|^| Home -> Abhimukham -> സ്വപ്നലോകത്തേയ്ക്ക് ലക്ഷ്യബോധത്തോടെ

സ്വപ്നലോകത്തേയ്ക്ക് ലക്ഷ്യബോധത്തോടെ

Sathyadeepam

നിവിന്‍ പോളിയുമായി ഇതേ ഇടവകാംഗം കൂടിയായ ഫാ. ജോണ്‍സണ്‍ കക്കാട്ട് സത്യദീപത്തിനുവേണ്ടി നടത്തിയ സൗഹൃദസംഭാഷണത്തില്‍നിന്ന്…

സിനിമയാണ് തനിക്കു സന്തോഷം പകരുകയെന്നു തിരിച്ചറിഞ്ഞപ്പോള്‍ കഷ്ടപ്പെട്ടു പഠിച്ചു നേടിയ ഇന്‍ഫോസിസിലെ ഉദ്യോഗമുപേക്ഷിക്കാന്‍ മടിച്ചില്ല. സ്വപ്നത്തെ യാഥാര്‍ത്ഥ്യമാകാന്‍ കാത്തിരിക്കുകയല്ല, കഷ്ടപ്പെടുകയാണു വേണ്ടതെന്നു തിരിച്ചറിയാനും മടിച്ചില്ല. ആല്‍ബവും ടെലിഫിലിമുമായി തയ്യാറെടുപ്പുകള്‍ നടത്തി. ഏറെയൊന്നും വൈകാതെ സിനിമയും ആ തീരുമാനം പ്രഖ്യാപിച്ചു – ഈ ദശകത്തില്‍ മലയാളസിനിമയിലുദിക്കുന്ന ഏറ്റവും പ്രഭ പരത്തുന്ന ധ്രുവനക്ഷത്രമായിരിക്കട്ടെ, നിവിന്‍ പോളി.

പാരമ്പര്യത്തിന്‍റേയൊ സര്‍ട്ടിഫിക്കറ്റുകളുടെയോ ശിപാര്‍ശകളുടെയോ പൊട്ടഭാഗ്യത്തിന്‍റെയോ പിന്‍വാതിലുകളിലൂടെയല്ല നിവിന്‍ സിനിമയിലെത്തുന്നത്. ഓഡിഷന് അപേക്ഷ അയച്ചും അതില്‍ പങ്കെടുത്തും തിരസ്കരിക്കപ്പെട്ടും കാത്തിരുന്നും വീണ്ടും ക്ഷണിക്കപ്പെട്ടും തികച്ചും ഔപചാരികവഴികളിലൂടെ മുന്‍വാതില്‍ കടന്നു തന്നെയാണ്.

2009-ല്‍ ‘മലര്‍വാടി ആര്‍ട്സ് ക്ലബ്’ ആയിരുന്നു ആദ്യസിനിമ. 2012-ലെ ‘തട്ടത്തിന്‍ മറയത്തി’ലൂടെ താരമായി ഉയര്‍ന്നു. തുടര്‍ന്ന് ‘നേരം’, ‘ഓം ശാന്തി ഓശാന,’ ‘1983’, ‘ബാംഗ്ലൂര്‍ ഡേയ്സ്’ തുടങ്ങിയ വന്‍വിജയചിത്രങ്ങളില്‍ നായകനായി. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടി. 2015-ല്‍ ‘പ്രേമം’ ചരിത്രവിജയം കൈവരിച്ചു. തുടര്‍ന്ന് ‘ആക്ഷന്‍ ഹീറോ ബിജു’, ‘ജേക്കബിന്‍റെ സ്വര്‍ഗരാജ്യം’, ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ തുടങ്ങിയ സിനിമകളുണ്ടായി. സിനിമകളുടെ നിര്‍മ്മാണരംഗത്തേയ്ക്കും പ്രവേശിച്ചു.

‘കായംകുളം കൊച്ചുണ്ണി’ എന്ന വമ്പന്‍ സിനിമയുടെ നായകനായി ചരിത്രം കുറിച്ചു കൂടുതല്‍ വിജയങ്ങളിലേയ്ക്കുള്ള യാത്ര തുടരുകയാണ് മലയാളസിനിമയുടെ വര്‍ത്തമാനവും ഭാവിയുമായി ഈ യുവാവ്.

എറണാകുളം-അങ്കമാലി അതിരൂപതയിലെ ആലുവ, സെ. ഡൊമിനിക്സ് പള്ളി ഇടവകയിലെ കളപറമ്പത്ത് പരേതനായ പോളി-ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ് നിവിന്‍. ഭാര്യ റിന്ന. മക്കള്‍ ദാവീദ്, റീസ.

