Latest News
|^| Home -> Abhimukham -> ജെറി അമല്‍ദേവ് – ‘മലയാള മഞ്ഞില്‍ വിരിഞ്ഞ പൂവ്’

ജെറി അമല്‍ദേവ് – ‘മലയാള മഞ്ഞില്‍ വിരിഞ്ഞ പൂവ്’

Sathyadeepam


മരിയ റാന്‍സം

മലയാളത്തിന്‍റെ തനത് ശീലുകള്‍ ഉപയോഗപ്പെടുത്തി ഈ ഈണങ്ങള്‍ സൃഷ്ടിച്ചത്, ആഗോള സംഗീതത്തെ ഗഹനമായി പഠിച്ചൊരു വ്യക്തിയാണോ എന്ന അമ്പരപ്പാണ് ജെറി അമല്‍ദേവ് എന്ന പ്രതിഭയെ കേള്‍ക്കുമ്പോഴെല്ലാം മനസ്സിലവശേഷിക്കുന്നത്.

‘മഞ്ഞില്‍ വിരിഞ്ഞ പൂവ് മുതല്‍ പൂമരം’ വരെ തന്‍മയ ഭാവമാണ് സിനിമാപാട്ടുകള്‍ക്ക് ഏറെ ഇണങ്ങുന്നതെന്ന് ഓര്‍മ്മപ്പെടുത്തി, ദേവാലയ -സംഗീതത്തിന് ചേരുവകള്‍ ഇത്രയേ ആവശ്യമുള്ളു എന്ന് ഓര്‍മ്മിപ്പിച്ച്…. കഴിഞ്ഞ നാലു പതിറ്റാണ്ടായി അദ്ദേഹം നമ്മോടൊത്തുണ്ട്

? അങ്ങയുടെ സംഗീത വഴികളില്‍ ദേവാലയ സംഗീതത്തിന്‍റെ, പശ്ചാത്തലമുണ്ടല്ലോ? സംഗീതം കര്‍മ്മമണ്ഡലമായി രൂപപ്പെടുത്താന്‍ കാരണമായ സംഭവങ്ങളെയോ വ്യക്തികളെയോ കുറിച്ച് പറയാമോ?
ഉണ്ട്, നാല് വയസ്സ് മുതല്‍ അമ്മയോടും, അമ്മാമ്മയോടു മൊപ്പം കുര്‍ബാനയ്ക്ക് എന്നും ഞാന്‍ പോകുമായിരുന്നു. അന്ന് ഞാന്‍ കേട്ടത് എഡി 600 മുതല്‍ പ്രചാരത്തിലുണ്ടായിരുന്ന ഗ്രിയോറിയന്‍ ചാന്‍റും യൂറോപ്പില്‍ നിന്ന് ലഭിച്ച ഹിമ്സും ആയിരുന്നു. ഗ്രിഗോറിയന്‍ സംഗീതം താളബദ്ധമായിരുന്നില്ല, എന്നാല്‍ ഹിമ്സ് താളബദ്ധമായിരുന്നു. യൂറോപ്പില്‍ ഉപയോഗത്തിലുണ്ടായിരുന്ന വളരെ വലിയ സംഗീത ഉപകരണത്തിന്‍റെ ചെറു പതിപ്പായ – കാലുകൊണ്ട് ചവിട്ടി വായിച്ചിരുന്ന – ചെറിയ ഓര്‍ഗണ്‍ ഉപയോഗിച്ചു തുടങ്ങിയ കാലഘട്ടമായിരുന്നു അത്. എന്നെ ആദ്യമായി സ്വാധീനിച്ച സംഗീത ശാഖ ഈ പള്ളിപ്പാട്ടാണ്.

