Latest News
|^| Home -> Abhimukham -> കൂടുതല്‍ സ്നേഹിക്കാനും കൂടുതല്‍ സേവിക്കാനും

കൂടുതല്‍ സ്നേഹിക്കാനും കൂടുതല്‍ സേവിക്കാനും

പ്രാങ്കളിന്‍ എം

കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂര്‍ രൂപതയുടെ ബിഷപ്പായി റവ. ഡോ. ജോര്‍ജ് കാലായില്‍ സെപ്തംബര്‍ 21-ന് അഭിഷേകം ചെയ്യപ്പെടുന്നു. 2010-ല്‍ ബത്തേരി രൂപത വിഭജിച്ചു സ്ഥാപിക്കപ്പെട്ട പുത്തൂര്‍ രൂപതയുടെ പ്രഥമ ഇടയന്‍ ബിഷപ് ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നുള്ള ഒഴിവിലാണ് റവ. ഡോ. ജോര്‍ജ് കാലായില്‍ നിയമിതനാകുന്നത്. 1951-ല്‍ റാന്നിയില്‍ നിന്നു കര്‍ണാടകയിലേക്കു കുടിയേറിയതാണ് നിയുക്ത മെത്രാന്‍റെ കുടുംബം. 1958-ല്‍ ജനിച്ച ഡോ. കാലായില്‍ തിരുവല്ലയിലെ മൈനര്‍ സെമിനാരി പഠനശേഷം ഫിലോസഫി മംഗലാപുരത്തും തിയോളജി പൂന സെമിനാരിയിലും പൂര്‍ത്തിയാക്കി 1986 മെയ് 1-ന് വൈദികനായി. ദൈവശാസ്ത്രത്തില്‍ റോമില്‍നിന്ന് ഡോക്ടറേറ്റ് നേടി. തിരുവനന്തപുരം മലങ്കര മേജര്‍ സെമിനാരിയില്‍ പ്രൊഫസറായും വൈസ് റെക്ടറായും റെക്ടറായും പ്രവര്‍ത്തിച്ചു. പുത്തൂര്‍ രൂപത നിലവില്‍ വന്നതു മുതല്‍ വികാരി ജനറാളായിരുന്നു. 2010 ജനുവരി മുതല്‍ രൂപതയുടെ അഡ്മിനിസ്ട്രേറ്ററായി പ്രവര്‍ത്തിച്ചു വരുമ്പോഴാണ് ഇപ്പോള്‍ മെത്രാന്‍സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുന്നത്. നിയുക്ത മെത്രാനുമായി സത്യദീപം സീനിയര്‍ സബ് എഡിറ്റര്‍ ഫ്രാങ്ക്ളിന്‍ എം. നടത്തിയ അഭിമുഖത്തില്‍ നിന്ന്….

? പുത്തൂര്‍ രൂപതാധ്യക്ഷനായുള്ള ഈ പുതിയ നിയോഗത്തെ പിതാവ് എങ്ങനെ കാണുന്നു?
ഞാന്‍ എന്തായിരിക്കുന്നുവോ അത് ദൈവത്തിന്‍റെ കൃപയാലാണെന്ന് പൂര്‍ണമായും വിശ്വസിക്കുന്നു. ഏല്‍പിച്ചതില്‍ ഞാന്‍ വിശ്വസ്തനായിരുന്നു എന്നത് എന്‍റെ സമര്‍പ്പണത്തിലൂടെ എനിക്കു ബോധ്യമുണ്ട്. അല്പകാര്യങ്ങളില്‍ വിശ്വസ്തനായിരുന്നതിനാല്‍ അനേകകാര്യങ്ങള്‍ നിന്നെ ഞാന്‍ ഭരമേല്പിക്കും എന്ന വചനത്തില്‍ ഞാന്‍ വിശ്വസിക്കുന്നു. ഇനിയും കൂടുതല്‍ ചെയ്യാന്‍ ദൈവം എന്നെ ഏല്‍പിച്ചിരിക്കുന്നു എന്നാണു കരുതുന്നത്.

