ടോ മൂന്നോ പേര്‍ ഒരുമിച്ചു കൂടുമ്പോള്‍ അവിടെ ഞാനുണ്ട് എന്നു കര്‍ത്താവു പറഞ്ഞു. കര്‍ത്താവു നമ്മോടു കൂടെയുണ്ട്. നാം ഒരുമയോടെ പ്രവര്‍ത്തിക്കുക, നമ്മുടെ കൂടെയുള്ള കര്‍ത്താവു വഴി കാണിക്കും.

ഒരു പ്രത്യേക കാര്യം ചെയ്യുക, എന്തെങ്കിലും സ്ഥാപിക്കുക എന്നതുപോലുള്ള ലക്ഷ്യങ്ങളൊന്നും എനിക്കില്ല. രണ്ടു പിതാക്കന്മാരും എങ്ങനെയാണു ഈ സഭ മുന്നോട്ടു കൊണ്ടുപോകേണ്ടതെന്ന ഒരു ദിശാബോധം പകര്‍ന്നിട്ടുണ്ട്. അതിനെ വളര്‍ത്തി മുന്നോട്ടു കൊണ്ടു പോകുക എന്നതാണാവശ്യം. ആവശ്യത്തിനുള്ള സ്ഥാപനങ്ങള്‍ നമുക്കുണ്ട്, ഇനി ആളുകളിലേയ്ക്കു പോകുക എന്നതാണ് എന്‍റെ മനസ്സിലുള്ള ചിന്ത. വിശ്വാസികളെ ശക്തിപ്പെടുത്തുക, ദൈവവചനം പ്രഘോഷിക്കുക എന്നതാണ് ആവശ്യം.

? കേരളസഭ മിഷനോട് എങ്ങനെ സഹകരിക്കണം, സഹായിക്കണം എന്നാണ് അങ്ങു കരുതുന്നത്?
മിഷണറിമാരെയും മിഷനെയും കുറിച്ച് കേരളസഭയ്ക്ക് എത്രത്തോളം അറിയാം എന്നതിനെ കുറിച്ച് എനിക്കു സംശയമുണ്ട്. മിഷനെ മറ്റൊരു മേഖലയായാണ് ജനം കാണുന്നതെന്നു തോന്നിയിട്ടുണ്ട്. സഭ മുഴുവന്‍ മിഷണറിയാണ്. സ്വഭാവത്താലേ മിഷണറിയാണ്. കേരളത്തില്‍ വ്യവസ്ഥാപിതമായ സഭയുണ്ട്. പള്ളികളും സ്ഥാപനങ്ങളുമുണ്ട്. വൈദികര്‍ക്കും സന്യസ്തര്‍ക്കും സമൂഹത്തില്‍ ഒരു പദവിയുണ്ട്. എന്നാല്‍ അതല്ല മിഷന്‍ പ്രദേശങ്ങളിലെ സ്ഥിതി. അവിടെ ഒരു വൈദികന്‍ ലോഹയിട്ടു പോയാലും അതാരാണ് എന്നു ജനങ്ങള്‍ക്കറിയില്ല. എന്‍റെ ഇപ്പോഴത്തെ ഇടവകയില്‍ ഞാന്‍ തന്നെയാണ് രാവിലെ പള്ളി തുറക്കുന്നതും കുര്‍ബാനയ്ക്കൊരുക്കുന്നതും മറ്റു ജോലികള്‍ ചെയ്യുന്നതും. പള്ളിയില്‍ വരിക, കുര്‍ബാനയര്‍പ്പിക്കുക എന്നതു മാത്രമേ കേരളത്തില്‍ ഒരു വൈദികന്‍ രാവിലെ ചെയ്യേണ്ടതുള്ളൂ. ഇത്തരം വ്യത്യാസങ്ങളുണ്ട്. അതു മനസ്സിലാക്കണം. കേരളസഭ മിഷനെ പരിചയപ്പെടണം.

