ശാന്തം, സാന്ദ്രം ഈ വയലിന്‍ നാദം

ശാന്തം, സാന്ദ്രം ഈ വയലിന്‍ നാദം

ഫ്രാന്‍സിസ് സേവ്യര്‍

വയലിന്‍ തന്ത്രികളില്‍ വിസ്മയം തീര്‍ക്കുന്ന ഫ്രാന്‍സിസ് സേവ്യര്‍ സംഗീതലോകത്ത് ഏറെ പ്രശസ്തനാണ്. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വയലിനില്‍ ശ്രുതിമീട്ടിയ ഫ്രാന്‍സിസ് ഇടവകദേവാലയത്തില്‍ തുടങ്ങി അനേകം പള്ളികളില്‍ കൊയറില്‍ അംഗമായിരുന്നു. "പള്ളിയിലെ സംഗീതമാണ് എന്നെ വളര്‍ത്തിയത്" എന്നു പറയുന്നതില്‍ അഭിമാനിക്കുന്ന ഫ്രാന്‍സിസ്, സിനിമാരംഗത്തെ സംഗീതസംവിധായകരായ ബേണി-ഇഗ്നേഷ്യസ്, ദക്ഷിണാമൂര്‍ത്തി, കെ. രാഘവന്‍, എം.കെ. അര്‍ജുനന്‍, രവീന്ദ്രന്‍, ജോണ്‍സണ്‍, ബിജിബാല്‍, ഗോപിസുന്ദര്‍ എന്നിവര്‍ക്കുവേണ്ടി വയലിന്‍ വായിച്ചിട്ടുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലെ നൂറുകണക്കിനു പാട്ടുകളില്‍ ഫ്രാന്‍സിസിന്‍റെ വയലിന്‍നാദമുണ്ട്. ലോകപ്രശസ്തരായ കലാകാരന്മാര്‍ക്കൊപ്പം ബാംഗ്ലൂര്‍ സ്കൂള്‍ ഓഫ് മ്യൂസിക്, വില്യം ജോസഫ് ഫൗണ്ടേഷന്‍ എന്നീ ഓര്‍ക്കസ്ട്രകളില്‍ സിംഫണികള്‍ അവതരിപ്പിച്ചിട്ടുണ്ട്. യേശുദാസ് അടക്കമുള്ള ഗായകര്‍ക്കൊപ്പവും സംഗീതവേദികള്‍ പങ്കിട്ടു. ഏ.ആര്‍. റഹ്മാനൊപ്പം എം.ടി.വി 'കോക്ക് സ്റ്റുഡിയോ' സീസണ്‍ മൂന്നിലും പങ്കെടുത്തു. പിന്നീടു പല പൊതുവേദികളിലും ഏ.ആര്‍. റഹ്മാനുവേണ്ടി വയലിന്‍ മീട്ടി. സുഹൃത്തുക്കളുമായി ചേര്‍ന്നു രൂപീകരിച്ച ഒര്‍ഫിയോ എന്ന ബാന്‍ഡ് സംഗീതാസ്വാദകരുടെ പ്രിയപ്പെട്ട ഗ്രൂപ്പാണ്. ഈസ്റ്ററിന്‍റെ പശ്ചാത്തലത്തില്‍ ഉയിര്‍പ്പുതിരുനാളിന്‍റെ ഓര്‍മ്മകളെക്കുറിച്ചും ദേവാലയസംഗീതത്തെക്കുറിച്ചും കലാജീവിതത്തിലെ വിസ്മരിക്കാനാവാത്ത അനുഭവങ്ങളെക്കുറിച്ചും ഫ്രാന്‍സിസ് സേവ്യര്‍ സംസാരിക്കുന്നു. സത്യദീപം ചീഫ് എഡിറ്റര്‍ ഫ്രാന്‍സിസ് സേവ്യറുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്…