? മെത്രാനാകുമ്പോള്‍ സ്വീകരിക്കുന്ന ആപ്തവാക്യം?
“കൂടുതല്‍ സ്നേഹിക്കാനും കൂടുതല്‍ സേവിക്കുവാനും” (to love more, to serve more). യോഹന്നാന്‍ ശ്ലീഹയുടെ സുവിശേഷം 21:15-ല്‍ കര്‍ത്താവ് പത്രോസ് ശ്ലീഹയോടു ചോദിക്കുന്നുണ്ട്, നീ ഇവരേക്കാള്‍ കൂടുതലായി എന്നെ സ്നേഹിക്കുന്നുവോ എന്ന്. അങ്ങനെയെങ്കില്‍ എന്‍റെ ആടുകളെ മേയിക്കുക. അതുപോലെ വി. മര്‍ക്കോസിന്‍റെ സുവിശേഷം 9:35-ല്‍ നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ അവസാനത്തവനും എല്ലാവരുടേയും ശുശ്രൂഷകനുമായിരിക്കണം എന്ന വചനഭാഗവും എടുത്താണ് ആപ്തവാക്യം രൂപപ്പെടുത്തിയത്. മെത്രാന്‍സ്ഥാനം ഒരു പദവിയായിട്ടല്ല, ശുശ്രൂഷാ പൗരോഹിത്യത്തിന്‍റെ പൂര്‍ണതയിലേക്കുള്ള ഒരു വിളിയായിട്ടാണ് ഞാന്‍ കാണുന്നത്.

? ഈ ചിന്തകളുടെ വെളിച്ചത്തില്‍ പിതാവ് രൂപതയില്‍ ഊന്നല്‍ നല്‍കാനാഗ്രഹിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയാണ്?
സഭ, രൂപത എന്നൊക്കെ പറയുന്നത്, വെറുതെ ഒരു സംഘടനയല്ല, കര്‍ത്താവിന്‍റെ മൗതികശരീരത്തിന്‍റെ ഭാഗമാണ്.

മാമ്മോദീസ എന്ന കൂദാശയിലൂടെ നമുക്കു ലഭിക്കുന്ന ദൈവിക പുണ്യങ്ങളായ വിശ്വാസം, ശരണം, സ്നേഹം എന്നീ അടിസ്ഥാനങ്ങളാണ് ക്രൈസ്തവജീവിതം. അതില്‍ ആഴപ്പെടുക എന്നതാണു പ്രധാനം. നാം ജപമാല ചൊല്ലുമ്പോള്‍ ഈ പുണ്യങ്ങള്‍ക്കു വേണ്ടിയാണ് പ്രാര്‍ത്ഥിക്കുന്നത്. ആ പുണ്യങ്ങള്‍ വെറുതെ പ്രാര്‍ത്ഥിച്ചു കൂട്ടുന്നതല്ലാതെ, പലപ്പോഴും ഫലദായകമായി മാറുന്നില്ല. കൂടുതല്‍ നന്മയുടെ, സ്നേഹത്തിന്‍റെ പ്രവൃത്തികള്‍ വര്‍ദ്ധിച്ചു വരണം. അചഞ്ചലമായ ദൈവവിശ്വാസത്തില്‍ ശരണപ്പെടാനും കഴിയണം. ഇത്തരത്തില്‍ ആത്മീയതയ്ക്കു കൂടുതല്‍ ഊന്നല്‍ നല്‍കാനാണ് ഞാനാഗ്രഹിക്കുന്നത്. അതുപോലെ വിശ്വാസികളുടെ ശക്തീകരണം നമ്മുടെ ലക്ഷ്യമാണ്. വിദ്യാഭ്യാസ രംഗത്തും സഭയുടെ സാന്നിധ്യമുണ്ട്. 18 വൈദികര്‍ മാത്രമാണിപ്പോള്‍ രൂപതയില്‍ ഉള്ളത്. അതു വലിയ കുറവുതന്നെയാണ്. നാലു സന്യാസ സഭകളില്‍ നിന്നുള്ള ചെറിയഗണം സിസ്റ്റേഴ്സുമുണ്ട്.

? രൂപതയുടെ മറ്റു ഭൗതിക സാഹചര്യങ്ങള്‍….?
2010-ലാണല്ലോ ബത്തേരി രൂപത വിഭജിച്ച് പുത്തൂര്‍ രൂപത സ്ഥാപിക്കുന്നത്. ആരംഭത്തിന്‍റേതായ കുറവുകളുണ്ട്. കര്‍ണാടകയിലെ 9 സിവില്‍ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന രൂപതയിലെ വിശ്വാസികളില്‍ 99 ശതമാനവും കേരളത്തില്‍ നിന്നു കുടിയേറിയിട്ടുള്ളവരാണ്. 23 ഇടവകകളാണുള്ളത്. മലങ്കര-കത്തോലിക്കര്‍ക്കു പുറമെ സീറോ-മലബാര്‍, ലത്തീന്‍ സഭകളും യാക്കോബായ, ഓര്‍ത്തഡോക്സ് സഭകളും ഇവാഞ്ചലിക്കല്‍ സഭകളുമുണ്ട്. കന്നടയാണു സംസ്ഥാന ഭാഷയെങ്കിലും തുളു സംസാരിക്കുന്നവരും ധാരാളമു ണ്ട്. രൂപതയില്‍ ഇനിയും പല കാര്യങ്ങളും ചെയ്യാനുണ്ട്. ഭൗതികമായ ഉന്നതിക്കായി സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടെത്തണം. തദ്ദേശീയമായി അവ സ്വരൂപീക്കണമെന്നാണ് ആഗ്രഹം.