? കേരളസഭ ധാരാളം വലിയ മിഷണറിമാരെ സംഭാവന ചെയ്തിട്ടുണ്ട്.
തീര്‍ച്ചയായും. കേരള മിഷണറിമാരെ പോലെ ത്യാഗം ചെയ്യുന്ന, നിസ്വാര്‍ത്ഥമായി കഠിനാദ്ധ്വാനം ചെയ്യുന്ന മിഷണറിമാരെ വേറെയധികം കാണില്ല. ഉത്തരേന്ത്യയിലെ ലത്തീന്‍ രൂപതകളുടെ മെത്രാന്മാരുടെ താത്പര്യം കേരളത്തില്‍ നിന്നുള്ള വൈദികരേയും കന്യാസ്ത്രീകളേയും സേവനത്തിനായി ലഭിക്കണമെന്നതാണ്. കാരണം, നമ്മുടെ അര്‍പ്പണബോധം മറ്റുള്ളവരില്‍ കാണാന്‍ സാധിക്കില്ല. കേരളസഭ ഉത്തരേന്ത്യന്‍ സഭയ്ക്കു നല്‍കിയ സംഭാവന വാക്കുകള്‍ക്കതീതമാണ്. ഇനിയും കൂടുതല്‍ നമുക്കു ചെയ്യാന്‍ സാധിക്കും.

? എന്തൊക്കെ ചെയ്യാന്‍ സാധിക്കും?
മിഷന്‍ പരിചയങ്ങള്‍ കേരളസഭയ്ക്കു കൂടുതലായി ഉണ്ടാകണം. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. മാനന്തവാടി രൂപതയില്‍ നിന്നു കരിസ്മാറ്റിക് പ്രസ്ഥാനത്തിന്‍റെ ഡയറക്ടര്‍ അച്ചനും അല്മായരും ബിജ്നോറില്‍ വന്ന് ധാരാളം മിഷന്‍ സെന്‍ററുകള്‍ സന്ദര്‍ശിച്ച്, നവീകരണ പരിപാടികള്‍ നടത്തിയിരുന്നു. വളരെ ഫലപ്രദമായിരുന്നു അത്. കേരളത്തിലെ ചൈതന്യത്തോടെയും തീക്ഷ് ണതയോടെയും ധ്യാനങ്ങളും മറ്റും നടത്തുമ്പോള്‍ ഉത്തരേന്ത്യയിലെ വിശ്വാസികള്‍ക്ക് അതു വളരെ പ്രയോജനകരമായിരിക്കും. അല് മായരെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കുക. അതു വളരെ പ്രധാനമാണ്.

? മിഷനു വിദേശത്തു നിന്നുള്ള ധനസഹായവും മറ്റും കുറഞ്ഞു വരുന്നു. എന്നാല്‍ കേരളത്തില്‍ സമ്പന്നമായ ധാരാളം ഇടവകകളും തീര്‍ത്ഥാടനകേന്ദ്രങ്ങളും ഉണ്ട്. കേരളത്തിലെ പള്ളികള്‍ വിചാരിച്ചാല്‍ മിഷനിലെ ചെറിയ ഇടവകകളെ ദത്തെടുക്കാനും സഹായിക്കാനും സാധിക്കും. ഈ നിലയിലുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് എന്തു കരുതുന്നു?
വളരെ വേണ്ടതാണ് ഇതെല്ലാം. കേരളത്തിലെ ഓരോ രൂപതയും ഓരോ മിഷന്‍ രൂപതയെ ദത്തെടുത്തിട്ടുണ്ട്. സഹായങ്ങള്‍ ചെയ്യുന്നുമുണ്ട്. ബിജ്നോര്‍ രൂപതയെ സഹായിക്കുന്നത് മാനന്തവാടി രൂപതയാണ്. അവിടെ നിന്നു നല്ല പ്രോത്സാഹനം ഞങ്ങള്‍ക്കു ലഭിക്കുന്നുണ്ട്. ഇടവകപ്പള്ളികളും ഇതിനായി കൂടുതല്‍ പരിശ്രമിക്കണം. ചില വികാരിയച്ചന്മാര്‍ ഇടവകകളില്‍ നിന്നു അല്മായപ്രതിനിധികളുമായി മിഷന്‍ സെന്‍ററുകളില്‍ വരികയും ആവശ്യങ്ങള്‍ നേരിട്ടു കണ്ടു മനസ്സിലാക്കുകയും ചെയ്യുന്നു. അതനുസരിച്ചു സഹായങ്ങള്‍ എത്തിക്കുന്നു. ഇതൊക്കെ കൂടുതലായി നടക്കണം. കേരളത്തിലെ കഴിയുന്നത്ര ഇടവകകള്‍ ഇപ്രകാരം മിഷനില്‍ വരികയും മിഷനുമായി സഹകരിക്കുകയും വേണം. അല്മായര്‍ മിഷനുകളില്‍ വരണം, കാര്യങ്ങള്‍ കാണണം, ആവശ്യങ്ങള്‍ മനസ്സിലാക്കണം. അപ്പോള്‍ അതനുസരിച്ചുള്ള മാറ്റങ്ങള്‍ അവരുടെ മനോഭാവത്തിലുണ്ടാകും. വികാരിയച്ചന്മാര്‍ ഇതിനു മുന്‍കൈയെടുക്കണം. ധനപരമായ സഹായങ്ങള്‍ മാത്രമല്ല ഞാനുദ്ദേശിക്കുന്നത്. മിഷനു വേണ്ടി പ്രാര്‍ത്ഥിക്കാനുള്ള മനോഭാവം വളര്‍ത്തണം. പുതിയ തലമുറയില്‍ മിഷനെ കുറിച്ചുള്ള അവബോധവും താത്പര്യവും വളര്‍ത്തണം.