? ചെറുപ്പകാലത്തെ ഈസ്റ്റര്‍ സ്മരണകള്‍ എന്തൊക്കെയാണ്?
സംഗീതത്തിന്‍റെ തുടക്കം വീട്ടില്‍ നിന്നാണ്. അപ്പച്ചനാണ് എന്നെ സംഗീതത്തിലേക്കു കൊണ്ടുവന്നത്. ആദ്യമായി ഒരു സെക്കന്‍ഹാന്‍ഡ് വയലിന്‍ വാങ്ങിത്തന്നത് അപ്പച്ചനാണ്. ഈസ്റ്റര്‍കാലത്തെ വെള്ളിയാഴ്ചകളില്‍ "ദേവാസ്ത് വിളി"ക്കും മറ്റും പോയ ഓര്‍മ്മയുണ്ട്. കുട്ടികളായ ഞങ്ങള്‍ക്ക് അന്ന് നോമ്പൊന്നും അത്ര നിര്‍ബന്ധമല്ലായിരുന്നു. ആദ്യകാലത്തു കോംഗോഡ്രമ്മാണു ഞാന്‍ പള്ളികളില്‍ വായിച്ചിരുന്നത്. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കോംഗോ ഡ്രം വായിക്കാന്‍ തുടങ്ങി. അതു കലാഭവനിലായിരുന്നു. എന്‍റെ സംഗീതജീവിതത്തിന്‍റെ ആരംഭം കലാഭവനിലാണ്. സേവ്യര്‍ എന്ന സാറാണ് ആദ്യം എന്നെ പഠിപ്പിച്ചത്. പിന്നീടു വയലിന്‍ പഠിച്ചതു ഫ്രാന്‍സിസ് സാറിന്‍റെ കീഴിലാണ്. ഉയിര്‍പ്പുതിരുനാളില്‍ പാതിരാക്കുര്‍ബാനയ്ക്കു പോകുമായിരുന്നു. മിക്കപ്പോഴും കുടുംബം ഒന്നിച്ചാണു പോയിരുന്നത്. അന്ന് ഉയിര്‍പ്പു കാണുക എന്നതില്‍ മാത്രമായിരുന്നു ആകാംക്ഷ.

? ഡ്രമ്മില്‍നിന്നു വയലിനിലേക്കു മാറാനുണ്ടായ കാരണം?
സുധീര്‍ എന്ന സാറാണ് അതിനു നിമിത്തമായത്. അദ്ദേഹമാണ് എന്‍റെ ഗോഡ്ഫാദര്‍ എന്നു പറയാം. കലാഭവനിലെ സേവ്യര്‍ സാര്‍ കലാഭവന്‍റെ അമേരിക്കന്‍ പര്യടനത്തിനു പോയപ്പോള്‍ പകരക്കാരനായി വന്നതാണു സുധീര്‍ സാര്‍. ട്രിപ്പിള്‍ ഡ്രമ്മില്‍ ആകെ മൂന്നു നൊട്ടേഷനേയുള്ളൂ. സാര്‍ എന്തെഴുതി തന്നാലും അപ്പോള്‍ത്തന്നെ ഞാനതു വായിക്കും. ഒരു ദി വസം അപ്പനെയും കൂട്ടി ക്ലാസ്സില്‍ ചെല്ലാന്‍ സാര്‍ പറഞ്ഞു. എനിക്കു ടെന്‍ഷനായി. എന്താണു കാര്യമെന്നറിയില്ല. അപ്പച്ചന്‍ വന്നപ്പോള്‍, എന്നെ വയലിന്‍ പഠിപ്പിക്കുന്ന കാര്യമാണു സാര്‍ പറഞ്ഞത്. കോംഗോ ഡ്രമ്മിനേക്കാള്‍ വയലിന്‍ പഠിക്കുന്നതാണു നല്ലതെന്നും അദ്ദേഹം ഉപദേശിച്ചു. അങ്ങനെയാണു കലാഭവനില്‍നിന്നു സിഎസിയിലെ ഫ്രാന്‍സിസ് സാറിന്‍റെയടുക്കലേക്ക് അദ്ദേഹം എന്നെ വിട്ടത്. 1987-ല്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഞാന്‍ കലാഭവനില്‍ വയലിന്‍ പഠിക്കാന്‍ ചേര്‍ന്നു. തിരിഞ്ഞുനോക്കുമ്പോള്‍ അതു വളരെ നല്ല തീരുമാനമായിരുന്നു എന്നു തന്നെ വിശ്വസിക്കുന്നു. ജ്ഞാനമുള്ള ഗുരുക്കന്മാര്‍ വിദ്യാര്‍ത്ഥികളിലെ ഒളിഞ്ഞുകിടക്കുന്ന യഥാര്‍ത്ഥ കഴിവുകള്‍ കണ്ടെത്താന്‍ പ്രത്യേക കഴിവുള്ളവരായിരിക്കും. സുധീര്‍സാര്‍ ഉദാഹരണം.

