സന്യാസപാതകളിലൊരുമിച്ചു മുന്നേറുന്ന സഹോദരീത്രയം

സന്യാസപാതകളിലൊരുമിച്ചു മുന്നേറുന്ന സഹോദരീത്രയം

ഷിജു ആച്ചാണ്ടി.

ഒന്നിച്ചു ജനിച്ചു വളര്‍ന്ന മൂന്നു പെണ്‍കുട്ടികള്‍ ഒരേ സന്യാസസമൂഹത്തില്‍ ഒന്നിച്ചു സമര്‍പ്പിത ജീവിതം ആരംഭിച്ചതിന്‍റെ കഥയാണ് സിസ്റ്റര്‍ ജിസ, സിസ്റ്റര്‍ ജീവ, സിസ്റ്റര്‍ ആല്‍ഫി എന്നിവരുടേത്. ചങ്ങനാശേരി അതിരൂപതയിലെ ആലപ്പുഴ, പൊങ്ങം മാര്‍ ശ്ലീവാ ഇടവകാംഗങ്ങളാണ് ഇവര്‍. എണ്‍പതില്‍ചിറ കുടുംബത്തിലെ തങ്കച്ചന്‍ എന്ന സേവ്യറിന്‍റെയും കുഞ്ഞുമോളുടെയും മക്കളാണ് സിസ്റ്റര്‍ ജിസയും സിസ്റ്റര്‍ ജീവയും. ടിന്‍റുവെന്നും ടിനുവെന്നും പേരിട്ട് മാതാപിതാക്കള്‍ ഓമനിച്ചു വളര്‍ത്തിയ ഇരട്ടക്കുട്ടികള്‍. തങ്കച്ചന്‍റെ സഹോദരന്‍ ജെയിംസിന്‍റെയും ജിന്‍സിയുടെയും ഇതേ പ്രായത്തിലുള്ള മകളാണ് ജിനു. തൊട്ടടുത്ത വീടുകളില്‍ ഒരേ മുറ്റത്ത് മൂവരും കളിച്ചു വളര്‍ന്നു.

പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ വീട്ടുകാരെ ഞെട്ടിക്കുന്ന ഒരു തീരുമാനം മൂവരും ചേര്‍ന്നു പ്രഖ്യാപിച്ചു: തങ്ങള്‍ മൂന്നു പേരും കൂടി സന്യാസജീവിതത്തിലേയ്ക്കു പ്രവേശിക്കുന്നു. സ്കൂള്‍ കാലഘട്ടത്തില്‍ ചെറുപുഷ്പ മിഷന്‍ലീഗിലെ സജീവ പ്രവര്‍ത്തകരായിരുന്ന ഇവര്‍ ചേരാനുദ്ദേശിക്കുന്ന സന്യാസസമൂഹവും തിരഞ്ഞെടുത്തിരുന്നു, മിഷണറീസ് ഓഫ് ലിറ്റില്‍ ഫ്ളവര്‍.

സന്യാസം തിരഞ്ഞെടുക്കുന്നത് കുട്ടിക്കളിയല്ലെന്നു വീട്ടുകാര്‍ ഓര്‍മ്മപ്പെടുത്തി. മൂവരേയും ബാംഗ്ലൂരിലുള്ള പിതൃസഹോദരന്‍ ബൈജു അവധിക്കാലം ആഘോഷിക്കാന്‍ കൂട്ടിക്കൊണ്ടു പോയി. ഉദ്യാനനഗരത്തില്‍ ആധുനികജീവിതവും അതിന്‍റെ വര്‍ണമനോഹാരിതയും കുട്ടികള്‍ കാണട്ടെ, ആവശ്യമെങ്കില്‍ തീരുമാനം പുനഃപരിശോധിക്കട്ടെ എന്നാണു വീട്ടുകാര്‍ കരുതിയത്. പക്ഷേ ബാംഗ്ലൂരില്‍ നിന്നു മടങ്ങുമ്പോഴും സഹോദരിമാര്‍ക്ക് സന്യാസം വിട്ടൊരു പദ്ധതിയുമുണ്ടായില്ല. അങ്ങിനെ 2010-ല്‍ മൂവരും എംഎല്‍എഫ് സന്യാസസമൂഹത്തില്‍ അര്‍ത്ഥിനികളായി പ്രവേശനം നേടി. 2013-ല്‍ നൊവിഷ്യേറ്റില്‍ പ്രവേശിച്ചപ്പോള്‍ മൂവരും പുതിയ പേരുകള്‍ തിരഞ്ഞെടുത്തു. ജിസ, ജീവ, ആല്‍ഫി. സന്യാസപ്രവേശനത്തിന്‍റെ പത്തു വര്‍ഷം പിന്നിടുന്ന സഹോദരീത്രയം സത്യദീപത്തിന്‍റെ ചോദ്യങ്ങളോടു പ്രതികരിക്കുന്നു:

