Latest News
|^| Home -> Abhimukham -> ഈണങ്ങളുടെ തമ്പുരാന്‍ എം. ജയചന്ദ്രന്‍

ഈണങ്ങളുടെ തമ്പുരാന്‍ എം. ജയചന്ദ്രന്‍

Sathyadeepam

റെക്കോഡിങ്ങ് സ്റ്റുഡിയോകള്‍ ദൈവീകസാന്നിദ്ധ്യമുള്ള വിശുദ്ധ ഇടങ്ങളെന്നും, പുതിയ ഈണങ്ങള്‍ ചിട്ടപ്പെടുത്തുന്നത്, പരംപൊരുളിനുള്ള അര്‍ച്ചനകളെന്നും, വിശ്വസിക്കുന്ന സംഗീതജ്ഞന്‍.
ഈ ഈണം എന്‍റെ മനസ്സിലുണ്ടായിരുന്നില്ലേ എന്ന് ഓരോ മലയാളിയും ഗൃഹാതുരത്വത്തോടെ തിരിച്ചറിയുന്ന എം. ജയചന്ദ്രന്‍ സത്യദീപത്തോട് മനസ്സുതുറന്നപ്പോള്‍

ശാസ്ത്രീയ സംഗീതജ്ഞന്‍, സിനിമാ സംഗീത സംവിധായകന്‍, പിന്നണി ഗായകന്‍, സിനിമാ പശ്ചാത്തല സംഗീത വിദഗ് ദ്ധന്‍ ഇതില്‍ ഏതു പദവിയോടാണ് അങ്ങേയ്ക്ക് കൂടുതല്‍ ആകര്‍ഷണം?
കുഞ്ഞിലേ മുതലുള്ള ഏറ്റവും വലിയ ആഗ്രഹമായിരുന്നു പാട്ടുകാരനാവുക എന്നത്. രണ്ട് രീതിയില്‍ പാട്ടില്‍ സ്ഥാനം കണ്ടെത്താം. ഒന്ന് കര്‍ണ്ണാടക ശാസ്ത്രീയ സംഗീതജ്ഞനാവുക, രണ്ട് പിന്നണി ഗായകനാവുക. ഈ രണ്ട് മേഖലയിലും ഒരുപോലെ സംഗീതത്തിലാഴ്ന്ന് പരിശ്രമിച്ച് മുന്നോട്ടു പോകണമെന്നും രണ്ട് മേഖലകളിലും അറിവുള്ള സംഗീതജ്ഞനെന്ന് അറിയപ്പെടാനുമാണ് ഞാന്‍ ആഗ്രഹിച്ചത്. പക്ഷേ എന്‍റെ പ്രീഡിഗ്രി കാലത്ത് കേരള യൂണിവേഴ്സിറ്റി ക്വയറിന് വേണ്ടി കോറല്‍ മ്യൂസിക് ക്രിയേറ്റ് ചെയ്തത് എം.ബി. ശ്രീനിവാ സന്‍ സാറായിരുന്നു. അദ്ദേഹത്തിന്‍റെ സര്‍ഗ്ഗവൈഭവവും, സംഗീതമൊരുക്കുന്നതിലെ സൗന്ദര്യവും നേരിട്ടനുഭവിക്കാനായത് എന്‍റെ മൂന്നാം കണ്ണ് തുറക്കാനും സംഗീതസംവിധായകനാവുക എന്ന എന്‍റെ നിയോഗം തിരിച്ചറിയാനും കാരണമായി. അന്നു മുതല്‍ അദ്ദേഹമെന്‍റെ ഗുരുനാഥനായി. അദ്ദേഹത്തിന്‍റെ സിനിമകളുടെ പശ്ചാത്തലസംഗീതം എന്നെ ഏറെ ആകര്‍ഷിച്ചിട്ടുണ്ട്. ആവേഗമുള്ള പാട്ടുകളാണ് അദ്ദേഹത്തിന്‍റേത്. അതുപോലെ എന്‍റെ മറ്റൊരു ഗുരുനാഥനാണ് ദേവരാജന്‍ മാസ്റ്റര്‍. തന്‍റെ ഓരോ പാട്ടിലേക്കും മലയാളിത്തമുള്ള ഈണങ്ങളെ എത്രയധികമാണ് അദ്ദേഹം ചേര്‍ത്തുവെച്ചിരിക്കുന്നത്? ദേവരാജന്‍ മാഷുടെ പാട്ടുകളുടെ സൗന്ദര്യം ഗംഭീരമാണ്. മറ്റൊരു ഗുരുനാഥന്‍ പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ് മാഷാണ്. അദ്ദേഹം ചെയ്ത പാട്ടുകളുടെ പശ്ചാത്തലസംഗീതം ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഇപ്രകാരം മ്യൂസിക് കമ്പോസര്‍ ആകണം എന്നാഗ്രഹിച്ചും പരിശ്രമിച്ചും തന്നെ ഈ മേഖലയില്‍ എത്തിപ്പെട്ടയാളാണ് ഞാന്‍.