ഒപ്പം 40 കള്‍ മുതലുള്ള ഹിന്ദിപ്പാട്ടുകളും സ്വാധീനിച്ചു. കൂടുതല്‍ എന്നെ ആകര്‍ഷിച്ചത് രാഗാധിഷ്ഠിതമായ പാട്ടുകളാണ്. 9 വയസ്സുള്ളപ്പോള്‍ കൊച്ചിയിലെ നസ്രേത്ത് പള്ളിയില്‍ വയലിനിസ്റ്റായിരുന്ന ആന്‍ഡ്രൂസ് ചേട്ടനോട് ചേര്‍ന്ന് ഗ്രിഗോറിയന്‍ ചാന്‍റ് ഞാന്‍ പാടി തുടങ്ങി. ഈ ആന്‍ഡ്രൂസ് ചേട്ടന്‍റെ മകനാണ് പിന്നീട് വിഖ്യാത വയലിനിസ്റ്റായിരുന്ന ഓശപ്പന്‍. ഓശപ്പന്‍റെ മകന്‍ അമല്‍ ഇപ്പോള്‍ Sing India യിലെ പ്രമുഖ ഗായകനാണ്. പിന്നീട് എറണാകുളത്തേക്ക് വന്ന ശേഷം കണ്ണംകുന്നത്ത് പള്ളിയില്‍ ഒസിഡി അച്ചന്മാരുടെ നിര്‍ദ്ദേശപ്രകാരം 1949 മുതല്‍ പാടാന്‍ തുടങ്ങി. Fr. John of the Cross ആയിരുന്നു അന്ന് സുപ്പീരിയര്‍. തൃശ്ശിനാപ്പിള്ളിയില്‍ നിന്ന് സംഗീതം പഠിച്ച സെന്‍റ് ആല്‍ബര്‍ട്ട്സ് കോളേജില്‍ പ്രൊഫസര്‍ ആയിരുന്ന ഫാ. തോമസ്സ് പുളിക്കലും പ്രത്യേക അവസരങ്ങളില്‍ ഞങ്ങളെ പാട്ട് പഠിപ്പിക്കുകയും പാട്ട് കണ്ടക്ട് ചെയ്യുകയും ചെയ്യുമായിരുന്നു. എന്‍റെ അമ്മാവന്മാരായ എം.എസ്. ജോണും, ഫാ. ജോസഫ് മൂഞ്ഞപ്പിള്ളിയും പാട്ടുകളെഴുതി എന്നെ കൊണ്ട് പാടിക്കുമായിരുന്നു. എസ്വിജി സെമിനാരിയില്‍ 10 വര്‍ഷം ക്വൊയര്‍ മാസ്റ്ററായി പ്രവര്‍ത്തിച്ചതും യുഎസിലെ പഠനവും ഈ രംഗത്ത് കൂടുതല്‍ ആധികാരികത നേടാന്‍ സഹായിച്ചു. പതിമൂന്നാം വയസ്സിലാണ് ഞാന്‍ ആദ്യമായി ഒരു ട്യൂണ്‍ കം പോസ് ചെയ്യുന്നത്. ഓരോ ദിവസവും പുതിയ പാട്ടുകള്‍ ഉണ്ടാക്കുന്ന മ്യൂസിക് ഡയറക്ടര്‍മാരോട് ആയിരുന്നു എന്‍റെ ആരാധന. അവരുടെ ട്യൂണുകള്‍ അപഗ്രധിച്ചു കൊണ്ടേയിരുന്നു. 1965 ല്‍ സുപ്രസിദ്ധ സംഗീത സംവിധായകനായ നൗഷാദിന്‍റെ അസിസ്റ്റന്‍റായതോടെ എന്‍റെ സംഗീത ജീവിതം ശരിയായ വഴിയിലെത്തി.

? വിശ്വാസത്തിന്‍റെയും, പ്രതീക്ഷയുടെയും, പശ്ചാത്താപത്തിന്‍റെയും, ആത്മസമര്‍പ്പണത്തിന്‍റെയും ഭാവങ്ങള്‍ മനസ്സില്‍ നിറച്ച് ദൈവാരാധനയുടെ പരകോടിയിലേക്ക് എത്താന്‍ മനുഷ്യനെ സഹായിക്കുക എന്നതാണ് ദേവാലയ സംഗീതത്തിന്‍റെ ധര്‍മ്മം എന്ന് കേട്ടിട്ടുണ്ട്. ഇതിന് വേണ്ട ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് ?

പ്രധാനമായി വേണ്ട ഘടകങ്ങള്‍ ഇവയാണ്.