സന്യാസജീവിതം സ്വീകരിക്കണമെന്ന ചിന്ത ആദ്യം മനസ്സിലുണ്ടായത് എപ്പോഴാണെന്ന് ഓര്‍മ്മയുണ്ടോ? നിങ്ങള്‍ മൂവരും കുട്ടിക്കാലത്ത് അതേക്കുറിച്ച് ആദ്യം ഒരുമിച്ചു ചര്‍ച്ച ചെയ്ത സന്ദര്‍ഭം ഏതായിരുന്നു?
ചെറുപ്പം മുതലെ മിഷന്‍ലീഗിലും സണ്‍ഡേ സ്കൂളിലുമൊക്കെ സജീവമായി പ്രവര്‍ത്തിക്കുവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ആ കാലഘട്ടങ്ങളില്‍ വൈദികരോടും സിസ്റ്റേഴ്സിനോടും അടുത്തിടപെടാന്‍ സാധിച്ചിരുന്നു. അവരുടെ ജീവിതരീതിയും ജനങ്ങളോടുളള തുറന്ന ഇടപെടലും ഞങ്ങളെ വളരെ ആകര്‍ഷിച്ചിരുന്നു. ആ കാലഘട്ടങ്ങളില്‍ അവിടെ ശുശ്രൂഷ ചെയ്തിരുന്ന സിസ്റ്റേഴ്സ് മഠത്തില്‍ ചേരുന്നതിന് താല്‍പര്യമുണ്ടോയെന്ന് ഞങ്ങളോട് ചോദിക്കാറുണ്ടായിരുന്നു. കൂടാതെ സണ്‍ഡേ സ്കൂളിലെ കലോത്സവത്തില്‍ വി. അല്‍ഫോന്‍സാമ്മയെക്കുറിച്ചുളള നാടകത്തില്‍ ഞങ്ങള്‍ക്ക് സിസ്റ്റേഴ്സായി വേഷമിടാന്‍ അവസരം ലഭിച്ചിരുന്നു. ഇതും സന്യാസജീവിതത്തെക്കുറിച്ച് ചിന്തിക്കുവാന്‍ ഞങ്ങള്‍ക്ക് മൂവര്‍ക്കും പ്രേരണ നല്കി.

നിങ്ങളെ ആകര്‍ഷിച്ച ആദ്യത്തെ സന്യാസവ്യക്തിത്വം ആരായിരുന്നു? ആ വ്യക്തി നിങ്ങളുടെ സമര്‍പ്പിതജീവിത തിരഞ്ഞെടുപ്പിനെ എങ്ങനെയാണു സ്വാധീനിച്ചത്?
ഞങ്ങളുടെ പഠനകാലഘട്ടത്തില്‍ ഞങ്ങളെ പഠിപ്പിച്ചിരുന്ന സിസ്റ്റേഴ്സ് ഞങ്ങളെ വളരെയധികം ആകര്‍ഷിച്ചിരുന്നു. മറ്റൊരു വ്യക്തിയാണ് എംഎല്‍എഫ് സന്യാസിനി സഭാംഗമായ ഞങ്ങളുടെ ചേച്ചി സി. പ്രിയ. കത്തുകളിലൂടെയും ഫോണ്‍ സംഭാഷണങ്ങളിലൂടെയും കൂടികാഴ്ച്ചകളിലൂടെയും ചേച്ചി നല്കിയിരുന്ന നിര്‍ദ്ദേശങ്ങളും പ്രചോദനങ്ങളും ജീവിതമാതൃകയും ഞങ്ങളെ സമര്‍പ്പണജീവിതം തിരഞ്ഞെടുക്കുവാന്‍ സഹായിച്ചു.

