ജൂഡ്സൺ കെ.എക്സ്. രക്ഷകന് ഇടം നല്കുന്ന ഒരു സത്രം

ജൂഡ്സൺ കെ.എക്സ്. രക്ഷകന് ഇടം നല്കുന്ന ഒരു സത്രം

ജെസ്സി മരിയ

ദൈവപുത്രന് ഈ മണ്ണില്‍ പിറക്കാനൊരിടം തേടി യൗസേപ്പും മേരിയും പല വാതിലുകളിലും മുട്ടി. ആരും തുറന്നില്ല, അബദ്ധവശാല്‍ തുറന്നവര്‍ ഊക്കോടെ കൊട്ടിയടച്ചു. അവസാനം പ്രിയ പുത്രനു പിറക്കാന്‍ ഒരു കാലിത്തൊഴുത്തിലാണ് നിസ്സഹായരായ ആ മാതാപിതാക്കള്‍ ഇടം കണ്ടെത്തിയത്. ആ സംഭവത്തിന്‍റെ ഓര്‍മ്മയും, ആഘോഷവും വീണ്ടും വന്നെത്തുമ്പോള്‍ ഇതാ ഒരാളിവിടെ ക്രിസ്തുവിന് പിറക്കാന്‍ ഇടംകൊടുക്കാന്‍ അവനെ അന്വേഷിച്ച് തെരുവുകള്‍തോറും അലയുന്നു. അവനെ ചേര്‍ത്തണയ്ക്കാന്‍, ഊട്ടാന്‍, ഉറക്കാന്‍, അവന്‍റെ തണുപ്പകറ്റാന്‍, നഗ്നത മറയ്ക്കാന്‍ വെമ്പല്‍കൊണ്ടു നടക്കുന്ന ഒരാള്‍… മദര്‍ തെരേസയെപ്പോലൊരാള്‍… സെഹിയോന്‍ പ്രേഷിതസംഘത്തിന്‍റെ അമരക്കാരന്‍. ഇടക്കൊച്ചിക്കാരന്‍ ജൂഡ്സണ്‍ കെ.എക്സ്. ഈ ക്രിസ്തുമസിന് ഇദ്ദേഹത്തെ പരിചയപ്പെടുത്തുന്നത് തികച്ചും ഉചിതമായിരിക്കും. കാരണം ഇയാള്‍ ക്രിസ്തുവിന് അഭയം കൊടുക്കാന്‍ അവനെ തേടി നടക്കുന്നവനാണ്.

യൗവനാരംഭത്തില്‍ കൊച്ചിന്‍ ഫിഷിംഗ് ഹാര്‍ബറില്‍ ഡ്രൈവര്‍ ആയി ജോലിക്കുപോയ ജൂഡ്സനെ കൊച്ചി രൂപതയിലെ ഫാ. ഡൊമിനിക് അലുവാപ്പറമ്പില്‍ വിളിച്ച് ബിഷപ് കുരീത്തറയുടെ ഡ്രൈവര്‍ ആക്കി. അധികം വൈകാതെ തന്നെ രൂപതയുടെ കീഴിലുള്ള കള്‍ട്ടസ് കുഷ്ഠരോഗാശുപത്രിയില്‍ തോട്ടക്കാരനും ഡ്രൈവറുമായി നിയമിച്ചു. 1988-ലാണ് ഇവിടെ ജോലിക്കാരനായി (അദ്ദേഹത്തിന്‍റെ ഭാഷയില്‍ 'ശുശ്രൂഷക'നായി) എത്തുന്നത്. അവിടെ വരുമ്പോള്‍ ഏകദേശം 21-22 വയസ്സ്. ജ്വലിക്കുന്ന യൗവനം. ഇവിടെ ചെയ്യാനുള്ള ജോലിയോ തോട്ടത്തിലെ കുറച്ച് പണികള്‍. പിന്നീടുള്ള സമയം മുഴുവന്‍ കുഷ്ഠരോഗീ ശുശ്രൂഷ. വിശദമായി ജൂഡ്സണ്‍ തന്നെ പറയട്ടെ.