ഗുരുവെന്ന പദം ഏറ്റവും സുന്ദരമായി ശ്രവിക്കാന്‍ കഴിയുന്നത് എം. ജയചന്ദ്രനെന്ന ശിഷ്യന്‍റെ നാവില്‍ നിന്നുമാണ്. അങ്ങയുടെ തന്നെ ഭാഷയില്‍ ഗുരുത്വമെന്ന വാക്കാണോ എല്ലാ വിജയങ്ങളുടെയും അടിസ്ഥാനം?
തീര്‍ച്ചയായും. ഗുരു എന്ന പദത്തില്‍ ‘ഗു’ എന്ന പദം അന്ധകാരമെന്നും ‘രു’ എന്ന പദം അത് ഇല്ലാതാക്കുന്നതും എന്നാണല്ലോ? നമ്മുടെ അറിവില്ലായ്മയുടെ അന്ധകാരം ആരാണോ മാറ്റിത്തരുന്നത് അവരാണ് ഗുരു. ഞാന്‍ എപ്പോഴും പറയാറുണ്ട് ഗുരുവും അദ്ധ്യാപകനും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച്. അദ്ധ്യാപകന്‍ നമ്മെ instruct ചെയ്യുന്നു. ഗുരു നമ്മളെ construct ചെയ്യുന്നു. ഞാനിന്നെന്താണോ അതിനുള്ള കടപ്പാട് ഗുരുക്കന്മാരോട് മാത്രമാണ്. ഹരിഹര അയ്യര്‍, പെരുമ്പാവൂര്‍ സര്‍, നെയ്യാറ്റിന്‍കര മോഹനചന്ദ്രന്‍ സാര്‍, വൈകുണ്ഡപതി സാര്‍, സിനിമയിലേക്ക് വരുന്ന കാലഘട്ടത്തില്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുതന്ന കലവൂര്‍ ബാലന്‍ ചേട്ടന്‍, നേരത്തെ പറഞ്ഞ എം.ബി. സാര്‍, ദേവരാജന്‍ മാഷ് തീര്‍ച്ചയായും ഇവരുടെ എല്ലാവരുടെയും അനുഗ്രഹം കാരണം മാത്രമാണ് ഞാന്‍ നിലനില്ക്കുന്നതെന്നും, അവരുടെ അനുഗ്രഹമാണെന്‍റെ ജീവിതത്തിലെ ഓരോ നിമിഷവും എന്നെനിക്കറിയാം. ഈ അനുഗ്രഹങ്ങളാണ് ഈണങ്ങളായി മാറുന്നത്. കാരണം ഓരോ സൃഷ്ടിയുടെ ഇടയിലും ഇനി എങ്ങോട്ട് തിരിയണമെന്നറിയാതെ നില്‍ക്കുന്ന സന്ദര്‍ഭങ്ങളിലെല്ലാം പുതിയ ഈണങ്ങള്‍ എന്നെ തേടി എത്താറുണ്ട്. ആ വഴികള്‍ എന്‍റെ ഗുരുക്കന്മാരാണ് എനിക്ക് കാട്ടിത്തരുന്നത് എന്നാണെന്‍റെ വിശ്വാസം.