? സീറോ മലബാര്‍ സഭയുടെ സിനഡിലേയ്ക്കും അങ്ങു വന്നിരിക്കുകയാണ്. ഈ സഭയുടെ വര്‍ത്തമാനത്തേയും ഭാവിയേയും കുറിച്ച് എന്തു കരുതുന്നു?
വളരെ സജീവമായ, ശക്തമായ ഒരു സഭയാണു സീറോ-മലബാര്‍ സഭ. ഇവിടത്തെ അല്മായര്‍ക്ക് സഭയോടുള്ള സ്നേഹവും താത്പര്യവുമാണ് അതിനെ ശ്രദ്ധേയമാക്കുന്നത്. സഭയെന്നാല്‍ മെത്രാനോ വൈദികരോ അല്ല. എല്ലാവരും കൂടുന്നതാണു സഭ. അല്മായരുടെ സംഭാവനകളാണ് സഭയെ സഭയാക്കുന്നത്. കേരളത്തിലെ ഏത് ഇടവകകളില്‍ ചെന്നാലും അല്മായരുടെ പങ്കാളിത്തവും സഹകരണവും സ്നേഹവും നമുക്ക് അനുഭവിച്ചറിയാനാകും. അതു നമ്മുടെ സവിശേഷമായ ഒരു പാരമ്പര്യമാണ്. മലയാളികള്‍ ഉള്ളിടത്തെല്ലാം സഭ വളരെ ശക്തവും സജീവവുമായിരിക്കും. അതിനു റീത്ത് ഭേദമില്ല. അലഹബാദ് സെമിനാരിയില്‍ ഞാന്‍ പഠിപ്പിക്കുമ്പോള്‍ ഞായറാഴ്ചകളിലെ മലയാളം കുര്‍ബാനയ്ക്കു നാല്‍പതും അമ്പതും കിലോമീറ്റര്‍ അകലെ നിന്നു മലയാളികള്‍ വന്നു പങ്കെടുക്കുമായിരുന്നു. ഈ തീക്ഷ്ണത നമ്മുടെ അനുഗ്രഹമാണ്. ശരിയാണ്, അടുത്ത കാലത്ത് ചില പ്രശ്നങ്ങളുണ്ടായി. ഞങ്ങളെയെല്ലാം വേദനിപ്പിച്ച സംഭവങ്ങളാണ് അവ. ഏതായാലും അവയെയെല്ലാം തരണം ചെയ്ത് ഐക്യത്തോടെ മുന്നോട്ടു പോകുകയാണ് ഇപ്പോള്‍ നാം.

Leave a Comment

*
*