Latest News
|^| Home -> Abhimukham -> സഭയ്ക്ക് അല്മായരെ വേണം, അല്മായർക്കു സഭയെയും

സഭയ്ക്ക് അല്മായരെ വേണം, അല്മായർക്കു സഭയെയും

Sathyadeepam

ആഗോള കത്തോലിക്കാ സഭയിലെ പ്രമുഖ അല്മായ പ്രസ്ഥാനവും ജീവകാരുണ്യസംഘടനയുമായ സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റിയുടെ അന്തര്‍ദേശീയ പ്രസിഡന്‍റ് ജനറലാണ് റെനാറ്റോ ലിമ ഡി ഒലിവേരാ. ബ്രസീല്‍ സ്വദേശിയായ അദ്ദേഹം ഈയിടെ നടത്തിയ കേരള സന്ദര്‍ശനത്തിനിടെ, അദ്ദേഹവുമായി സത്യദീപം ചീഫ് എഡിറ്റര്‍ നടത്തിയ അഭിമുഖ സംഭാഷണത്തില്‍ നിന്ന്:

? താങ്കളുടെ കുടുംബവിശേഷങ്ങള്‍ അറിഞ്ഞുകൊണ്ടു സംഭാഷണം തുടങ്ങാമെന്നു വിചാരിക്കുന്നു….
സന്തോഷം. ഭാര്യ ആന്‍ഡ്രിയ. രണ്ടു മക്കള്‍, 16-ഉും 11-ഉം വയസ്സ്. ഞാന്‍ ബ്രസീലില്‍ ജേണലിസ്റ്റ് ആണ്. ടെലികമ്യൂ ണിക്കേഷന്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനമായ അനറ്റോള്‍ എന്ന ഏജന്‍സിയില്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റിലേഷന്‍സ് കൈകാര്യം ചെയ്യുന്ന വിഭാഗത്തിലാണ് എനിക്കു ജോലി. ഞങ്ങള്‍ ടെലികമ്യൂണിക്കേഷന്‍ രംഗത്തെ പുതിയ കാര്യങ്ങളെക്കുറിച്ചുള്ള പ്രതിവാര ബുള്ളറ്റിനുകള്‍ പുറത്തിറക്കുന്നു.

? 1986 മുതല്‍ താങ്കള്‍ വിന്‍സെന്‍റ്  ഡി പോള്‍ സൊസൈറ്റിയില്‍ സജീവമാണെന്ന് അറിയുന്നു. ഈ സംഘടനയില്‍ ചേരാന്‍ എന്തായിരുന്നു താങ്കള്‍ക്കു പ്രചോദനം?
അന്നു 16 വയസ്സ് പ്രായം. ആ സമയത്താണ് ഞാന്‍ സ്ഥൈര്യലേപനം സ്വീകരിച്ചത്. സ്ഥൈര്യലേപനം സ്വീകരിച്ച സാഹചര്യത്തില്‍ ഏതെങ്കിലും ഭക്തസംഘടനകളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ എനിക്കാഗ്രഹമുണ്ടെന്ന് അന്നത്തെ എന്‍റെ വികാരിയച്ചനോടു പറഞ്ഞു. പ്രാര്‍ത്ഥനയും സൗഹൃദവും പ്രവര്‍ത്തനവും ഉള്ള ഒരു സംഘടനയായിരിക്കണം അത് എന്ന എന്‍റെ താത്പര്യവും അദ്ദേഹത്തോടു പങ്കുവച്ചു. എങ്കില്‍ നിനക്കു യോജിക്കുക സൊസൈറ്റിയായിരിക്കും എന്ന് അദ്ദേഹമാണ് എന്നോടു പറഞ്ഞത്. അദ്ദേഹത്തിന്‍റെ പ്രേരണയാലാണ് ഞാന്‍ ഈ സംഘടനയില്‍ ചേര്‍ന്നത്. ഇപ്പോള്‍ 31-ാം വര്‍ഷത്തിലേയ്ക്കു പ്രവേശിച്ചിരിക്കുകയാണ്. പ്രസിഡന്‍റ് എന്ന നിലയില്‍ എന്‍റെ മോട്ടോ മാര്‍ക്കോസ് 9:35 ആണ്. “ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ അവസാനത്തവനും എല്ലാവരുടേയും ശുശ്രൂഷകനും ആകണം.”

