Latest News
|^| Home -> Abhimukham -> “ദൈവത്തിന്‍റെ കരുണ സര്‍വത്ര ദാനം”

“ദൈവത്തിന്‍റെ കരുണ സര്‍വത്ര ദാനം”

Sathyadeepam

മലങ്കര സഭയുടെ ആസ്ഥാനമായ പട്ടം കാതോലിക്കേറ്റ് സെന്‍ററില്‍ കൂരിയാ ബിഷപ്പായി റവ. ഡോ. ജോണ്‍ കൊച്ചുതുണ്ടില്‍ അഭിഷേകം ചെയ്യപ്പെടുന്നു.  യൂറോപ്പിലെയും ഓസ്ട്രേലിയ, ന്യൂസിലന്‍റ്  രാജ്യങ്ങളിലെയും മലങ്കര കത്തോലിക്കാ വിശ്വാസികളുടെ അപ്പസ്തോലിക വിസിറ്റേറ്ററായും അദ്ദേഹത്തിന് ചുമതല നല്കിയിട്ടുണ്ട്. നിയുക്ത മെത്രാനുമായി സത്യദീപം ചീഫ് എഡിറ്റര്‍ നടത്തിയ അഭിമുഖം.

? പിതാവിന്‍റെ കുടുംബം, മാതാ പിതാക്കള്‍, ദൈവവിളി….?
എന്‍റെ വീട് ഒരു സാധാരണ കുടുംബമാണ്. അപ്പന് 98 വയസ്സായി.. 2013-ല്‍ അമ്മ മരിച്ചുപോയി. മൂത്ത രണ്ടു സഹോദരങ്ങളുണ്ട്. അതില്‍ ഒരാള്‍ ബഥനി സഭയില്‍ സിസ്റ്ററാണ്. എനിക്കു താഴെ മൂന്നു പേരുണ്ട്. അതില്‍ ഇളയ സഹോദരന്‍ അച്ചനാണ് ഫാ. ജോണ്‍സണ്‍ കൊച്ചുതുണ്ടില്‍. അദ്ദേഹം തിരുവനന്തപുരം അതിരൂപതയില്‍ സേവനം ചെയ്യുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പോഴാണ് ദൈവവിളിയെക്കുറിച്ചുള്ള ചിന്തവരുന്നത്. എന്‍റെ പിതാവിന്‍റെ സഹോദരനാണ് വൈദികനാകാന്‍ പ്രേരിപ്പിച്ചത്. പള്ളിയില്‍ പോകുന്നതും സണ്‍ഡേസ്കൂളില്‍ പോകുന്നതും താത്പര്യമുള്ള കാര്യമായിരുന്നു. അത് മുടങ്ങാതെ ചെയ്യുമായിരുന്നു. വീട്ടിലും ഭക്തിനിറഞ്ഞ അന്തരീക്ഷമായിരുന്നു. കാലം ചെയ്ത ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയാണ് എന്നെ സെമിനാരിയില്‍ എടുത്തത്.

? മെത്രാനാകുമ്പോള്‍ സ്വീകരിക്കുന്ന ആപ്തവാക്യം എന്താണ്?
“ദൈവത്തിന്‍റെ കരുണ സര്‍വത്ര ദാനം” എന്നതാണ്. ദൈവത്തിന്‍റെ ദാനത്തില്‍ വിശ്വസിക്കുന്നവനാണു ഞാന്‍. അല്ലെങ്കില്‍ ഞാന്‍ ഒന്നുമാകില്ല എന്നെനിക്ക് ഉറപ്പുണ്ട്.