ഇന്നത്തെ റിയാലിറ്റി ഷോകളിലൂടെ ഇത്തരം ഗുരു-ശിഷ്യബന്ധം സാധ്യമാണോ? ക്യാമറയ്ക്കു മുന്നിലുള്ള ഉപദേശത്തിനപ്പുറത്തേക്ക് ഇവ വളരുന്നുണ്ടോ?
ഇന്ന് റിയാലിറ്റി ഷോ എന്നത് വലിയൊരു ഫ്ളാറ്റ്ഫോമാണ്. ഞാന്‍ ഫ്ളവേഴ്സ് ടി.വി. ഒരുക്കിയ ടോപ് സിംഗറിലൂടെ കുഞ്ഞുങ്ങള്‍ക്ക് ഒപ്പമാണിപ്പോള്‍. ഈ കുഞ്ഞുങ്ങളുടെ കഴിവുകള്‍ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നുണ്ട്. ചാനലിന്‍റെ റേറ്റിംഗിനപ്പുറം നല്ല പാട്ടുകാരായി ആ കുരുന്നുകളെ രൂപപ്പെടുത്തിയെടുക്കാനുള്ള ഈ സപര്യ 8, 9 മാസം നീളുന്ന പ്രയാണമാണ്. ഭാവിയില്‍ നല്ല സംഗീതജ്ഞരായി മാറും എന്നുറപ്പുള്ള ഈ വേദിയില്‍ എന്താണ് ഗുരു-ശിഷ്യ ബന്ധമെന്നും എന്താണ് ശരിയായ സംഗീതമെന്നും മുന്നോട്ടുള്ള സംഗീത ജീവിതത്തില്‍ ഉപകാരമാകുന്ന നിര്‍ദ്ദേശങ്ങളും നല്‍കാറുണ്ട്. എന്‍റെ ഭാഗം ഞാന്‍ ചെയ്യുന്നത് സ്നേഹോദരമായി എന്‍റെ ഗുരുക്കന്മാരെ സ്മരിച്ചുകൊണ്ടാണ്. എന്‍റെ അനുഭവത്തിലൂടെ ഞാന്‍ മനസ്സിലാക്കിയവയും എന്‍റെ ഗുരുക്കന്മാര്‍ എനിക്ക് നല്‍കിയ അറിവും നല്‍കാന്‍ സര്‍വ്വാത്മനാ തയ്യാറായിക്കൊണ്ടാണ് ഇത്തരം മറുപടികളേറ്റെടുക്കുന്നത്. എന്‍റെ കര്‍ത്തവ്യം നല്ല രീതിയില്‍ നിറവേറ്റാന്‍ ആകുന്നുണ്ടെന്നാണ് എന്‍റെ വിശ്വാസം.

