സ്നേഹം, സിനിമ, സ്വാതന്ത്ര്യം

സ്നേഹം, സിനിമ, സ്വാതന്ത്ര്യം

സിജോ പൈനാടത്ത്

സിനിമയില്‍ നന്മയ്ക്കും സന്ദേശത്തിനും എന്തു സ്ഥാനം? ജിബു ജേക്കബ് എന്ന പടംപിടുത്തക്കാരന്‍റെ മനസില്‍ അടുത്തകാലം വരെ മറ്റുള്ളവരോടും തന്നോടുതന്നെയുമുണ്ടായിരുന്ന ചോദ്യങ്ങളിലൊന്നാണിത്. സന്ദേശത്തിനു വേണ്ടിയെങ്കില്‍ ഭഗവദ്ഗീതയും ബൈബിളും ഖുറാനും വായിച്ചാല്‍ പോരേയെന്നു ചോദിക്കുന്ന വലിയ കലാകാരന്മാരോടു, രണ്ടു സിനിമയുടെ സംവിധായകനായ ജിബു ജേക്കബ് ഇന്നു സ്നേഹപൂര്‍വം കലഹിക്കും. ശേഷം കൂട്ടിച്ചേര്‍ക്കും; നന്മയുടെ സന്ദേശമാകണം സിനിമ.

മലയാളിയുടെ സിനിമാമനസുകളിലേക്കു മുന്തിരിവള്ളിപോല്‍ ഹൃദ്യമായി പടര്‍ന്നു കയറിയ സംവിധായകനാണു ജിബു ജേക്കബ്. കാമറമാന്‍റെ റോളില്‍ നിന്നു സംവിധായകന്‍റെ വലിയ തൊപ്പിവച്ച് ഒരുക്കിയ രണ്ടു സിനിമകളെയും മലയാളി സൂപ്പര്‍ഹിറ്റെന്നു വിളിച്ചു. നിശബ്ദമായെത്തിയ വെള്ളിമൂങ്ങ തീയറ്ററുകളില്‍ ആഘോഷത്തിന്‍റെ ആരവമായി. ജിബുവിന്‍റെ ഭാഷയില്‍ ആ വിജയത്തിന്‍റെ പുരസ്കാരമെന്നപോലെയെത്തിയ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, സിനിമയുടെ വിജയത്തിനൊപ്പം കുടുംബങ്ങള്‍ക്കു മൂല്യപാഠവുമായി. ദാമ്പത്യസ്നേഹത്തിലെ വിശുദ്ധിയുടെ മാനങ്ങള്‍ക്കു നിറം പകര്‍ന്ന ദര്‍ശനങ്ങളാണു മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിനു കുടുംബങ്ങളില്‍ വലിയ സ്വീകാര്യത നല്‍കിയത്.

സ്നേഹാര്‍ദ്രവും വിശ്വാസത്തികവുമാര്‍ന്ന കുടുംബാന്തരീക്ഷത്തിലാണു ജിബു ജേക്കബ് കലാസ്വപ്നങ്ങള്‍ക്കു വിത്തു പാകിയത്. മാതാപിതാക്കളോടും സഹോദരങ്ങളോടും പങ്കാളിയോടും മക്കളോടും സ്നേഹത്തിന്‍റെ സ്വാതന്ത്ര്യം പങ്കുവച്ച വ്യക്തിജീവിതം, സ്വതന്ത്രമായ ബോധ്യങ്ങളോടെയുള്ള സിനിമാജീവിതം, കുടുംബജീവിതത്തിലെ സ്നേഹത്തെക്കുറിച്ചും സ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകള്‍ എന്നിവ ജിബു ജേക്കബ് പങ്കുവയ്ക്കുന്നു.

തിരിച്ചുപിടിക്കേണ്ട പ്രണയങ്ങള്‍
ഉലഹന്നാന്‍റെയും ആനിയമ്മയുടെയും ദാമ്പത്യസ്നേഹത്തിന്‍റെ വളര്‍ച്ചയിലൂടെയും അതു കുടുംബത്തിലുണ്ടാക്കുന്ന നന്മകളിലൂടെയുമാണു മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന സിനിമ പുരോഗമിക്കുന്നത്. വിവാഹസമയത്തുണ്ടായിരുന്ന പ്രണയം, ജീവിതത്തിന്‍റെ തിരക്കിലും യാന്ത്രികതയിലും നഷ്ടമായ ദമ്പതികളെയാണു സിനിമയുടെ ആരംഭത്തില്‍ പരിചയപ്പെടുക.