മൂവരും ഒന്നിച്ച് തീരുമാനമെടുത്ത ശേഷമാണോ വീട്ടുകാരെ അറിയിച്ചത്?
അതേ മൂവരും കൂടെ ഒന്നിച്ച് തീരുമാനമെടുത്തതിനുശേഷമാണ് വീട്ടുകാരെ വിവരം അറിയിച്ചത്.

സന്യാസജീവിതം തിരഞ്ഞെടുക്കുകയാണെന്നു പറഞ്ഞപ്പോള്‍ വീടുകളിലെ പ്രതികരണങ്ങള്‍ എന്തായിരുന്നു? എതിര്‍പ്പുകളെ എങ്ങനെ മറികടന്നു?
പൊതുവെ വീട്ടില്‍നിന്നും വലിയ എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. ഇരട്ടകളില്‍ ഒരാള്‍ വീട്ടില്‍ നില്‍ക്കണമെന്ന് ഒരഭിപ്രായം ഉണ്ടായിരുന്നു. അതുപോലെ തന്നെ തീരുമാനമെടുക്കാനുളള പ്രായമായില്ല എന്നുള്ള അഭിപ്രായവും ബന്ധുക്കളില്‍നിന്ന് ഉയര്‍ന്നിരുന്നു. ഈ സമയത്ത് വികാരിയച്ചന്‍റേയും സിസ്റ്റേഴ്സിന്‍റെയും ഇടപെടലുകള്‍ എതിര്‍പ്പിനെ മറികടക്കുവാന്‍ ഞങ്ങളെ സഹായിച്ചു.

പുതിയ തലമുറയില്‍ പെട്ട നിങ്ങളുടെ സുഹൃത്തുക്കള്‍ ഈ തീരുമാനത്തോടു പ്രതികരിച്ചതെങ്ങിനെയാണ്? അവരുടെ അഭിപ്രായപ്രകടനങ്ങള്‍ ഓര്‍ക്കുന്നുണ്ടോ?
ഞങ്ങളുടെ സുഹൃത്തുക്കള്‍ ഞങ്ങളുടെ തീരുമാനത്തോട് വലിയ യോജിപ്പൊന്നും കാണിച്ചിരുന്നില്ല. +2 കഴിഞ്ഞിട്ട് പോകാമെന്നും, മഠത്തില്‍ എപ്പോഴും പ്രാര്‍ത്ഥനയാ, പുറത്തിറങ്ങാനോ വീട്ടുകാരെ കാണാനോ സാധിക്കുകയില്ല എന്നൊക്കെ പറഞ്ഞ് ഞങ്ങളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.