‘ഒന്നു വരാമോ ഈശോയെ’ പാടി ശ്രേയക്കുട്ടി അടക്കം നിരവധി ഗായകര്‍ മലയാളികളുടെ മനസ്സില്‍ ഇടം നേടാന്‍ കാരണമായ സംഗീതജ്ഞനാണ് അങ്ങ്. ഗുരുവിനടുത്ത ആത്മസംതൃപ്തി അനുഭവിക്കാനാവുന്നുണ്ടോ?
തീര്‍ച്ചയായും ഏറ്റവും അധികം സന്തോഷം അനുഭവിച്ചിട്ടുള്ളത് എന്‍റെ പാട്ടുകള്‍ ഞാന്‍ പഠിപ്പിച്ച അനിയത്തിമാരും അനിയന്മാരുമായിട്ടുള്ള പ്രിയപ്പെട്ടവര്‍ക്ക് അവാര്‍ഡുകള്‍ കിട്ടിയപ്പോഴാണ്. ‘കോലക്കുഴി വിളി കേട്ടോ’ എന്ന പാട്ടിന് വിജയ് യേശുദാസിനും ശ്വേത മോഹനനും ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് ലഭിച്ച നിമിഷം ഇന്നും ഓര്‍മ്മയിലുണ്ട്. സംഗീത സംവിധാനത്തിന് എനിക്കും അവാര്‍ഡുണ്ടായിട്ടും അതിനേക്കാള്‍ അഭിമാനിച്ചത് ഇവരുടെ അവാര്‍ഡിനെ പ്രതിയാണ്. ദാസ് സാറിന്‍റെ മകനും സുജ ചേച്ചിയുടെ മകളും മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തപ്പെടാന്‍ ഞാന്‍ കാരണമായി എന്നത് ചെറിയ കാര്യമല്ല. അവര്‍ക്ക് ഞാന്‍ ഗുരുസ്ഥാനത്തായിരുന്നു. പറഞ്ഞുകൊടുത്ത് പഠിപ്പിച്ച് പാടിക്കുകയായിരുന്നു. പില്‍ക്കാലത്ത് മഞ്ജരി, രാജലക്ഷ്മി, സിത്താര, മൃദുല വാര്യര്‍, വൈക്കം വിജയലക്ഷ്മി, സുധീപ് കുമാര്‍, മധു ബാലകൃഷ്ണന്‍ ഇവരൊക്കെ അവാര്‍ഡിനര്‍ഹരായത് എന്‍റെ പാട്ടുകളിലൂടെയാണ്. ഗുരുവിനടുത്ത, ഏട്ടനടുത്ത സ്നേഹത്തോടെയാണ് ഇന്നും അവരൊക്കെ എന്നെ സമീപിക്കുന്നത്. ആ ഗുരു സ്ഥാനത്തിന് ഞാനേറെ സന്തോഷിക്കുന്നുമുണ്ട്. ശ്രേയക്കുട്ടിയുടെ കാര്യം, ‘മേലെ മാനത്തെ ഈശോയെ’ എന്ന പാട്ട് ചെയ്തപ്പോള്‍ ഒരു കുഞ്ഞിന്‍റെ സത്യസന്ധവും നിഷ്കളങ്കവുമായ ഭക്തിയുള്ള ശബ്ദത്തില്‍ ഇത് പാടണം എന്ന് എനിക്ക് വ്യക്തതയുണ്ടായിരുന്നു. ഈ ദുഷിച്ച ലോകത്ത് ഭക്തിമാത്രമാണ് നമ്മുടെ രക്ഷയ്ക്കുള്ളത്. കുഞ്ഞിന്‍റെ ശബ്ദത്തിലുള്ള പാട്ടിലൂടെ എത്ര കരിങ്കല്‍ ഹൃദയത്തേയും കുഞ്ഞിന്‍റെ നിഷ്കപടമായ നിഷ്കളങ്കമായ ശബ്ദം കൊണ്ട് ഭക്തിയുടെ തലത്തിലേക്ക് ഉയര്‍ത്താന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. God എന്ന പാട്ടുസമാഹാരം തന്നെ ആ ആശയത്തില്‍ നിന്നാണ് ചെയ്തിരിക്കുന്നത്. ശ്രേയക്കുട്ടി തീര്‍ ച്ചയായും നാളത്തെ വാനംപാടി തന്നെയാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