? താങ്കള്‍ ആതുരസേവനം തുടങ്ങിയ സാഹചര്യം വിശദീകരിക്കാമോ? ഇത്ര ചെറുപ്പത്തിലേ കുഷ്ഠരോഗീശുശ്രൂഷ എന്നൊക്കെ പറഞ്ഞാല്‍?
ഞാന്‍ വളരെയധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ബഹുമാനപ്പെട്ട ഡൊമിനിക് അലുവാപ്പറമ്പില്‍ അച്ചനാണ് എന്നെ കള്‍ട്ടസില്‍ നിയമിച്ചത്. രാവിലെ തോട്ടത്തിലെ പണികള്‍ ചെയ്യും. പിന്നീടുള്ള സമയം അവിടെയുള്ള രോഗികളെ ശുശ്രൂഷിക്കണം. അവരെ കുളിപ്പിച്ചു വൃത്തിയാക്കണം, ഭക്ഷണം കഴിക്കാന്‍ മടിയുള്ളവര്‍ക്ക് വാരിക്കൊടുക്കണം. പലരുടേയും ശരീരാവയവങ്ങള്‍ പഴുത്തു ദ്രവിച്ചു പോയിരുന്നു. പുഴുവരിച്ചിരുന്ന ശരീരങ്ങളില്‍നിന്ന് പുഴുവിനെ തുടച്ചുമാറ്റി വൃത്തിയാക്കി കുളിപ്പിക്കണം. ഹോസ്പിറ്റലില്‍ കൊണ്ടുപോകേണ്ടവരെ വണ്ടിയില്‍ കൊണ്ടുപോകണം.

ഞാന്‍ ഇടയ്ക്കുകയറി ചോദി ച്ചു. ഇതെല്ലാം ചെയ്യുമ്പോള്‍ എന്തായിരുന്നു മനസ്സിലെ വികാരം?
എനിക്ക് ഒരിക്കലും കുഷ്ഠരോഗികളോട് അറപ്പോ വെറുപ്പോ തോന്നിയിട്ടില്ല. ചെറുപ്പത്തിലേതന്നെ അവരെ ശുശ്രൂഷിക്കാനുള്ള ഒരാഗ്രഹം ഉണ്ടായിരുന്നു. അതു കൊണ്ട് നിറഞ്ഞ മനസ്സോടെയാണ് ഞാന്‍ ഈ ശുശ്രൂഷ ചെയ്യുന്നത്. എന്‍റെ സഹോദരന്‍ ലോറന്‍സും (കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ ആയി വിരമിച്ചു.) സഹായിക്കാന്‍ പലപ്പോഴും വരുമായിരുന്നു. പല രോഗികളും ഭക്ഷണം കഴിക്കാന്‍ മടികാണിക്കുമ്പോള്‍ ലോറന്‍സ് ചേട്ടന്‍ അവരുടെ പാത്രത്തില്‍ നിന്നും വാരി കഴിച്ച് കാണിക്കുമായിരുന്നു.

ഇതെഴുതുമ്പോള്‍ അസ്സീസിയിലെ വി. ഫ്രാന്‍സിസ് എന്‍റെ മുന്നിലേക്കു വരുന്നു. താന്‍ ഏറ്റവും അറപ്പോടെ, വെറുപ്പോടെ കണ്ടിരുന്ന കുഷ്ഠരോഗിയെ ചുംബിക്കാന്‍ ക്രിസ്തു പറഞ്ഞപ്പോള്‍ സമ്മിശ്ര വികാരങ്ങളോടെയാണ് പഴുത്തുചീഞ്ഞ് മുഖം പകുതിയും അടര്‍ന്നു തൂങ്ങിയ ഒരു കുഷ്ഠരോഗിയെ ഫ്രാന്‍സിസ് ചുംബിച്ചത്. ആദ്യം ഒന്നു ചുംബിക്കാനുള്ള മടിയേ ഉണ്ടായിരുന്നുള്ളൂ. പിന്നീടങ്ങോട്ട് ആവേശമായിരുന്നു. അവന്‍റെ ഓരോ വ്രണത്തിലും സ്നേഹാവേശത്തോടെ ചുംബിച്ചു. ഓരോ ചുംബനത്തിലും വ്രണങ്ങള്‍ ഓരോന്നായി സുഖപ്പെട്ടു. ഇതുകണ്ട ഫ്രാന്‍സിസ് സ്വരമുയര്‍ത്തി നിലവിളിച്ചു പറഞ്ഞു. "കര്‍ത്താവേ, ഭൂമിയിലെ മുറിവേറ്റവരുടെയെല്ലാം പിന്നില്‍ മറഞ്ഞു നില്‍ക്കുന്നത് നീ തന്നെയാണല്ലോ" എന്ന്. ജൂഡ്സണും ഇതു തന്നെയല്ലേ ചെയ്യുന്നത്. ഓരോ കുഷ്ഠരോഗിയിലും ക്രിസ്തുവിനെ കണ്ടുകൊണ്ട് അവന്‍റെ പുഴുവരിക്കുന്ന ശരീരത്തെ കുളിപ്പിച്ച് വൃത്തിയാക്കി, ഉടുപ്പിടുവിച്ച്, ഭക്ഷണം കൊടുത്ത് പരിപാലിക്കുന്നു. ജൂഡ്സന്‍റെ ഓരോ സ്പര്‍ശനത്തിലും അവര്‍ ആന്തരികമായി സുഖപ്പെടുന്നുണ്ട്; അവര്‍ ക്രിസ്തുവായിത്തീരുന്നുണ്ട്. ഇത് അദ്ദേഹത്തിന്‍റെ ആദ്യത്തെ ശുശ്രൂഷാമേഖലയാണ്. ഇനിയും ഒത്തിരി ശുശ്രൂഷാ മേഖലകളുണ്ട്. അതിലേയ്ക്കു കടക്കാം.