അംഗസംഖ്യയേറിയ എസ്എബിഎസ്, സിഎംസി, എഫ്സിസി തുടങ്ങിയ സന്യാസസമൂഹങ്ങളെ ഒഴിവാക്കി, എംഎല്‍എഫ് എന്ന സന്യാസസമൂഹം തിരഞ്ഞെടുക്കാനുള്ള കാരണം എന്തായിരുന്നു?
ദൈവവിളി തിരഞ്ഞെടുപ്പിന് 'അംഗസംഖ്യ' ഒരു ഘടകമല്ല എന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. എണ്ണം കൂടുന്നതിലല്ല ഉള്ള അംഗങ്ങള്‍ കാര്യക്ഷമതയുള്ളവരാകുക എന്നതിലാണല്ലോ കാര്യം. ഓരോ സന്യാസിനിസമൂഹവും വ്യത്യസ്തമായ രീതിയിലാണ് സാക്ഷ്യം വഹിക്കുന്നത്. മിഷന്‍ലീഗിന്‍റെ മദ്ധ്യസ്ഥയായ വി. കൊച്ചു ത്രേസ്യായോട് ഞങ്ങള്‍ക്ക് പ്രത്യേകം സ്നേഹം ഉണ്ടായിരുന്നു. വിശുദ്ധി പ്രാപിക്കുവാന്‍ വലിയ വലിയ കാര്യങ്ങള്‍ ചെയ്യേണ്ടതില്ല. ചെറിയ കാര്യങ്ങള്‍ വലിയ സ്നേഹത്തോടെ ചെയ്താല്‍ മതിയെന്ന് നമ്മെ പഠിപ്പിച്ച ആ വിശുദ്ധയുടെ നാമം പേറുന്ന സന്യാസിനി സമൂഹം ഞങ്ങളെ ആകര്‍ഷിച്ചു. ഒപ്പം എംഎല്‍എഫ് സഭയിലുള്ള ഞങ്ങളുടെ ചേച്ചിയുടെ സാന്നിധ്യവും, പ്രോത്സാഹനവും ഞങ്ങള്‍ക്ക് ഏറെ പ്രചോദനമായിരുന്നു.

സന്യാസപരിശീലനഘട്ടത്തില്‍ ഓരോരുത്തരും നേരിട്ട പ്രധാന വെല്ലുവിളികള്‍ എന്തൊക്കെയായിരുന്നു? (പരിശീലനകാലഘട്ടത്തില്‍ നിങ്ങള്‍ മൂവരും ഒരുമിച്ചായിരുന്നുവോ?)
പരിശീലനകാലഘട്ടത്തില്‍ ഞങ്ങള്‍ മൂവരും ഒരുമിച്ചായിരുന്നു. സന്യാസത്തിന്‍റെ ആദ്യ കാലപരിശീലനത്തില്‍ സന്യാസത്തിന്‍റേതായ ശൈലിയിലേയ്ക്ക് വരുവാന്‍ ചെറിയ ചെറിയ വെല്ലുവിളികള്‍ നേരിടേണ്ടതായി വന്നിരുന്നു. ആ മഹത്തായ ലക്ഷ്യത്തെ മുന്നില്‍ കണ്ടതുകൊണ്ട് അത് ഞങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടായി തോന്നിയിരുന്നില്ല.

ഇതുവരെയുള്ള സന്യാസജീവിതത്തിലെ മറക്കാനാകാത്ത അനുഭവങ്ങള്‍ എന്തൊക്കെയാണ്?
ജീവിതത്തില്‍ മറക്കാനാവാത്ത ഒരു ദിനമാണ് ഞങ്ങളുടെ വ്രതവാഗ്ദാനദിവസം. ഞങ്ങള്‍ മൂന്നുപേരും ഒരുമിച്ചാണ് വ്രത വാഗ്ദാനം നടത്തിയത്. ഒത്തിരി പ്രാര്‍ത്ഥിച്ചും, പരിചിന്തനം ചെയ്തും, ഈ ജീവിതശൈലിയെക്കുറിച്ച് പഠിച്ചും ഏറെ ഒരുക്കത്തോടെയാണ് ഞങ്ങള്‍ വ്രതവാഗ്ദാനം ചെയ്തത്. ഈശോയ്ക്കായി ഞങ്ങളെത്തന്നെ സമര്‍പ്പിച്ച ആ ദിവസം മറക്കാനാവില്ല. ഞങ്ങളുടെ കുടുംബക്കാരും, സിസ്റ്റേഴ്സും, വൈദികരും എല്ലാവരും ഒന്നുചേര്‍ന്നുള്ള ആ നല്ല ദിനത്തിന്‍റെ ഓര്‍മ്മ ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു.