1) ബൈബിള്‍ അധിഷ്ഠിതമായ, സാഹിത്യഭംഗിയുള്ള, വിശ്വാസ രഹസ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ദൈവജനത്തിനെ സഹായിക്കാന്‍ ഉതകുന്ന ഉല്‍കൃഷ്ടമായ രചന. ക്രിസ്തീയ ഗാനങ്ങളുടെ പരമസത്ത അടങ്ങിയിരിക്കുന്നത് രചനകളിലാണ്. സിറിയായിലെ മാര്‍ അപ്രേം, വി. അഗസ്റ്റിന്‍, മിലാനിലെ വി. അബ്രോസ്, ഫ്രാന്‍സിലെ വി. ബര്‍ണാഡ്, ഇറ്റലിയിലെ തോമസ് അക്വിനാസ് എന്നിവരുടെ കൃതികളുടെ ആധികാരികമായ പഠനത്തില്‍ നിന്നാണ് ഞാനിത് പറയുന്നത്.

2) ആരാധനാക്രമത്തിന്‍റെ സന്ദര്‍ഭത്തിന് അനുയോജ്യമായ, സാധാരണ ജനങ്ങള്‍ക്കു കൂടി ചേര്‍ന്ന് പാടാനാകുന്ന ഈണങ്ങളായിരിക്കണം. ജനപങ്കാളിത്തം ഉറപ്പാക്കുന്ന ഈണങ്ങളെക്കുറിച്ച് കൂടുതല്‍ എനിക്ക് അധികാരികത ലഭിച്ചത് യുഎസിലെ സംഗീത പഠന കാലത്താണ്.

3) പരമാവധി 8 സ്വരങ്ങളില്‍ ഈണമൊരുക്കണം.
വാ വാ യേശു നാഥാ എന്ന പാട്ടൊരുക്കിയിരിക്കുന്നത് 6 സ്വരങ്ങളിലാണ്. പഴയ സുറിയാനി – ലത്തീന്‍ ട്യൂണുകളെല്ലാം ചിട്ടപ്പെടുത്തിയിരിക്കുന്നത് ഇത്തരത്തിലാണ്.

4) ശാന്തസുന്ദരമായ ഉപകരണങ്ങളും, ആവശ്യത്തിന് മാത്രമായ ഈ ലൗഡ് സ്പീക്കര്‍ പ്രയോഗവുമായിരിക്കണം. കത്തോലിക്കാ സഭയില്‍ ആദ്യത്തെ 1000 വര്‍ഷങ്ങള്‍, പാട്ടിന് ഉപകരണ സംഗീതത്തിന്‍റെ ആവശ്യമില്ല എന്നതായിരുന്നു നിയമം.

? ഈ അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തിയ പാട്ടുകളാണോ അങ്ങയുടേത്?
അതെ, സിനിമാ സംഗീതത്തില്‍ നിന്ന് ഏറെ വിഭിന്നമാണ് ദേവാലയ സംഗീതം. സിനിമയെ അനുകരിച്ച് പുതിയ പാട്ടുകള്‍ ഉണ്ടാക്കി പാടാനുള്ളതല്ല ആരാധനാക്രമഗാനങ്ങള്‍. അവയ്ക്ക് മേല്‍പ്പറഞ്ഞ അടിസ്ഥാനം നിര്‍ബന്ധമാണ്. ദേവാലയ സംഗീതത്തില്‍ പഴയത് പുതിയത് എന്ന വേര്‍തിരിവ് അല്ല, നല്ലത് ചീത്ത എന്ന വേര്‍തിരിവ് മാത്രമേ ഉള്ളൂ. വാ വാ യേശുനാഥാ എന്ന പാട്ടി ന് എഴുപത് വര്‍ഷത്തിന് മേല്‍ പഴക്കമുണ്ട്. പഴക്കമുള്ളത് കൊണ്ടല്ല, നല്ല പാട്ടായത് കൊണ്ടാണ് കാലത്തെ അതിജീവിച്ച് ആ പാട്ടിന്നും നിലനില്‍ക്കുന്നത്.