? പൊതിച്ചോറ് വിതരണവും, മൊബൈല്‍ ബാത്തും ഒക്കെ തുടങ്ങാനുണ്ടായ കാരണങ്ങള്‍ എന്തായിരുന്നു?
1997 ജൂണ്‍ 29-ന് ജോണ്‍ എന്നൊരു ചേട്ടന് പൊതിച്ചോറ് കൊടുത്തുകൊണ്ട് ആരംഭിച്ചതാണ് ഈ പ്രേഷിതപ്രവര്‍ത്തനം. പിറ്റേ ദിവസം അതു രണ്ടു പേരായി, പിന്നീടങ്ങോട്ട് ആളുകള്‍ കൂടി. 1997 ഡിസംബര്‍ ആയപ്പോഴേക്കും 65 പേര്‍ പൊതിച്ചോര്‍ കാത്തിരിക്കുന്നവരായി ഉണ്ടായിരുന്നു. ഇപ്പോള്‍ 1500 ഓളം പേര്‍ക്ക് ദിവസവും പൊതിച്ചോറ് കൊടുക്കുന്നുണ്ട്. പള്ളുരുത്തി സെ. ഡൊമിനിക് സ്കൂള്‍ ആണ് ആദ്യം പൊതിച്ചോറ് വിതരണത്തില്‍ പങ്കാളികളായത്. ഇന്ന് 20 സ്കൂളുകളില്‍ നിന്നും, ഒമ്പത് കോളേജുകളില്‍ നിന്നും പൊതിച്ചോറ് കളക്ട് ചെയ്യുന്നുണ്ട്.

2007 ജൂണ്‍ 29-നാണ് തെരുവിലെ മാനസികരോഗികളെ കണ്ടെത്തി കുളിപ്പിക്കുന്ന മൊബൈല്‍ ബാത്ത് ഞങ്ങള്‍ ആരംഭിച്ചത്. ഇവരെ ക്ഷൗരം ചെയ്ത്, കുളിപ്പിച്ച്, നല്ല ഡ്രസ്സ് ധരിപ്പിച്ച് റിലീഫ് സെന്‍ററുകളില്‍ കൊണ്ടുചെന്നാക്കുന്നു. വര്‍ഷങ്ങളോളം കുളിക്കാതിരിക്കുന്ന ഇവരെ കുളിപ്പിച്ച് വൃത്തിയാക്കുക എന്നത് വളരെ ശ്രമകരമായ ഒരു കര്‍മ്മമാണ്. 2015-ല്‍ കൊച്ചിയില്‍ വച്ച് ഇങ്ങനെ കുളിപ്പിക്കാന്‍ കൊണ്ടുവന്ന ഒരു മനോരോഗിയുടെ ആക്രമണത്തില്‍ പരുക്കേറ്റ് നാലു മാസത്തോളം ഞാന്‍ കിടപ്പിലായിപ്പോയി. കുളിപ്പിക്കുമ്പോള്‍ പലരും മുഖത്തേയ്ക്ക് കാര്‍ക്കിച്ചുതുപ്പുന്നതും, ആക്രമിക്കുന്നതുമൊക്കെ എന്നെ സംബന്ധിച്ചിടത്തോളം സാധാരണമായിക്കഴിഞ്ഞു.

