അല്മായര്‍ തങ്ങളുടെ വിളിയും ദൗത്യവും തിരിച്ചറിയണം — ആര്‍ച്ചുബിഷപ് അനില്‍ കൂട്ടോ

അല്മായര്‍ എന്ന വിധത്തില്‍ സഭയില്‍ തങ്ങളുടെ ദൗത്യവും വിളിയും അവര്‍ തിരിച്ചറിയണമെന്നും ഭൂമിയെ പവിത്രമാക്കുന്നതില്‍ പങ്കാളികളാകുന്ന അല്മായര്‍ തങ്ങളുടെ ശിഷ്യത്വം സഭയില്‍ പ്രതിഫലിപ്പിക്കണമെന്നും ഡല്‍ഹി ആര്‍ച്ച്ബിഷപ് അനില്‍ കൂട്ടോ അഭിപ്രായപ്പെട്ടു. ഡല്‍ഹി വിദ്യാജ്യോതി കോളജിന്‍റെ ദൈവശാസ്ത്ര വിദൂര വിദ്യാഭ്യാസ പദ്ധതിയുടെ ബിരുദദാന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച് ബിഷപ്. ഡല്‍ഹി അതിരൂപതയുടെ ദൈവശാസ്ത്രത്തിനു വേണ്ടിയുള്ള കമ്മീഷന്‍റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്.

ദൈവശാസ്ത്രത്തില്‍ അല്മായര്‍ക്കും അവഗാഹം ലഭിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. അതുകൊണ്ടുതന്നെ ദൈവശാസ്ത്രം വളരെ കൂടുതലായി ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്. വിദൂര വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം അതിര്‍ത്തികളിലേക്ക് ദൈവശാസ്ത്രത്തെ വ്യാപിപ്പിക്കുക എന്നതാണ് – ആര്‍ച്ച്ബിഷപ് കൂട്ടോ പറഞ്ഞു. ഏഷ്യയിലെ പ്രമുഖ ദൈവശാസ്ത്രജ്ഞനും ചെന്നൈയിലെ ഏഷ്യന്‍ സെന്‍റര്‍ ഫോര്‍ ക്രോസ് കള്‍ച്ചറല്‍ സെന്‍ററിന്‍റെ സ്ഥാപക ഡയറക്ടറുമായ ഫാ. ഫെലിക്സ് വില്‍ഫ്രഡ് മുഖ്യപ്രഭാഷണം നടത്തി. സമൂഹത്തിലെ പ്രതിസന്ധികളിലും പ്രശ്നങ്ങളിലും നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാന്‍ സഭാനേതൃത്വം തയ്യാറാകണമെന്നും ഫാ. ഫെലിക്സ് സൂചിപ്പിച്ചു. പ്രോഗ്രാം ഡയറക്ടര്‍ ഫാ. രാജ്കുമാര്‍ ജോസഫ്, ഫാ. ടി.ജെ. ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org