‘ഈ സ്വരമേഴിലും യേശുനാഥാ നിന്നെ കണ്ടു’ ദേവാലയങ്ങളില്‍ ഇപ്പോഴും അങ്ങയുടെ ഈണം മുഴങ്ങുന്നു . അങ്ങയുടെ ദേവാലയ സംഗീതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട്?
ദേവാലയം ദേവന്‍റെ ആലയമല്ലേ? സര്‍വ്വശക്തനും നമ്മുടെ കാരണഭൂതനുമിവിടെയാണ് എന്നതിന്‍റെ തിരിച്ചറിവാണ് ഉണ്ടാകേണ്ടത്. അപ്പോള്‍ ദേവാലയ സംഗീതം അവിടത്തേക്കുള്ള പ്രകീര്‍ത്തനങ്ങളും യാചനകളും ആകണം എന്നാണ് എന്‍റെ കാഴ്ചപ്പാട്. മഴയിലും വെയിലിലും ഇരവിലും പകലിലും കാണുന്ന എല്ലാറ്റിലും ഈശ്വരനെ ദര്‍ശിക്കാന്‍ കഴിയണം. അടുത്ത തലമുറയെപ്പോലും ഉദ്ബോധിപ്പിക്കാന്‍, ആരാണ് ദൈവം എന്ന് അവരെ ബോദ്ധ്യപ്പെടുത്താന്‍ സഹായിക്കുന്നതാവണം ദേവാലയ സംഗീതം. കച്ചവടതലങ്ങള്‍ ഈ ലക്ഷ്യത്തിന് തടസ്സമാകരുത്. പൂര്‍ണ്ണമായി നമ്മെ ദൈവത്തിന്‍റെ കാല്‍ക്കല്‍ സമര്‍പ്പിക്കാന്‍ സഹായിക്കുന്നതാകണം ദേവാലയ സംഗീതങ്ങള്‍. ഭക്തിയെന്ന വികാരത്തിലൂന്നിയ ഗാനങ്ങള്‍ മാത്രമാണ് ദേവാലയത്തില്‍ ആലപിക്കപ്പെടേണ്ടത്. സംഗീതം നമുക്കു തരുന്ന ദൈവത്തിന്‍റെ മുന്നിലാണ് സംഗീതത്തെ നമ്മള്‍ സമര്‍പ്പിക്കുന്നത്. ആ ഒരു ബോദ്ധ്യത്തില്‍ നിന്നാവണം ഗാനങ്ങള്‍ ചിട്ടപ്പെടുത്തപ്പെടേണ്ടത്.

നിരവധി തവണ മികച്ച സംഗീതത്തിനുള്ള സംസ്ഥാന അവാര്‍ഡുകള്‍, ദേശീയ പുരസ്കാരം ഇവയെല്ലാം ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ടോ?
ഈ അവാര്‍ഡുകള്‍ ആര് തരുന്നു എന്നാലോചിച്ചാല്‍ തീര്‍ച്ചയായും തരുന്നത് ഈശ്വരനാണ്. പ്രയത്നത്തിനുള്ള ഫലമാണത്. ഭഗവത്ഗീത പറയുന്നു ഫലം കണ്ടല്ല പ്രവര്‍ത്തിക്കേണ്ടത്. എല്ലാ മതങ്ങളിലും അത് പറയുന്നുണ്ട്. അവാര്‍ഡുകള്‍ കിട്ടും, കിട്ടണമെന്ന് കരുതിയല്ല പാട്ടുകള്‍ ചെയ്യുന്നതെങ്കിലും പുരസ്കാരങ്ങള്‍ ലഭിക്കുമ്പോള്‍ ഈശ്വരന്‍ നെറുകയില്‍ തൊട്ടനുഗ്രഹിക്കുന്ന ഒരു സന്തോഷമാണ് തരുന്നത്. സര്‍വ്വ കാരുണ്യങ്ങള്‍ പറയുന്നതു പോലെ അനുഭവപ്പെടും. നിനക്കീ ഫലം തന്നിരിക്കുന്നു, നീയിത് ഭക്ഷിക്കുക. പക്ഷേ നിന്‍റെ യാത്ര തുടരുക. ഇതുവരെ ചെയ്ത യാത്രയില്‍ നിന്ന് വ്യത്യസ്തമായി പുതിയ ഫലങ്ങളെ കണ്ടെത്താന്‍ സാധിക്കുന്ന തരത്തിലുള്ള യാത്രകളാണ് നിന്നില്‍നിന്ന് ഞാനാഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ഞാനിപ്പോഴും യാത്രയിലാണ്. സംഗീതത്തിന്‍റെ അനന്തവും ആനന്ദവുമായ വിപുലമായ പഥത്തിലൂടെയുള്ള യാത്രയിലാണ് ഞാന്‍. അത് അനുഭവിക്കാനുള്ള വലിയ ഭാഗ്യം എനിക്കുണ്ടെന്നാണ് എന്‍റെ വിശ്വാസം.