യഹൂദ സിനഗോഗുകളില്‍ നിന്ന് തുടങ്ങി, അന്ത്യോക്യ ഗ്രീസ് ഏഷ്യമാനര്‍ വഴി റോമിലെത്തിയ ആരാധന സംഗീതം, യൂറോപ്യന്‍ സംഗീതവുമായി സങ്കരിച്ചാണ് ഗ്രിഗോറിയന്‍ ചാന്‍റായത്. നവോധന കാലം – 1300 മുതല്‍ പള്ളിപ്പാട്ടുകളില്‍ ഹാര്‍മണി വന്നതും, മോണ്‍ടെവറി, പാലസ്തീന ലാഡോ, വിവാള്‍ഡി, ബാഹ്, ഹാന്‍ഡില്‍, ഹൈടെന്‍, മൊസാര്‍ട്ട്, മാര്‍ട്ടിന്‍ ലൂതര്‍ തുടങ്ങി മഹാസംഗീത പ്രതിഭകള്‍ വഴി ഭക്തിഗാന ശാഖ വളര്‍ന്ന് പന്തലിച്ചതും, ഗ്രിഗോറിയന്‍ ചാന്‍റിനെ വളര്‍ത്താന്‍ പത്താം പീയൂസ് മാര്‍പ്പാപ്പ ബെനഡിക്ടന്‍ സംഗീതജ്ഞരെ ഏല്‍പ്പിച്ചപ്പോള്‍ മാറ്റങ്ങള്‍ വന്നു. ഈ ചരിത്രത്തെ കുറിച്ചുള്ള ഗഹനമായ പഠനങ്ങളില്‍ നിന്നുള്ള ഉള്‍ക്കാഴ്ചകളാണ് എന്‍റെ ക്രിസ്തീയ ഗാനങ്ങളുടെ അടിസ്ഥാനം. പള്ളിപ്പാട്ടുകളില്‍ യഹൂദ സങ്കീര്‍ത്തനങ്ങള്‍ക്ക്, ഒരു ഭാരതീയ ഭാവം കൈവരുത്താന്‍ 1963 മുതല്‍ കഴിവുറ്റ സഹപാഠിയും സംഗീതജ്ഞനുമായ ഫാ. മാത്യു മുളവനയോട് കൂടി ഇന്നും സഹകരിച്ച് വരുന്നു.

? ദേവാലയ സംഗീത സംവിധായകന്‍ എന്ന നിലയില്‍ പല സംഗീത പാരമ്പര്യങ്ങളും അങ്ങ് ഉപയോഗിച്ചിട്ടുണ്ടല്ലോ? ഉപയോഗപ്പെടുത്തിയതില്‍ ഗ്രിഗോറിയന്‍ ചാന്‍റും, യൂറോപ്യന്‍, കര്‍ണ്ണാട്ടിക്ക് ഹിന്ദുസ്ഥാനിയും ഉള്‍പ്പെടുന്നു. ദേവാലയ സംഗീതത്തിന് ഏറ്റവും അനുയോജ്യമെന്ന് അങ്ങേക്ക് ബോധ്യമായത് ഏത് ശാഖയാണ്?

എല്ലാം അനുയോജ്യമാണ്, ഓരോന്നു എപ്പോള്‍ എങ്ങനെ പ്രയോഗിക്കണം എന്ന അറിവാണ് പ്രധാനം.

? ദേവാലയ സംഗീതത്തില്‍ എക്കാലത്തെയും വിവാദമായ ഏകാലാപനത്തെയും ഉപകരണ സംഗീതത്തിന്‍റെ അതിപ്രസരത്തെയും കുറിച്ച് അങ്ങയുടെ നിലപാട്?
സഭ ദൈവത്തിന്‍റെ ജനമാണ്, വ്യക്തിയല്ല. ആയതിനാല്‍ സഭ പാടുമ്പോള്‍ ഒന്നോ രണ്ടോ വ്യക്തികളല്ല മറിച്ച് ജനങ്ങള്‍ ഒരുമിച്ചാണ് പാടേണ്ടത്. മലങ്കര – ഓര്‍ത്തഡോക്സ്, മാര്‍ത്തോമ – യാക്കോബായ സഭകളിലെല്ലാം ഈ രീതിയാണ് പിന്‍തുടരുന്നത്. ബലിയര്‍പ്പണ സമയത്ത് പൊതു ജനമാണ് പാടുന്നത്. അതാണ് ശരി. ഇത് തന്നെയാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലും നമ്മോട് ആവശ്യപ്പെടുന്നതും. പക്ഷെ നമ്മള്‍ അതല്ല ചെയ്യുന്നത്.