? പള്ളിപ്പാട്ടിലൂടെയാണു ഫ്രാന്‍സിസ് കലാരംഗത്തേയ്ക്കു കടന്നുവരുന്നത്…?
തീര്‍ച്ചയായും. ലോകത്തുള്ള എല്ലാവരും അങ്ങനെതന്നെയാണ്. പള്ളിയില്ലെങ്കില്‍ സംഗീതവും സംഗീതജ്ഞരും ഇല്ല എന്നു പറയാം. സംഗീതജ്ഞരെ കണ്ടുപിടിക്കുന്നതിനും പ്രോത്സാഹിപ്പിക്കാനും പള്ളികള്‍ വലിയ സഹായമാണ്. എന്‍റെ ഇടവകപ്പള്ളിയായ പോണേല്‍ പള്ളിക്കു പുറമേ എറണാകുളത്തെ ഒട്ടുമിക്ക പള്ളികളിലും വയലിന്‍ വായിക്കുമായിരുന്നു. ചില പള്ളികളിലെ വൈദികര്‍ സംഗീതത്തില്‍ വലിയ താത് പര്യമുള്ളവരായിരിക്കും. അവിടെയൊക്കെ ചെന്നു പ്രാക്ടീസ് ചെയ്തിട്ടുണ്ട്. റീത്ത് വ്യത്യാസമില്ലാതെ എല്ലാ പള്ളികളിലും പോയി വയലിന്‍ വായിക്കുമായിരുന്നു. അന്നു ഗായകസംഘത്തില്‍ ഇതര മതസ്ഥരും ഉണ്ടായിരുന്നു. സംഗീതത്തോടു താത്പര്യമുള്ള ഒട്ടേറെ വൈദികരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞതു വലിയ ഭാഗ്യമായി കരുതുന്നു.

? ഇന്നു നമ്മുടെ ദേവാലയ ഗാനങ്ങളുടെ നിലവാരത്തെയും പങ്കാളിത്തത്തെയും പ്രതിബദ്ധതയെയുംകുറിച്ചുമുള്ള അഭിപ്രായമെന്താണ്?
അന്ന് എല്ലാം ലൈവായിരുന്നു എന്നതാണ് ഏറ്റവും വലിയ ഭാഗ്യം. ഫ്ളോപ്പി പോലെയുള്ള കാര്യങ്ങളില്ല. ഒരുപക്ഷേ, ഫ്ളോപ്പി ചെയ്തയാളാകണമെന്നില്ല അത് ഓപ്പറേറ്റ് ചെയ്യുക. ഓപ്പറേറ്റര്‍ വെറുതെ മെക്കാനിക്കായിട്ടായിരിക്കും ഇരിക്കുക. പാട്ടുസംഘത്തിലേക്ക് അറിവില്ലാത്തവര്‍ കയറിവരുന്ന പ്രതിസന്ധിയില്ലാതില്ല. ഫ്ളോപ്പി ഓണ്‍ ചെയ്തിട്ട് വെറുതെ ഇരിക്കുന്നവന്‍ ഒരു പ്രതിബദ്ധതയും ഇല്ലാത്തവനാണ്.