‘ഇന്നലെ എന്‍റെ നെഞ്ചിലെ മണ്‍വിളക്കൂതിയില്ലെ’, ‘അമ്മ മഴക്കാറിന് കണ്‍നിറഞ്ഞു’ എന്നൊക്കെ നനവാര്‍ന്ന ഈണത്തില്‍ പാടി കേള്‍ക്കുമ്പോള്‍, ബന്ധങ്ങളിലാഴം കാണുന്ന ഒരു വ്യക്തിയെയും ശ്രോതാക്കള്‍ തിരിച്ചറിയുന്നുണ്ട്. കുടുംബത്തെക്കുറിച്ച് ഒന്ന് പറയാമോ?
ഞാനെന്താണോ അതിന് കാരണം എന്‍റെ ഗുരുക്കന്മാരോടൊപ്പം എന്‍റെ മാതാപിതാക്കളുമാണ്. അച്ഛന്‍, ഇലക്ട്രിസിറ്റി ബോര്‍ഡില്‍നിന്നും ഡെപ്യൂട്ടി ചീഫ് എന്‍ജീനിയറായി റിട്ടയര്‍ ചെയ്തയാളാണദ്ദേഹം. അമ്മ തിരുവനന്തപുരത്ത് മംഗല്യ ബേക്കറി, മംഗല്യ കാറ്ററിങ്ങ് എന്നീ സ്ഥാപനങ്ങള്‍ നടത്തിയിരുന്നു. ഇന്നിവര്‍ രണ്ടുപേരുമില്ല. പക്ഷേ അനുഗ്രഹം കൊണ്ടും മനസ്സുകൊണ്ടും ഇന്നും അവര്‍ എന്നോടൊപ്പമുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരേ ഒരു സഹോദരനേ എനിക്കുള്ളൂ. അദ്ദേഹമിപ്പോള്‍ ജക്കാര്‍ത്തയില്‍ സീമെന്‍സ് എന്ന കമ്പനിയുടെ പ്രസിഡന്‍റാണ്. എന്‍റെ ഭാര്യ പ്രിയ എം.എ. മ്യൂസിക് കഴിഞ്ഞയാളാണ്. പക്ഷേ അമ്മ കൊളുത്തി വച്ച ദീപം കെടാതെ ഇന്ന് കൊണ്ടുനടക്കുന്നത് പ്രിയയാണ്. മംഗല്യ ബേക്കറിയുടെയും കാറ്ററിങ്ങിന്‍റെയും മേല്‍നോട്ടം ഇന്ന് പ്രിയയാണ് നിര്‍വ്വഹിക്കുന്നത്. ഞങ്ങള്‍ക്ക് രണ്ട് ആണ്‍മക്കളാണ്. മൂത്തമകന്‍ നന്ദഗോപന്‍ എന്‍ജീനിയറിംഗ് ഫൈനല്‍ ഇയറിന് പഠിക്കുന്നു. ഇളയയാള്‍ കാര്‍ത്തിക് ഗോപന്‍ പതിനൊന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ്. രണ്ടുപേര്‍ക്കും അല്‍പ്പസ്വല്പം സംഗീതവുമുണ്ട്.