ഒപ്പം തന്നെ വ്രതവാഗ്ദാനം കഴിഞ്ഞ് ഞങ്ങള്‍ ശുശ്രൂഷ ചെയ്തത് ഞങ്ങളുടെ തന്നെ ഒരു വൃദ്ധസദനത്തിലായിരുന്നു (Lisieux Bhavan, Kannivayal). അവരില്‍ ഈശോയെ കണ്ടുകൊണ്ട് ശുശ്രൂഷ ചെയ്ത അവസരങ്ങള്‍ ജീവിതത്തില്‍ ഒത്തിരി സംതൃപ്തി നല്‍കുന്നവയായിരുന്നു. അവിടെ ആയിരുന്ന ദിനങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഇന്നും സന്തോഷവും ആനന്ദവും ആണ്.

ഭാവിയില്‍ ഏതു രംഗത്ത് എപ്രകാരം പ്രവര്‍ത്തിക്കാനാണു കൂടുതല്‍ ആഗ്രഹിക്കുന്നത്?
സി. ജിസയ്ക്കും സി. ജീവയ്ക്കും ആതുരശുശ്രൂഷാരംഗത്തും സി. ആല്‍ഫിക്ക് അധ്യാപനരംഗത്തും ഈശോയുടെ കരുണാര്‍ദ്രസ്നേഹം പകര്‍ന്നുകൊടുക്കാനാണ് താല്‍പര്യം.

ഇക്കാലത്ത് ദൈവവിളികള്‍ കുറയുകയാണെന്ന അഭിപ്രായത്തോട് എങ്ങനെ പ്രതികരിക്കുന്നു? ദൈവവിളികള്‍ കുറയുന്നുണ്ടെങ്കില്‍ എന്താണ് അതിനു കാരണം? സന്യാസം യുവജനങ്ങള്‍ക്ക് ആകര്‍ഷകമാക്കാന്‍ സഭ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?
ദൈവവിളി ഇന്ന് വളരെയധികം കുറയുന്നുണ്ട്. അതിനു പ്രധാനകാരണമായി ഞങ്ങള്‍ കാണുന്നത്, കുടുംബങ്ങളില്‍ കുട്ടികളുടെ എണ്ണം കുറയുന്നു. കൂടാതെ മാധ്യമങ്ങളുടെ അതിപ്രസരവും, ഭൗതികതയും ദൈവവിളി സ്വീകരിക്കുന്നതിന് കുട്ടികള്‍ക്ക് തടസമായി നില്‍ക്കുന്നു. കുടുംബപ്രേഷിതത്വത്തിലൂന്നിയ ശുശ്രൂഷാ പ്രവര്‍ത്തനങ്ങളിലൂടെ യുവജനങ്ങളെ ആകര്‍ഷിക്കുവാന്‍ സാധിക്കും. ശുശ്രൂഷാമേഖലകളില്‍ സന്യാസ സമര്‍പ്പിതരുടെ സാന്നിധ്യവും യുവജനങ്ങളെ കൂടുതല്‍ സ്വാധീനിക്കും.

മാധ്യമങ്ങളുടെയും സെല്‍ഫോണും വാട്സാപ്പും പോലെ ആശയവിനിമയസൗകര്യങ്ങളുടെയും ആധിക്യത്തെ എങ്ങനെ കാണുന്നു? ഇത് യുവതലമുറയെ എപ്രകാരമാണ് സ്വാധീനിക്കുന്നത്?
ഇന്ന് മാധ്യമസംസ്കാരത്തിന്‍റെ പിടിയില്‍ അമര്‍ന്നിരിക്കുകയാണ് ആധുനിക സമൂഹം. കൊച്ചുകുഞ്ഞുങ്ങള്‍ വരെ മാധ്യമങ്ങളുടെ പിടിയില്‍ അമരുന്ന കാഴ്ചയാണ് കാണുവാന്‍ സാധിക്കുന്നത്. മാധ്യമങ്ങള്‍ നല്ലതുതന്നെ. ഓരോ വ്യക്തിയെ ആശ്രയിച്ചാണ് അതിന്‍റെ നന്മയും തിന്മയും അടങ്ങിയിരിക്കുന്നത്.