? ദൈവത്തിന്‍റെ കരുണ അനുഭവിച്ചറിഞ്ഞ എന്തെങ്കിലും അനുഭവം….?
എന്‍റെ ജീവിതസാഹചര്യം മുഴുവന്‍ അതായിരുന്നു. ഞാന്‍ പഠനത്തില്‍ വലിയ കഴിവുള്ളവനായിരുന്നില്ല. സര്‍ക്കാര്‍ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. എന്‍റെ വീട്ടിലെ സാമ്പത്തിക സ്ഥിതി അങ്ങനെയായിരുന്നു. പിന്നീട് ഓരോ തലത്തില്‍ വളര്‍ച്ചയുണ്ടാകുകയായിരുന്നു. കേരളയൂണിവേഴ്സിറ്റിയില്‍ ബി.എ മലയാളത്തില്‍ എനിക്ക് ഒന്നാം റാങ്കുകിട്ടി. അതു ദൈവത്തിന്‍റെ കരുണയുടെ വലിയ അടയാളമല്ലേ? ഒന്നുമല്ലാതിരുന്ന എന്നെ വൈദിക പദവിലേക്കു കൊണ്ടുവന്നു. ഓരോ സ്ഥാനങ്ങള്‍ നല്‍കി. ഇതൊന്നും എന്‍റെ നേട്ടമായി കാണാന്‍ പറ്റില്ല.

? കൂരിയ മെത്രാന്‍ എന്ന നിലയില്‍ പിതാവിന്‍റെ ഉത്തരവാദിത്വങ്ങളും ചുമതലകളും എന്തായിരിക്കും?
കൂരിയായില്‍ ഞാന്‍ വൈസ് ചാന്‍സലറായി ഏറെനാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഞാന്‍ പഠിച്ച സഭാ നിയമം എന്ന വിഷയം ഇതുമായി ബന്ധപ്പെട്ടതുമാണ്. മലങ്കര സഭയുടെ എല്ലാ രൂപതകളെയും ശ്രദ്ധിക്കുന്ന, പരിഗണിക്കുന്ന ഒരു വിശാലമായ കാഴ്ചപ്പാടാണു കൂരിയാ മെത്രാനു വേണ്ടത്. എല്ലാ രൂപതകള്‍ക്കും എല്ലാ പിതാക്കന്മാര്‍ക്കും സഹായകമായ രീതിയില്‍ അഡ്മിനിസ്ട്രേഷന്‍ ക്രമീകരിക്കണം. മേജര്‍ ആര്‍ച്ചുബിഷപ്പിന്‍റെ വലംകൈയായി നിന്ന് സഭയുടെ പൊതുനന്മയും സാക്ഷ്യവും ഉറപ്പുവരുത്തണം. സിനഡല്‍ കമ്മീഷനുകളെ ശക്തിപ്പെടുത്തുക എന്നത് മറ്റൊരു ദൗത്യമാണ്. ഇതര സഭകളോടും മറ്റു സമൂഹത്തോടും ഉള്ള ബന്ധങ്ങളും കാത്തുസൂക്ഷിക്കണം.

? മലങ്കര സഭയടെ മേജര്‍ ആര്‍ച്ചുബിഷപ് ക്ലിമ്മിസ് പിതാവുമായുള്ള അങ്ങയുടെ ബന്ധവും അടുപ്പവും…?
ഞങ്ങള്‍ വലിയ സുഹൃത്തുക്കളാണ്. ഞങ്ങള്‍ ഒരുമിച്ചാണ് ആലുവ സെമിനാരിയില്‍ ഫിലോസഫി പഠിച്ചത്. എന്‍റെ ഒരു വര്‍ഷം ജൂനിയറാണ്. പക്ഷെ വലിയൊരു ആത്മബന്ധം അന്നുണ്ടായിരുന്നു. റോമിലും ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. ആ ബന്ധം അന്നും ഇന്നും തുടരുന്നു. അദ്ദേഹം പല ഉത്തരവാദിത്വങ്ങളും എന്നെ ഏല്‍പിച്ചിട്ടുണ്ട്. മേജര്‍ സെമിനാരിയുടെ റെക്ടറാക്കി, ചാന്‍സലറാക്കി, സിബിസിഐയില്‍ കോര്‍ ടീമിന്‍റെ കോര്‍ഡിനേറ്ററാക്കി, ഗുഡ്ഗാവ് രൂപതയുടെ വികാര്‍ ജനറലായി… ഇതൊക്കെ അദ്ദേഹത്തിന്‍റെ എന്നെക്കുറിച്ചുള്ള താത്പര്യവും ചിന്തകളുമാണെന്നു വിശ്വസിക്കുന്നു.