(ഞാന്‍ വീണ്ടും മദര്‍ തെരേസയെ ഓര്‍ക്കുന്നു. തന്‍റെ ചുമലില്‍ കിടക്കുന്ന അനാഥക്കുഞ്ഞിനു വേണ്ടി ധനികന്‍റെ തുപ്പല്‍ കയ്യിലേറ്റു വാങ്ങിയ അമ്മയ്ക്കൊപ്പം തന്നെയല്ലേ ഇയാളും?) ആരുടെ നാമത്തിലാണ് ഇയാള്‍ ഇതൊ ക്കെ ചെയ്യുന്നത്? ക്രിസ്തുവിന്‍റെ നാമത്തില്‍, ക്രിസ്തുവിനുവേണ്ടി മാത്രമാണ് ജൂഡ്സണ്‍ അലയുന്നത്. 2005 ജൂണ്‍ 29-ന് മൊബൈല്‍ ബാത്തിന്‍റെ വനിതാ വിംഗ് ആരംഭിച്ചു. മൊബൈല്‍ ബാത്തിന് സഹായിക്കാന്‍ ചിലപ്പോഴൊക്കെ ബ്രദേഴ്സും സിസ്റ്റേഴ്സും വരാറുണ്ട്. 2004 മുതല്‍ ഓരോ വര്‍ഷവും മൂന്നു നാലു പ്രാവശ്യം കൊച്ചിയില്‍ നിന്ന് കാസര്‍ഗോട്ടേയ്ക്കും, തിരുവനന്തപുരത്തേയ്ക്കും, മറ്റു ദൂരെയുള്ള ജില്ലകളിലേയ്ക്കും മൊബൈല്‍ ബാത്തുമായി പ്രവര്‍ത്തകര്‍ കാരുണ്യയാത്ര നടത്താറുണ്ട്.

സെഹിയോന്‍ പ്രേഷിതസംഘത്തിന്‍റെ ആദ്യത്തെ അഗതി മന്ദിരം 'അസ്സീസി റിലീഫ് സെന്‍റര്‍' എന്ന പേരില്‍ 2002 മാര്‍ച്ച് 17-ന് കാട്ടിപ്പറമ്പില്‍ ആരംഭിച്ചു. ഇവിടെ 40-ഓളം അന്തേവാസികളുണ്ട്. എല്ലാവരേയും വഴിയോരങ്ങളില്‍ നിന്നു കിട്ടിയതാണ്. 2018 ജനുവരിയില്‍ അടുത്ത അഗതി മന്ദിരം തുടങ്ങണമെന്നുള്ള തീവ്രമായ ആഗ്രഹത്തിലാണ് ജൂഡ്സണും പ്രവര്‍ത്തകരും. ഇവരുടെ മറ്റൊരു സേവന മേഖലയാണ് സെഹിയോന്‍ ഊട്ടുശാല. 2003 ജനുവരി 3-ന് ആദ്യത്തെ സെഹിയോന്‍ ഊട്ടുശാല കൊച്ചി ചിറക്കയില്‍ ആരംഭിച്ചു. പിന്നീടിങ്ങോട്ട് ഇതുവരെയായി 28 ഊട്ടുശാലകള്‍ പകല്‍വീടുകളായും പ്രവര്‍ത്തിക്കുന്നു. ഓരോ ഊട്ടുശാലയിലും ശരാശരി 40-ഓളം പേര്‍ ദിവസവും ഭക്ഷണം കഴിക്കുന്നുണ്ട്. വില്ലിംഗ്ടണ്‍ ഐലന്‍റിലെ ടാജ് മലബാര്‍ ഹോട്ടല്‍ വര്‍ഷങ്ങളായി എല്ലാ ദിവസവും മുടങ്ങാതെ 40-ഓളം പേര്‍ക്ക് വിഭവസമൃദ്ധമായ ഭക്ഷണം കൊടുക്കുന്നുണ്ട്. കിടപ്പു രോഗികളും അഗതികളുമായ 16 പേര്‍ക്ക് സ്ഥിരമായ പ്രഭാതഭക്ഷണവും സെഹിയോന്‍ പ്രേഷിതസംഘം കൊടുക്കുന്നുണ്ട്. ഇതിനു തന്നെ ദിവസവും 592 രൂപ വേണം ഇതില്‍ നാലു പൊതി ഭക്ഷണം എന്നും ജൂഡ്സന്‍റെ വീട്ടില്‍ നിന്നു കൊണ്ടുവരും. ഓരോ ഊട്ടുശാലയിലും സഹായിക്കാന്‍ 25 ഓളം പ്രവര്‍ത്തകര്‍ വീതമുണ്ട്.