? “ഒന്നിച്ചു സ്വപ്നം കാണുക” എന്ന് പ്രസിഡന്‍റ് സ്ഥാനമേറ്റതിനു ശേഷമുള്ള ആദ്യ പ്രസംഗങ്ങളിലൊന്നില്‍ താങ്കള്‍ പറഞ്ഞിരുന്നു. മറ്റുള്ളവരുടെ സ്വപ്നങ്ങളോടു തുറവ് പുലര്‍ത്തുന്നയാളാണ് താങ്കള്‍ എന്നര്‍ത്ഥം. പ്രസിഡന്‍റ് എന്ന നിലയില്‍ വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റിയെക്കുറിച്ചുള്ള താങ്കളുടെ വ്യക്തിപരമായ സ്വപ്നം എന്താണ്?
സൊസൈറ്റിയെക്കുറിച്ച് എനിക്കു നിരവധി സ്വപ്നങ്ങളുണ്ട്. ഞങ്ങളുടെ സ്ഥാപകനായ വാഴ്ത്തപ്പെട്ട ഫ്രെഡറിക് ഓസാനം ഒരു വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുക എന്നതാണ് ഒരു സ്വപ്നം. വളരെ പെട്ടെന്നു തന്നെ ആ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് എന്‍റെ മനസ്സു പറയുന്നത്. കാരണം, നാലു വ്യക്തികളുടെ കാര്യമാണ് ഇപ്പോള്‍ വത്തിക്കാന്‍ നാമകരണ കാര്യാലയത്തില്‍ പഠനവിധേയമായിക്കൊണ്ടിരിക്കുന്നത്. അതിലൊന്ന് ഓസാനാമാണ്. അത് ഞങ്ങളുടെ അംഗങ്ങളെല്ലാം വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു പ്രഖ്യാപനമാണ്.

? ഇപ്പോള്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനശൈലിയെന്താണ്? എത്ര രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്?
ഗൃഹസന്ദര്‍ശനങ്ങളാണ് ഞങ്ങളുടെ പ്രധാന പ്രവര്‍ത്തനം. പാവപ്പെട്ടവരെ അവരുടെ വീടുകളില്‍ ചെന്നു കാണുന്നു, സംസാരിക്കുന്നു, അവരുടെ സാമ്പത്തിക പ്രശ്നങ്ങള്‍ ചോദിച്ചു മനസ്സിലാക്കുന്നു. പള്ളിയില്‍ പോകാനും കൂദാശകള്‍ സ്വീകരിക്കാനും പ്രേരിപ്പിക്കുന്നു. ഒരു സഭാത്മക പ്രസ്ഥാനമായാണ് ഞങ്ങള്‍ നിലനില്‍ക്കുന്നത്. ഗൃഹസന്ദര്‍ശനങ്ങള്‍ക്കൊപ്പം മറ്റു പ്രവര്‍ത്തനങ്ങളുമുണ്ട്. വയോധികര്‍ക്കുള്ള അഭയഭവനങ്ങള്‍, കുട്ടികള്‍ക്കുള്ള സ്ഥാപനങ്ങള്‍, വിദ്യാലയങ്ങള്‍, ആതുരസേവനകേന്ദ്രങ്ങള്‍ തുടങ്ങിയവയും നടത്തുന്നു. എങ്കിലും ഗൃഹസന്ദര്‍ശനം നടത്തുന്നവരെന്നതാണ് ഞങ്ങളുടെ മുഖ്യമായ സവിശേഷത.

? യുവജനങ്ങള്‍ക്ക് നിങ്ങളുടെ സംഘടനയിലെ സ്ഥാനമെന്താണ്?
നല്ല സ്ഥാനമുണ്ട്. ഞാന്‍ യുവാവെന്ന നിലയില്‍ സൊസൈറ്റിയില്‍ ചേര്‍ന്നയാളാണല്ലോ. 16 വയസ്സിലാണ് ഞാന്‍ അംഗമാകുന്നത്. യുവജനങ്ങളെ സ്വീകരിക്കുക എന്നത് ഇപ്പോള്‍ ഞങ്ങള്‍ മുന്‍ഗണന നല്‍കുന്ന ഒരു വിഷയമാണ്. യുവജനങ്ങളുടെ പ്രത്യേക ചുമതല ഇപ്പോള്‍ ഒരാള്‍ക്കു നല്‍കിയിട്ടുണ്ട്.