? വര്‍ഗീയവാദികളുടെയും മതമൗലികവാദികളുടെയും ഭീഷണികള്‍ നേരിടേണ്ടി വരുന്നുണ്ടോ?
വര്‍ഗീയമായി ചിന്തിക്കുന്നവരും മതമൗലിക ചിന്തകള്‍ പുലര്‍ത്തുന്നവരും ഇല്ലാതില്ല. പക്ഷെ അതു വലിയ പ്രശ്നമായി തോന്നിയിട്ടില്ല. കാരണം, നമ്മുടെ പ്രവൃത്തികള്‍ ഒരിക്കലും അത്തരക്കാര്‍ക്ക് എതിരല്ല. പിന്നെ എന്തെങ്കിലും കാരണങ്ങള്‍ കണ്ടെത്തി അതിനെതിരെ പ്രതികരിക്കുന്നവര്‍ ചെറിയ ന്യൂനപക്ഷമാണ്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി മതത്തെ ഉപയോഗപ്പെടുത്തുന്നതാണു പ്രശ്നം. ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവര്‍ മതസൗഹാര്‍ദ്ദം ആഗ്രഹിക്കുന്നവരാണ്. നമ്മുടെ സേവനങ്ങള്‍ അഭിലഷിക്കുന്നവരും അതിനെ അംഗീകരിക്കുന്നവരുമാണ് അവര്‍.

? ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ നേരിടുന്ന അതിക്രമങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു?
ഭാരതത്തിലെ ഭൂരിപക്ഷവും സൗഹാര്‍ദ്ദവും സമാധാനവും കാംക്ഷിക്കുന്നവരും അത്തരത്തില്‍ ജീവിക്കുന്നവരുമാണ്. എന്നാല്‍ ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മതന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ചുകൂടാ. സ്വാര്‍ത്ഥ താത്പര്യവും രാഷ്ട്രീയ ലക്ഷ്യങ്ങളും മതസ്പര്‍ദ്ധയ്ക്കു പിന്നില്‍ കാണാം. അതിക്രമങ്ങളോടുള്ള നമ്മുടെ സമീപനം സഹിഷ്ണുതയും സമാധാനവുമാണ്. നമ്മുടെ ഇടപെടലുകളിലൂടെ ഇതിനെ പ്രതിരോധിക്കാം. കുറച്ചുകാലം മുമ്പ് ഇവിടെ ചെറിയൊരു പ്രശ്നമുണ്ടായി. സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയത് പള്ളിയുടെ കൊടിമരത്തിലാണ്. അതിനെ ചില വര്‍ഗീയവാദികള്‍ വിമര്‍ശിച്ചു. അവര്‍ അതു വലിയ വിഷയമാക്കി. പക്ഷെ തികഞ്ഞ സംയമനത്തോടയാണ് ഞങ്ങള്‍ പ്രതികരിച്ചത്. കര്‍ണാടകയില്‍ പല ദിക്കുകളിലായി കഴിയുന്ന സഭാ മക്കള്‍ ഇക്കാര്യമറിഞ്ഞ് ഇങ്ങോട്ടു വരാന്‍ തയ്യാറായി. പക്ഷെ ഞങ്ങള്‍ നിരുത്സാഹപ്പെടുത്തി. ഈ വിഷയത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ വേണ്ടെന്നു നിര്‍ദ്ദേശിച്ചു. തദ്ദേശീയമായിത്തന്നെ പ്രശ്നം പരിഹരിച്ചു. ബിജെപി മന്ത്രി തന്നെ ഇടപെട്ടു പ്രശ്നം തീര്‍ത്തു. കൊടിമരത്തില്‍ പതാക ഉയര്‍ത്തിയതിനെ അദ്ദേഹം ന്യായീകരിച്ചു. ദേശത്തിനുള്ള അംഗീകാരമായിട്ടാണ് അതിനെ അദ്ദേഹം വിശേഷിപ്പിച്ചത്.