സന്യാസജീവിതത്തില്‍ മാധ്യമങ്ങളുടെയും സോഷ്യല്‍ മീഡിയായുടെയും പ്രസക്തിയും പ്രാധാന്യവും എത്രത്തോളമുണ്ട്? അവയ്ക്ക് നിയന്ത്രണങ്ങള്‍ ആവശ്യമാണോ?
നവമാധ്യമങ്ങള്‍ സന്യാസത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ്. ശുശ്രൂഷാരംഗത്ത് മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് ഏറെ പ്രസക്തവുമാണ്. കാലം മാറുന്നതനുസരിച്ച് സന്യാസത്തിനും മാറ്റങ്ങള്‍ അനിവാര്യമാണ്. വിവേകത്തോടും, മിതത്വത്തോടും കൂടെയുള്ള മാധ്യമങ്ങളുടെ ഉപയോഗം സന്യാസത്തിന് കൂടുതല്‍ ഉപകാരം നല്‍കുന്നു. സന്യാസജീവിതത്തില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ആവശ്യമാണ്.

കത്തോലിക്കാ സന്യാസത്തിന്‍റെ ഭാവി എന്തായിരിക്കും? പ്രത്യാശയുണ്ടോ?
സന്യാസം ദൈവത്താല്‍ സ്ഥാപിതമാണ്. ഒരു വ്യക്തിക്കും പ്രസ്ഥാനത്തിനും അവയെ തകര്‍ക്കാന്‍ സാധ്യമല്ല. ദൈവത്താല്‍ സാഥാപിതമാണ് എന്നതിനാല്‍ അവയ്ക്ക് ഒരിക്കലും കോട്ടം സംഭവിക്കുകയില്ല എന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു.

കാലത്തിന് അനുസരിച്ച് കത്തോലിക്കാ സന്യാസത്തില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോ? എങ്കില്‍ എന്തൊക്കെയാണവ?
കാലത്തിനനുസരിച്ച് സന്യാസത്തിന് മാറ്റം അവശ്യമാണ്. എന്നാല്‍ അത് സന്യാസ ചൈതന്യത്തിലധിഷ്ഠിതവും സുവിശേഷ മൂല്യങ്ങളില്‍ അടിയുറച്ചതുമായിരിക്കണം.

കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ ഇപ്പോള്‍ ഒരു സന്യാസിയാണ് ഉള്ളത്. ഫ്രാന്‍സിസ് മാര്‍പാപ്പയെ കുറിച്ച് എന്തു കരുതുന്നു? സന്യാസിയുടെ നേതൃത്വം കത്തോലിക്കാസഭയ്ക്ക് എന്തൊക്കെ നന്മകളാണു ചെയ്യുന്നത്?
പരി. പിതാവ് ഫ്രാന്‍സിസ് പാപ്പ ഒരു സന്യാസിയായതുകൊണ്ടാണ് ഈശോയുടെ കാരുണ്യത്തിന്‍റെ മുഖമാകുവാന്‍ ഈ കാലഘട്ടത്തില്‍ പിതാവിന് സാധിക്കുന്നത്. തന്‍റെ പദവിയിലോ, അധികാരത്തിലോ ഒതുങ്ങിനില്‍ക്കാതെ ജനങ്ങളിലേക്കിറങ്ങി ചെല്ലുവാനും എളിമയുടെ മറ്റൊരു സുവിശേഷമാകുവാനും പാപ്പായ്ക്ക് സാധിക്കുന്നത് ഒരു സന്യാസസമൂഹാംഗം ആയിരിക്കുന്നതു കൊണ്ടാണ്.