? ക്ലിമ്മിസ് പിതാവിന്‍റെ സാന്നിധ്യം അങ്ങയുടെ പ്രവര്‍ത്തനങ്ങളെ എത്രമാത്രം സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തിട്ടുണ്ട്?
അദ്ദേഹത്തിന്‍റെ കൂടെ പ്രവര്‍ത്തിക്കാന്‍ നമുക്ക് എളുപ്പമാണ്. അദ്ദേഹത്തിന് ഒരു സ്പീഡുണ്ട്, ടൈമുണ്ട്. വിശാലമായ മനസ്സുണ്ട്. എനിക്കും ഏതാണ്ട് അതേ പ്രകൃതമാണ്. വിശാലമായ മനസ്സിനുടമയായ പിതാവ് ജാതിയോ റീത്തുകളോ രൂപതകളോ ഒന്നും നോക്കാറില്ല. അതിനപ്പുറം ചിന്തിക്കാനുള്ള കാഴ്ചപ്പാടുണ്ട്.

? പിതാവ് പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം മൂന്നു റീത്തുകളും വളരെ സജീവമായി ഒരുമിച്ചു വരുന്ന പ്രദേശം കൂടിയാണ്. ഈ മൂന്നു റീത്തുകളും തമ്മിലുള്ള ബന്ധം എങ്ങനെയാണ്?
കാലാകാലങ്ങളില്‍ ഈ മൂന്നു റീത്തുകളും തമ്മില്‍ ഇവിടെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. അതാണു ഞങ്ങളുടെ വിജയം. പല ആഘോഷങ്ങളും ഞങ്ങള്‍ ഒരുമിച്ചാണു നടത്തുക. ഞാന്‍ പാളയത്ത് ബസിലിക്ക റെക്ടറായിരുന്നു. മൂന്നു പള്ളികളാണ് അവിടെ പ്രധാനപ്പെട്ടത്. പാളയം സെന്‍റ് ജോസഫ് ലാറ്റിന്‍ കത്തീഡ്രല്‍, ലൂര്‍ദ്ദ് ഫൊറോന പള്ളി, പാളയം സെന്‍റ് മേരീസ് ബസിലിക്ക. ഇവിടത്തെ മൂന്നു വികാരിമാര്‍ ഒരു ഹൃദയത്തോടെയാണു പ്രവര്‍ത്തിച്ചത്. ജപമാല പ്രദക്ഷിണം, കുരിശിന്‍റെ വഴി തുടങ്ങിയവ ഒന്നിച്ചു നടത്തുന്നു. സാമൂഹ്യമേഖലയിലും ഒന്നിച്ചു നില്‍ക്കുന്ന സാക്ഷ്യമായിരുന്നു നല്‍കിയത്. ആ സാക്ഷ്യം തുടരാന്‍ ഇന്നും ആ ബന്ധങ്ങള്‍ അതുപോലെ നില്‍ക്കുന്നുണ്ട്.

? കേരളത്തിന്‍റെ തലസ്ഥാന നഗരിയില്‍ ജീവിക്കുന്ന വ്യക്തി എന്ന വിധത്തില്‍ കേരളത്തിലെ ഇപ്പോഴത്തെ ആനുകാലിക സാമൂഹ്യ-രാഷ്ട്രീയ സാഹചര്യങ്ങളെ പിതാവ് എങ്ങനെയാണ് വിലയിരുത്തുന്നത്?
രാഷ്ട്രീയ നേതാക്കളുമായി ഞങ്ങള്‍ വളരെ നല്ല ബന്ധത്തിലാണ്. ഭരണകൂടങ്ങള്‍ മാറി വരുന്നുണ്ടെങ്കിലും ഈ ബന്ധത്തിന് ഒരു കുറവുമില്ല. അതു വ്യക്തിബന്ധമാണ്; രാഷ്ട്രീയ ബന്ധമല്ല. കര്‍ദിനാള്‍ തിരുമേനിയും മുന്‍പുള്ള തിരുമേനിമാരും അതുതന്നെയാണ് കാത്തു സൂക്ഷിച്ചിരുന്നത്. ക്രിയാത്മകമായ ഇടപെടലിന് ഈ വ്യക്തിബന്ധങ്ങള്‍ വളരെ സഹായിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ സഭയ്ക്കോ സമൂഹത്തിനോ എതിരായിട്ടുള്ള സര്‍ക്കാര്‍ നയങ്ങളോ വ്യക്തികളുടെ താത്പര്യങ്ങളോ വരുമ്പോള്‍ വളരെ ശക്തമായി പറയാന്‍ നമുക്കു സാധിക്കുന്നുണ്ട്. അവരുമായി സംവാദം നടത്താന്‍ സാധിക്കുന്നുണ്ട്.