? കേരളസഭയെ എങ്ങനെ വിലയിരുത്തുന്നു?
കേരള സഭ വളരെ സജീവവും സമ്പന്നവുമാണ്. മിഷന്‍ പ്രദേശങ്ങളെ അപേക്ഷിച്ച് വളരെയധികം സുരക്ഷിതമായ സാഹചര്യങ്ങളും അവിടെയുണ്ട്. വിവിധ റീത്തുകളില്‍ സഹവസിക്കുന്ന കേരള സഭ ഇന്നത്തെപ്പോലെ ഐക്യത്തിലും സ്നേഹത്തിലും മുന്നോട്ടു പോകണം. അതു വലിയ സാക്ഷ്യമാണു നല്‍കുന്നത്. മിഷനിലുള്ള സഭകളെ സഹായിക്കാന്‍ കേരളത്തിലെ സഭയ്ക്കു കഴിയണം. സാമ്പത്തിക സഹായം മാത്രമല്ല ഉദ്ദേശിക്കുന്നത്. കേരളത്തില്‍ നിന്നു വൈദികര്‍ക്കും സിസ്റ്റേഴ്സിനും കടന്നുവരാനുള്ള ഒട്ടനവധി സാധ്യതകള്‍ മിഷനിലുണ്ട്. സാന്നിധ്യം കൊണ്ടും സാമ്പത്തിക സഹായം വഴിയും കേരളത്തിനു പുറത്തുള്ള കത്തോലിക്കാ രൂപതകളെ സഹായിക്കാനും പിന്തുണയ്ക്കാനും കേരള സഭയ്ക്കു കഴിയണം.

? സഭയുടെ ആഘോഷങ്ങളിലും വിശ്വാസികളുടെ ജീവിത ശൈലികളിലും വളരേണ്ട ലാളിത്യശൈലിയെക്കുറിച്ച്?
ഇക്കാര്യം ഞാന്‍ എപ്പോഴും പറയുന്നതാണ്. ആര്‍ഭാടവും ആഡംബരവും സഭയുടെ ശൈലിയാകരുത്. നമ്മുടെ തിരുനാളുകളും ആഘോഷങ്ങളുമെല്ലാം ആഡംബരത്തിന്‍റെ അതിരുകവിഞ്ഞ ധൂര്‍ത്തിന്‍റെ പൂരങ്ങളാകുന്നത് ഭൂഷണമല്ല. തിരുനാളിന്‍റെ ചൈതന്യം നിലനിറുത്തിക്കൊണ്ടുള്ള ആഘോഷമായിരിക്കണം ഉണ്ടാകേണ്ടത്. പക്ഷെ, പലപ്പോഴും ആഘോഷത്തിന്‍റെ നിയോഗശുദ്ധി കുറയുകയാണ്. ദൈവാനുഗ്രഹം കാശുകൊടുത്തു വാങ്ങാന്‍ കഴിയുന്നതല്ല. തിരുനാളുകളും മറ്റാഘോഷങ്ങളുമെല്ലാം ഹൃദയശുദ്ധിയോടെ, നിയോഗനിഷ്ഠയോടെ ആചരിക്കുമ്പോള്‍ അവിടെ അതിരുകടന്ന ആഡംബരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും പ്രസക്തിയില്ലാതാകും.