? ഇപ്പോഴത്തെ ഗായകരെക്കുറിച്ചുള്ള ഒരു പ്രധാന പരാതി അവര്‍ തിരുക്കര്‍മ്മങ്ങളില്‍ സഹായിക്കുന്നതിനേക്കാള്‍ ഉപരി പെര്‍ഫോര്‍മേഴ്സായി മാറുന്നു എന്നതാണ്?
പള്ളികളില്‍ കൊയര്‍ രൂപീകരിക്കുമ്പോള്‍ അതൊരു സംഘമാകണം. ഒന്നോ രണ്ടോ പേര്‍ മാത്രമാകാതെ ഗ്രൂപ്പായിത്തീരണം. അതില്‍ കുറച്ചുപോര്‍ തെറ്റായി പാടുന്നവര്‍ ആയിക്കോട്ടെ. പക്ഷേ, ഒരു ഗ്രൂപ്പ് വേണം. കൊയര്‍ കേള്‍ക്കാള്‍ സുഖം കുറഞ്ഞതു പത്തു പേരെങ്കിലും ഉള്ളപ്പോഴാണ്. അല്ലാതെ സോളോ പാടിയിട്ട് അവിടെ കാര്യമില്ല.

? പാശ്ചാത്യ ഉപകരണങ്ങളുടെ അതിപ്രസരംമൂലം ആരാധനക്രമം വഴിമാറിപ്പോകുന്നു, ഇന്ത്യന്‍ ഇന്‍സ്ട്രുമെന്‍റ്സാണ് പകരംവരേണ്ടത് എന്നു പറയുന്നവരുണ്ട്. എന്താണ് അഭിപ്രായം?
വളരെ ഹിറ്റായ ഒരു ഗാനം ആരാധനക്രമത്തില്‍ പാടിയാല്‍ ഒരു കുഴപ്പവുമില്ല. എന്നാല്‍ വിഷ്വല്‍ ഇഫക്ടിനുവേണ്ടി കളര്‍ഫുള്ളായ പലതും പാട്ടുകളില്‍ കൂട്ടിച്ചേര്‍ക്കാറുണ്ട്. അതിനു കേള്‍വി സുഖമുണ്ട്. പക്ഷേ, അതു പള്ളിപ്പാട്ടുകളില്‍ എടുക്കരുത്. പള്ളിക്കകത്തു വരുമ്പോള്‍, ആരാധനക്രമത്തില്‍ വരികള്‍ പ്രധാനമാണ്. അടിപൊളി പാട്ടുകള്‍ ദേവാലയത്തിലേക്ക് കൊണ്ടുവരാതിരുന്നാല്‍ മതി. എന്നാല്‍ തിരുനാളുകളിലും മറ്റും ഇത്തരത്തില്‍ അടിപൊളി സംഗീതം ആഗ്രഹിക്കുന്നവരുണ്ട്. വാ… വാ…. യേശുനാഥാ… എന്ന ഗാനം പാടുമ്പോള്‍, ഈ പഴയ പാട്ടൊക്കെ മാറ്റാറായില്ലേ എന്നു ചോദിക്കുന്നവരെ കണ്ടിട്ടുണ്ട്. ഇത്തരത്തില്‍ തിരുനാളിനും മറ്റും പാടാന്‍ പുതിയ പാട്ടുകളുടെ ലിസ്റ്റ് എഴുതിത്തരുന്നവരുമുണ്ട്.

? നമ്മുടെ സാഹചര്യങ്ങളില്‍ പാശ്ചാത്യ ഉപകരണങ്ങള്‍ കൂടുതല്‍ ഉപയോഗിക്കുന്നതിനോടുള്ള അഭിപ്രായം എന്താണ്? പാശ്ചാത്യര്‍ പ്രാര്‍ത്ഥനകള്‍ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍തന്നെയാണ് ഇതെല്ലാം. നാം അത് ഉപയോഗിക്കുന്നതിന്‍റെ പ്രശ്നമാണോ ഇവിടത്തെ കുഴപ്പങ്ങള്‍ക്കു കാരണം?
തീര്‍ച്ചയായും; ഉപയോഗിക്കേണ്ട രീതിയില്‍ നാം ഉപയോഗിക്കാത്തതിന്‍റെ കുഴപ്പംതന്നെയാണ്. ഡ്രം തന്നെ ലളിതമായി ഉപയോഗിക്കുന്ന എത്രയോ പേരുണ്ട്. ദേവാലയത്തില്‍ അതിന്‍റെ അന്തരീക്ഷത്തിനു യോജിച്ച വിധത്തില്‍ ഉപകരണങ്ങള്‍ ഉപയോഗിക്കണം. ഉപയോഗിക്കുന്ന രീതിയുടെയും ഉപയോഗിക്കുന്ന ആളിന്‍റെയും പ്രശ്നമാണിത്; അല്ലാതെ ഉപകരണത്തിന്‍റെ കുഴപ്പമല്ല.