? ചെറുപ്പകാലത്തെ ക്രിസ്മസ് അനുഭവങ്ങള്‍?
ആലുവ സെ. ഡൊമിനിക്സ് പള്ളിയുടെ മുന്നിലാണ് എന്‍റെ തറവാട്ടു വീട്. പള്ളിയിലെ എല്ലാ പരിപാടികളിലും ഞാന്‍ സജീവമായി പങ്കെടുത്തിരുന്നു. ക്രിസ്മസ് ഞങ്ങള്‍ എല്ലാ കുട്ടികള്‍ക്കും സവിശേഷമായ ഒരു ദിവസമായിരുന്നു. പള്ളി പെരുന്നാളും അങ്ങനെയായിരുന്നു. ക്രിസ്മസിന് എല്ലാവരും ചേര്‍ന്ന് പള്ളിക്കു ചുറ്റും നക്ഷത്രങ്ങള്‍ തൂക്കും. പള്ളിയുടെ മുമ്പില്‍ വലിയൊരു നക്ഷത്രവും തൂക്കുമായിരുന്നു. സിഎല്‍സിയില്‍ ഉണ്ടായിരുന്ന കാലത്ത് പാതിരാക്കുര്‍ബാന കഴിഞ്ഞ് ക്രിസ്മസ് ട്രീ വയ്ക്കാനും നറുക്കെടുപ്പു നടത്താനുമൊക്കെ മുന്നിലുണ്ടായിരുന്നത് ഇന്നും ഓര്‍ക്കുന്നു. പുല്‍ക്കുടിനു മുന്നില്‍ ക്രിസ്തുവിന്‍റെ ജനനത്തിന്‍റെ ദൃശ്യാവിഷ്കാരത്തിനും മറ്റു കലാപരിപാടികള്‍ക്കും അണിനിരന്നതും എല്ലാം നല്ല ഓര്‍മ്മയാണ്.

? നടനായശേഷവും ക്രിസ്മസ് ആഘോഷങ്ങള്‍ നടക്കുന്നുണ്ടോ?
ക്രിസ്മസ് ആഘോഷിക്കാറുണ്ട്. എല്ലായ്പ്പോഴും വീട്ടില്‍ ഉണ്ടാകണമെന്നില്ല, ഷൂട്ടിങ്ങിന്‍റെ തിരക്കുണ്ടാകും. എന്നാല്‍ ഇപ്രാവശ്യം വീട്ടിലുണ്ടാകാന്‍ ചാന്‍സുണ്ട്. അത് ഒത്തിരി സന്തോഷം നല്‍കുന്ന കാര്യമാണ്.

? എന്‍ജിനീയറിംഗ് തിരഞ്ഞെടുക്കാന്‍ എന്തായിരുന്നു കാരണം?
സാധാരണ പ്ലസ്ടു കഴിഞ്ഞാലുള്ള രണ്ട് ഓപ്ഷന്‍ എഞ്ചിനീയറിംഗ് അല്ലെങ്കില്‍ മെഡിസിനാണല്ലോ. ഡോക്ടറാകാന്‍ താത്പര്യമില്ലാത്തതുകൊണ്ട് ഇതു തിരഞ്ഞെടുത്തു. എല്ലാവരും പോകുന്ന പോലെ അങ്ങനെ പോയി എന്നു മാത്രമേയുള്ളൂ, പ്രത്യേകിച്ചു ലക്ഷ്യമൊന്നുമില്ലായിരുന്നു.

? സ്കൂളിലും കോളേജിലും പഠിക്കുമ്പോള്‍ കലാരംഗത്തു നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയായിരുന്നു? മത്സരങ്ങളില്‍ പങ്കെടുക്കുകയൊക്കെ ചെയ്തിരുന്നോ?
പഠിക്കുന്ന കാലത്ത് സ്റ്റേജില്‍ കയറാന്‍ പേടിയായിരുന്നു. ഫിസാറ്റില്‍ പഠിക്കുമ്പോള്‍ ഡാന്‍സ് മത്സരത്തിനൊക്കെ പോയിട്ടുണ്ട്. ടീമായിട്ടു വല്ലതും ചെയ്യും. ഒറ്റയ്ക്കുള്ള പെര്‍ഫോമന്‍സ് ഉണ്ടായിരുന്നില്ല.