തിന്മയ്ക്കു മേലെയുള്ള നന്മയുടെ വിജയമാണ് ക്രിസ്തുവിന്‍റെ ഉയിര്‍പ്പ്. തിന്മ വല്ലാതെ പെരുകി വരുന്ന ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ വിഭാഗീയതയുടെയും വേര്‍തിരിവിന്‍റെയും വല്ലാത്ത ഒരവസ്ഥ കേരളത്തെ ഭീതിയില്‍ ആഴ്ത്തുമ്പോള്‍ പ്രത്യാശിക്കാനു ള്ള കാരണമെന്താണ്?
ലോകം കണ്ട ഏറ്റവും വലിയ മനുഷ്യസ്നേഹിയാണ് യേശുദേവന്‍. ശരിയാണ് നല്ലതൊന്നും പ്രത്യാശിക്കാന്‍ പോലുമാകാത്ത വിധം കേരളം മാത്രമല്ല ലോകം മുഴുവന്‍ ഭീതിയിലാണ്. നിരുപാധികമായി പരസ്പരം സ്നേഹിക്കുക എന്നതായിരുന്നു യേശുദേവന്‍റെ മന്ത്രം. ലോകത്തില്‍ സമാധാനമുണ്ടാക്കാന്‍ നടക്കുന്ന ശ്രമങ്ങളുടെ അടിസ്ഥാനവും ഈ കല്‍പ്പനയാണ്. ഞാന്‍ ആഗ്രഹിക്കുന്നതും സ്വപ്നം കാണുന്നതും മനുഷ്യര്‍ തമ്മില്‍ പരസ്പരം വിധിക്കാത്ത, തന്നെപോലെ തന്നെ മറ്റുള്ളവരെ സ്നേഹിക്കാനും പരിഗണിക്കാനും പരസ്പരം തെറ്റുകള്‍ ക്ഷമിക്കാനും കഴിയുന്ന മനുഷ്യരുടെ ലോകമാണ്. എല്ലാവരും പരസ്പരം നല്ല അയല്‍ക്കാരനാകണം. മതത്തിന്‍റെയും ജാതിയുടെയും സ്ഥാനമാനങ്ങളുടെയും ഭാഷയുടെയും അതിരുകള്‍ക്കപ്പുറം മനുഷ്യരെ തമ്മില്‍ അടുപ്പിക്കുന്ന ഭാഷ സംഗീതമാണ്. ഈ സംഗീതത്തില്‍ വിശ്വസിക്കുന്ന ഒരു വ്യക്തി എന്ന നിലയില്‍ യേശുദേവന്‍ വിഭാവനം ചെയ്ത ഒരു സമാധാനമുള്ള ഒരു ലോകം സാധ്യമാകട്ടെ എന്നാണ് എന്‍റേയും ഈസ്റ്റര്‍ ആശംസ.

നല്ലൊരു ഗുരുവും, ശിഷ്യനും, സുഹൃത്തും, കുടുംബനാഥനുമായ, കുട്ടേട്ടനെന്ന് മലയാള സംഗീതലോകം സ്നേഹത്തോടെ വിളിക്കുന്ന, സമ്പൂര്‍ണ്ണ സംഗീതജ്ഞന്‍, എം. ജയചന്ദ്രന്‍ തന്‍റെ കാഴ്ചപ്പാടുകളെക്കുറിച്ച്, നിലപാടുകളെക്കുറിച്ച്, സംഗീതത്തി ലെയും ജീവിതത്തിലെയും മൂല്യ ങ്ങളെക്കുറിച്ച് പറഞ്ഞവസാനിപ്പി ച്ചതിങ്ങനെയാണ്. ഗുരുക്കന്മാര്‍ പറഞ്ഞു തന്ന വഴിയിലൂടെ മാത്രമേ സഞ്ചരിക്കാന്‍ ഞാനാഗ്രഹിക്കുന്നുള്ളൂ. ഒരു ക്രിസ്തുശിഷ്യനുണ്ടാവേണ്ട നിര്‍ബന്ധവും ഇതായിരിക്കണം. ഗുരുവിന്‍റെ വാക്കുകള്‍ കഴിയുന്നത്ര പാലിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ മാത്രമേ ക്രിസ്ത്യാനി എന്ന മേല്‍വിലാസത്തില്‍ അറിയപ്പെടാന്‍ നമുക്ക് യോഗ്യതയുള്ളൂ. നല്ല അനുഭവങ്ങളില്‍നിന്ന് നല്ല സംഗീതം കണ്ടെത്തുന്ന അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ ആഴമേറിയ ഈശ്വരാനുഭവം ഇനിയും ഏറെ ഉണ്ടാവട്ടെ. അവയെല്ലാം ഭക്തിരസമുള്ള ഈണങ്ങളായ് ദേവാലയങ്ങളെയും മനുഷ്യമനസ്സിനെയും സാന്ദ്രമാക്കട്ടെ.

തയ്യാറാക്കിയത് : മരിയ റാന്‍സം

Leave a Comment

*
*