? പൊതുവേ കലാകാരന്മാരെക്കുറിച്ചുള്ള ഒരു ചിന്ത അവര്‍ അലസരും കൃത്യനിഷ്ഠയില്ലാത്തവരും ദുശ്ശീലങ്ങള്‍ക്ക് അടിമകളുമാണെന്നാണ്. ഇതെല്ലാം കലയോടു ചേര്‍ന്നുപോകുന്ന ഘടകങ്ങളാണെന്ന ചിന്തയുണ്ടോ?
ഒരിക്കലുമില്ല. ഇവ ആവശ്യമേയില്ലാത്ത കാര്യങ്ങളാണ്. ദേവാലയസംഗീതത്തിലും സെക്കുലര്‍ രംഗത്തും ഇതിന്‍റെ ഒന്നിന്‍റെയും ആവശ്യമില്ല. കലാകാരന്‍റെ ലഹരി അവന്‍റെ കഴിവാണ്. സംഗീതജ്ഞന് സംഗീതമാണു ലഹരി. എല്ലാ പരിപാടികള്‍ക്കു മുമ്പും ഞാന്‍ ബൈബിള്‍ വചനം വായിക്കും. അതു വായിക്കാതെ ഞാന്‍ പ്രോഗ്രാമിനു കയറാറില്ല.

? ഫ്രാന്‍സിസ് പൊതുവേ ശാന്തനും നാണംകുണുങ്ങിയുമായിട്ടാണു തോന്നിയിട്ടുളളത്. ഇടിച്ചുകയറി ഒന്നും ചെയ്യാന്‍ മുതിരുന്നില്ല. ഇത്തരം സ്വഭാവമുള്ളയാള്‍ ഇത്രയധികം നേട്ടങ്ങളിലേക്കു വന്നത് എങ്ങനെയായിരിക്കും?
"ചെറിയ കാര്യങ്ങളില്‍ വിശ്വസ്തന്‍, വലിയ കാര്യങ്ങളിലും വിശ്വസ്തനായിരിക്കും" എന്ന വി. ഗ്രന്ഥവചനം ഞാന്‍ ഓര്‍ക്കാറുണ്ട്. ഒരു കൊയര്‍ നമ്മെ ഏല്പിക്കുമ്പോള്‍ അതൊരുപക്ഷേ, ചെറിയൊരു കാര്യമായിരിക്കാം, എന്നാല്‍ പരമാവധി ആത്മാര്‍ത്ഥമായി അതു ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. അതായിരിക്കാം കൂടുതല്‍ രംഗങ്ങളിലേക്കു ഞാന്‍ വിളിക്കപ്പെടുന്നത്.

? പള്ളിപ്പാട്ടില്‍ 'കല്ലു മാത്രം' പാടുന്നവരുടെ ഗ്രൂപ്പ് മുതല്‍ ദാസേട്ടന്‍, ഏ.ആര്‍. റഹ്മാന്‍, സ്റ്റീഫന്‍ ദേവസ്സി, അല്‍ഫോന്‍സ് തുടങ്ങിയവര്‍ക്കൊപ്പവും ഫ്രാന്‍സിസ് വയലിന്‍ മീട്ടിയിട്ടുണ്ട്. ഈ വ്യത്യാസങ്ങളെ എങ്ങനെ കാണുന്നു?
പാടാന്‍ വരുന്നയാള്‍ അറിയുന്നില്ല, താന്‍ കല്ലാണു പാടുന്നതെന്ന്. അയാളെ കുറ്റപ്പെടുത്തിയിട്ടോ പരിഹസിച്ചിട്ടോ കാര്യമില്ല. തെറ്റുകള്‍ ചൂണ്ടിക്കാണിച്ചു കൊടുക്കാറുണ്ട്. പക്ഷേ, ആരെയും മോശക്കാരായി കാണുന്നില്ല.