? ലോകത്തിലെ ഏറ്റവും വലിയ ജീവകാരുണ്യസംഘടനയെന്ന നിലയില്‍ ദാരിദ്ര്യത്തെക്കുറിച്ചുള്ള നിങ്ങളുടെ നിര്‍വചനമെന്താണ്?
പല തരത്തിലുള്ള ദാരിദ്ര്യങ്ങളുണ്ട്. ലോകത്തിന്‍റെ മിക്ക ഭാഗങ്ങളിലുമുള്ള ഏറ്റവും രൂക്ഷമായ ദാരിദ്ര്യം ഭക്ഷണത്തിനും വസ്ത്രത്തിനും ജലത്തിനും പാര്‍പ്പിടത്തിനുമുള്ള ദാരിദ്ര്യം തന്നെയാണ്. എന്നാല്‍, ചില ഭാഗങ്ങളില്‍ അഭയാര്‍ത്ഥികളും കുടിയേറ്റക്കാരുമാണ് വലിയ പ്രശ്നം. തുറന്ന മനസ്സോടെ നമ്മള്‍ കാര്യങ്ങളെ നോക്കേണ്ടതുണ്ട്. അപ്പോള്‍ ആവശ്യങ്ങള്‍ മനസ്സിലാകും. ന്യൂയോര്‍ക്കില്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഞാന്‍ ഒരു ഗൃഹസന്ദര്‍ശനം നടത്തുകയുണ്ടായി. പ്രായമേറിയ ഒരു സ്ത്രീ ഒറ്റയ്ക്കു താമസിക്കുന്ന ഒരു ഭവനമായിരുന്നു അത്. പത്തു വര്‍ഷത്തിലേറെയായി താന്‍ കുമ്പസാരി ച്ചിട്ടില്ല എന്നു പറഞ്ഞ് അവര്‍ പൊട്ടിക്കരഞ്ഞു. അതായത്, പലതരം ദാരിദ്ര്യങ്ങളുണ്ട്. ഇവയോട് എല്ലാത്തിനോടും നമുക്കു തുറവ് വേണം. സാമ്പത്തികദാരിദ്ര്യമോ ആത്മീയദാരിദ്ര്യമോ മാത്രമല്ല ഉള്ളത്.

? കേരളത്തില്‍ ആദ്യമായാണല്ലോ വരുന്നത്. കേരളത്തിലെ സഭയെ കണ്ടതിനു ശേഷം എന്താണ് വിലയിരുത്തല്‍? ഏതു മേഖലയിലാണ് പോരായ്മകളുള്ളത്?
സൊസൈറ്റിയെ സംബന്ധിച്ചു പറഞ്ഞാല്‍ വളരെ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. ഏറ്റവും താഴെത്തട്ടിലുള്ള കോണ്‍ഫറന്‍സ് (ശാഖ) തലത്തില്‍ വളരെ സംഘടിതമായാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കോണ്‍ഫറന്‍സുകളും രൂപതാ കൗണ്‍സിലുകളും ഒന്നിച്ചു ചേര്‍ന്ന് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ധാരാളം നല്ല പദ്ധതികളുണ്ട്.