ഒരു വാരികയില്‍ പ്രസിദ്ധീകരിച്ച പ്രണയോപനിഷത്ത്, സിന്ധുരാജിന്‍റെ സ്കൂളില്‍ പോയ പെണ്‍കുട്ടി എന്നീ കഥകളില്‍ നിന്നുമാണു സിനിമയുടെ ആശയം രൂപീകരിക്കപ്പെട്ടത്. നഷ്ടമായ പ്രണയം തിരിച്ചുപിടിക്കുന്ന ഉലഹന്നാന്‍ എന്ന കഥാപാത്രത്തെ സാധാരണജീവിതവുമായി ബന്ധപ്പെടുത്തിയുള്ള പശ്ചാത്തലത്തില്‍ ആകര്‍ഷകമായി അവതരിപ്പിക്കാനുള്ള വെല്ലുവിളിയായിരുന്നു മുമ്പില്‍. മാസങ്ങളുടെ ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവില്‍ തിരക്കഥ പിറവിയെടുത്തു.
ദാമ്പത്യത്തില്‍ നഷ്ടമായ പ്രണയം തിരിച്ചുപിടിക്കാനുള്ള ഉലഹന്നാന്‍റെ മനസറിയിക്കാന്‍ എവിടെ തുടങ്ങണമെന്നതായിരുന്നു തിരക്കഥയൊരുക്കുമ്പോഴുള്ള ആകുലത. ഇതിന്‍റെ ഉത്തരം തേടിയെത്തിയതു ധ്യാനപ്രസംഗകന്‍ കൂടിയായ കപ്പൂച്ചിന്‍ വൈദികന്‍ ഫാ. ജോസഫ് പുത്തന്‍പുരയ്ക്കലിന്‍റെയടുത്ത്. കുടുംബങ്ങള്‍ക്കിടയിലെ ദീര്‍ഘനാളത്തെ ശുശ്രൂഷകളും അനുഭവങ്ങളുമാണ് അച്ചന്‍റെ അഭിപ്രായം തേടാന്‍ പ്രേരിപ്പിച്ചത്. വാക്കുകളേക്കാള്‍ ലളിതമായ ജീവിതസന്ദര്‍ഭങ്ങളിലൂടെയാണു ദമ്പതികളുടെ സ്നേഹം ആവിഷ്കരിക്കപ്പെടേണ്ടതെന്ന ചിന്ത നല്‍കിയതു പുത്തന്‍പുരയ്ക്കലച്ചനാണ്. സിനിമയുടെ ചിത്രീകരണത്തില്‍ ഈ ചിന്ത വലിയ പ്രചോദനമായിട്ടുണ്ട്.

കുടുംബം, പുഞ്ചിരി
തിരക്കുകളില്‍പ്പെട്ടു കുടുംബങ്ങള്‍ക്കുള്ളില്‍ മാഞ്ഞുപോകുന്ന പുഞ്ചിരികള്‍ക്കും സ്നേഹാലിംഗനങ്ങള്‍ക്കും പകരമല്ല, വാക്കുകളില്‍ പൊതിഞ്ഞ സ്നേഹപ്രകടനങ്ങള്‍. ഒരു പുഞ്ചിരിക്ക്, സ്നേഹപൂര്‍ണമായ നോട്ടത്തിന് ആയിരം വാക്കുകളേക്കാള്‍ ശക്തിയുണ്ട്. ചില നേരത്തെ നിശബ്ദതക്കുമുണ്ട് അത്തരം ഊര്‍ജം. ദേഷ്യത്തോടെ കയര്‍ത്തു സംസാരിക്കുന്നയാളെ നിശബ്ദതയോടും ചെറുപുഞ്ചിരിയോടും കൂടി അഭിമുഖീകരിക്കുന്ന പങ്കാളി പ്രശ്നമല്ല, പരിഹാരമാണ്.
മാതാപിതാക്കളുടെ നിസ്വാര്‍ഥമായ സ്നേഹവും സ്നേഹപ്രകടനങ്ങളും മക്കള്‍ കണ്ടു വളരണം. ദമ്പതികളുടെ ആത്മാര്‍ഥമായ സന്തോഷങ്ങള്‍, പങ്കുവയ്ക്കലുകള്‍, വിട്ടുവീഴ്ചകള്‍, ജീവിതാഹ്ലാദം ഇവ മക്കള്‍ക്കു ശരിയുടെ പാഠങ്ങളാണ്. മാതാപിതാക്കളുടെ ജീവിതം തന്നെയാണു മക്കളുടെ വളര്‍ച്ചയില്‍ വലിയ സ്വാധീനം. പരസ്പരധാരണകളുടെ പരിധികള്‍ക്കുള്ളില്‍ അവര്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്‍റെ സൗന്ദര്യം കുടുംബത്തെ സന്തുഷ്ടമാക്കുന്നു. കുടുംബങ്ങളിലെ ചിരിക്കൂട്ടുകള്‍ മുന്തിരിവള്ളികള്‍ പോലെ സമൂഹത്തിലേക്കും പടരുന്നത് എത്രയോ സന്തോഷകരമാണ്.