? ജീവിതത്തില്‍ മറക്കാനാവാത്ത സ്റ്റേജ് പെര്‍ഫോമന്‍സുകള്‍…?
റഹ്മാന്‍ സാറിന്‍റെ ഷോകളാണ് എനിക്കു കൂടുതലായി പറയാനുള്ളത്. അദ്ദേഹത്തിനു വേണ്ടത് എന്താണെന്ന് അദ്ദേഹത്തിന് അറിയാം. Confirmed music ആണു റഹ്മാന്‍ സാറിന്‍റേത്. ഒരു കാര്യത്തിലും വിട്ടുവീഴ്ചയില്ല. തനിക്ക് അതു വേണ്ട എന്നുവച്ചാല്‍ വേണ്ട. അത്തരത്തില്‍ കണിശക്കാരനാണ്; കൃത്യത ആഗ്രഹിക്കുന്ന വ്യക്തിയുമാണ്.

? സ്റ്റേജ് പെര്‍ഫോമന്‍സുകളില്‍ മുമ്പു പാട്ടുകാര്‍ക്കായിരുന്നു പ്രാധാന്യം. ഇപ്പോള്‍ സോളോ കയറിവരുന്നു. ഉപകരണങ്ങള്‍ക്കും തുല്യപ്രാധാന്യമുണ്ട്. അതിന്‍റെ കാരണം?
നല്ല കഴിവുള്ള സംഗീതജ്ഞരുടെ കടന്നുവരവാണു കാരണം. ബാലഭാസ്കര്‍പോലുള്ള വയലിനിസ്റ്റുകള്‍ കേരളത്തില്‍ വന്നു. ശങ്കര്‍ എല്‍. സുബ്രഹ്മണ്യം തുടങ്ങിയ ഗുരുസ്ഥാനീയരായ വയലിനിസ്റ്റുകള്‍ ഉണ്ട്. അവരുടെ റിക്കാര്‍ഡുകളാണു പല വയലിനിസ്റ്റുകളും റഫറന്‍സായി വയ്ക്കുന്നത്. കേരളത്തില്‍ ഫ്യൂഷന്‍ രംഗത്ത് പ്രശസ്തനായി നില്ക്കുന്നതു ബാലഭാസ്കറാണ്.

? പല പ്രമുഖരും പറയുന്നത്, അവരുടെ ശോഭയാര്‍ന്ന മുഖം മാത്രമേ ആളുകള്‍ കാണുന്നുള്ളൂ എന്നാണ്. അവര്‍ ആ നിലയില്‍ എത്താന്‍വേണ്ടി നടത്തിയ കഷ്ടപ്പാടുകള്‍ പലര്‍ക്കും അറിയില്ല എന്ന അവസ്ഥയുണ്ട്…?
ക്ഷമ കിട്ടുക എന്നതാണ് ഏറ്റവും വലിയ ദൈവഭാഗ്യം. മിക്കവാറും നാം വായിക്കാന്‍ തുടങ്ങുമ്പോള്‍ ക്ഷീണം വരും. അത് അതിജീവിക്കണം. നിത്യവും പ്രാക്ടീസ് ചെയ്യാന്‍ ക്ഷമയും താത്പര്യവും കാണിച്ചാല്‍ എല്ലാം ഭംഗിയാകും. ആരംഭത്തിലെ ബുദ്ധിമുട്ടുകള്‍ മാത്രമേയുള്ളൂ.

? പുതുതലമുറയ്ക്ക് എളുപ്പത്തില്‍ ക്രിയ ചെയ്യണമെന്ന ചിന്തയാണ്. പെട്ടെന്നു പ്രശസ്തി കിട്ടണം, പെര്‍ഫോം ചെയ്യണം… പക്ഷേ, അതിനുവേണ്ടിയുള്ള അദ്ധ്വാനത്തിനു തയ്യാറല്ല…?
അദ്ധ്വാനിക്കുന്നവര്‍ക്കേ നിലനില്പുളളൂ, ഈ രംഗത്തു നിലനില്ക്കുന്നവര്‍ കഠിനമായി അദ്ധ്വാനിക്കുന്നവരാണ്. പ്രശസ്തരായ പലരും 8-10 മണിക്കൂറുകളാണ് ഇന്നും പ്രാക്ടീസ് ചെയ്യുന്നത്.