? സൊസൈറ്റിയില്‍ അംഗമായതിനു ശേഷം താങ്കള്‍ മൂന്നു മാര്‍പാപ്പമാരെ കണ്ടു. അവരുടെ സവിശേഷതകള്‍ താങ്കള്‍ ശ്രദ്ധിച്ചിട്ടുണ്ടാകണം. ഇപ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയിലൂടെ ആദ്യമായി നമുക്കൊരു ലാറ്റിനമേരിക്കന്‍ പോപ്പിനെയും ലഭിച്ചിരിക്കുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍റെ ജനകീയശൈലിയും ബെനഡിക്ട് പതിനാറാമന്‍റെ അല്‍പം യാഥാസ്ഥിതികമായ ശൈലിയും താങ്കള്‍ കണ്ടു. ഈ 3 പാപ്പാമാരെയും താങ്കള്‍ എപ്രകാരമാണു വിലയിരുത്തുന്നത്?
സഭയുമായി വളരെ മികച്ച ബന്ധമാണ് ഞങ്ങള്‍ക്കുള്ളത്. കാരണം, സഭയില്‍ നിന്നു നല്ല പിന്തുണ ലഭിക്കുമ്പോള്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം വളരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയെ ഞാന്‍ രണ്ടു തവണ സന്ദര്‍ശിച്ചു. തങ്ങളുടെ ഇടവകകളില്‍ സൊസൈറ്റിയുടെ നല്ല പ്രവര്‍ത്തനങ്ങള്‍ കണ്ടു പരിചയിച്ചതിന്‍റെ അനുഭവം എല്ലാ പാപ്പാമാരും പറഞ്ഞിട്ടുണ്ട്. ഇതുവരെ സൊസൈറ്റി ഇല്ലാത്ത ചില രാജ്യങ്ങളില്‍ അതു സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടത്തി വരികയാണ് ഞങ്ങള്‍. സ്വീഡന്‍, നോര്‍വേ, ഡെന്മാര്‍ക്, ലക്സംബര്‍ഗ് തുടങ്ങിയ രാജ്യങ്ങളില്‍ ഞങ്ങള്‍ ഇപ്പോഴുമില്ല. അവിശ്വസനീയമായി തോന്നാം. പക്ഷേ സത്യമതാണ്. അവിടെ തുടങ്ങേണ്ടിയിരിക്കുന്നു. അവിടത്തെ മെത്രാന്മാരേയും വത്തിക്കാന്‍ സ്ഥാനപതിമാരേയും ഞങ്ങള്‍ സന്ദര്‍ശിച്ചു. അവിടെ സൊസൈറ്റി തുടങ്ങുന്നതിനു വേണ്ട പിന്തുണയാര്‍ജിക്കുകയായിരുന്നു ലക്ഷ്യം.

? ഫ്രാന്‍സിസ് മാര്‍പാപ്പ കാരുണ്യവര്‍ഷം പ്രഖ്യാപിച്ചല്ലോ. അതു സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളുമായി പ്രത്യേകമായ വിധത്തില്‍ ചേര്‍ന്നു പോകുന്നതാണല്ലോ. കാരുണ്യവര്‍ഷാചരണം ഔദ്യോഗികസഭയുടെ പ്രവര്‍ത്തനശൈലിയിലോ കാഴ്ചപ്പാടുകളിലോ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തിയോ?
കാരുണ്യമെന്നു പറയുമ്പോള്‍ അതിനു ഭൗതികവും ആത്മീയവുമായ തലങ്ങളുണ്ടല്ലോ. ഈ രണ്ടിനത്തിലും ഉള്ള ആറു വീതം പ്രവര്‍ത്തനങ്ങളാണ് ഞങ്ങള്‍ക്കുണ്ടായിരുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പ മാര്‍പാപ്പയാകുന്നതിനു മുമ്പു ഞാന്‍ കണ്ടിട്ടുണ്ട്. അര്‍ജന്‍റീനയിലെ ദരിദ്രരുടെ പ്രദേശങ്ങളിലും ചേരികളിലും ഒക്കെ അദ്ദേഹം പോകുമായിരുന്നു. അവിടെയുള്ള വീടുകള്‍ അദ്ദേഹം ആശീര്‍വദിക്കുമായിരുന്നു.

? കാരുണ്യവര്‍ഷാചരണത്തിനുശേഷം സൊസൈറ്റിക്കു സഭയില്‍ നിന്നുള്ള പിന്തുണ വര്‍ദ്ധിച്ചിട്ടുണ്ടോ?
പിന്തുണ എല്ലാ ദിവസവും വര്‍ദ്ധിച്ചു വരികയാണ്. ചില രാജ്യങ്ങളില്‍ ചില പ്രശ്നങ്ങളുണ്ട്. മനുഷ്യരുടെ സ്വഭാവപ്രത്യേകതകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടാകുന്നതു സ്വാഭാവികമാണ്. എല്ലാവരും മനുഷ്യരാണ്. അതിന്‍റേതായ ചില പ്രശ്നങ്ങളൊക്കെ ഉണ്ടാകും. സ്വാഭാവികമാണ്. എന്നാല്‍ എല്ലായിടത്തും സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിക്കുകയാണ്.