പള്ളികളില്‍ ഏകാലാപനത്തിന് സ്ഥാനമില്ല. ഉപകരണങ്ങള്‍ ബഹളമുണ്ടാക്കുകയും ചെയ്യരുത്. ബലിയര്‍പ്പണത്തിനിടയില്‍ – ഗാനാലാപണം നടത്താത്ത സന്ദര്‍ഭങ്ങളില്‍ – കീബോര്‍ഡ് പശ്ചാത്തല സംഗീതമായി ഉപയോഗിക്കരുത്. കൂദാശ വചനങ്ങള്‍ ഉച്ചരിക്കുമ്പോള്‍ പരിപൂര്‍ണ്ണ നിശ്ശബ്ദതയാണ് ആവശ്യം.

? ഇന്നത്തെ ദേവാലയ സംഗീതത്തിന്‍റെ നിലവാരത്തെ അങ്ങ് എങ്ങനെ നോക്കി കാണുന്നു? ലിറ്റര്‍ജിയുടെ തനിമയും സൗന്ദര്യവും ചോര്‍ന്ന് പോകാതെ സമൂഹത്തെ ഒന്നാകെ ദൈവാരാധനയുടെ ഭാഗമാക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ എന്തെങ്കിലും നല്‍കാമോ?
ഇപ്പോള്‍ എല്ലാ വിഭാഗങ്ങളുടെയും ആരാധനക്രത്തിലെ, ദേവാലയ സംഗീതം അധോഗതിയിലാണ് എന്നേ പറയാനാവൂ… സഭയുടെ ആരാധനാ സംഗീതത്തില്‍ പ്രവീണ്യമുള്ളവര്‍ നേതൃനിരയിലില്ലാത്തതാവാം ഒരു കാരണം. കാനന്‍ നിയമങ്ങളിലുള്ള പ്രവീണ്യത്തിന്‍റെ അത്ര തന്നെ പ്രധാനം ആരാധനക്രമ സംഗീതത്തിനും നല്‍കണം. പിതാക്കന്മാര്‍ക്കും പുരോഹിതര്‍ക്കും ഇതിനാവശ്യമായ പരിശീലനം ലഭിച്ചാല്‍ മാത്രമേ, സമൂഹത്തെ ഒരുമിച്ച് ചേര്‍ത്തുള്ള ദേവാലയ സംഗീതത്തിന് ഒരുക്കാന്‍ വേണ്ട നേതൃത്വം ഇവര്‍ക്ക് നല്‍കാന്‍ സാധിക്കൂ. ആയതിനാല്‍ ഇതിനാവശ്യമായ പരിശീലനം സെമിനാരികളില്‍ നിന്നേ ആരംഭിക്കേണ്ടതുണ്ട്.

“സംഗീതത്തില്‍ പഴയത് – പുതിയത് എന്നൊന്നില്ല. നല്ലത് – ചീത്ത എന്ന വേര്‍തിരിവ് മാത്രമേയുള്ളു.” ഈ വാക്കുകള്‍ സത്യമെന്ന് തെളിയിച്ച്, മാഷുടെ പാട്ടുകള്‍ തലമുറകള്‍ പാടിക്കൊണ്ടേയിരിക്കും.

Comments

One thought on “ജെറി അമല്‍ദേവ് – ‘മലയാള മഞ്ഞില്‍ വിരിഞ്ഞ പൂവ്’”

  1. jose vazhuthanapilly says:

    സ്വരങ്ങളുടെ മന്ത്രികനാണ് .സംഗീതത്തിന്റെ അത്ഭുദ സിഡികൾ കൈവശമുണ്ടായിട്ടും എളിമ ഒട്ടും ചോർന്നുപോകാത്ത അദ്ദേഹത്തിന് സ്നേഹാശംസകൾ !

Leave a Comment

*
*