? മലങ്കര സഭ വളരെ ന്യൂനപക്ഷമായ സഭയാണെങ്കിലും മറ്റു സഭാസമൂഹങ്ങളുമായി കൈ കോര്‍ക്കുകയും ഭംഗിയായി മുന്നോട്ടു പോകുകയും ചെയ്യുന്ന മനോഹാരിത മലങ്കര സഭയില്‍ കാണാം….
ഞങ്ങളുടെ വൈദികര്‍ക്കു കിട്ടിയിരിക്കുന്ന പരിശീലനത്തിന്‍റെ ഭാഗമാണത്. ഞങ്ങളുടെ ഫോര്‍മേഷനില്‍ ഒരു മിഷന്‍ ഫോര്‍മേഷന്‍ എപ്പോഴും കിട്ടുന്നുണ്ട്. വളരെ കുറച്ചുപേരെ ഉള്ളൂവെങ്കിലും ഞങ്ങളുടെ വൈദികര്‍ വളരെ ആക്ടീവാണ്. ആളുകളുടെ ഇടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കാനുള്ള നല്ല മനസ്സുണ്ട്. ഭവനസന്ദര്‍ശനത്തിന് സമയം കണ്ടെത്തുന്നു. വളരെ കുറച്ചു വീടുകളേയുള്ളൂ എന്നതുകൊണ്ട് അതിനു സൗകര്യമുണ്ട്. അച്ചന്മാര്‍ തമ്മിലും ഐക്യമുണ്ട്. പിതാക്കന്മാരുമായി നല്ല ബന്ധവുമുണ്ട്. ഇതൊക്കെയാണ് ഞങ്ങളുടെ പ്രവര്‍ത്തനത്തെ ശക്തമാക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ എല്ലായിടത്തും ഒരു കുടുംബാന്തരീക്ഷം നിലനില്‍ക്കുന്നു.

? കൂരിയാ ബിഷപ് എന്ന വിധത്തില്‍ ജനങ്ങളുമായുള്ള അജപാലന ബന്ധത്തിന്‍റെ സാധ്യത പിതാവിന് കുറയുകയാണ്. ഒരു രൂപതാധ്യക്ഷന്‍ ജനങ്ങളുമായി സംവദിക്കുന്ന തരത്തില്‍ ഒരു ബന്ധം പിതാവിന് ജനങ്ങളുമായി ഉണ്ടാകണമെന്നില്ല….
എന്നെ സംബന്ധിച്ച് തിരുവനന്തപുരം പട്ടണം എന്നു പറയുന്നത്, പത്തു മുപ്പത്താറു വര്‍ഷത്തെ കര്‍മ്മരംഗമാണ്. ഇവിടെ അപരിചിതരായി എനിക്ക് അധികം പേരില്ല. അതുകൊണ്ട് ഇവിടത്തെ ജനങ്ങളുമായുള്ള ബന്ധം സ്വന്തമായി ഒരു രൂപതയുടെ അധികാരത്തിലല്ലെങ്കിലും നിലനില്‍ക്കുന്നുണ്ട്. മറ്റൊന്ന്, എനിക്ക് അപ്പസ്തോലിക് വിസിറ്റേറ്റര്‍ എന്ന തസ്തികകൂടിയുണ്ട്. മലങ്കര സമൂഹം, യുകെയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഓഷ്യാനയിലും ഉണ്ട്. എന്‍റെ അജപാലന മേഖല അവിടെ ഉള്ളതു കൊണ്ട് എനിക്കത് ക്രമീകരിക്കാന്‍ സാധിക്കും. അവിടെ അധികാര തലത്തിലും ഇവിടെ അനൗദ്യോഗികമായും അജപാലനം നടത്താന്‍ സാധിക്കും.