എല്ലാ വര്‍ഷവും ക്രിസ്തുമസിനു മുമ്പുള്ള ഞായറാഴ്ച അഗതികളുടെ സ്നേഹസംഗമം നടത്തും. 1500 ഓളം പേര്‍ പങ്കെടുക്കും. എല്ലാവര്‍ക്കും 5 കിലോ അരിയും, കേക്കും, മറ്റു സാധനങ്ങളുമടങ്ങുന്ന ഒരു ക്രിസ്തുമസ് കിറ്റ് സമ്മാനിക്കും. പതിവുപോലെ ഇക്കൊല്ലം ഡിസംബര്‍ 17-നാണ് സ്നേഹസംഗമം. ഇത് സംഘടിപ്പിക്കുവാന്‍ ഉദാരമതികളായവരുടെ സഹായം വേണം. ഇപ്പോള്‍ ഇതിനുവേണ്ടിയുള്ള സഹായാന്വേഷണത്തിലാണ് പ്രവര്‍ത്തകര്‍. ലേക് ഷോര്‍ ഹോസ്പിറ്റലിലെ ന്യൂറോ സര്‍ജന്‍ ഡോ. അരുണ്‍ ഉമ്മന്‍ ഹോസ്പിറ്റലില്‍ നിന്നു വന്നു കഴിഞ്ഞുള്ള സമയം മുഴുവന്‍ ഈ പരിപാടിയുടെ വിജയത്തിനായി ഇവരോടൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്.

ഇദ്ദേഹത്തിന്‍റെ പ്രവര്‍ത്തനമേഖല ഇനിയും നീളുകയാണ്. 2006 ജൂണ്‍ 29-ന് ആരംഭിച്ച യുവവേദി പ്രവര്‍ത്തനക്ഷമമാണ്. 2007-ല്‍ വീടുകളില്‍ കഴിയുന്ന കിടപ്പുരോഗികളെ മരണംവരെ ശുശ്രൂഷിക്കുന്ന ദൗത്യം (Pain & Paliative Care) ആരംഭിച്ചു. സെഹിയോന്‍ പ്രേഷിത സംഘത്തിന്‍റെ ചെയര്‍മാന്‍ ഫാ. ആന്‍റണി കൊച്ചുമുറിയില്‍ ആണ്; പ്രസിഡന്‍റ് ജൂഡ്സണ്‍ കെ.വി. ഇദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഭാര്യയുടെയും രണ്ട് ആണ്‍മക്കളുടേയും എല്ലാ പിന്തുണയും ഉണ്ട്. ശ്രീ. ജൂഡ്സണെ അടയാളപ്പെടുത്തുവാന്‍ ഇതൊക്കെത്തന്നെ ധാരാളം മതിയല്ലോ.

ഇയാള്‍ എപ്പോഴും യാത്രയിലാണ്; അല്ല ഓട്ടത്തിലാണ്. തന്‍റെ പഴയ ഓട്ടോയില്‍. കുഷ്ഠരോഗാശുപത്രിയില്‍നിന്ന് തെരുവിലേയ്ക്ക്, അവിടെനിന്ന് ഊട്ടുശാലയിലേക്ക്, പിന്നെ അഗതിമന്ദിരത്തിലേയ്ക്ക്, മാനസികരോഗാശുപത്രികളിലേയ്ക്ക്. ഇല്ല! പറഞ്ഞാല്‍ തീരില്ല ഇയാളുടെ സദ്വാര്‍ത്തയുടെ കരോള്‍യാത്രകള്‍. ആരോടും പരിഭവമില്ലാതെ, ആരോടും വെറുപ്പോ, വിദ്വേഷത്തിന്‍റെ കണികപോലുമോ ഇല്ലാതെ നിറഞ്ഞ മനസ്സോടെ, കണ്ണുകളുയര്‍ത്തി നാലുപാടും നോക്കി അലയുകയാണ് ഇയാള്‍. ക്രിസ്തു ഇടംകിട്ടാതെ എവിടെയെങ്കിലും തളര്‍ന്നിരിപ്പുണ്ടോ? അവനെ താങ്ങിയെടുക്കാന്‍, ചേര്‍ത്തണയ്ക്കാന്‍, അഭയമേകാന്‍, ഈ ഹൃദയം തുടിക്കുകയാണ്. വഴിയോരങ്ങളില്‍, കടത്തിണ്ണകളില്‍, കുപ്പക്കൂനയില്‍, അടഞ്ഞവാതിലിനു മുമ്പില്‍ ക്രിസ്തുവിനെ തിരയുന്ന പ്രിയ സഹോദരന്‍ ജൂഡ്സണ് ഈ തിരുപ്പിറവിയുടെ എല്ലാ സ്നേഹമംഗളങ്ങളും, പ്രാര്‍ത്ഥനയും നേരുന്നു. ഇനിയും അനേകരെ ചുംബിച്ച് ക്രിസ്തുവാക്കാന്‍ പുല്‍ക്കൂട്ടിലെ ഉണ്ണീശോ താങ്കളെ അനുഗ്രഹിക്കട്ടെ.

(ഈ സെഹിയോന്‍ പ്രേഷിത സംഘത്തോടു ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവര്‍ വിളിക്കുക: 98477 27088)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org