? നടനാകണമെന്ന ആഗ്രഹം ആദ്യമായി മനസ്സിലുണ്ടാകുന്നത് എന്നാണ്?
ആലുവയില്‍ കുറച്ച് സിനിമാ പ്രേമികളുമായിട്ട് അടുപ്പമുണ്ടായിരുന്നു. അവരുമായുള്ള ചങ്ങാത്തം ആ വിധത്തില്‍ ചില ആഗ്രഹങ്ങളിലേക്കു നയിച്ചിട്ടുണ്ട്. പിന്നീട് അതേക്കുറിച്ചു വളരെ താത്പര്യത്തോടെ ചിന്തിക്കാന്‍ തുടങ്ങി. കൂട്ടുകാരുടെ സ്വാധീനമാണ് സിനിമാരംഗത്തേക്കു കടന്നുവരാന്‍ കൂടുതല്‍ പ്രചോദനമായത്.

? പ്രസിദ്ധ നടനായ ശേഷം വ്യക്തിപരമായ ജീവിതം, പ്രത്യേകിച്ച് പ്രാര്‍ത്ഥനാജീവിതം എങ്ങനെയാണ്?
സാധിക്കുന്ന സമയങ്ങളിലെല്ലാം ഞാന്‍ പള്ളിയില്‍ പോകാറുണ്ട്. എന്‍റെ മകനെയും കൂടെക്കൂട്ടും. അവനിലും ആ ശീലം കൊണ്ടുവാരാന്‍ ശ്രമിക്കുന്നുണ്ട്. പഴയതുപോലെ സ്ഥിരമായി പള്ളിയില്‍ പോകാനോ കര്‍മ്മങ്ങളില്‍ പങ്കുകൊള്ളാനോ സാധിക്കുന്നില്ല. എന്നാല്‍ സാധിക്കുന്ന സമയങ്ങളില്‍ രാത്രിയിലും മറ്റും ഒറ്റയ്ക്കുപോയി ഇരിക്കാറുണ്ട്.

? പള്ളിപ്പെരുന്നാളിനു പ്രസുദേന്തിയായിരുന്നതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുന്നുണ്ട്. എന്തായിരുന്നു അതിന്‍റെ സാഹചര്യം?
ദര്‍ശനസമൂഹത്തില്‍ നില്‍ക്കുമായിരുന്നു. ഇപ്പോള്‍ അങ്ങനെ പോകാന്‍ കഴിയുന്നില്ല.

? എന്താണ് മറ്റു ഹോബികള്‍? വായിക്കാറുണ്ടോ? എന്തൊക്കെയാണ് അതു സംബന്ധിച്ച മറ്റ് ഇഷ്ടങ്ങള്‍?
നീണ്ടയാത്രകളിലൊക്കെ പുസ്തകങ്ങള്‍ വായിക്കാറുണ്ട്.

? കത്തോലിക്കാസഭയില്‍ ഏറ്റവും ആകര്‍ഷിച്ച/സ്വാധീനിച്ച കാര്യം അല്ലെങ്കില്‍ ഏറ്റവും മാതൃകാപരമായി തോന്നിയ കാര്യം എന്താണ്?
ഇടവകപ്പള്ളിയില്‍ ഏതു വികാരി മാറി വന്നാലും, ഏറ്റവും കൂടുതല്‍ അവരുമായി അടുക്കാന്‍ സാധിച്ചിട്ടുണ്ട്. പള്ളിയുടെ നേരെ മുന്നിലെ വീടായത് അതിനൊരു കാരണമാണ്. അന്നവിടെ താമസിക്കുമ്പോള്‍ പള്ളിയില്‍ സേവനം ചെയ്തിട്ടുള്ള എല്ലാ വൈദികരുമായി നല്ല ബന്ധം ഉണ്ടായിരുന്നു, അതിന്നും തുടരുന്നു.

? ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകളും പ്രവൃത്തികളും ശ്രദ്ധിച്ചിട്ടുണ്ടോ? മാര്‍പാപ്പയുടെ വ്യക്തിത്വത്തെ എപ്രകാരം കാണുന്നു?
മാര്‍പാപ്പ പറയുന്ന വാക്കുകള്‍ വളരെ പ്രധാനപ്പെട്ടതാണ്. ക്രിസ്തുവിനോടു ചേര്‍ന്നു സഭ എല്ലായ്പ്പോഴും പ്രവര്‍ത്തിക്കണം എന്ന ആശയമാണ് അദ്ദേഹം എപ്പോഴും പങ്കുവയ്ക്കുന്നത്. ക്രിസ്തുവില്‍നിന്നു സഭ വ്യതിചലിച്ചു പോകരുത്. പാപ്പയുടെ ഈ ആഹ്വാനം നാമെല്ലാം ഉള്‍ക്കൊള്ളേണ്ട കാലഘട്ടമാണിത്.