? സഭയില്‍ വളരേണ്ട അല്മായ ആഭിമുഖ്യത്തെക്കുറിച്ച് എന്താണു പറയാനുള്ളത്?
സഭയുടെ ഭരണമേഖലയിലും പ്രവര്‍ത്തന മേഖലയിലും അല്മായരെ കൂടുതല്‍ ശക്തീകരിക്കണം എന്നു ചിന്തിക്കുന്ന വ്യക്തിയാണു ഞാന്‍. നമ്മുടെ കാനന്‍ ലോയില്‍ കുറച്ചു പ്രൊവിഷന്‍സ് ഒക്കെയുണ്ട്. അതൊക്കെ അവര്‍ക്ക് കൊടുക്കണം. ഞങ്ങളുടെ സഭ വളര്‍ന്നത് സത്യത്തില്‍ അല്മായരുടെ ശക്തികൊണ്ടാണ്. ഞങ്ങളുടെ അച്ചന്മാര്‍ പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഞങ്ങളുടെ ഉപദേശിമാര്‍ തെക്കന്‍ പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിന്‍റെ ഫലമാണ് ഇന്നു കാണുന്ന മിഷനുകളെല്ലാം.

? അല്മായരുടെ സഭയിലെ സാന്നിധ്യത്തിന്‍റെ മറ്റു മേഖലകള്‍ എന്തൊക്കെയാകാം..?
നമ്മുടെ സഭാ കോടതികളിലെ ജഡ്ജിമാരില്‍ ഒരാളെ അല്മായരില്‍ നിന്നെടുക്കാം. നോട്ടറിയായി നിയമിക്കാം. പ്രൊക്കുറേറ്റര്‍ എന്ന പോസ്റ്റില്‍ കഴിവുള്ള അല്മായരെ കണ്ടെത്തി നിയമിക്കാം. അജപാലനസമിതിയിലും അവരുടെ ശക്തീകരണത്തിലൂടെ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും.

? പക്ഷെ കഴിവുള്ള പല അല്മായരും സഭാ സമിതികളിലോ തീരുമാനമെടുക്കേണ്ട ബോഡികളിലോ ഇന്നും വിരളമാണ്. അതിനുവേണ്ട നടപടികള്‍ ഉണ്ടാവേണ്ടതല്ലേ?
തീര്‍ച്ചയായും. ഞങ്ങളുടെ മേഖലയില്‍ അതിനു സാധിക്കും എന്നുതന്നെയാണ് എന്‍റെ ചിന്ത. സഭയുടെ പൊതു ചുമതലയില്‍ വന്നതുകൊണ്ട് ഈ വിഷയങ്ങള്‍ അവതരിപ്പിക്കാന്‍ എനിക്കു സാധിക്കുമെന്നു കരുതുന്നു.