സമര്‍പ്പിതജീവിതത്തെ കുറിച്ച് ആലോചിക്കുന്ന യുവജനങ്ങളോട് എന്താണു പറയാനുള്ളത്?
സന്യാസം ഒരു അടിമത്തമല്ല, അത് ആത്മാവിന്‍റെ സ്വാതന്ത്ര്യത്തിലേക്കുള്ള വിളിയാണ്, സ്നേഹമാകാനുള്ള വിളിയാണ്. മറ്റൊരു സുവിശേഷമാകാനുള്ള വിളിയാണ്. ഈ ലോകത്തിന്‍റെ വെല്ലുവിളികള്‍ സ്വീകരിച്ച് നസ്രായന്‍റെ കൂടെ ഇറങ്ങിത്തിരിക്കാനുളള വിളിക്കുള്ളിലെ വിളിയാണ്, സമര്‍പ്പിതജീവിതം. ലോകത്തിലായിരുന്നുകൊണ്ട് ലോകത്തിന്‍റേതല്ലാത്തതായി ജീവിക്കുവാനും എന്നാല്‍ എല്ലാവര്‍ക്കും എല്ലാമാകുവാനുമുള്ള വിളിയാണ്. സ്വര്‍ഗത്തിന്‍റെ മുന്നാസ്വാദനം അനുഭവിക്കുന്ന ഇടമാണ് സന്യാസഭവനങ്ങള്‍ ഈ ജീവിതത്തെക്കുറിച്ച് ആലോചിക്കുന്ന യുവജനങ്ങളോട് ഞങ്ങള്‍ക്കിതാണ് പറയാനുള്ളത്.

സന്യാസത്തോട് നമ്മുടെ കുടുംബങ്ങളുടെ സമീപനം എന്തായിരിക്കണം? ദൈവവിളി പ്രോത്സാഹനത്തിനു കുടുംബങ്ങള്‍ക്കു ചെയ്യാനാകുന്ന കാര്യങ്ങള്‍ എന്തൊക്കെ?
സന്യാസത്തിന്‍റെ വിളിനിലങ്ങളാണ് ഓരോ കുടുംബങ്ങളും. ഈ കുടുംബങ്ങളില്‍ നിന്നാണ് നല്ല നല്ല ദൈവവിളികള്‍ ഉണ്ടാകുന്നത്. നല്ല ദൈവവിളികള്‍ സഭയ്ക്കും സമൂഹത്തിനും നന്മ നല്‍കുന്നു. ഇതിനാല്‍ തന്നെ അവ പരസ്പരപൂരകങ്ങളാണ്. അതു കൊണ്ട് സന്യാസത്തോട് കുടുംബങ്ങള്‍ക്ക് നല്ല സമീപനമായിരിക്കണം ഉണ്ടായിരിക്കേണ്ടത്. മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ ചെറുപ്പം മുതലെ വിശ്വാസത്തിലധിഷ്ഠിതമായ ജീവിതം നയിക്കാന്‍ പ്രോത്സാഹിപ്പിക്കണം. സഭയോടും സഭാപ്രവര്‍ത്തനങ്ങളോടും ചേര്‍ത്ത് നിര്‍ത്തി അവരെ വളര്‍ത്തണം.

സന്യാസജീവിതം കൂടുതല്‍ ഫലദായകവും സേവനനിരതവും ആക്കുന്നതിനുള്ള ഉപരിപഠനങ്ങളിലാണ് ഇപ്പോള്‍ മൂന്നു സഹോദരിമാരും. ഇരട്ടക്കുട്ടികളായ സി. ജീവയും സി. ജിസയും ഒരുമിച്ചു നഴ്സിംഗ് പഠിക്കുന്നു. സി. ആല്‍ഫി അദ്ധ്യാപികയാകാനുള്ള പഠനം നടത്തുന്നു. ആതുരശുശ്രൂഷാമേഖലയിലും അദ്ധ്യാപനരംഗത്തും സഭയെയും സമൂഹത്തെയും സേവിക്കുവാന്‍ സ്വയം സജ്ജരാകുകയും കുടുംബങ്ങള്‍ക്കു സാഹോദര്യത്തിന്‍റെ മാതൃക പകരുകയും ആധുനികലോകത്തിലെ യുവമാനസങ്ങള്‍ക്കു വെല്ലുവിളിയും പ്രചോദനവുമായി ജീവിക്കുകയുമാണ് ഈ യുവസന്യാസിനിമാര്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org