? സാധാരണ കലാകാരന്മാരെക്കുറിച്ചുള്ള മറ്റൊരു പരാതി അവരുടെ കുടുംബജീവിതത്തിലെ താളപ്പിഴകളാണ്. കുടുംബജീവിതത്തിനു വേണ്ടത്ര പ്രാധാന്യം കൊടുക്കാറില്ല എന്നു സങ്കടം പറയുന്നവരുണ്ട്. കുടുംബജീവിതവും കലാജീവിതവും താങ്കള്‍ എങ്ങനെ ഒന്നിച്ചുകൊണ്ടുപോകുന്നു?
എന്‍റെ ഏറ്റവും വലിയ ഭാഗ്യം, ഭാര്യയുടെ സഹകരണവും പിന്തുണയുമാണ്. എന്നെ പിന്തുണയ്ക്കുന്ന പങ്കാളി എന്‍റെ ഭാഗ്യമാണ്. വീട്ടിലെ എല്ലാ സാഹചര്യങ്ങളും ഒത്തുവരണം. മാതാപിതാക്കള്‍, മക്കള്‍ എല്ലാം ഒത്തുവന്നാല്‍ അതൊരു ഭാഗ്യമാണ്. വീട്ടില്‍ എനിക്കു സാദ്ധ്യമായ വിധത്തില്‍ ഞാന്‍ എല്ലാവര്‍ക്കും സമീപസ്ഥനാകാറുണ്ട്.

? അനേകം പേരുമായി പരിചയപ്പെടാനും നിരവധി യാത്രകള്‍ നടത്താനും കഴിഞ്ഞിട്ടുണ്ട്. ഇതെല്ലാം ഫ്രാന്‍സിസിന്‍റെ വ്യക്തിപരമായ ജീവിതത്തെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട്?
ഞാന്‍ കണ്ടിട്ടുള്ള പ്രശസ്തരായ കലാകാരന്മാര്‍, വലുതാകുന്തോറും ചെറുതാകുന്നവരാണ്. വളരെ സിമ്പിളാണവര്‍. ഉദാഹരണത്തിന് എല്‍. ശങ്കര്‍. വയലിനില്‍ എല്ലാം വായിച്ചുകഴിഞ്ഞ പ്രതിഭയാണദ്ദേഹം എന്നു പറയാം. അദ്ദേഹത്തിന്‍റെ ഒരു പീസ് ഞാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. അതേപ്പറ്റി ചോദിച്ചപ്പോള്‍ വളരെ താത്പര്യത്തോടെ പറഞ്ഞു തന്നു. റഹ്മാന്‍ സാറാണെങ്കിലും വളരെ സിമ്പിളാണ്.

? ഉയിര്‍പ്പുഞായറിനുമുമ്പു ദുഃഖവെള്ളിയും പെസഹായുമുണ്ട്. ഏതു കലാകാരന്‍റെ ജീവിതത്തിലെ ഉയിര്‍പ്പിന്‍റെ പിന്നിലും കഷ്ടപ്പാടുകളുടെയും സഹനങ്ങളുടെയും ദിനങ്ങളും കാണും. സംഗീതരംഗത്തു വളര്‍ന്നുവരുന്ന കലാകാരന്മാര്‍ക്കു നല്കാനുള്ള സന്ദേശം എന്താണ്?
ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുക എന്നതാണു പ്രധാനം. കൊയറിനെപ്പറ്റി പറയുമ്പോള്‍ നല്ല പോലെ പ്രാക്ടീസ് ചെയ്തിട്ടു പാടുക. കൂടുതല്‍ പേരെ പങ്കെടുപ്പിച്ചു കൊയര്‍ രൂപീകരിക്കുക.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org