? സഭയില്‍ ഒട്ടും ഇഷ്ടമില്ലാത്ത, മാറണം എന്നാഗ്രഹിക്കുന്ന ഒരു കാര്യം എന്താണ്?
നിര്‍ബന്ധിത പിരിവുകളോട് എനിക്ക് താത്പര്യമില്ല. സ്വയം സന്നദ്ധതയോടെ കൊടുക്കുമ്പോള്‍ സ്വീകരിക്കുന്നതിലാണു കൂടുതല്‍ മൂല്യവും സന്തോഷവുമുള്ളത്. എന്‍റെ ഒരു സുഹൃത്തിന്‍റെ വിവാഹവേളയില്‍ പള്ളിയില്‍നിന്നു എഴുത്തുവാങ്ങാന്‍ ചെന്നപ്പോള്‍ അതു കിട്ടണമെങ്കില്‍ ഇത്ര രൂപ കൊടുക്കണമെന്നു പറഞ്ഞു. അത്തരത്തില്‍ കാര്യങ്ങള്‍ ഉണ്ടാകുന്നത് വിഷമകരമാണ്.

? പ്രളയത്തിന്‍റെയും ദുരന്തങ്ങളുടെയുമൊക്കെ പശ്ചാത്തലത്തില്‍ ഈ ക്രിസ്മസ് എങ്ങനെ ആഘോഷിക്കപ്പെടണമെന്നാണ് അഭിപ്രായം?
ഞങ്ങള്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഏതെങ്കിലും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കണമെന്നു ചിന്തിക്കുന്നുണ്ട്. ക്രിസ്മസ് സമ്മാനങ്ങളും ചില സഹായങ്ങളും ചെയ്യണമെന്നാണാഗ്രഹം.

? കായംകുളം കൊച്ചുണ്ണിയുടെ വിജയത്തില്‍ എന്തുതോന്നി?
പടം വിജയിച്ചതില്‍ വലിയ സന്തോഷമുണ്ട്.

? വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നോ?
കാര്യമായ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നില്ല. അഭിനന്ദനങ്ങളായിരുന്നു കൂടുതല്‍.

? വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരുമ്പോള്‍ എന്താണു തോന്നുക?
വിമര്‍ശനങ്ങളെ ഇഷ്ടപ്പെടുന്നയാളാണു ഞാന്‍. അത് വളര്‍ച്ചയ്ക്ക് സഹായകമാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

? ബൈബിളില്‍ ഏറ്റവും അധികം ആകര്‍ഷിച്ച ഭാഗം ഏതാണ്?
കര്‍ത്താവിനു നേരിടേണ്ടി വന്ന പരീക്ഷണങ്ങളാണ് ബൈബിളില്‍ ഞാന്‍ മിക്കവാറും ധ്യാനിക്കുന്നത്. ജീവിതത്തില്‍ ഏതു കാര്യത്തിനും നമുക്കു മുന്നില്‍ രണ്ടു സാധ്യതകളുണ്ട്. ഒന്നുകില്‍ നല്ലത്, അല്ലെങ്കില്‍ മോശം. ഇതില്‍ എന്തു തീരുമാനമെടുക്കണമെന്ന് ഞാന്‍ പഠിച്ചിട്ടുള്ളത് ബൈബിളില്‍ നിന്നാണ്. ഒരു തീരുമാനമെടുക്കുമ്പോള്‍ നല്ലത് എടുക്കണം, പ്രലോഭനങ്ങളില്‍ വീഴരുത്. അതിന് എന്നെ വിശുദ്ധ ഗ്രന്ഥം ഒത്തിരി സഹായിക്കുന്നുണ്ട്.

? യുവാക്കളോടായി എന്തെങ്കിലും പറയാനുണ്ടോ?
കോളജുകളിലും മറ്റും പോകുമ്പോള്‍ ഞാന്‍ പറയാറുള്ളത്, യുവജനങ്ങള്‍ തങ്ങളുടെ മനസ്സനുസരിച്ച് പ്രവര്‍ത്തിക്കുകയും മുന്നേറുകയും ചെയ്യണം എന്നാണ്. നമ്മുടെ സഹജാവബോധം ഒരിക്കലും നമ്മെ മോശമായതിലേക്ക് നയിക്കില്ല എന്നാണ് യുവാക്കളോടു പറയാനുള്ളത്.

Comments

2 thoughts on “സ്വപ്നലോകത്തേയ്ക്ക് ലക്ഷ്യബോധത്തോടെ”

  1. Parur John says:

    good actor.

  2. Parur John says:

    good actor.
    good ability
    good courage and also….

Leave a Comment

*
*