'നിങ്ങളാണു വലിയ ഉലഹന്നാന്‍'
ഷൂട്ടിംഗ് സമയങ്ങളില്‍ തിരക്കും കുടുംബകാര്യങ്ങളിലെ അശ്രദ്ധയും കണ്ട് ഭാര്യ ബോബി പറയും- നിങ്ങളാണു വലിയ ഉലഹന്നാന്‍! ഓരോ ഭര്‍ത്താവിലും ഓരോ ഉലഹന്നാന്‍ ഉണ്ടെന്നാണ് എന്‍റെ വിചാരം. സിനിമയില്‍ ആദ്യം കാണുന്ന ഉലഹന്നാന്‍, സെക്കന്‍ഡ് ഹാഫില്‍ മാറി. നിങ്ങളിതുവരെയും മാറിയില്ലല്ലൊ എന്നുകൂടി ചിരിച്ചുകൊണ്ടു ഭാര്യ കൂട്ടിച്ചേര്‍ക്കുമ്പോള്‍, ചിന്തകളും സ്നേഹവും സ്വാതന്ത്ര്യവുമെല്ലാം കുടുംബത്തില്‍ കേന്ദ്രീകരിക്കപ്പെടും. സ്നേഹം നഷ്ടമായ ഉലഹന്നാനല്ല, സ്നേഹം തിരിച്ചുപിടിച്ച, അതു സമൃദ്ധമായി പങ്കുവച്ച, മറ്റുള്ളവരിലേക്കു പകരുന്ന സെക്കന്‍ഡ് ഹാഫിലെ നല്ല ഉലഹന്നാനാവുകയെന്നതാണു നമ്മുടെ വെല്ലുവിളി.
ഞങ്ങളുടെ കുടുംബത്തില്‍ അസ്വസ്ഥതകളുടെ പുകയും തീയും വലിയ തോതില്‍ പടരാതിരിക്കാന്‍ ശ്രദ്ധിക്കും. വീഴ്ചകളുണ്ടാകുമ്പോള്‍ പരസ്പരം ഏറ്റുപറയാനും മനസിലാക്കാനും സാധിക്കുന്നതാണു എന്‍റെ ദാമ്പത്യത്തിലെ വലിയ നന്മയെന്നു ഞാന്‍ കരുതുന്നു. അത്ര എളുപ്പമല്ല അത്. നമ്മുടെ മനോഭാവത്തിലും സ്വഭാവത്തിലും സമഗ്രമായി വരുത്തേണ്ട മാറ്റങ്ങളുടെ ഭാഗമാണിത്. ദൈവത്തിന്‍റെ ഇടപെടല്‍ കൂടി അതിലുണ്ടെങ്കിലേ കൃത്യമാകൂ. തമ്പുരാന്‍ കൂടെയുണ്ടാവണം; നാം തമ്പുരാന്‍റെ കൂടെ നില്‍ക്കണം എന്നു പറയുന്നതാവും കൂടുതല്‍ ശരി.

ഏഴാം ക്ലാസില്‍ പഠിക്കുന്ന ജേക്കബും അഞ്ചാം ക്ലാസുകാരി മറിയവുമാണു ജിബു-ബോബി ദമ്പതികളുടെ മക്കള്‍. തമ്പുരാനോടു ചേര്‍ന്നു നടക്കണമെന്നു തന്നെയാണ് മക്കളോടുള്ള ഈ മാതാപിതാക്കളുടെ എന്നത്തേയും പ്രധാന ഉപദേശം.