? മുന്‍ഗാമിയായ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് പിതാവുമായുള്ള ബന്ധങ്ങള്‍….?
2010-ല്‍ പുത്തൂര്‍ രൂപതയുടെ പ്രഥമ ബിഷപ്പായിട്ടാണ് ദിവന്ന്യാസിയോസ് പിതാവ് ചുമതലയേറ്റത്. ബത്തേരിയില്‍ നിന്നു പോരുമ്പോള്‍ പുതിയ രൂപതയ്ക്കായി അദ്ദേഹം ഒന്നും ചോദിച്ചുവാങ്ങിയില്ല. എല്ലാം സ്വയം ആര്‍ജ്ജിക്കണമെന്ന ചിന്തയായിരുന്നു. രൂപതയെ നയിക്കാനും വളര്‍ത്താനും അദ്ദേഹം ഏറെ പരിശ്രമിച്ചു. രൂപതയെ സ്വയംപര്യാപ്തതയിലെത്തിക്കാനുള്ള പദ്ധതികള്‍ ആവിഷ്ക്കരിച്ചു. ഇനിയും ഏറെക്കാലം അദ്ദേഹത്തിനു രൂപതയെ മുന്നോട്ടു നയിക്കാനാകും. പക്ഷെ ആരോഗ്യപ്രശ്നങ്ങളാല്‍ 2017 ജനുവരിയില്‍ അദ്ദേഹം വിരമിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ വികാരി ജനറലായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. പ്രാര്‍ത്ഥനയുടെ മനുഷ്യനാണ് പിതാവ്. എല്ലാവരുടെയും സ്നേഹിതനാണ്. എല്ലാവര്‍ക്കും അദ്ദേഹത്തെ ഇഷ്ടമാണ്. പുത്തൂരിലുള്ളത് “ഞങ്ങളുടെ ബിഷപ്പാണ്” എന്നാണ് ദിവന്നാസിയോസ് പിതാവിനെക്കുറിച്ച് എല്ലാവിഭാഗം ജനങ്ങളും പറയുന്നത്.

? പിതാവിന്‍റെ കുടുംബം, ദൈവവിളി…..?
റാന്നിയില്‍ നിന്ന് 1951-ല്‍ കുടിയേറിയതാണ് ഞങ്ങളുടെ കുടുംബം. ഞങ്ങള്‍ 7 മക്കളാണ്. അപ്പനുമമ്മയും ജീവിച്ചിരിപ്പില്ല. നാലാമത്തെ പുത്രനാണു ഞാന്‍. പള്ളിക്കാര്യങ്ങളിലും മറ്റും സഹകരിച്ചിരുന്നു. പത്താം ക്ലാസ് കഴിയുമ്പോള്‍ തിരുവല്ലയിലേക്കു പോകണമെന്നു വികാരിയച്ചന്‍ പറയുമായിരുന്നു. സെമിനാരിയില്‍ ചേരാനാണെന്ന് എനിക്കു മനസ്സിലായില്ല. സെമിനാരിയില്‍ ചേരാനും വൈദികനാകാനും പ്രേരണയും പ്രചോദനവുമായത് വികാരിയായിരുന്ന തോമസ് താന്നിക്കുഴി അച്ചനാണ്. അദ്ദേഹം ഇപ്പോള്‍ കോര്‍ എപ്പിസ്ക്കോപ്പയാണ്. സെമിനാരിയില്‍ ചേരുന്ന കാര്യം കൂട്ടുകാരുമായി പങ്കുവച്ചപ്പോള്‍ അവര്‍ കളിയാക്കി. പലതും പറഞ്ഞു പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. അതോടെ ആശയക്കുഴപ്പമായി. തിരുവല്ലയ്ക്കു പോകാതിരിക്കാനും സെമിനാരിയില്‍ ചേരാതിരിക്കാനും പത്താം ക്ലാസ്സില്‍ തോറ്റാല്‍ മതി എന്ന ഉപായവും കണ്ടെത്തി. പിന്നെ പത്താം ക്ലാസില്‍ തോല്‍ക്കാനായിട്ടായിരുന്നു പഠനം. പക്ഷെ റിസള്‍ട്ടു വന്നപ്പോള്‍ ഞാന്‍ വിജയിച്ചിരിക്കുന്നു. 282 മാര്‍ക്ക് — രണ്ടാം ക്ലാസ്സ് വിജയത്തിനു 18 മാര്‍ക്കു മാത്രം കുറവ്. ആ മാര്‍ക്ക് ഇന്നും ഞാന്‍ ഓര്‍ത്തിരിക്കുന്നു. കാരണം, ആ വിജയം ദൈവത്തിന്‍റെ പദ്ധതിയായിരുന്നുവെന്ന് എനിക്കു വ്യക്തമായി. പിന്നെ ഇതുവരെ എന്‍റെ ദൈവവിളിയെക്കുറിച്ച് എനിക്കൊരു സംശയവും തോന്നിയിട്ടില്ല. ദൈവത്തിന്‍റെ പരിപാലനയില്‍, അവിടുന്ന് എന്നെ ഭരമേല്‍പ്പിക്കുന്ന ശുശ്രൂഷകള്‍ വിശ്വസ്തതയോടെ നിര്‍വഹിക്കാന്‍ സാധിക്കുന്നു എന്ന വിശ്വാസവും ബോധ്യവും എനിക്കുണ്ട്.

Leave a Comment

*
*