? കേരള സഭ വളരെ പുരോഹിത കേന്ദ്രിതമായ ഒരു സഭയാണെന്നു പറയാറുണ്ട്. അതിന്‍റെ ഗുണവശങ്ങളും ദോഷവശങ്ങളും ചര്‍ച്ചയാകാറുമുണ്ട്. സൊസൈറ്റി തികച്ചും ഒരു അല്മായസംഘടനയാണ്. കേരളത്തില്‍ അതുകൊണ്ട് എന്തെങ്കിലും പ്രശ്നങ്ങള്‍ തോന്നിയിട്ടുണ്ടോ?
ഒരിക്കലുമില്ല. ഞങ്ങളെല്ലാവരും കൈകോര്‍ത്ത് ഒന്നായാണ് പ്രവര്‍ത്തിക്കുന്നത്. ഞങ്ങള്‍ അല്മായരാണ്. പക്ഷേ ഞങ്ങള്‍ സഭയാണ്. ഞങ്ങള്‍ക്കു ഞങ്ങളുടെ നിയമങ്ങളും പ്രവര്‍ത്തനശൈലിയും പൈതൃകവുമുണ്ട്. പക്ഷേ വൈദികരോടും ഹൈരാര്‍ക്കിയോടും ഒപ്പമാണ് ഞങ്ങള്‍ ഒരു സഭയായിരിക്കുന്നത്. അതിനാല്‍ യാതൊരു പ്രശ്നങ്ങളും ഇവിടെയില്ല. മൂന്നു റീത്തുകളിലും ഞങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.

? കേരളത്തില്‍ ഞങ്ങള്‍ക്കു വളരെ പ്രഗത്ഭരായ അല്മായരുണ്ട്. പക്ഷേ കേരള സഭ അവരെ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്തുന്നില്ല എന്നൊരു വീക്ഷണമുണ്ട്. അല്മായ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനു കേരള സഭ എന്താണു ചെയ്യേണ്ടത്?
സഭയില്‍ അല്മായരുടെ സ്ഥാനം വളരെയേറെയാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ മുതല്‍ വിശേഷിച്ചും. അല്മായരോടും സംഘടനകളോടും തുറവുള്ള വൈദികരും ഇപ്പോള്‍ ധാരാളമുണ്ട്. അതുകൊണ്ട് ഒന്നിച്ചു പ്രവര്‍ത്തിച്ച് ഇതു മുന്നോട്ടു കൊണ്ടുപോകുകയാണ് ആവശ്യം. സഭയ്ക്ക് അല്മായരെ ആവശ്യമുണ്ട്. അല്മായര്‍ക്കു സഭയെയും ആവശ്യമുണ്ട്. ഞങ്ങള്‍ ഇതു മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നവരാണ്. അതുകൊണ്ടാണ് കഴിഞ്ഞ 900 വര്‍ഷത്തോളമായി ഇപ്രകാരം സജീവമായി നിലനില്‍ക്കാന്‍ ഞങ്ങള്‍ക്കു സാധിക്കുന്നത്. ഞങ്ങള്‍ സ്വയംഭരണാവകാശമുള്ള സംഘടനയാണ്. പക്ഷേ എല്ലാ വെല്ലുവിളികളേയും നേരിട്ട് ഈ വര്‍ഷങ്ങളിലെല്ലാം നിലനില്‍ക്കാന്‍ ഞങ്ങള്‍ക്കു സാധിച്ചു.

? തൊഴില്‍ ജീവിതവും വിന്‍സെന്‍റ് ഡി പോളിന്‍റെ അന്തര്‍ദേശീയ പ്രസിഡന്‍റ് എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളും എങ്ങനെയാണ് ഏകോപിപ്പിച്ചു കൊണ്ടു പോകുന്നത്?
എല്ലാവരുമായും നല്ല ബന്ധങ്ങള്‍ പുലര്‍ത്താന്‍ സാധിക്കുന്നുണ്ട്. ഇത് എല്ലാ കാര്യങ്ങളെയും നേരിടാന്‍ സൗകര്യമൊരുക്കുന്നു. പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഇതെല്ലാം ചെയ്യാനുള്ള കൃപ പരിശുദ്ധാത്മാവു തരും എന്നാണു ഞാന്‍ വിശ്വസിച്ചത്. ഇപ്പോള്‍, ഞാനല്ല ഇതെല്ലാം ചെയ്യുന്നത് എന്ന ബോദ്ധ്യം എനിക്കുണ്ട്. പരിശുദ്ധാത്മാവ് എന്നെ ഒരുഉപകരണമായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്.

Leave a Comment

*
*