ഭാര്യയുടെ കൈ അമര്‍ത്തിപ്പിടിച്ച്…
ചെറിയ തോതില്‍ സ്ത്രീവിഷയങ്ങളില്‍ തത്പരനായ എറണാകുളത്തുള്ള സുഹൃത്ത്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ സിനിമ ഒറ്റയ്ക്കു കണ്ടശേഷം എന്നെ വിളിച്ചു. ജിബു, സ്ത്രീവിഷയങ്ങളിലുള്ള എന്‍റെ ഏര്‍പ്പാടുകള്‍ ഭാര്യ അറിയാത്തത് അവള്‍ അത്രക്കു ചിന്തിക്കാത്തവളായതിനാലാണ്. പക്ഷേ ഈ സിനിമ കണ്ടുകഴിഞ്ഞപ്പോള്‍ എനിക്കു പേടിയാവുന്നെടാ. ഉറക്കമില്ലാത്ത ആ രാത്രിക്കൊടുവില്‍ അവന്‍ തീരുമാനിച്ചു ഭാര്യയെയും കൂട്ടി സിനിമക്കു പോകണം. പിറ്റേന്ന് ഭാര്യയ്ക്കൊപ്പം സിനിമ കണ്ടു. ഭാര്യയുടെ കൈ അമര്‍ത്തിപ്പിടിച്ചാണ് സിനിമാ തിയറ്ററില്‍ നിന്ന് ഇറങ്ങിവന്നത് എന്നു പറഞ്ഞപ്പോള്‍ അവന്‍റെ ശബ്ദമിടറുന്നുണ്ടായിരുന്നു. തുടര്‍ന്നു തന്‍റെ തെറ്റുകളെല്ലാം ഭാര്യയോടു തുറന്നുപറഞ്ഞുവെന്നും ആ സുഹൃത്ത് പറഞ്ഞു. നടന്‍ അനൂപ് മേനോനോട് ഞാന്‍ ഇക്കാര്യം പങ്കുവച്ചിരുന്നു.

സിനിമകൊണ്ടു വ്യക്തിജീവിതങ്ങളില്‍ എന്തെങ്കിലും ക്രിയാത്മകമായ മാറ്റം വരുത്താനാവുമെന്നു ഞാന്‍ മനസിലാക്കിയത് ഇത്തരം അനുഭവങ്ങളിലൂടെയാണ്. ഇത്തരത്തില്‍ ഏതാനും അനുഭവങ്ങള്‍ എന്നെ വിളിച്ചുപറഞ്ഞവര്‍ വേറെയുമുണ്ട്. എന്‍റെ ഭര്‍ത്താവ് ഇങ്ങനെയൊക്കെ ആയിരിക്കോ എന്നു ചിന്തിച്ചു സംശയങ്ങള്‍ക്കു മൂര്‍ച്ച കൂട്ടിയവരുമുണ്ട്.!

വിട്ടുവീഴ്ചകളിലാണു സ്വാതന്ത്ര്യം
പരസ്പരമുള്ള വിട്ടുവീഴ്ചകളിലാണു കുടുംബജീവിതത്തിന്‍റെ സുഖവും സൗന്ദര്യവും. അതിലാണു ജീവിതത്തിന്‍റെ സ്വാതന്ത്ര്യവും. സമ്പത്തും വിദ്യാഭ്യാസവും പ്രഫഷന്‍റെ മഹിമയുമൊന്നും വിട്ടുവീഴ്ചകള്‍ക്കു വിലങ്ങുതടികളാവരുത്. കൂടുതല്‍ അംഗങ്ങളുണ്ടായിരുന്ന കുടുംബങ്ങളില്‍ ഇത്തരം വിട്ടുവീഴ്ചകളും പങ്കുവയ്ക്കലുകളും സമൃദ്ധമായിരുന്നു. അണുകുടുംബങ്ങളിലേക്കെത്തിയപ്പോള്‍ അഡ്ജസ്റ്റുമെന്‍റുകള്‍ എളുപ്പമല്ലാതായിട്ടുണ്ട്.

അപ്പന്‍റെയും അമ്മയുടെയും വിട്ടുവീഴ്ചകളോടെയുള്ള ജീവിതവും അതില്‍ അവരുടെ വ്യക്തിസ്വാതന്ത്ര്യങ്ങളുടെ പ്രകാശനങ്ങളും മക്കള്‍ കണ്ടു പഠിക്കണം. ജീവിതത്തില്‍ തങ്ങളെ തേടിയെത്തുന്ന പ്രതിസന്ധികളെ അതിജീവിക്കാന്‍ ഇത്തരം പാഠങ്ങള്‍ തന്നെയാകും ആ മക്കള്‍ക്കു വെളിച്ചം. പലപ്പോഴും ഒരുപാടു താഴേക്കിറങ്ങിവന്ന് എന്നെ വലുതാക്കാനും ഉയര്‍ത്താനും ശ്രമിച്ച അപ്പനാണ് എന്‍റേത്. വിട്ടുവീഴ്ചകളിലൂടെ സ്നേഹത്തിന്‍റെ പാഠങ്ങള്‍ പഠിപ്പിക്കുന്ന മാതാപിതാക്കള്‍.