? ഭാരതസഭയും പ്രത്യേകമായി കേരള സഭയും ഇന്ന് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രധാന വെല്ലുവിളികള്‍ എന്താണ്?
നമ്മുടെ സാക്ഷ്യത്തിന്‍റെ മേഖല കുറയുന്നു എന്നതാണ് പ്രധാന പ്രശ്നം. നമ്മുടെ ആഡംബരജീവിതത്തില്‍ ലാളിത്യം കുറഞ്ഞു പോയിരിക്കുന്നു. വൈദികരുടെ സാക്ഷ്യജീവിതവും വേണ്ടത്ര വരുന്നില്ല. പുറമെ നിന്നു നോക്കിയാല്‍ ഇന്നത്തെ രാഷ്ട്രീയ സാഹചര്യം നമുക്ക് അനുകൂലമല്ല. നമ്മുടെ വിശ്വാസം നമുക്ക് നന്നായി ജീവിക്കാമെങ്കില്‍, എല്ലാ ശക്തികളെയും കീഴടക്കാന്‍ നമുക്കു കഴിയും. സഭയില്‍ ഇന്നു മാത്രമല്ല, പ്രതിബന്ധങ്ങള്‍ ഉണ്ടായിരുന്നത്, എന്നും ഉണ്ടായിരുന്നു. സുവിശേഷജീവിതത്തിലൂടെ മാത്രമേ അതിനെ നേരിട്ടു മുന്നേറാനാവൂ. വെല്ലുവിളികളെ ഞാന്‍ ഭയപ്പെടുന്നില്ല. ദൈവവിളികള്‍ കുറയുന്ന കാലമാണ്. പക്ഷെ എല്ലാറ്റിനെയും സഭ അതിജീവിക്കുമെന്ന ശുഭാപ്തി വിശ്വാസമാണ് എനിക്കുള്ളത്.

? നമ്മുടെ സെമിനാരി പരീശീലനത്തെപ്പറ്റി എന്താണു പറ യാനുള്ളത്?
മക്കള്‍ കുറവുള്ള കുടുംബങ്ങളില്‍ നിന്നു വരുന്ന കുട്ടികള്‍ വളരെ സെന്‍സിറ്റീവാണ്. തങ്ങള്‍ക്കു നഷ്ടപ്പെടുന്നതെന്ത് എന്ന പ്രയോറിറ്റി അവര്‍ക്കു തിരിച്ചറിയാന്‍ കഴിയുന്നില്ല. ഏതാണു സഭയിലെ പ്രധാന വിഷയം എന്നത് അവരെ നന്നായി പരിശീലിപ്പിക്കണം. ഏതു പ്രതിസന്ധിയും നേരിടാനുള്ള ശക്തി ലഭിക്കാനുള്ള പരിശീലനവും നല്‍കണം. അവരെ കഠിനാദ്ധ്വാനികളാക്കാന്‍ പ്രേരിപ്പിക്കണം.

? ഫ്രാന്‍സിസ് പാപ്പയെക്കുറിച്ച്….?
യേശുവിനെ നോക്കി സംസാരിക്കുന്ന അദ്ദേഹത്തിന്‍റെ മാതൃക യേശുവാണെന്ന് എനിക്ക് ഉറപ്പാണ്. യേശു എന്ന വ്യക്തി എങ്ങനെ ജീവിച്ചു അതുപോലെ ജീവിക്കാനും അതിന്‍റെ പതിപ്പാകാനും മാര്‍പാപ്പ ആഗ്രഹിക്കുന്നു.

? മാര്‍പാപ്പയുടെ ലാളിത്യത്തോടും വ്യത്യസ്ത ചിന്താഗതിയോടും സഭയുടെ ഔദ്യോഗിക പക്ഷം വേണ്ടരീതിയില്‍ പ്രതികരിക്കുന്നുണ്ട് എന്നു അഭിപ്രായമുണ്ടോ?
എനിക്കു വ്യക്തമായ അറിവില്ല. പക്ഷെ, അദ്ദേഹത്തോടു വേണ്ടത്ര താത്പര്യമില്ലെന്നു ചില കോണുകളില്‍ നിന്നു കേള്‍ക്കുന്നുണ്ട്. അത് യേശുവിനോടും ഇല്ലായിരുന്നല്ലോ. മാര്‍പാപ്പ സഭയില്‍ ഉണ്ടാക്കിയെടുത്ത ചിത്രം ലോകജനതയ്ക്കുള്ളില്‍ വലിയ വെളിച്ചം നല്‍കിയിട്ടുണ്ടെന്നാണ് എന്‍റെ വിശ്വാസം. സഭയുടെ മുഖം അല്‍പം കൂടി പ്രകാശപൂര്‍ണമായി എന്നാണു ഞാന്‍ ചിന്തിക്കുന്നത്.

Leave a Comment

*
*