സിനിമ, നന്മ
സിനിമയിലൂടെ വലിയ നന്മയൊന്നും സംഭവിക്കുമെന്നു ഞാനും കരുതിയിട്ടില്ല. സംവിധാനമേഖലയിലേക്കെത്തിയശേഷം ആ നിലപാടില്‍ മാറ്റമുണ്ടായി. രണ്ടാമത്തെ ചിത്രം കണ്ടവരുടെ പ്രതികരണങ്ങളാണ് എന്‍റെ ചിന്തകളെ തിരുത്തിയത്. നിരവധി ദമ്പതികളുടെ കഥകളുണ്ടു സിനിമയുടെ നന്മയോടു ചേര്‍ത്തു പറായാന്‍. മെത്രാന്മാരും വൈദികരും സന്യാസിനികളും ഈ സിനിമയുടെ പേരില്‍ വലിയ തോതില്‍ പ്രോത്സാഹിപ്പിച്ചു. കുടുംബപ്രേഷിത ശുശ്രൂഷകളില്‍ സിനിമയിലെ സന്ദര്‍ഭങ്ങളും പ്രമേയവും പോസിറ്റീവായി ചൂണ്ടിക്കാട്ടിയതു വലിയ നന്മയായി കാണുന്നു. ഞാറയ്ക്കലിലെ ഇടവകദേവാലയത്തില്‍ ഈസ്റ്റര്‍ രാവിലെ കുര്‍ബാനമധ്യേ വികാരിയച്ചന്‍ നല്‍കിയ ആദരം അംഗീകാരങ്ങളില്‍ വിലപ്പെട്ടതായി.

എന്‍റര്‍ടെയിന്‍മെന്‍റ് മാത്രമാകരുത് സിനിമ. ശരികളോടു ചേര്‍ന്നു ചിന്തിക്കാന്‍ സിനിമ പ്രേരിപ്പിക്കണം.

വെളിച്ചമായി വിശ്വാസം
കുടുംബത്തില്‍ നിന്നും ഇടവകപ്പള്ളിയില്‍ നിന്നും പരിശീലിച്ച വിശ്വാസപാഠങ്ങള്‍ സിനിമാജീവിതത്തിലും മാറ്റിനിര്‍ത്താന്‍ തോന്നിയിട്ടില്ല. വിശ്വാസം തീവ്രമായ പ്രകടനങ്ങളില്‍ ആവിഷ്കരിക്കാന്‍ താത്പര്യമില്ലെങ്കിലും പ്രാര്‍ഥനാജീവിതം എന്നും കരുത്താണ്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴേ സിനിമ വല്ലാത്ത വികാരമായിരുന്നു. സ്കൂളിലേക്കുള്ള യാത്രകള്‍ സിനിമാശാലകളിലേക്കായിട്ടുണ്ട്. പള്ളിയിലും മറ്റും നാടകങ്ങള്‍ കളിച്ചത് കലാജീവിതത്തോട് അടുപ്പിച്ചു. വൈദികരുടെ പ്രോത്സാഹനവും കെസിവൈഎം പ്രവര്‍ത്തനങ്ങളും നാലാള്‍ക്കു മുമ്പിലെത്താന്‍ കരുത്തായി. ഫോട്ടോഗ്രഫിയോടുള്ള കമ്പവും പ്രമുഖ കാമറാമാന്‍ സാലു ജോര്‍ജിന്‍റെ ശിക്ഷണവും വഴിത്തിരിവായി. അദ്ദേഹത്തിനൊപ്പം പത്തു വര്‍ഷക്കാലം അറുപതോളം സിനിമകളില്‍ പ്രവര്‍ത്തിച്ചു. കാമറാമാന്മാര്‍ സംവിധായകരായപ്പോള്‍ വിജയങ്ങളേക്കാള്‍ പരാജയങ്ങളായിരുന്നു ഏറെയും. ആ പേരുദോഷം തിരുത്താനായതിനു പിന്നില്‍ സമൃദ്ധമായ ദൈവാനുഗ്രഹവുമുണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്നു.

ഞാറയ്ക്കല്‍ സെന്‍റ് മേരീസ് പള്ളിയുടെ മുറ്റത്തുനിന്നു ഒരു വിളിപ്പാടകലെ, കലയുടെയും കാമറയുടെയും പകിട്ടുള്ള വീട്ടിലിരുന്നു സംഭാഷണം അവസാനിപ്പിക്കുമ്പോള്‍, ജിബു ജേക്കബിലെ നല്ല സംവിധായകന്‍റെ പുഞ്ചിരിയില്‍ മൂന്നാമത്തെ സിനിമയുടെ പ്രതീക്ഷകള്‍ വായിച്ചെടുക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org